കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )

ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി. അരികത്ത് ഓക്സിജൻ സിലിണ്ടറും മാസ്കും . മൂക്കിൽ കൂടി ദ്രവഭക്ഷണം കൊടുക്കുന്ന ട്യൂബ്. തൊട്ടരികിൽ നാല് പെൺമക്കളും ചിരിച്ചും വർത്തമാനം പറഞ്ഞും ഇരിപ്പുണ്ട്. അവരുടെ ഭർത്താക്കന്മാർ ഭക്ഷണം വാങ്ങാൻ പുറത്തുപോയിരിക്കുന്നു.

സമകാലിക മലയാളം വാരികയിൽ വന്ന ‘ആറാം വാർഡിലെ മോഷ്ടാവ്’ എന്ന ഷനോജ് ആർ. ചന്ദ്രന്റെ കഥയിലെ മുഖ്യ കഥാപാത്രമാണ് ബീപാത്തുമ്മ. ഈ കഥാപാത്രത്തെ തുടക്കത്തിൽ തന്നെ കഥാകൃത്ത് വിശദമായി വർണ്ണിക്കുന്നതു നോക്കുക…

‘ബീപാത്തുമ്മയെ കണ്ടാൽ സഞ്ചരിക്കുന്ന ജ്വല്ലറിയാണെന്ന് തോന്നും. കഴുത്തിൽ സ്വർണ്ണം കൊണ്ടുണ്ടാക്കിയ വലിയ കോർമ്പലും നേലം വെച്ച ഉക്കെട്ടും. പുറമേ പടികെട്ടിയ മാലയും കമ്മത്തിത്താലിയും പിന്നെ ഒരു പൊൻ പത്താക്കും. കാതിൽ തുരുതുരാ കിഴിച്ച് പതിനാറുവളയം ഇട്ടതിനൊപ്പം തട്ടണ്ടിയും കീഴ്ക്കാതിൽ അലിക്കത്തും. വിരലുകളിൽ പല കളർ വെളിച്ചമുള്ള മോതിരങ്ങൾ- ഒഴുക്കനും ഈർക്കിലൊടിയനും കല്ലുവെച്ചതും. കൈത്തണ്ടയിൽ തിങ്ങിക്കിടക്കുന്ന കൊത്തു വളയും ചുട്ടുവളയും ഒഴുക്കുവളയും ഇടയ്ക്കിടെ ചിൽചില്ലെന്നു ശബ്ദമുണ്ടാക്കും. ചുവന്ന പാദങ്ങളിൽ സ്വർണത്തള. കാൽവിരലുകളിൽ ഒന്നൊഴിയാതെ മോതിരമണിഞ്ഞ് ചെറുചങ്ങല കൊണ്ട് തള്ളവിരലിലെ മോതിരത്തിൽ ബന്ധിപ്പിച്ച സ്വർണ്ണ മിഞ്ചി. ഇത്രയും പോരാഞ്ഞ് അടിപ്പാവാടയ്ക്കടിയിൽ നിന്ന് ഇടയ്ക്കിടെ എത്തിനോക്കുന്ന സ്വർണ അരിഞ്ഞാണം കൂടി കണ്ടാൽ ബീപാത്തുമ്മ സഞ്ചരിക്കുന്ന ജ്വല്ലറി ആണെന്ന് തോന്നും’.

ബോധമില്ലാതെ കിടന്നപ്പോൾ ഒന്നു മാറ്റിയതൊഴിച്ചാൽ സദാസമയം സർവ്വാഭരണ വിഭൂഷിതയായ ഒരു സ്വർണ്ണവിഗ്രഹം തന്നെയാണ് ബീപാത്തുമ്മ. അതുകൊണ്ടുതന്നെ ഡോക്ടർ അവരുടെ മക്കൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അപരിചിതരെ സൂക്ഷിക്കണം.ലേബർ റൂമിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാർത്തയുൾപ്പെടെ ഡോക്ടർ അവർക്ക് വിശദീകരിച്ചു.

സമകാലിക സംഭവങ്ങളുടെ ഉദീകരണങ്ങൾ കോർത്തിണക്കിക്കൊണ്ട് തന്നെയാണ് കഥയുടെ ചില സന്ദർഭങ്ങൾ മുൻപോട്ട് പോകുന്നത്. പല കേസുകളിലും പിടിക്കപ്പെട്ട സ്ത്രീപുരുഷന്മാരുടെ ഫോട്ടോകൾ ഭിത്തിയിൽ പതിപ്പിച്ചിട്ടുണ്ട്. “ഇവരെ സൂക്ഷിക്കുക “എന്ന് എഴുതിയ അഞ്ചു മോഷ്ടാക്കളുടെ ചിത്രത്തിനു താഴെയായിട്ടാണ് ബീപാത്തുമ്മ എന്ന സ്വർണ്ണവിഗ്രഹത്തിന്റെ കിടപ്പ്.

പണ്ടേ പ്രശസ്തമായ ആലപ്പുഴ സക്കറിയ ബസാറിലെ ആലിബാബ ബിരിയാണിക്കട ബീപാത്തുമ്മയുടെ ഭർത്താവിന്റെയാണ്. അയാളുടെ മരണശേഷം ആധുനീകരിച്ച കടയിൽ നിന്നും വെറൈറ്റി ബിരിയാണികൾ പെൺമക്കൾ സമീപകട്ടിലുകളിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് പങ്കുവെയ്ക്കും. ബീപാത്തുമ്മയുടെ സ്വർണ്ണത്തിന്റെ സുരക്ഷിതത്വത്തിന്റെ പങ്കുവയ്ക്കലും കൂടിയായിരുന്നു അത്.

പലവിധ രോഗങ്ങളാൽ വീർപ്പുമുട്ടുന്ന പലരും രോഗത്തിനും മരണത്തിനുമിടയിൽ ആ രുചി തൊട്ടു നക്കി.അങ്ങനെ അഞ്ചാം വാർഡിനും ബിരിയാണി മണം കിട്ടിത്തുടങ്ങി. അങ്ങനെ ബൈക്ക് ആക്സിഡന്റിൽ കയ്യും കാലും ഒടിഞ്ഞ് അഞ്ചാം വാർഡിൽ ആകാശത്തേക്ക് കാല് കെട്ടിത്തൂക്കി കിടക്കുന്ന ഒരുവന്റെ രണ്ടാം ഭാര്യയിലെ മകൻ പോക്കർ, ബിരിയാണി വിളമ്പാറായപ്പോൾ ഹാജർ. അതൊരു പോത്ത് ബിരിയാണിയായിരുന്നു!

അങ്ങനെ ഒരു ഉച്ചമയക്കം തീർന്നപ്പോൾ ബീപാത്തുമ്മയുടെ കഴുത്തിൽ സ്വർണ്ണം പണിത നേലം വെച്ച ഉക്കെട്ടില്ല.! ഓക്സിജൻ മാസ്കിലൂടെ വലിച്ചു കിട്ടുന്ന ശ്വാസം പോരാതെ വരുമ്പോൾ അവർ ചൂണ്ടുവിരൽ ഉക്കെട്ടിന്റെ കണ്ണികളിൽ തിരുപ്പിടിച്ച് ജീവനെ ഉള്ളിലോട്ട് ആഞ്ഞു വലിക്കാൻ ശ്രമിക്കാറുണ്ട്.

പ്രാണൻ പോകുന്ന സമയത്തും സ്വർണത്തോടുള്ള ഭ്രാന്തമായ അഭിനിവേശവും അമ്മ ശ്വാസം പൊട്ടി അന്തരീക്ഷത്തിൽ ലയിക്കാൻ പോകുന്ന സമയമാണെന്ന് കരുതി നാവിലിട്ടിക്കാനുള്ള വെള്ളം ബാഗിൽ ഉണ്ടോ എന്ന് ഒന്നുകൂടി ഉറപ്പിച്ച് അമ്മ അമ്മ എന്ന് കരയുന്ന പെൺമക്കളെയും കഥാകൃത്ത് ഹാസ്യരൂപേണ അവതരിപ്പിക്കുന്നു.

പെട്ടെന്ന് ബീപാത്തുമ്മയുടെ ഇളയ മകൾക്ക് ഒരു വെളിപാടുണ്ടായി. അവൾ സർവാംഗം വിറച്ച് അഞ്ചാം വാർഡിലേക്കോടി. പോലീസ് കേസെടുത്തു. സ്വർണ്ണ ഉക്കെട്ടിനെ ഓർത്ത് ബീപാത്തുമ്മയ്ക്ക് കിടക്കയിൽ പൊറുതി ഇല്ലാതായി.

ഇതേസമയം ‘പോക്കർ’ എന്നും ‘ഫസൽ’ എന്നും വിവിധ പേരുകളുള്ള ഫേസ്ബുക്കിലെ സതീർത്ഥൻ ചിങ്ങമല, അമ്പലപ്പുഴ കച്ചേരിപ്പടി ജംഗ്ഷനിൽ ബസ്സിറങ്ങി നേരെ തെക്കോട്ട് നടന്നു…

നഷ്ടപ്പെട്ട ഉക്കെട്ടിനെപ്പറ്റി വലിയ ചർച്ചകൾ നടന്നു.
പക്ഷേ പിന്നീടാണറിയുന്നത് സക്കറിയ ബസാറിലേക്ക് ബിരിയാണിക്കച്ചവടക്കാരൻ ആലിക്കോയ കെട്ടിയ ബീപാത്തുമ്മ ഒരു കുഞ്ഞു കുസൃതിയുമായിട്ടാണ് പത്തറുപത് വർഷം മുൻപ് എത്തിയത് എന്ന് !!!

എന്തായിരുന്നു ആ കുസൃതി??

കഥയിലെ ചിരിനുറുങ്ങുകൾ ഗൗരവമായ ചിന്തകളിലേക്ക് വായനക്കാരനെ നയിക്കുന്നു. ഓരോ കഥാപാത്രങ്ങളുടെയും ഭാവങ്ങളും വികാരങ്ങളും തനതായ അവതരണ ശൈലിയിലൂടെ സമർത്ഥമായി വരച്ചിടുന്നു കഥാകൃത്ത്. ശ്രീ.സചീന്ദ്രൻ കാറടുക്കയാണ് ചിത്രീകരണം.

‘കാലൊടിഞ്ഞ പുണ്യാളൻ’ ഷനോജ് ആർ. ചന്ദ്രന്റെ കഥാസമാഹാരമാണ്.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.