കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിൻെറ ‘സമ്പർക്കക്രാന്തി’ക്കും ചെറുകഥാസമാഹാരത്തിന് പി എഫ് മാത്യൂസിന്റെ ‘മുഴക്കത്തിനും’ കവിതാസമാഹാരത്തിന് എൻ ജി ഉണ്ണികൃഷ്‍ണന്റെ ‘കടലാസുവിദ്യ’ യ്ക്കും ലഭിച്ചു. ഡോ. കെ. ശ്രീകുമാർ എഴുതിയ ‘ചക്കരമാമ്പഴം’ മികച്ച ബാലസാഹിത്യ കൃതിയായും എമില്‍ മാധവിയുടെ ‘കുമരു’ മികച്ച നാടകമായും തിരഞ്ഞെടുത്തു. ബി.ആര്‍.പി ഭാസ്‌കറിന്റെ ‘ന്യൂസ് റൂമി’നാണ് മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം.

സി.അനൂപിൻെറ ‘ദക്ഷിണാഫ്രിക്കൻ പുസ്തക’വും ഹരിത സാവിത്രിയുടെ ‘മുറിവേറ്റവരുടെ പാതകളും മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള പുരസ്കാരം പങ്കുവെച്ചു. ജയന്ത് കാമിച്ചേരിലിൻെറ ‘ഒരു കുമരകംകാരൻെറ കുരുത്തംകെട്ട ലിഖിതങ്ങൾ’ ആണ് മികച്ച ഹാസ്യസാഹിത്യകൃതി. മികച്ച സാഹിത്യവിമർശനം എസ്. ശാദരക്കുട്ടിയുടെ ‘എത്രയെത്ര പ്രേരണകൾ’ ആണ്.

ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ.രതീ സാക്സേന, ഡോ.പി.കെ.സുകുമാരൻ, ഡോ.പള്ളിപ്പുറം മുരളി എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകും. ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും വിശിഷ്ടാംഗത്വം നൽകി അക്കാദമി ആദരിക്കും.

പുരസ്കാരങ്ങൾ

നോവൽ – വി ഷിനിലാല്‍ (സമ്പർക്കക്രാന്തി)
കഥാസമാഹാരം – പി എഫ് മാത്യൂസ് (മുഴക്കം)
കവിത- എന്‍ ജി ഉണ്ണികൃഷ്ണൻ (കടലാസ് വിദ്യ)
നാടകം – എമിൽ മാധവി (കുമരു)
സാഹിത്യ വിമർശനം – എസ് ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ)
ഹാസ്യസാഹിത്യം – ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരന്റെ കുരുത്തം കെട്ട ലിഖിതങ്ങൾ)
വൈജ്ഞാനിക സാഹിത്യം – സി എം മുരളീധരൻ (ഭാഷാസൂത്രണം: പൊരുളും വഴികളും)
വൈജ്ഞാനിക സാഹിത്യം – കെ സേതുരാമൻ ( മലയാളി ഒരു ജനിതക വായന)
ജീവചരിത്രം – ബി ആർ പി ഭാസ്കർ (ന്യൂസ് റൂം)
യാത്രാ വിവരണം – സി അനൂപ് ( ​ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം)
യാത്രാ വിവരണം – ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ)
വിവർത്തനം – വി രവികുമാർ ( ബോദ്‍ലേർ 1821-2021)
ബാലസാഹിത്യം -ഡോ. കെ ശ്രീകുമാർ ( ചക്കര മാമ്പഴം)

എൻഡോവ്മെന്റ് അവാർഡുകൾ

ഡോ. പി പി പ്രകാശൻ (വ്യാകരണം)- (ഐ സി ചാക്കോ അവാർഡ് )
ജി ബി മോഹൻ തമ്പി (ഉപന്യാസം) – (സിബി കുമാർ അവാർഡ് )
ഷൗക്കത്ത് (വൈദിക സാഹിത്യം)- (കെ ആർ നമ്പൂതിരി അവാർഡ് )
വിനിൽ പോൾ (വൈജ്ഞാനിക സാഹിത്യം )- (ജി എൻ പിള്ള അവാർഡ് )
പി പവിത്രൻ (സാഹിത്യ വിമർശനം)- (കുറ്റിപ്പുഴ അവാർഡ് )
അലീന (കവിത) – ​(കനകശ്രീ അവാർഡ് )
അഖിൽ കെ (ചെറുകഥ), – (ഗീതാ ഹിരണ്യൻ അവാർഡ് )
വി കെ അനിൽ കുമാർ – (തുഞ്ചൻ സ്മാരക പ്രബന്ധമത്സരം അവാർഡ് )