കേൾവിയന്ത്രം

എൺപതു പിന്നിട്ട അന്നമ്മ ചേടത്തിയ്ക്ക്
ശബ്ദ ശകലങ്ങളൊക്കെ
പിന്നെയുമൊന്നു
കേൾക്കാനൊരു
പൂതി..

മൂത്തമകൻ വർക്കിയോടിത്
പറഞ്ഞതും
അവനൊരു മറുചോദ്യം
ഇങ്ങോട്ട്..
“കുഴിലോട്ട് കാലുനീട്ടിയ
അമ്മച്ചിക്കിനി
എന്തോന്ന് കേൾക്കാനാ…?”

മനസ്സ് നിറഞ്ഞു…

അടുക്കളയിലോട്ട് കയറിയ ചേടത്തി
അടുപ്പിനോട് മല്ലിടുന്ന
ഇളയസന്തതി
ലില്ലിക്കുട്ടിയോട് ആവശ്യം ആവർത്തിച്ചു,
തൊട്ടിലിൽ കിടക്കുന്ന
അഞ്ചാമത്തെ കുഞ്ഞിൻ്റെ കല്യാണത്തിന്
ഒരുതരി പൊന്ന്
മേടിക്കാൻ ഗതിയില്ല
പോലും,
പെങ്കൊച്ചുങ്ങൾ കണ്ണടച്ചു തുറക്കും മുന്നേ
വളരുമെന്നവൾ..

ഒച്ചയില്ലാത്ത മനുഷ്യനെയും
ചിലയ്ക്കാത്ത കിളികളെയും
കണ്ടുമടുത്തു
മോനെ..
മടിയിലിട്ട് വളർത്തിയ
കൊച്ചുമകൻ
കൈവിടില്ലെന്ന് അമ്മച്ചി!

അതാ…
ഏഴാം ദിവസം
ദുബൈയിൽനിന്നും പറന്നെത്തി
നിധിപോലൊരു
പെട്ടിയിൽ കേൾവിയന്ത്രം!

ചെവിയിലെടുത്തുവച്ചു
അമ്മച്ചി
മധുരശബ്ദങ്ങൾക്ക്
കാതോർത്തു,

“ചാവാൻ നേരത്തെ തള്ളയുടെ മോഹം കണ്ടില്ലേ…
ഇല്ലാത്ത പൈസയുണ്ടാക്കിയെടുത്തിവന് പ്രാന്താണ്”

പിന്നെയൊന്നും കേട്ടില്ല
ചേടത്തി,
യന്ത്രമൂരി
പെട്ടിയിൽ വച്ചു..

കണ്ണിൽ തെളിനീർ വെള്ളം
ഓർമകൾ പിന്നോട്ടോടി
ഇട്ടിച്ചയാൻ്റെ ശബ്ദം ഓർമയിലെത്തി,

യന്ത്രം മാത്രം പോരല്ലൊ
ആഗ്രഹിച്ചത്
കേൾപ്പിക്കാനുള്ള
മനുഷ്യരും
വേണ്ടേ

വയനാട് ചുണ്ടേൽ സ്വദേശി. ഓഡിയോളോജിസ്റ് ആയി ജോലി ചെയ്യുന്നു. ഗന്ധർവനെ മുഖം പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരം. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകളെഴുതാറുണ്ട്