‘ജനിക്കാത്തവരുടെ ശ്മശാനം’ കഥാസമാഹാരം പ്രകാശനം ചെയ്തു

ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ എസ്‌. പി. എസ്.ദേവമനോഹർ ഐ.പി.എസ് രചിച്ച “ജനിക്കാത്തവരുടെ ശ്മശാനം” എന്ന കഥാസമാഹാരം പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി അംഗം വി എസ് ബിന്ദു പുസ്തകം ഏറ്റുവാങ്ങി. ദേവമനോഹറിന്റെ ആദ്യ കഥാസമാഹാരമാണ് “ജനിക്കാത്തവരുടെ ശ്മശാനം”.

ആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാർത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകളെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ പി.കെ. രാജശേഖരൻ അഭിപ്രായപ്പെട്ടു. ആ യാഥാർത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയിൽ ദേവമനോഹർ ആവിഷ്‌കരിക്കുന്നു. വായനക്കാരുടെ മനസ്സിൽ ആഞ്ഞുകൊത്തുന്ന സമകാലികയാഥാർത്ഥ്യങ്ങളാണവ. നിർമമത്വമല്ല, വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയിൽ വായനക്കാർ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങൾ കാണും എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പന്ത്രണ്ട് കഥകൾ അടങ്ങിയ ഈ സമാഹാരം ഗ്രീൻ ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്.