ഗിരീശന്റ മംഗലം

“അല്ല വനജേ, എന്തെല്ലാന്ന് ? ഗിരീശന്റെ മംഗലം ഇങ്ങ് അടുത്തല്ലേ?” മുറ്റത്തെ കറുമൂസ് മരത്തിൽ നിന്ന് വിളഞ്ഞ കറുമൂസ കുത്തുകയായിരുന്നു വനജ.

“ആ. അല്ല.. പ്രമീളെച്ചിയോ.. കുറെ ആയല്ലോ ഇങ്ങളെ കണ്ടിട്ട്.. ഏടെപ്പോയിനീ വെയിലത്ത്?” കറുമൂസ കുത്താൻ എടുത്ത കൊക്ക താഴെയിട്ട് വനജ പ്രമീള യുടെ അടുത്തേക്ക് നടന്നു.

“ആ വനജേ… എന്റെ രണ്ടാമത്തെ മോന്റെ ഓൾടെ അനിയത്തി ആശുപത്രിയിൽ പ്രസവത്തിന് അഡ്മിറ്റ് ആന്നണെ. ആടെ ഒന്നു പോയി വരുന്ന വഴിയാ.”

“അതെയാ ” ” ഏഴാം മൈലിലെ കുഞ്ഞിരാമേട്ടന്റെ വീട്ടില് കൊടുത്ത ഓളല്ലേന്ന് ” “ആട്ടെ കുഞ്ഞി ആണോ പെണ്ണോ?”

“എന്റെണെ ഒരു ഇത്തിരിപോന്ന ഒരു കുഞ്ഞി, ആണാന്ന് “

“നീ ലേശം കഞ്ഞീന്റെ വെള്ളം കുടിക്കാൻ ഇങ്ങടുത്തോ വനജേ “

“അല്ലപ്പാ എല്ലാരും ഏടെ പോയി “

“മംഗലതിരക്കായിനല്ലേ? “

“ഓരോ ആവശ്യത്തിന് ഓരെല്ലാം പുറത്തേക്ക് പോയിനപ്പാ. എല്ലാം ആക്കണ്ടെന്ന്.”

“ന്നാ ഞാൻ പോട്ടെണെ.. പിന്നെ വൈന്നേരം വരാം ” പ്രമീള മുറ്റത്തേക്കിറങ്ങി.

വനജയുടെയും സുരേന്ദ്രന്റെയും മോനാണ് ഗിരീഷ്. കുറേയായി പെണ്ണ് നോക്കുന്നു. ഒന്നും ഒക്കുന്നില്ല. പഠിപ്പില്ല, നിറമില്ല, പൊക്കം ഇല്ല. ഗിരീശന് ഒന്നും ഇഷ്ടപ്പെടുന്നില്ല.

ആഴ്ചയ്ക്കാഴ്ച്ചക്ക് പെണ്ണ് കണ്ട് മടുത്തു. അങ്ങനെയാണ് ചാലിയത്തെ കുഞ്ഞിക്കണ്ണാട്ടൻ ഒരു ആലോചന കൊണ്ടുവന്നത്. പഠിപ്പുള്ള പെണ്ണാണ്. കാണാനും കൊള്ളാം. അച്ഛൻ മാഷാണ്. ദാമോദരൻ മാഷുടെ മോള് സുനില അത്യാവശ്യം വിവരമുള്ള ഒരു പെണ്ണായിരുന്നു. ഓള് പിഎസ്സിക്ക് ഒക്കെ പഠിക്കുന്നുണ്ട്. ഒരു ജോലി വേണം എന്ന് നിർബന്ധം.

ഏറെ ആലോചനകൾ വരുന്നുണ്ട് ജാതകം ചേരണ്ടേ?

അങ്ങനെയാണ് പെണ്ണ് കണ്ടു മടുത്തിരുന്ന ഗിരീശൻ ചങ്ങായിമാരുടെ കൂടെ പെണ്ണ് കാണാൻ പോയത്.

ചായയുമായി ചെന്ന സുനിലയെ കണ്ടപ്പോ തന്നെ ഗിരീശന് ഇഷ്ടമായി. അവന്റെ ചങ്ങായിമാർ കുറെ ചോദ്യങ്ങളൊക്കെ ചോദിച്ചു. സുനിലക്ക് തീരെ ഇഷ്ടമായില്ല. അവള് ചെക്കനോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് അച്ഛനോട് പറഞ്ഞു. ദാമോദരൻ മാഷ് മൂക്ക് ചുളിച്ചു.

“നാട്ടുനടപ്പ് മറക്കണ്ടണെ ” അമ്മമ്മ ചൂടായി.

സുനില കുലുങ്ങിയില്ല.

“ഞാനല്ലേ മംഗലം കഴിക്കുന്നത്. നാട്ടാരല്ലല്ലോ, എനിക്ക് ചോയിക്കാൻ ഉണ്ട് “.

അങ്ങനെ സുനിലയും ഗിരീശനും വടക്കേ എറയത്തിരുന്ന് 10 മിനിറ്റോളം സംസാരിച്ചു. സംസാരിച്ചപ്പോൾ തന്നെ സുനിലയ്ക്ക് മനസ്സിലായി ഗിരീശൻ ഒരു പാവമാണെന്ന്. ചങ്ങായിമാർ ആണ് എല്ലാം തീരുമാനിക്കുന്നത്. കേട്ടപ്പോ തന്നെ സുനിലക്ക് ദേഷ്യമായി.

അങ്ങോട്ടുമിങ്ങോട്ടും പോക്കും വരവും ഒക്കെ കഴിച്ചിലായി. കല്യാണം തീരുമാനിച്ചു. ഇനി ഒരാഴ്ചയേ ഉള്ളൂ കല്യാണത്തിന്. പന്തൽ ഇടണം, അലങ്കാര പണികളൊക്കെ നടത്തണം, പുതിയ പെണ്ണിന്റെ തുന്നാൻ കൊടുത്ത ഡ്രസ്സ് ഒക്കെ വാങ്ങണം. കല്യാണം വിളിക്കല് തീർന്നിട്ടില്ല.

ഗിരീശ ന്റെ പെങ്ങളാണ് ദീപ. ഡിഗ്രി ക്ക് പഠിക്കുന്നു. കല്യാണത്തലേന്ന് ഇടാനുള്ള ഡ്രസ്സും, കല്യാണത്തിന് ഇടാനുള്ള ഡ്രസ്സും സൽക്കാരത്തിന് പോകാനുള്ള ഡ്രസ്സും ഒരുക്കുന്ന തിരക്കിലാണ് ദീപ. മൈലാഞ്ചി ഇടണം, വള വാങ്ങണം എന്തൊക്കെ ഒരുക്കണം. അവൾക്ക് ടെൻഷനായി.

അമ്മമ്മ പറഞ്ഞു,” അല്ലപ്പാ ന്റെ ഒരുക്കം കണ്ടാൽ തോന്നൂല്ലോ മംഗലം നിന്റെയാന്ന് “

“ആ അമ്മമ്മേ ഒന്ന് പോയാട്ടെ, “പിന്നെ അവിടെ തോനെ ആൾക്കാർ വരുന്നതല്ലേ, നല്ല ചെക്കന്മാരൊക്കെ ഉണ്ടാവും ഞാൻ ഒരുങ്ങി പോട്ടെ, ഉടനെ എനിക്ക് മംഗലം വന്നാലോ”

“വായില് നാവ് അടക്കിവെച്ച് മിണ്ടാതിരുന്നോളൂട്ടോ, പെണ്ണിന്റെ ഒരു നാക്ക്” വനജ കയ്യോങ്ങി.

ഗിരീശന്റെകാര്യം ഓർക്കുമ്പോൾ വനജയ്ക്ക് ഒരു സമാധാനവുമില്ല. ഓൻ ഒരു പാവം ചെക്കനാ. ഒരു പിടിപ്പുമില്ല. ജോലി ചെയ്തു കിട്ടുന്ന ശമ്പളം അങ്ങനെ തന്നെ അമ്മയുടെ അടുത്ത് കൊടുക്കും. പിന്നെ കൂട്ടുകാരാണ് അവന്റെ ലോകം. ഇവനൊരു പാവമായതുകൊണ്ട് കൂട്ടുകാരും നല്ലോണം അവനെ കളിപ്പിക്കും.

പതുക്കെ വീട് കല്യാണത്തിമിർപ്പിൽ ആയി. ബന്ധുക്കളും അയൽവക്കക്കാരും വന്നു തുടങ്ങി. വടക്കേലെ ചായ്പിൽ അമ്മിക്കല്ലും ഉരലും ആട്ടുകല്ലും പച്ചക്കറികളും സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങളും വന്നു നിറഞ്ഞു.
അയലത്തെ പെണ്ണുങ്ങളോട് അമ്മമ്മ പഴമ്പുരാണം കെട്ടഴിച്ചു.

“അയിനിപ്പോ ഏടിയാന്നപ്പാ മംഗലത്തലേന്ന് അരവുള്ളത്? പണ്ടൊക്കെയായിരുന്നു കാലം. ചുറ്റുവട്ടത്തെ പെണ്ണ്ങ്ങളെല്ലാം കൂടിയിരുന്ന് തേങ്ങ നീട്ടി നീട്ടി അരക്കും. അയിനൊരു പാട്ട്ന്നെണ്ട് കുഞ്ഞി. അരവ് പാട്ട്. “
പെണ്ണുങ്ങളെല്ലാം നിരയായി നിന്ന് അമ്മിമ്മേ ഇങ്ങനരക്കും”

“അങ്ങേലെ ചെക്കനു മംഗലം വന്നേ
നങ്ങേലി പെണ്ണിനു മുണ്ടു കൊടുത്തേ
പെണ്ണിനെ കൊണ്ടങ്ങ് പന്തലിലാക്കി
എല്ലാരും പെണ്ണിനെ കാണാനും വന്നേ….

താലിക്കുലേലോ ലേലെലോ
താലിക്കുലേലോ ലേലെലോ..”

അമ്മമ്മ രസം പിടിച്ചങ്ങനെ പാടി.

“എന്ത് കല്യാണം ഇപ്പൊ.. ഓർഡർ അല്ലേനോ എല്ലാം…. പാട്ടൂല്ല അരവൂല്ല.. ബാല്യക്കാർക്കൊക്കെ അതൊന്നു അറിയൂല.. ഒക്കെ പോയിനപ്പ…” അമ്മമ്മ ഒരു നിശ്വാസം പൊഴിച്ചു.

നാളെയാണ് മംഗലം. ഗിരീശൻ ആണെങ്കിൽ ആകെ ഒരു എരി പൊരി. നാളെ ഒരു പെണ്ണ് തന്റെ ജീവിതത്തിലേക്ക് വരികയല്ലേ. എങ്ങനെയായിരിക്കും എന്തായിരിക്കും. അവൾക്ക് തന്നെ ഇഷ്ടാവോ? എനിക്ക് അതൊക്കെ പറ്റുമോ?

ഗിരീശന് ആകെ അങ്കലാപ്പ്. ആ നേരത്താണ് ചങ്ങായിമാരായ മനു, പ്രകാശ്, ഷഫീഖ്, രമേശൻ, ചന്തു ഇവർ മംഗല ചെറുക്കനുള്ള കട്ടിലുമായി വന്നത്.

കട്ടില് കണ്ടിട്ട് വനജ അന്തം വിട്ടു. “അല്ല പിള്ളറേ, നല്ല ജോറ് ആയിട്ടുണ്ടല്ലോ. നല്ല കാശ് ആയിട്ടുണ്ടാവും അല്ലേ ഈന് ?”

“അതെന്താ വനജേച്ചി ആ വർത്താനം? ഇതൊക്കെ നമ്മളെ ഒരു സന്തോഷല്ലേ.. ഓന്റെ മംഗലത്തിന് കാശൊന്നും ഒരു പ്രശ്നമല്ല. കല്യാണം നമ്മൾ ഉഷാറാക്കും. അടിച്ചു പൊളിക്കും. ” മനു പറഞ്ഞു.

“ഡാ ഷെഫീക്കെ ഈ കാലുമ്മ പിടിച്ചാ. ഇത് ആത്തു കൊണ്ട് ഇടാലോ.”

ചങ്ങായിമാരു നാലാളും കൂടി കട്ടിൽ പിടിച്ച് അകത്ത് ഗിരീശന്റെ മുറിയിൽ കൊണ്ടാക്കി.രാത്രി പാട്ടും മേളവും അലങ്കാരങ്ങളും ബിരിയാണി വിളമ്പുന്നതിന്റെ ഒച്ചയും, പെണ്ണുങ്ങളുടെ ചിരിയും നാട്ടുവിശേഷവും, കുട്ടികളുടെ കളിയും ചിരിയും കല്യാണവീട് കൊഴുത്തു. രുചിയുള്ള കോഴി ബിരിയാണിയുടെ മണം അവിടെ പടർന്നു നിന്നിരുന്നു.

“നേരം ഒരുപാട് ആയി. ഗിരീശാ മതി വിശയം പറഞ്ഞത് ഇനി പോയി കിടക്ക്, രാവിലെ പുറപ്പെടേണ്ടതല്ലേ”
ഗിരീശന്റെ അച്ഛൻ വിളിച്ചു പറഞ്ഞു

“അപ്പോ ഓക്കേ ഡാ ഗുഡ് നൈറ്റ് രാവിലെ വരാം നിന്നെ ഒരുക്കാൻ ” ചങ്ങായിമാരും യാത്ര പറഞ്ഞു പിരിഞ്ഞു.

ഗിരീശന്റെ മനസ്സിൽ ഒരു ചെറിയ പേടി ഉണ്ടായിരുന്നു. നാളെ കല്യാണമാണ്. ചങ്ങായിമാർ എന്തെങ്കിലും ഒപ്പിക്കാണ്ട് ഇരിക്കില്ല. ഇവിടെ അത് പതിവാ. എല്ലാ കല്യാണ വീട്ടിലും എന്തെങ്കിലും കുസൃതിത്തരം ഉണ്ടാവും. ചിലപ്പോ അത് അതിര് കടന്നു പോകാറുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് അപ്പുറത്തെ പ്രകാശന്റെ മധുരം വെപ്പിന് പഴത്തിനുള്ളില് നൂൽകമ്പി കടത്തി വെച്ചത്.

പെണ്ണിന്റെയും ചെക്കന്റെയും മുണ്ടും സാരിയുടെ അറ്റവും കൂട്ടിക്കെട്ടി വയ്ക്കുക, ജ്യൂസിൽ വിം കലക്കി കൊടുക്കുക, മൊട്ട കൊണ്ടെറിയല്, ചെക്കന്റെ ബിരിയാണിയിൽ നിന്ന് പീസ് എല്ലാം മാറ്റിവയ്ക്കുക, കല്യാണം കഴിഞ്ഞ് പെണ്ണിനെ ചെക്കനെയും ജെസിബിയിൽ കയറ്റുക, തുടങ്ങി പല കലാപരിപാടികളാണ് കൂട്ടുകാർ ഒരുക്കി വയ്ക്കുന്നത്.

ചെലപ്പോ കാണുമ്പോ തന്നെ നമുക്ക് ദേഷ്യം വരും. കല്യാണ ദിവസം ചങ്ങായിമാരുടെ അവകാശമാണെന്നാണ് അവരുടെ വിചാരം. പലപ്പോഴും അതിരു കടക്കും, എന്നാലും എന്നാലും ആരും ഒന്നും മിണ്ടില്ല സഹിക്കന്നെ.

പുതുതായി വരുന്ന പെൺകുട്ടികൾക്ക് ഇതൊന്നും അറിയില്ല. ആകെ വെപ്രാളം ആയിരിക്കും. പാവം ചെക്കനും പെണ്ണും. തന്റെ കൂട്ടുകാരൊന്നും മോശക്കാരല്ല അതാ ഗിരീശന് ഇത്ര പേടി.

പിറ്റേന്ന് രാവിലെ എല്ലാവരും ഒരുക്കം തുടങ്ങി. ഗിരീശന്റെ അനിയത്തി ദീപ രാവിലെ മുതൽ തുടങ്ങിയതാണ്. എത്ര അണിഞ്ഞ് ഒരുങ്ങിട്ടും ഓൾക്ക് മതിയാവുന്നില്ല.

നല്ല വർക്ക്‌ ചെയ്ത ലാച്ച ആണ്. വയറും പൊക്കിളും കുറേശ്ശേ കാണാം. ദീപേടെ കൂടെ മാമന്റെ മോള് നിധിനയുമുണ്ട്. ഓള് സ്ലീവ് ലെസ് ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നെ. മുടിയൊക്കെ കളർ ആക്കിട്ടുണ്ട്.

രണ്ടാളുടേം ഒരുക്കവും വേഷവും കണ്ട് അമ്മമ്മ പൊട്ടിത്തെറിച്ചു.

“അല്ലണേ വനജേ എന്ത് കോലാടി ഈ പിള്ളര്. പൊക്കിളും ചന്തീം മൊലേം കാണിച്ചിട്ടാ പെൺകുട്ട്യോൾ നടക്കുന്നെ. പാഷനാ.. പോലും.. ഇതാ.. ഉടുത്തിം കയിച്ചിട്ട് തുള്ളണത് പാഷനാ “

“വയറും കക്ഷോം നാട്ടാരെ കാട്ടണാ? ഉയ് അനക്ക് കയ്യില്ലപ്പാ.. ഇതൊന്നും കാണാൻ “

“അമ്മ ഒന്ന് മിണ്ടാതിരുന്നാട്ടെ.. ഇപ്പൊ പിള്ളറൊക്കെ ഇങ്ങനെന്യ.. “

“എന്തെങ്കിലും ആയ്ക്കോട്ടെപ്പ ” അമ്മമ്മ മിണ്ടാതെയിരുന്നു പുകല വായിലിട്ടു ചവച്ചു എന്തോ പിറുപിറുത്തു.

മംഗല ചെക്കനെ ഒരുക്കാൻ ചങ്ങായിമാര് നേരത്തെ എത്തി. ചെക്കന്റെ മുഖത്ത് ക്രീം പുരട്ടി, മുടിയിൽ ജെല്ല് പുരട്ടി, ചന്ദന കളർ കുർത്തയും കസവു മുണ്ടും ഉടുപ്പിച്ചു. ഇടത്തെ കൈയിൽ വാച്ച്, ലതറിന്റെ ബാക്ക് സ്ട്രാപ് ഉള്ള ചെരുപ്പും. ബ്ലൂ ഫോർ മെൻ പെർഫ്യൂമും അടിച്ചു.

ഗിരീശനേ നീക്കിനിർത്തി ആകെയൊന്നു നോക്കി മനു പറഞ്ഞു

“മൊഞ്ചായിട്ടുണ്ട് “

ദീപയും നിധിനയും മാമിമാരും മൂത്തമ്മമാരും ഒക്കെ അടങ്ങുന്ന സംഘം പുറപ്പെടാൻ തയ്യാറായി. അരിനുരിക്കൽ ചടങ്ങൊക്കെ കഴിഞ്ഞ് ചെക്കന്റെ പാർട്ടി പുറപ്പെട്ടു. ഷെഫീക്കിന്റെ പുത്തൻ ബ്രസയിലാണ് ചെക്കൻ കയറിയത്.

പുതിയ പെണ്ണു സുനില അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്നു. മാമിമാർ മണ്ഡപത്തിലേക്കു പെണ്ണിനെ ആനയിച്ചു. എല്ലാ കണ്ണുകളും സുനിലയിലേക്ക്.

“ഗിരീശന്റെ പെണ്ണ് സുന്ദരിയാ”. പെണ്ണുങ്ങൾ അടക്കം പറഞ്ഞു.

ഗിരീശന്റെ നെഞ്ചിനുള്ളിൽ ഒരു കുളിര്.. അവൻ കൂട്ടുകാരുടെ നേർക്ക് നോക്കി. അവർ കളിയാക്കി എന്തോ ഒരു ആക്ഷൻ കാണിച്ചു.

താലികെട്ടും മാലയിടലും എല്ലാം കഴിഞ്ഞു. പാലും പഴവും കൊടുക്കുന്ന ചടങ്ങ്. അപ്പോഴേക്കും ചങ്ങായിമാർ രംഗപ്രവേശം ചെയ്തു.

പിന്നീട് കാര്യങ്ങൾ എല്ലാം അവരുടെ കൈയിൽ. പാലിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പിട്ട് കൊടുത്തു. അതിനുശേഷം കരിക്കിൻ വെള്ളം കൊടുത്തു. അതാണെങ്കിൽ സ്ട്രോയുടെ അടിവശം അടച്ച്.ഒരു കരിക്കിനുള്ളിൽ രണ്ട് സ്ട്രോ ഇട്ട് പെണ്ണും ചെറുക്കനും വലിയോട് വലി.ചങ്ങാതിമാരുടെ കൂട്ടച്ചിരി. നല്ലൊരു പൂവമ്പഴം കൊടുത്തു. അതിനുള്ളിൽ വലിയൊരു കൊമ്പൻ മുളക്. പറയണോ പൂരം.

ഗിരീശൻ ആണെങ്കിൽ ഒന്നും മിണ്ടാതെ. സുനിലയ്ക്ക് ശരിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു. കല്യാണ ദിവസമല്ലേ ഒന്നും പറയാൻ പറ്റില്ലല്ലോ.അവൾ മിണ്ടാതെ ഇരുന്നു. സദ്യയുടെ ഇടയിലും ഓരോരോ കുസൃതികൾ .

തിന്നാൻ പോലും ഈറ്റിങ്ങള് സമ്മതിക്കുന്നില്ലല്ലോ. സുനിലക്ക് നന്നായി വിശക്കുന്നുണ്ട്. രാവിലെ മുതൽ ബ്യൂട്ടിഷ്യന്റെ കൈയിലായിരുന്നല്ലോ അവൾ. എന്തോ കഴിച്ചെന്നു വരുത്തിയതാ.

സഹികെട്ട് ആ പെൺകുട്ടി ചോദിച്ചു,

“ഒരു ലേശം ചോറ് തിന്നാൻ വിടുമോ നിങ്ങള് “ചങ്ങായിമാരുടെ കൂട്ട ചിരിയായിരുന്നു പിന്നെ അവിടെ.

കല്യാണപ്പാർട്ടി പുറപ്പെട്ടു. ഗിരീശന്റെ വീടിന്റെ കുറച്ചപ്പുറത്തു കാർ നിർത്തി ചെക്കനേം പെണ്ണിനേം ഇറക്കി. അലങ്കരിച്ചു നിർത്തിയ ജെസിബി! അതിന്റെ തുമ്പിക്കൈയിലേക്ക് രണ്ടുപേരെയും ബലമായി കയറ്റി നിർത്തി. തുമ്പിക്കൈ ഉയർന്നപ്പോൾ സുനില ഇപ്പൊ കരയുമെന്നായി, അത്രയ്ക്ക് പേടിച്ചു ആ കുട്ടി.

കുടിവെപ്പൊക്കെ കഴിഞ്ഞു. സുനില ഡ്രെസ്സൊക്കെ മാറി. സൽക്കാരപ്പാർട്ടിക്കായി ഒരുങ്ങി.
എല്ലാം കഴിഞ്ഞു.

സന്ധ്യ.

സുനില കുളി കഴിഞ്ഞു മുടി ചിക്കി വീടിന്റെ പിൻവശത്തു നിന്നു. വീടിന്റെ പിന്നിലെ മുല്ല നിറയെ പൂമൊട്ടുകൾ. മുല്ലപ്പൂമണം. അവൾക്ക് വീടും പരിസരവും ഒക്കെ ഇഷ്ടമായി.

പിൻവശത്തെ മുറ്റത്ത് കൂടി വെറുതെ പരിസരമൊക്കെ നോക്കി കണ്ടുകൊണ്ട് നടന്നപ്പോൾ തങ്ങളുടെ മുറിയിൽ ഒരാളനക്കം കണ്ടു. സുനില പെട്ടെന്ന് ജനലിന്റെ മറവിലേക്ക് മാറിനിന്നു. ഗിരീശന്റെ ചങ്ങായിമാരും നാലുപേരും മുറിയിൽ ഉണ്ട്.

ബെഡിൽ മുല്ലപ്പൂ വിതറുകയാണ്. ജനലിന്റെ വിടവിലൂടെ സുനില നോക്കി കണ്ടു.

“ഇന്നോന്റെ ആദ്യരാത്രി അല്ലേ? ഇന്ന് ഉറങ്ങണതൊന്ന് കാണണം ചൊറിഞ്ഞു ചൊറിഞ്ഞ് കിടക്കട്ടെ.
ലേശം നായ്കുരണ പൊടി കൂടി ഇട്ടാട്ടെടാ… ഹാ… ഹാ.. “”

“ആദ്യരാത്രി….ശിവരാത്രി…. ” കൂട്ടുകാരെല്ലാം പൊട്ടിച്ചിരിച്ച് പതിയെ വാതിൽ കടന്നുപോയി.

സുനില ഞെട്ടിത്തരിച്ചു പോയി. “ഈറ്റുങ്ങളെക്കൊണ്ട് വലിയ ശല്യമാണല്ലോ, എന്തു ദ്രോഹമാണപ്പാ ചെയ്യുന്നത്.”

പാവം കുട്ടി അവൾ ആകെ ആശയക്കുഴപ്പത്തിൽആയി. ഒന്നും പുറത്തു കാണിക്കാതെ എന്തോ തീരുമാനിച്ച് ഉറച്ചപോലെ അവൾ അകത്തേക്ക് നടന്നു.

അകത്ത് ചെന്ന് ദീപയെ പതുക്കെ അടുത്തേക്ക് വിളിച്ചു.

“എന്താ സുനിയേച്ചി? “

“ഞാൻ ഒരു കാര്യം പറഞ്ഞാൽ ആരോടും പറയറ് “

“ഇല്ലേച്ചി ” “എന്താ “?

സുനില ദീപയോട് കാര്യങ്ങളൊക്കെ പറഞ്ഞു. “ഇതു വലിയ ചൊറയായല്ലോ. ഗിരീശേട്ടനോട് പറഞ്ഞാലോ?”

“ഏയ് വേണ്ട വേണ്ട, നീ പോയി മറ്റൊരു ബെഡ്ഷീറ്റ് എടുത്ത് തന്നാൽ മതി. കുറച്ചു മുല്ലപ്പൂവും. ബാക്കി കാര്യം ഞാൻ നോക്കിക്കോളാം “

ദീപ പോയി ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നു കൊടുത്തു. രണ്ടാളും കൂടി അവരുടെ മുറിയിൽ കയറി ചങ്ങായിമാര് വിരിച്ച ബെഡ്ഷീറ്റ് പതുക്കെ ചുരുട്ടി വെച്ചു. എന്നിട്ട് പുതിയ ബെഡ്ഷീറ്റ് വിരിച്ച് മുല്ലപ്പൂവ് വിതറി. ഒന്നുമറിയാത്തപോലെ രണ്ടാളും അടുക്കളയിലേക്ക് പോയി. രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും പിരിയാൻ തുടങ്ങി. പുതിയപെണ്ണിനെ മണിയറയിലാക്കാൻ മാമിമാർ തിരക്കാക്കി. ചങ്ങായിമാർ ഒരു കള്ളച്ചിരിയുമായി വന്നു.

“അപ്പ ഗിരീശാ മോനെ നമ്മള് പോട്ടെ”

“ഇനിയിപ്പോ മ്മളെ ഒന്നും വേണ്ടാരിക്കുല്ലോ, നാളെ രാവിലെ വരാട്ടോ. ശരി നടക്കട്ടെ, “ഏടെ സുനില? ഓളെ വിളിച്ചാട്ടെ”

ഗിരീശൻ സുനിലയേ ഉറക്ക വിളിച്ചു .

സുനില ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. “എന്താന്ന്, അല്ലപ്പാ ഇങ്ങളെല്ലാം പോകലായോ ” അവൾ ചോദിച്ചു.
“ആ ഇനി പോട്ടെ. ഇവന്റെ മംഗലന്നു പറഞ്ഞു ഒരാഴ്ചയായി ഈടെ തന്നെയല്ലേപ്പാ” മനു പറഞ്ഞു.

ചങ്ങായിമാരുടെ മുഖത്ത് കള്ളച്ചിരി തെളിയുന്നത് സുനില് കണ്ടു.

“അതെയാ, ഒരു മിനുട്ട് നിൽക്കെ, ഇപ്പൊ വരാ. പോയ്‌ കളയല്ലേ “

അതും പറഞ്ഞ് സുനില അകത്തേക്ക് പോയി. വീട്ടിലെ മറ്റുള്ളവർ തുറിച്ചു നോക്കി എന്തേ ഈ കുട്ടി പറയുന്നത് എന്ന്.

അകത്തുപോയ സുനില ചുരുട്ടി വെച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തുകൊണ്ട് വന്നു. അതിന്റെ രണ്ടറ്റവും പിടിച്ച് ചങ്ങായിമാരും നാലുപേരുടെയും ദേഹത്തേക്ക് അവൾ വിടർത്തിയിട്ടു. മുല്ലപ്പൂവും വെള്ളപ്പൊടിയും നാലാളുടെയും ദേഹത്തേക്ക്.

“അപ്പ എല്ലാം ഓക്കേ അല്ലേ. കാര്യം മനസ്സിലായിനല്ലോ ങ്ങക്ക് ” സുനില ചിരിച്ചുകൊണ്ട് പറഞ്ഞു.

ചങ്ങായിമാർ അന്തം വിട്ടുപോയി ദേഹത്ത് വീണ നായ്ക്കുരണപൊടി തുടക്കാൻ തുടങ്ങി. കാര്യം പന്തിയല്ല നാലാളും പരക്കം പാഞ്ഞു.

“ജോറായി സുനിയേച്ചി ഇനി ഓറ് ഒരിടത്തും ഈ പണിക്കു പോവില്ല ” ദീപ പൊട്ടിച്ചിരിച്ചു.

ഒന്നും മനസ്സിലാവാതെ ഗിരീശൻ കണ്ണും തള്ളി നിന്നു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. 'മഴയിലേയ്ക്ക് തുറക്കുന്ന ജാലകം', 'വെയിൽ എഴുതിയ ചിത്രങ്ങൾ','ഒടുവിലത്തെ വളവ് ' എന്നീ മൂന്ന് കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയുമെഴുതാറുണ്ട്.