കൂടെ

ഐറയുടെ ഉന്തി നിൽക്കുന്ന വെളുത്ത വയറിലേക്ക് കാരുണ്യത്തോടെ നോക്കി ഇസ ബിരിയാണിപ്പൊതി അവൾക്കു നേരെ നീട്ടി. നീരുവെച്ച കാലുകൾ പതുക്കെ നിലത്തെടുത്തു വെച്ച് ഐറ കൊതിയോടെ ആ പൊതി തട്ടിയെന്നോണം എടുത്തു. ഇനിയും കാത്തിരിക്കാൻ വയ്യ എന്ന് ആംഗ്യം കാണിച്ചവൾ ഒരു ചെറുചിരിയോടെ ബിരിയാണി കഴിക്കാൻ തുടങ്ങി.

മുറിയിലാകെ ബിരിയാണി മണം പരന്നു. ഐറയുടെ കഴിപ്പ് നോക്കി നിന്ന ഇസയുടെ മനസിലാകെ സങ്കടം നിറഞ്ഞു. പാവം കുട്ടി. 25 വയസാകുമ്പോഴേക്കും എന്തൊക്കെ അനുഭവിച്ചു. ഇനിയെന്തൊക്കെ അനുഭവിക്കണം. ഇസ മേശപ്പുറത്തിരുന്ന വെള്ളക്കുപ്പിയെടുത്ത് അവൾക്കരികിലിരുന്നു. പച്ചവെള്ളമാണെന്ന് തോന്നുന്നു. ഹോസ്റ്റലിൽ ഇപ്പോൾ ചൂടുവെള്ളം കിട്ടുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഒരൊറ്റ നേരമേ ചൂടുവെള്ളം കിട്ടൂ. അതു കഴിഞ്ഞാൽ പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. അതും ഇനിയെത്ര നാളെന്ന് അറിയില്ല.

മിക്കവാറും പേർ ഹോസ്റ്റലൊഴിഞ്ഞു പോയി. കോളജിൽ ക്ലാസുകൾ പോലും വല്ലപ്പോഴുമാണ്. കലാപം തുടങ്ങിയശേഷം ഒന്നിനുമൊരു നിശ്ചയമില്ല. വല്ലപ്പോഴുമാണ് കറൻ്റ് വരുന്നത്. ഇൻ്റർനെറ്റ് ഒട്ടുമില്ല.

“നീയിതെവിടുന്നു സംഘടിപ്പിച്ചു ഇസാ? കിടിലൻ ടേസ്റ്റ് ”. വിരലുകൾ തുടച്ചു നക്കി കൊണ്ട് ഐറ ചോദിച്ചു.

“നിൻ്റെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഉണ്ടാക്കി തന്നു വിട്ടതാണ്. കഴിഞ്ഞ ദിവസം കോളജിൽ വെച്ചു കണ്ടപ്പോ നിൻ്റെ കാര്യം ചോദിച്ചു. റോഷൻ്റേം. അപ്പോ ഞാൻ പറഞ്ഞു നിൻ്റെയീ ഗർഭക്കൊതി”

കൈ കഴുകാനായി പതുക്കെയെഴുന്നേൽക്കുകയായിരുന്ന ഐറയുടെ കണ്ണുകൾ നനഞ്ഞു.

“ഇസാ എൻ്റെ കുഞ്ഞ് പിറന്നു വീഴുന്ന ഭൂമി എന്തുതരം ഭൂമിയായിരിക്കുമെന്ന് ഞാനിന്നലേം ഓർത്തു. എത്രകാലമായി ഞാൻ പുറംലോകം കണ്ടിട്ടെന്നും. ഞാനപ്പോ നിന്നേം സുലേഖ മാമിനേയുമൊക്കെ ഓർത്തു. സ്നേഹമെന്താണെന്ന് എൻ്റെ കുഞ്ഞ് മനസിലാക്കാൻ നിങ്ങളിവിടെയുണ്ടല്ലോ. പിന്നെ ഏതേലുമൊരു കാലത്ത് തിരിച്ചു വരുമെന്ന് ഞാനെപ്പഴും പ്രതീക്ഷിക്കുന്ന റോഷനും ” ഐറയുടെ വാക്കുകൾക്ക് കനം വെച്ചു റോഷൻ്റെ പേരു പറഞ്ഞപ്പോൾ.

റോഷൻ.

അവനിപ്പോ എവിടെയാകും?

കലാപസമയത്ത് കാണാതായ ആയിരക്കണക്കിനു പേരിൽ ഒരാൾ റോഷനാണ് സർക്കാർ കണക്കിൽ. യൂണിവേഴ്സിറ്റിയിൽ നിന്ന് സമാധാന റാലി സംഘടിപ്പിച്ച റോഷനും മറ്റു സംഘാടകരും പിന്നീടൊരിക്കലും തിരിച്ചെത്തിയില്ല. റാലിക്കു നേരെ നടന്ന ബോംബേറിൽ മരിച്ചവരുടെ കൂട്ടത്തിലും അവനില്ല.

”മഴ പെയ്യുംന്ന് തോന്നുന്നു ഇസാ. ആകെ മൂടിക്കെട്ടിവരുന്നുണ്ട് ” കൈ കഴുകി ചുരിദാറിൽ തുടച്ചുക്കൊണ്ട് ഐറ പുറത്തേക്ക് നോക്കി. മുറിക്കു പുറത്ത് പൂത്തു മറിഞ്ഞു നിന്ന ബോഗൻ വില്ലയിൽ കാറ്റുപിടിച്ചു.

“ഇനിയെന്നാ ഡോക്ടറെ കാണാൻ പോകേണ്ടതെന്ന് സുലേഖമാം ചോദിച്ചു. മാം കൂടി വരാംന്ന് പറഞ്ഞു കൂടെ” ഇസ പോകാനെഴുന്നേറ്റു.

മുറിയിലെ ബൾബ് ഒന്നുരണ്ടുതവണ മിന്നിക്കളിച്ച് കെട്ടു പോയി.

”അടുത്ത ചൊവ്വാഴ്ച. അന്നറിയാം പ്രസവത്തിന് എന്ന് അഡ്മിറ്റ് ആവണംന്ന്. നീയിന്ന് പോലീസ് സ്റ്റേഷനിൽ പോയിരുന്നോ ഇസാ? എന്തേലും പറഞ്ഞോ അവർ? ” ഐറ പ്രതീക്ഷയറ്റ മുഖത്തോടെ അവനെ നോക്കി.

തിരിച്ചൊന്നും പറയാതെ ‘ഞാൻ രാത്രി വരാം’ എന്ന് ഐറയുടെ കവിളിൽ തട്ടി ഇസ പുറത്തേക്ക് പോയി.

ഐറയുടെ പുറകിൽ വാതിൽ മൃദുവായടഞ്ഞു.

മേശക്കരുകിലെ കസേരയിലിരുന്ന് ഐറ മഴ കാത്തിരുന്നു, ഏതാനും മാസം മുമ്പുവരെ റോഷനെ കാത്തിരുന്ന പോലെ.

”റോഷൻ നീയറിയുന്നുണ്ടോ എൻ്റെ വയറ്റിൽ നമ്മുടൊരംശം ഊറിയത്? നീയെന്നെങ്കിലുമറിയുമോ ” ഐറ നിശബ്ദമായി ചോദിച്ചു.

ആ ചോദ്യമുണ്ടാക്കിയ ശൂന്യത ജനലിലൂടെ തള്ളിക്കയറി വന്ന കാറ്റ് പറത്തിക്കൊണ്ടുപോയി. കാറ്റടിച്ച് ഐറയുടെ വസ്ത്രങ്ങൾ പറന്നു. അവളുടെ വയർ കുറച്ചൂടി വീർത്തപോലെ കാണപ്പെട്ടു. എന്തുകൊണ്ടോ അവൾക്കപ്പോൾ ഉമ്മിയെ ഓർമ വന്നു. അനിയനെ പ്രസവിക്കവേ മരിച്ചു പോയ ഉമ്മിയെ. ഉമ്മിയുണ്ടായിരുന്നെങ്കിൽ തിരിച്ചു ചെല്ലാനൊരിടമെങ്കിലും ഉണ്ടാകുമായിരുന്നിരിക്കും എന്നു സങ്കൽപ്പിച്ചു.

വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ഉമ്മിയും ഒരു ചെറിയ തുണിക്കെട്ടിൽ തല നിറയെ മുടിയുണ്ടായിരുന്ന ഒരനിയൻകുഞ്ഞും പന്ത്രണ്ടുകാരിയായ ഒരു ചുരുൾമുടിക്കാരിയും ഐറയുടെ മനസിലേക്ക് കേറി വന്നപ്പോൾ അവൾ രണ്ടു കൈയ്യും കൊണ്ട് വയർ പൊത്തിപ്പിടിച്ച് കണ്ണുകൾ ഇറുകെയടച്ചു.

പിന്നീടെത്ര വർഷങ്ങൾ കഴിഞ്ഞാണ് റോഷൻ എന്ന സന്തോഷം തനിക്കുണ്ടായതെന്ന് ഐറയോർത്തു. റോഷൻ എന്ന പേരു കേൾക്കുമ്പോൾ ഇപ്പോഴും കോരിത്തരിപ്പുണ്ടാകുന്നതോർത്ത് അവളുടെ ഉള്ളം കുളിർന്നു.

സുലേഖ മാമിനു കീഴിൽ റിസർച്ച് ചെയ്യുന്ന രണ്ടുപേർ മാത്രമായിരുന്നു ആദ്യമവർ. ഒരുമിച്ചുള്ള ലൈബ്രറി ഇരുത്തങ്ങൾ, രാത്രി വൈകിയുമുള്ള ചർച്ചകൾ, ഹോസ്റ്റലിലേക്കുള്ള തിരിച്ചു നടത്തങ്ങൾ, തൊട്ടടുത്തുള്ള ഒരു ചേരിയിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള സായാഹ്ന ക്ലാസുകൾ, കോളജിന് രണ്ടു തെരുവപ്പുറമുള്ള ബികാഷിൻ്റെ തേങ്ങാപ്പാലിൽ വെന്ത മട്ടൺ കറിയും, ബ്രെഡ് പോലെ സോഫ്റ്റായ ബട്ടർനാനും കഴിക്കാനുള്ള നടത്തങ്ങൾ…

അങ്ങനൊരു നടത്തത്തിനിടയ്ക്കാണ് വേനൽക്കാലയവധിക്ക് കസിൻസുമായി ഒത്തു കൂടാറുള്ള അമ്മവീടിനെ കുറിച്ച്, എവിടെ വെള്ളം കണ്ടാലും അവിടെയൊക്കെ കുളിക്കാനിറങ്ങാറുണ്ടായിരുന്ന ഒരു മുത്തശിയെ കുറിച്ച്, കുട്ടിക്കാലാർമാദങ്ങളെ കുറിച്ചെല്ലാം റോഷൻ വാചാലനായത്.

“ഇനി താൻ പറയെടോ ” എന്ന സ്വാഭാവിക തുടർച്ചയിലാണ് തൻ്റെ കുട്ടിക്കാലത്തെ കുറിച്ച് ഒരുപാടു വർഷങ്ങൾക്കുശേഷം ഐറ ഓർക്കുന്നത്. ആ ഓർമയിൽ അനാഥാലയത്തിലെ നടുമുറ്റത്തുള്ളൊരു മാവിൽ എന്നോ മഞ്ഞനിറമുണ്ടായിരുന്നൊരു കയറിൽ കെട്ടിയ ഊഞ്ഞാലല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

പിന്നീടുമെത്ര ഋതുക്കൾ കടന്നു പോയി. ഹോസ്റ്റലിൻ്റെ പിന്നിലുള്ള റെയിൽപ്പാളത്തിലൂടെ ട്രെയിനുകൾ രാപകലില്ലാതെ പാഞ്ഞു. ചിലപ്പോഴെല്ലാം രാത്രിയിൽ കിടക്കുമ്പോൾ ആലോചിക്കും, ആ ട്രെയിനിലുള്ളവരെല്ലാം എന്തെടുക്കുകയായിരിക്കും. അപ്പോഴെല്ലാം ഐറയ്ക്കു തന്നെ ചിരി വരും.

ഓടിക്കൊണ്ടിരിക്കുന്ന ജീവിതങ്ങൾ

വസന്തകാലത്തിൻ്റെ തുടക്കത്തിലാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. നിറയെ പാഷൻ ഫ്രൂട്ട് വള്ളികൾ പടർന്നു പന്തലിച്ച മുറ്റമുള്ള വീടായിരുന്നു അത്. പക്ഷേ എക്കാലത്തും സന്തോഷം നീണ്ടകാലം അനുഭവിക്കാൻ യോഗമുണ്ടാവാറില്ല തനിക്ക്. ആ സന്തോഷവും നീണ്ടു നിന്നില്ല.

തെരുവിലെ രണ്ടു കച്ചവടക്കാർ തമ്മിലുണ്ടായ കലഹം. മൂന്നാംനാൾ തെരുവ് കത്തിയമർന്നു. മൂന്നാഴ്ച കൊണ്ട് കലാപമായി. അന്നുവരെയുണ്ടായിരുന്ന സൗഹൃദങ്ങൾക്ക് മേൽ മനുഷ്യർ അസഹിഷ്ണുതയുടെ പുതപ്പ് വലിച്ചിട്ടു. സമാധാനത്തിനായുള്ള ചില ആഹ്വാനങ്ങൾ അവിടവിടെയായി കേട്ടതൊഴികെ സകലം അന്ധകാരമയം.

ബസുകൾക്കും തീയിടാൻ തുടങ്ങിയപ്പോഴാണ് കോളജും നിശ്ചലമായി തുടങ്ങിയത്. എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് സമാധാന റാലിയും ഒപ്പുശേഖരണവുമെന്ന ആശയത്തിലേക്കെത്തിയത്. രണ്ടുദിവസമായുള്ള ക്ഷീണത്തിൽ മയങ്ങിക്കിടക്കുന്ന ഐറയോട് റോഷൻ അന്നു രാവിലെയും പറഞ്ഞു ഇയാൾ ഒകെ ആണെങ്കിൽ റാലിക്ക് വരാൻ. ഡോക്ടറെയൊന്ന് കണ്ടിട്ട് വരാമെന്ന് പറയുകയും ചെയ്തു ഐറ.

അന്നിറങ്ങി പോയതാണ് റോഷൻ.

അന്നറിഞ്ഞതാണ് ഐറ ഗർഭിണിയാണെന്ന്.

വിശേഷം പറയാനും റാലിയിൽ ചേരാനുമെത്തിയ ഐറ റോഷനു പകരം കണ്ടത് റാലിക്കു നേരെയുണ്ടായ വെടിവെപ്പാണ്. തല കറങ്ങി വീണ ഐറയെ ഇസ സുലേഖ മാമിൻ്റെ അടുത്തെത്തിച്ചു. പിന്നീട് ഹോസ്റ്റൽ മുറിയിലേക്ക് മാറി. എത്രയോ കാലം പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി ഐറ. ഒന്നും സംഭവിച്ചിട്ടില്ല ഈ നിമിഷം വരെ.

വയറിനിടയിൽ നിന്നെന്തോ കൊളുത്തി പിടിക്കുന്ന പോലെ തോന്നി ഐറയ്ക്കപ്പോൾ. അവൾ നടന്നും കിടന്നും ഞെളിപിരി കൊണ്ടു. നെറ്റിയിലൂടെ വിയർപ്പുചാലുകളൊഴുകി. ഒരിത്തിരി നേരം കഴിഞ്ഞപ്പോൾ എല്ലാമൊതുങ്ങി.

ഐറ വല്ലാത്തൊരാശ്വാസത്തോടെ രാത്രിയാവാൻ കാത്തിരുന്നു. രാത്രി ഇസ ഭക്ഷണവും കൊണ്ട് വന്നപ്പോൾ നാളെയൊന്ന് ആശുപത്രിയിൽ പോകാൻ കൂടെ വരാമോയെന്ന് ചോദിച്ചു. ഇസ സമ്മതിച്ചു. ഐറ ഭക്ഷണം കഴിക്കുന്നതിനിടെ ഇസ പുതിയ വാർത്തകൾ അറിയിച്ചു. കലാപം രൂക്ഷമാണ്. കേന്ദ്രസേനയിറങ്ങിയിട്ടുണ്ട്. ആളുകളെ കരുതൽ തടങ്കലിലേക്ക് മാറ്റുകയാണ്.

“നാളെ രാവിലെ റെഡിയായിരുന്നോളൂ” എന്നു പറഞ്ഞാണ് ഇസ ഇറങ്ങിയത്.

അന്നുരാത്രി നല്ലമഴ പെയ്തു. ഐറ ഏറെക്കാലത്തിനുശേഷം സുഖമായി ഉറങ്ങി.

രാവിലെയെഴുന്നേറ്റപ്പോൾ എവിടെയോ വെടിയൊച്ച കേട്ടു. ഉള്ളുകിടങ്ങിയാണ് അവൾ ആശുപത്രിയിൽ പോകാൻ റെഡിയായത്. ‘എൻ്റെ കുഞ്ഞേ, നീയെന്തിനീ നശിച്ച സമയത്തിലീ ലോകത്തിലേക്ക് വന്നു’എന്ന് നിശബ്ദമായി കരഞ്ഞു.

വാതിലിൽ മുട്ടുകേട്ടവൾ ആയാസപ്പെട്ടെണീറ്റു പോയി തുറന്നു.

ഇസയല്ല, പൊലീസുകാരാണ്.

പകച്ചു പോയി. ശബ്ദകോലാഹലങ്ങൾക്കിടയിൽ റോഷൻ എന്ന പേരവൾ കേട്ടു. അയാൾ മരിച്ചെന്നും.

പൊലീസുകാർക്കൊപ്പം വണ്ടിയിൽ കയറവേ ഹോസ്റ്റൽ ഗേറ്റ് കടന്നു വരുന്ന ഇസയേയും സുലേഖ മാമിനേയും അവൾ അവ്യക്തമായി കണ്ടു.

തൻ്റെ കുഞ്ഞിനേയും കൊണ്ട് അനാഥാലയത്തിൻ്റെ പടികടന്നു ചെല്ലുന്ന ഇസയുടെ ചിത്രം ഐറയുടെ ബോധത്തിൻ്റെ അവസാന കണികയിൽ പറ്റിപ്പിടിച്ചു കിടന്നു.

വയനാട് മീനങ്ങാടി സ്വദേശി, മാധ്യമ പ്രവർത്തക, ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്