തിരിച്ചുവരവിന്റെ ഹൃദയത്തുടിപ്പുകൾ

അവധിദിനമായാൽ വീടിന് ആലസ്യത്തിന്റെ ആമുഖമായിരിക്കും. അതു വിട്ടൊഴിയണമെങ്കിൽ സൂര്യൻ ഉദിച്ച് പകൽ നേർപകുതിയെങ്കിലുമെത്തണം. അന്ന് സമയത്തിന് ശരവേഗവുമായിരിക്കും. ആദ്യമായി ജോലിക്ക് പോകുന്ന ആവേശത്തോടെ സൂര്യൻ വേഗം ഉദിച്ചുയർന്ന് ധർമം നിർവഹിച്ച് കണ്ണിൽ നിന്നു മറയും. മഞ്ഞ് പുതച്ച് തെളിഞ്ഞ കൂറ്റൻ കെട്ടിടങ്ങൾക്കു മുകളിൽ സിന്ദൂരശോഭ വിതറിയാണു ആദിത്യന്റെ ആഗമന നിർഗമനം.

പതിവിനു വിപരീതമായി കഴിഞ്ഞ അവധി ദിനത്തിൽ പുലരി വെളിച്ചം ഇലപടർപ്പുകളെ ചുംബിക്കുന്നതിന് മുൻപേ വീടുണർന്നിരുന്നു. പ്രഭാത നമസ്കാരാനന്തരമുള്ള ഹലാലായ ഉറക്കം അന്നു നിർബന്ധ അവധിയെടുത്തു. ഒരു വീട് ജീവൻ വയ്ക്കണമെങ്കിൽ ആ വീട്ടിലെ ഉമ്മ ഉണരണമെന്ന ആപ്തവാക്യം സാധൂകരിച്ച് അലിയുടെ പ്രിയതമയന്ന് നേരത്തെ ഡ്യൂട്ടിയിൽ കയറി വീടിനെ പ്രഭാമയമാക്കി. ഒരു ചെണ്ടക്കാരന്റെ താളപ്പെരുക്കത്തോടെ അടുക്കളയിൽ പാചകത്തിന്റെ വെടിക്കെട്ട് തുടങ്ങി. ബിരിയാണിയുടെ കൂട്ടുകൾ പ്രാതലിനു മുൻപേ തീൻമേശയിൽ സ്ഥലം പിടിച്ചിരുന്നു. ദൈനംദിന കഴുകലും തുടയ്ക്കലും പാത്രങ്ങൾ വെടിപ്പാക്കലും തകൃതി. കിച്ചണിലെ വാഷ്ബേസിൽ പാത്രങ്ങളും വെള്ളവും കെട്ടി നിൽക്കാത്തതു കൊണ്ടാണോ എന്നറിയില്ല മുഖപ്രസാദത്തോടെയാണ് അടുക്കള കർമ്മങ്ങൾ കഴിക്കുന്നത്. ഒറ്റയ്ക്കാണെങ്കിലും ഒരുക്കങ്ങൾക്ക് എല്ലാം ഒരു കല്യാണപ്പുരയുടെ പ്രതീതിയുണ്ട്. വീട്ടമ്മയുടെ ജോലിയെ കുറിച്ച് ഇന്ത്യയിലെ പരമോന്നത കോടതിയുടെ അഭിപ്രായം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ജോലികളുടെ കൈവേഗം.

കുട്ടികളുടെ കാര്യങ്ങളും അടുക്കളയിലെ പാചക കലകളും കൂട്ടിമുട്ടാതെ മുന്നോട്ട് കൊണ്ടു പോകുന്ന ശ്രുതിലയത്തിനു മുമ്പിൽ സഹാനുഭൂതി ലവലേശമെങ്കിലുമുള്ള ഏതൊരു ഭർത്താവും ശിരസ്സു കുനിക്കും.

എങ്കിലും വീട്ടുജോലിക്ക് വേതനം നിശ്ചയിക്കുന്നതിൽ അലിക്ക് കോടതിയോട് അഭിപ്രായന്തരമുണ്ട്. ‘വിലമതിക്കാനാകാത്ത സേവനം’ എന്ന വകുപ്പിൽ ഉൾപ്പെടുത്തി ഭാര്യയുടെ ജോലിയെ ആയുഷ്ക്കാലം വാഴ്ത്താനാണ് അയാൾക്കിഷ്ടം. ഒരു ശരാശരി പുരുഷുവിന്റെ മനോധർമം അലിയിലും അവശേഷിച്ചിരുന്നു.

വീട്ടുജോലികളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ കഴിച്ച് ഉച്ചയാകുമ്പോഴേക്ക് ദുബായിൽ നിന്നും ഷാർജ വിമാനത്താവളത്തിലെത്തണം. നേരത്തെ ഉറക്കമുണർന്നതിന്റെ പരമലക്ഷ്യം അതാണെന്ന് ആ വലിയ ഫ്ലാറ്റിലെ ചിട്ടവട്ടങ്ങൾ കണ്ടാൽ മനസ്സിലാകും. ലളിതമായിപ്പറഞ്ഞാൽ കാര്യം ഇതാണ്. അവളുടെ ആങ്ങള നാട്ടിലെ പരോൾ കഴിഞ്ഞ് പ്രവാസത്തിലേക്ക് പുനഃപ്രവേശിക്കുന്ന ദിവസമാണ് . നാട്ടിൽ അവധി ആഘോഷിച്ചവസാനിച്ചു. ഇനി മടങ്ങുകയല്ലാതെ സഹോദരനു മുന്നിൽ മറുവഴിയില്ല.

പ്രവാസം അവസാനിപ്പിക്കണമെന്ന അയാളുടെ ആലോചന കോവിഡ് നീങ്ങുമെന്ന പ്രതീക്ഷപോലെ നീണ്ടു പോവുകയാണുണ്ടായത്. കോവിഡ് കോവിഡായും ആലോചന ആലോചനയായും നേരിയ ശ്രേണീ മാറ്റത്തോടെ നിലനിൽക്കുന്നുണ്ട്. രണ്ടും സംഭവിച്ചില്ല. കുട്ടികളെയും കുടുംബത്തെയും കൂട്ടി ഊട്ടിയും പരിസരവുമൊക്കെ കറങ്ങിക്കഴിഞ്ഞപ്പോൾ കിട്ടിയ അവധിയും ഹവായ് ചെരിപ്പ് പോലെ തേഞ്ഞു തീർന്നിരുന്നു.

കുറെ മധുരസ്മരണകളും മൊബൈലിൽ പകർത്തിയ പടങ്ങളും മെലിഞ്ഞുണങ്ങിത്തുടങ്ങിയ ബാങ്ക് ബാലൻസും ബാക്കിയാക്കിയാണ് അളിയന്റെ മടക്കം. കോവിഡിനു കയറാൻ ദേഹം വിട്ടുകൊടുത്തില്ലല്ലോ എന്നതു മാത്രമാണു എണ്ണമറ്റ ഗൃഹാതുര ചിന്തകൾക്കു മുകളിൽ ഒരു നെടുവീർപ്പായുള്ളത്.

‘ഇറങ്ങി’ എന്ന ആങ്ങളയുടെ വിളി റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിൽ നിന്നെത്തിയപ്പോഴേക്ക് യാതൊരു ശുഷ്കാന്തിയുമില്ലാത്ത ഭർത്താവിനെതിരെ പിറുപിറുക്കലിന്റെ പടക്കമെറിയാൻ തുടങ്ങി. ചേമ്പിലയിൽ വീണ വെള്ളത്തുള്ളി പോലെ അതെല്ലാം അതിവേഗം നിഷ്കാമവുമായി. അവളുടെ അനിഷ്ടപ്രകടനം അലിയുടെ അവധിദിനത്തിന്റെ മൂഡിനു ഭംഗം വരുത്താൻ ശേഷിയുള്ളതായിരുന്നില്ല. ഒരേ ദിശയിൽ ചലിക്കുന്ന ഘടികാര സൂചിയാണ് അവധിദിനം. ആനന്ദം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നതൊന്നും അതിൽ കടന്നു വരാനോ നിശ്ചലമാകാനോ ഒരു ശരാശരി പ്രവാസി അനുവദിക്കില്ല. അളിയന്റെ വരവ് തന്നെ ഒരളവവോളം ഒഴിവ് ദിവസ ആഹ്ലാദത്തിന്റെ അന്തകഭാവമുള്ളതാണ്. എങ്കിലും അതു പുറത്തുകാട്ടാൻ അയാൾ ഒരുമ്പെട്ടില്ല. മാത്രമല്ല വീട്ടുജോലിയിൽ സഹായിക്കുന്നുണ്ടെന്ന കൃത്രിമത്വം വരുത്താൻ ആവതു ശ്രമിച്ചു. ആ അഭിനയത്തിന്റെ അവസാന ഭാഗമെന്നോണം ഏറെ താൽപര്യത്തോടെ അവൾ ആങ്ങളയ്ക്ക് ഒരുക്കിയ പൊതിച്ചോറ് കൈക്കലാക്കി അലി ‘ദുബായിലെ മഹാത്തായ അടുക്കള ‘യിൽ നിന്നും പുറത്തിറങ്ങി. മാസ്ക്ക് ദുപ്പട്ടയാക്കി ഭാര്യയും അലിക്ക് അകമ്പടി സേവിച്ചു.

പാമ്പ് മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതു പോലെ കെട്ടിടാന്തർ പാർക്കിങിൽ നിന്നും കാർ നിരത്തിലിറങ്ങി. കുടുംബമില്ലാതെ ഗൾഫിൽ കഴിയുന്നവരുടെ വിരഹവേദനയും വിലാപവും മാത്രമായിരുന്നു വാഹനം ഷാർജയിൽ എത്തുന്നതു വരെ അവളുടെ ചർച്ചാ വിഷയം.

‘പാവം ല്ലേ…’ എന്ന സങ്കടസ്വരം ഇടക്കിടെ ആങ്ങളയോടുള്ള പരിശമായി പെങ്ങളിൽ നിന്നും പൊന്തിവരുന്നുണ്ട്.

ഇതു അവനു മാത്രമല്ല, ഇന്നാട്ടിലുള്ള 35 ലക്ഷം ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗത്തിന്റെയും ദു:സ്ഥിതിയാണെന്നതിനാൽ അലി അതു ഗൗരവമാക്കിയില്ല.

സൗദിയിലുള്ള കാൽ കോടി പ്രവാസികളും കുടുംബ വീസ ഒരു സ്വപ്നമായി കൊണ്ടു നടക്കുന്നവരാണ്. സ്പോൺസർഷിപ്പിലെ കതിരും പതിരും തിരിക്കാനായി നടപ്പാക്കിയ നിതാഖാത്തിനു ശേഷം കോവിഡും കൂടെ പുറം വാസ ജീവിതത്തെ ആഞ്ഞു കൊത്തിയപ്പോൾ മരുമണ്ണിൽ അടർന്നുവീണതു കുറെ മനുഷ്യരുടെ കിനാക്കളായിരുന്നു.

അവരിൽ ഒരാളാകാൻ ക്യൂ നിൽക്കുന്നവനാണെന്ന് ഉറപ്പുള്ള അലി, അതൊന്നും പുറത്തു കാണിക്കാതെ പ്രിയതമയുടെ ശോകശബ്ദത്തിനും സഹോദരസ്നേഹത്തിനും ഒപ്പിച്ച് ചില അനുതാപശ്രുതികൾ വളയം പിടിക്കുന്നതിനിടെ മീട്ടിക്കൊടുത്തു.

കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ദുബായിലേക്ക് പറക്കേണ്ടി വന്നവനാണ് അലി. പുറപ്പെടുന്നതിന്റെ തലേന്ന് രാത്രി യാത്രാ ഭാണ്ഡം ഒരുക്കുന്നതിനിടെ ഭാര്യ അവനോട് പതുക്കെ ചോദിച്ചു.

‘ഈ പാസ്പോർട്ടും വീസയും ആരാ കണ്ടു പിടിച്ചേ? ‘

എഴുതിയ ഒരു പി എസ് സി പരീക്ഷയ്ക്കും അഭിമുഖീകരിക്കാത്ത ആ ചോദ്യത്തിനു മുന്നിൽ അലി നിസ്സഹായനും നിരായുധനുമായതിനാൽ മൗനമായിരുന്നു മറുപടി.

എട്ട് വർഷത്തെ ഏകാന്തവാസത്തിനു ശേഷം ദുബായ് മഹാനഗരത്തിൽ അവളെ കൊണ്ടുവന്നിറക്കിയാണ് അന്നത്തെ കണ്ണീർ കലങ്ങിയ ചോദ്യത്തിനു മറുപടി കൊടുത്തത്. പാസ്പോർട്ടും വീസയും കണ്ടു പിടിച്ചവർക്ക് പുഷ്പാർച്ചന നടത്തണമെന്ന് അന്നവൾക്ക് ആദ്യമായി തോന്നി. മനുഷ്യരുടെ മനസ്ഥിതി ഉഴുതുമറിച്ചാണ് കാലം ഗൾഫിലും ഗമിക്കുന്നതെന്നത് അലിയുടെ അനുഭവ പുസ്തകത്തിലെ അധ്യായങ്ങളിലൊന്നാണ്.

ദമ്പതികളുടെ ഭൂലോകകാര്യങ്ങളുടെ വിശകലനങ്ങളും അതിനു പശ്ചാത്തല സംഗീതമെന്നോണം റേഡിയോ അവതാരകരുടെ പഞ്ചാരയും സമ്മിശ്രമായ ശബ്ദവീചികളോടെ വാഹനം വിമാനത്താവളത്തിലേക്കുള്ള വളവ് തിരിഞ്ഞു.

അവശനായെത്തിയ അളിയനു അധികം കാത്തു നില്പിനു അവസരം കൊടുക്കാതെ തന്നെ കാർ എയർപോർട്ട് പാർക്കിങ്ങിലേക്ക് ടിക്കറ്റെടുത്ത് കയറി.

23 വർഷം മുമ്പ് ഷാർജ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അലിയുടെ മുഖഭാവമായിരുന്നു അളിയന്! അപരിചിതമായ നാടു കണ്ട പരദേശിയെപ്പോലെ അവൻ പാർക്കിങ്ങിൽ അനാഥനായി നില്പുണ്ടായിരുന്നു. ചില രാഷ്ടീയ നേതാക്കൾ തലയറുത്ത കോഴിയെപ്പോലെ സ്പീച്ചിങ് സ്റ്റാന്റിലേക്ക് വീണു കിടന്നു പ്രസംഗിക്കാറുണ്ട്. ട്രോളിയിലേക്ക് ചാഞ്ഞാള്ള ആ നില്പ് അത്തരത്തിലുള്ളതായിരുന്നു. വിഷാദം തളം കെട്ടിയ മുഖം. ഉന്മേഷമെല്ലാം അവധിക്കാലം തട്ടിയെടുത്ത മട്ടുണ്ട്. ചുരുണ്ട തലമുടിയിൽ ചിലത് കൂട്ടം തെറ്റി ഇളം കാറ്റിനൊപ്പം പാറുന്നു.

ഖുബ്ബൂസ് നേരത്തിന് കിട്ടാത്തതു കൊണ്ടാകണം ദേഹം ഒന്നൊതുങ്ങിയിട്ടുണ്ട്. എങ്കിലും ഉദരം അതിന്റെ ഉയരം കുറയ്ക്കാതെ നിലനിന്നു. കാണാൻ അധികം അവസരം നൽകും മുൻപ് വാഹനത്തിന് അരികിലേക്ക് അവൻ ഉന്തുവണ്ടിയിലെത്തി. മുഷ്ടി ചുരുട്ടി കോവിഡ് മാതാവിനെ മനസ്സിലിട്ട് ആട്ടിയ ശേഷം അവന്റെ മടക്കിയ കരത്തിൽ മൃദുവായി അലിയൊന്ന് തൊട്ടു.

ആ ചടങ്ങത്ര ഗൗനിക്കാതെ സഹോദരി സാമിപ്യത്തിലേക്കും സ്നേഹത്തിലേക്കും അവൻ ഊളിയിടുന്നുണ്ടായിരുന്നു. കൂടെപ്പിറപ്പുകളുടെ കുശലാന്വേഷണങ്ങൾക്കും പാരസ്പര്യങ്ങൾക്കും പാർക്കിങ് ഒരു വേള വേദിയായി. രക്തബന്ധസമാഗമങ്ങൾക്കിടയിൽ വലിയ സ്ഥാനമില്ലാത്ത അലിയുടെ ചെറിയ കണ്ണുകൾ ഉന്തുവണ്ടിയിലുള്ള വലിയ പെട്ടിയെ നിരന്തരം തഴുകിക്കൊണ്ടിരുന്നു. വിവിധ രാജ്യക്കാരായ പരശ്ശതം പ്രവാസികളിൽ നിന്നും മലയാളിയെ വിമാനത്താവളത്തിൽ തിരിച്ചറിയാനുള്ള ഒരു ഏകകം കൂടിയാണ് ആ കാർഡ് ബോഡ് പെട്ടി.

കുടിയേറ്റത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പെട്ടി കെട്ടിയുള്ള വരവ് കുറ്റിയറ്റിട്ടില്ല. ഡിസ്പോസിബ്ൾ സംസ്കാരത്തിന്റെ യാത്രാസുഖം കൂടിയാണത്. ഇനി അളിയനു അടുത്ത നാട്ടിൽ പോക്കിനു മാത്രം ഒരു പെട്ടി തേടിയാൽ മതി.വലിയ ട്രോളികൾ വാങ്ങിയാൽ ഇടുങ്ങിയ മുറികളിൽ സൂക്ഷിക്കാനാവില്ല. ഒരു മുറിയിൽ 6 പേർ വരെ ഉണ്ടും ഉടുത്തും ഉറങ്ങിയും കഴിയാനുളളിടത്ത് വലിയ പെട്ടികൾ കൂടി വയ്ക്കാൻ സാധിക്കില്ല. താമസയിടങ്ങളിലെ ഒരു ‘ജന്മിയും’ അതു സമ്മതിക്കില്ല. കുടുംബമില്ലാതെ കഴിയുന്ന ‘ബാച്ച്ലേഴ്സിനു’ ഒരു ബെഡ് സ്പെയ്സിനാണു മാസവാടക. അതിൽ ട്രോളി സ്പെയ്സ് ഉൾപ്പെടില്ല. അതുകൊണ്ട് നാട്ടിലേക്കുള്ള പോക്കുവരവുകളിൽ സാധനങ്ങൾ അടുക്കി വയ്ക്കുക കാർഡ് ബോർഡ് പെട്ടികളിലാണ്. പാകിസ്താൻ പ്രവാസികളെപ്പോലെ പ്ലാസ്റ്റിക് ചാക്കുകളിൽ സാധനങ്ങൾ നിറയ്ക്കുന്നത് മലയാളികൾക്കിടയിൽ പ്രചാരം നേടിയിട്ടുമില്ല.

നാട്ടിലെത്തുമ്പോൾ ചുറ്റും കൂടുന്ന കുട്ടികളുടെ മനോവിലാസം തന്നെയാണ് നാട്ടിൽ നിന്നെത്തുന്ന ആളുടെ പെട്ടിയിലേക്ക് ‘സഹമുറിയൻ ‘മാർക്കുമുണ്ടാവുക. പെട്ടിക്കകത്തുള്ള വിഭവങ്ങളുടെ എണ്ണവും സ്ഥിതിയും എന്തായിരിക്കും എന്ന ആധിയാണു അലിയെയും അടിമുടി അലട്ടിയത്.

പാർക്കിങ്ങിൽ വച്ചു തന്നെ പെട്ടിയെ നിഷ്കരുണം വരിഞ്ഞിരുന്ന കെട്ടുകൾ നേരെത്തെ കയ്യിൽ കരുതിയ ചെറു കത്തിക്കൊണ്ട് അരിഞ്ഞു വീഴ്ത്തി. കണക്ക് കൂട്ടലുകൾ തെറ്റിയില്ല. പെട്ടിക്കുള്ളിലെ പഴയ ബെഡ്ഷീറ്റിൽ പൊതിഞ്ഞതു ഗൃഹാതുരത്വം തുളുമ്പുന്ന വിഭവവൈവിധ്യമായിരുന്നു. കിണ്ണത്തപ്പം.. നെയ്യപ്പം.. ശർക്കരുപ്പേരി, പലതരം പലഹാരങ്ങൾ, അടുക്കളയിലേക്ക് ആവശ്യമുള്ള പലവ്യജ്ഞനങ്ങൾ.. അറബികളും മലയാളികളും ഒരുപോലെ പ്രിയം വയ്ക്കുന്ന അച്ചാറുകൾ.. ഒരു കുടുംബത്തിന്റെ മൊത്തം സ്നേഹപ്രകടനമായി പെട്ടി പാർക്കിങ്ങിൽ വായ് പിളർത്തി. അതു കണ്ട അലിക്കും അതൊരു അനർഘ നിമിഷമായി അനുഭവപ്പെട്ടു. എല്ലാം തയാറാക്കി ഒതുക്കി വിട്ടവരോടുള്ള മതിപ്പും മമതയും കടൽകടന്ന് നാട്ടിലേക്ക് കുതിച്ചു. അതോടൊപ്പം ഓരോന്നായി വാഹന ഡിക്കിയിലേക്കു അപ് ലോഡ് ചെയ്യുന്നതിനുള്ള വെമ്പലുമുണ്ടായി. വലിയ പെട്ടിയും പുറമെ ഒരു ഹാന്റ് ബാഗുമായി പാർക്കിങ്ങിലെത്തിയ അളിയനെ ഭാരരഹിതനാക്കിയതു വളരെ പെട്ടെന്നായിരുന്നു.

അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുവരുന്നവർക്കു തുടക്കത്തിൽ എല്ലാറ്റിനോടുമൊരു വിരക്തി സ്വാഭാവികമാണ്. അളിയനിൽ ഒരളവോളം അത് കണ്ടു. കൊണ്ടുവന്ന ഒരു വസ്തുവിനോടും താൽപര്യമില്ലാത്ത പോലെ നിർവികാരത്തോടെയാണ് അവന്റെ നിൽപ്പ്. അനുകൂലവും അപൂർവവുമായ അവസരം അലിയും മുതലാക്കി. രണ്ടു ദിവസം കഴിഞ്ഞാൽ ഒരു പക്ഷേ, അളിയന്റെ അവസ്ഥ നാട്ടിൽ നിന്നു കൊണ്ടുവന്ന വിഭവങ്ങളോട് ഇത്ര നിർവികാരവും നിർദോഷവുമായിരിക്കണമെന്നില്ല. ഗൾഫ് കാറ്റ് രണ്ട് ദിവസമേറ്റാൽ നാടൻ വിഭവങ്ങളോട് അദമ്യമായ ഭ്രമമുണ്ടാവുക പ്രവാസിയുടെ സഹജഭാവമാണ്.

ഇത്തരം അനുഭവസമ്പത്ത് ആവോളമുള്ള അലി ഒരു കൊച്ചു കവറിൽ അളിയനുള്ളത് ഒതുക്കി കയ്യിൽ കൊടുത്തു. ഇപ്പോൾ ഒരു ഹാന്റ് ബാഗും കയ്യിലൊരു കവറും മാത്രമായി അളിയന്റെ ലഗേജ് പരിമിതപ്പെട്ടു.

“എത്ര വേഗമാണ് പെങ്ങളുടെ കെട്ട്യോൻ കാർട്ടൺ കാലിയാക്കിയത്!’ അളിയന്റെ ഹൃദയസ്പന്ദനത്തിനൊപ്പം അങ്ങനെയൊരു വാചകം കൂടി മിടിക്കുന്നുണ്ടോ എന്നു അലി ശങ്കിച്ചു.

പെരുന്നാൾ തലേന്നു ടെക്സ്റ്റയിൽസിൽ നിന്നു പുറത്തിറങ്ങുന്ന പോലെ പാർക്കിങ്ങിൽ നിന്നു അളിയൻ അടി വച്ച് ഇറങ്ങാൻ ശ്രമിച്ചപ്പോൾ പുറകിൽ നിന്നും പെങ്ങളുടെ പരിശസ്വരം വീണ്ടും പൊങ്ങി,

‘ക്കാ… ചോറ് ‘

ഇതു പറഞ്ഞവൾ കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് പാതിഉടലിട്ട് നുഴഞ്ഞു. ഒരു നിധിയെടുക്കുന്ന ജാഗ്രതയോടെ ബിരിയാണിപ്പൊതി മന്ദസ്മിതത്തോടെ അവനു നൽകി. സ്കൂളിലേക്ക് പോകുന്ന കുട്ടി ടിഫിൻ ബോക്സ് വയ്ക്കുന്ന പോലെ അളിയനതു കവറിലേക്ക് താഴ്ത്തി.

‘വിശക്കുന്നില്ലേ? എങ്ങനെ, എവിടെ വച്ച് കഴിക്കും?’

ഉച്ച സമയം മൂർധന്യം വിട്ടതിനാൽ അവൾ ആകാംക്ഷയോടെയാണ് ആരാഞ്ഞത്.

‘വീട്ടിലെത്തിയിട്ട് സ്വസ്ഥമായി കഴിക്കാം ‘

നാട്ടിലെ ഓർമകൾ തികട്ടി വരുന്ന ആങ്ങളയ്ക്ക് ഇപ്പോൾ അടിയന്തരമായി വേണ്ടത് ആശ്വാസവും സ്വസ്ഥതയുമാണെന്ന് അറിയുന്ന പെങ്ങൾ ആ മറുപടിയിൽ മറുത്തൊന്നും പറയാനാകാതെ ദൈന്യം ചാലിച്ച് ഒന്ന് നോക്കുക മാത്രം ചെയ്തു.

ഇനി അളിയനെ കൽബായിലെ താമസ്ഥലത്ത് പോറലേൽപ്പിക്കാതെ എത്തിക്കുകയാണു ബാക്കിയായ പണി. പതിവായി അവനെ കൂട്ടാൻ വരുന്ന സുഹൃത്തിനും ജോലിയായതുകൊണ്ട് എത്താൻ പറ്റില്ലെന്നാണ് അറിയിച്ചത്. നാട്ടിൽ നിന്നു വരുന്നവരെ എന്തെങ്കിലും വിശ്വസനീയ കാരണങ്ങൾ പറഞ്ഞ് നൈസായി ഒഴിവാക്കുന്നതു കോവിഡിനോടൊപ്പം പൊട്ടി പുറപ്പെട്ട ഒരു പ്രവാസി പ്രവണതയാണ്. സർക്കാർ പിന്തുണയുള്ള ഒരു ‘കരുതൽ നടപടി ‘ മാത്രമാണത്.

ഷാർജയുടെ ഭാഗമാണെങ്കിലും കൽബാ ഫുജൈറ എമിറേറ്റിനോട് ചേർന്നാണുള്ളത്. എയർപോർട്ടിൽ നിന്നു ബസ് കയറിയാൽ ഒന്നര മണിക്കുറിനുളളിൽ വീടണയാം. ലഗേജ് ശുഷ്ക്കിച്ചതിനാൽ ബസിനുള്ളിൽ സ്വന്തമെന്ന് ബോധ്യമുള്ള സാധനങ്ങളെ കൂട്ടിപ്പിടിച്ച് അളിയനിരിക്കാമെന്നത് ആശ്വാസകരമാണ്.

അലി കൂടെ പോയി കോവിഡ് പ്രോട്ടോകോൾ പ്രകാരം അളിയനെ ബസ് കയറ്റിവിട്ടു. കയ്യിലെ ഭാരം കുറവാണെങ്കിലും ഖൽബിലെ കൂടിയ ഭാരവുമായി അളിയൻ സീറ്റിൽ അമർന്നിരിക്കുന്നത് അലി പുറത്തു നിന്ന് നോക്കി നിന്നു. ഇനി ഒറ്റയ്ക്ക് കഴിയേണ്ട ആങ്ങളയുടെ പ്രവാസ പുനരാരംഭത്തിലേക്കുള്ള യാത്ര പെങ്ങളും തൊട്ടു താഴെയുള്ള പാർക്കിങ് കിടങ്ങിൽ വച്ച് കാണുന്നുണ്ടായിരുന്നു.

ബസ് പുറപ്പെട്ടപ്പോൾ വാഹനവുമായി അലിയും ഭാര്യയും അവിടെ നിന്നില്ല. ‘പാർക്കിങ്ങിൽ കഴിയുന്ന ഓരോ നിമിഷവും ‘വിലപ്പെട്ടതാണ് ‘. ഉറ്റവരെ കൂട്ടാൻ വിമാനത്താവളത്തിൽ വരുന്നവർ സമയത്തിന്റെ മൂല്യം അറിയുന്നതു ഒരു പക്ഷേ അവിടെ വച്ചായിരിക്കും. അപ്രകാരമാണ് പാർക്കിങ് നിരക്ക് ക്രമീകരിച്ചത്. ദമ്പതികൾ വിമാനത്താവളത്തിന്റെ ഉപരിതല പാർക്കിങ് വിടുമ്പോൾ അലി നർമം കലർത്തിപ്പറഞ്ഞു.

കൊണ്ടുവരുന്ന സാധനങ്ങൾ ഏറ്റെടുത്തു പെട്ടിയുടെ ഭാരം കുറയ്ക്കാനേ നമുക്ക് കഴിയൂ. ഖൽബിന്റെ കനം കുറയ്ക്കാൻ പ്രവാസിയുടെ കൂടെ അവന്റെ അറ്റാച്ച്ഡ് ഫയലുകളായ കുടുംബം തന്നെ വേണം.’ ഒരു ഓഫീസറുടെ മുഖഭാവത്തോടെ അപ്പറഞ്ഞതിനോട് അവളും മുദ്രവച്ചു തലയാട്ടി.

കോവിഡും അനുബന്ധമായുണ്ടായ സാമ്പത്തിക പ്രയാസങ്ങളും നടുവൊടിക്കുമ്പോൾ മറുനാട്ടിലെ മലയാളിയുടെയും മനസ്സ് കുടുംബത്തെ കുറിച്ചാണ് കൂടുതൽ നൊമ്പരപ്പെടുന്നത്.

വാഹനം റോഡിലേക്ക് കടന്നപ്പോൾ എതിർ ദിശയിൽ വിമാനത്താവളത്തിലേക്ക് പെട്ടികളുമായി കുറെ വാഹനങ്ങൾ കുതിക്കുന്നുണ്ടായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു വരാനുള്ളവരും ഒരിക്കലും ഇനി വരാനാകാത്തവരും അതിലുണ്ടാകും. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾക്ക് പൊതുവേ വേഗം കൂടുതലാണ്. തിരിച്ചു വരുന്ന വാഹനങ്ങൾക്ക് അതിലുള്ള യാത്രക്കാരുടെ മനസ്സ് പോലെ മന്ദഗതിയായിരിക്കും. കാറിനുള്ളിൽ അടുത്ത പാട്ട് വച്ചു പ്രവാസികളെ റേഡിയോ ജോക്കി മാനസികായി ഊട്ടുന്നുണ്ടായിരുന്നു.

…. ‘വ്യഥയുടെ കഥയിത് തുടരുന്നു
നദിയായി ജീവിതമൊഴുകുന്നു
എരിഞ്ഞ രജനിതൻ ചുടലയിൽ നിന്നും
പുലരി പിന്നെയും ജനിക്കുന്നു!…’

മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശി. ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും എഴുതുന്നു. ' അറബിക് മാഫീ മുശ്കിൽ ' എന്ന പേരിൽ ഡി സി ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷമായി ദുബായിലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമിൻറെ സഅബീൽ ഓഫീസിൽ ഉദ്യോഗസ്ഥന്‍.