കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )

അഡോൾഫ് ഹിറ്റ്ലർ ലോക ജനതയ്ക്ക് നടുക്കമുള്ള ഒരു ഓർമ്മയാണ്. ഇംഗ്ലീഷ് ചരിത്രകാരനായ സർ ഇയാൻ കെർഷോ ‘ആധുനിക രാഷ്ട്രീയ തിന്മയുടെ ആൾരൂപം’ എന്നാണ് ഹിറ്റ്ലറെ വിശേഷിപ്പിച്ചത്.1945ഏപ്രിൽ 29 ന് ബർലിനിലെ ഫ്യൂറർ ബങ്കർ എന്ന ഒളിസങ്കേതത്തിലെ സ്റ്റോർ മുറിയായിരുന്നു ജർമൻ ഫോട്ടോഗ്രാഫറായിരുന്ന ഇവാ ബ്രൗണുമായുള്ള ഹിറ്റ്ലറിന്റെ വിവാഹ വേദി. വെറും 40 മണിക്കൂറുകൾ മാത്രമായിരുന്നു ആ ദാമ്പത്യജീവിതം.

കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ ‘അമോർ’ എന്ന ചെറുകഥ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഈ കഥ ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയുടെ വംശീയ പ്രത്യയശാസ്ത്രങ്ങളിലേക്കും വംശഹത്യകളിലേക്കും, ആക്രമണോത്സുകതയിലേക്കും വിരൽ ചൂണ്ടുന്നു. കെ. ഷെരീഫിന്റെ കഥയ്ക്കനുയോജ്യമായ ഇല്ലസ്ട്രേഷൻ എടുത്തുപറയേണ്ടതാണ് .

രണ്ടുദിവസം മാത്രം നീണ്ടുനിന്ന ആ ദാമ്പത്യജീവിതത്തിൽ ഒരു കുറോസ്സോ പക്ഷിയെ പോലെ സദാ ദുഃഖിതയായിരുന്നു ഇവ. പ്രണയം എന്നത് വലിയൊരു പീഡനമാണെന്നും അവസാനം പ്രണയം മരണത്തോടു മാത്രമായി തീരുകയാണെന്നും ഇവാ തിരിച്ചറിയുന്നു. എന്നാൽ ഇവായുടെ അവസ്ഥ കുറോസ്സോ എന്ന പക്ഷിയുടേതിനേക്കാൾ മോശമാണെന്ന് നൊമ്പരത്തോടെ തിരിച്ചറിയുന്നുണ്ട് കാക്കപ്പോയുമായുള്ള സംഭാഷണത്തിൽ.

‘ നൂറ്റാണ്ടുകൾ നീണ്ട ജീവവർഷങ്ങൾ താണ്ടിയ വന്ദ്യവൃക്ഷങ്ങളുടെ കൊമ്പുകളിൽ ചിറകുരച്ച ‘കാക്കപ്പോ’എന്ന പക്ഷിയുമായുള്ള സംഭാഷണവും, ജർമ്മനിയുടെ ഒരേയൊരു ഫ്യൂറർ പാരിതോഷികം നൽകി ഒരു കൂട്ടിൽ പോറ്റി വളർത്തി ചിത്രം വരപ്പിക്കുന്ന വികലാംഗനായ ഒറേമുവും മനുഷ്യർക്ക് മേൽ ഹിറ്റ്ലറിനുള്ള മനുഷ്യാതീതമായ കരുത്തിന്റെ വാങ്മയ ചിത്രങ്ങൾ വായനക്കാർക്ക് നൽകുന്നു.

” ഒരിക്കൽ ഫ്യൂററും ചിത്രകാരനായിരുന്നു. തന്നെക്കാൾ രണ്ടു ദശാബ്ദത്തോളം പ്രായമായ അയാളെ ഇവാ പ്രണയിച്ചു തുടങ്ങിയത് അയാളുടെ ചിത്രങ്ങൾ കണ്ടായിരുന്നു. അന്ന് ഉപജീവനത്തിനായിട്ടാണ് ചിത്രങ്ങൾ വരച്ചത്. അയാൾക്ക് അന്ന് ലോകം വെട്ടിപ്പിടിക്കേണ്ടായിരുന്നു. ഇളം നിറങ്ങളുള്ള ഏറ്റവും ലോലമായ ആശയങ്ങൾ പേറുന്ന ആ ചിത്രങ്ങളിൽ പ്രണയത്തിന്റെ കോറലുകൾ തെളിഞ്ഞിരുന്നു. പിൽക്കാലത്ത് കോടിക്കണക്കിന് രൂപയ്ക്ക് ലേലം വിളിക്കപ്പെട്ട പ്രശസ്ത ചിത്രം പോലും കനമില്ലാത്ത കാല്പനികത നിറഞ്ഞ ഒന്നായി ഇവായ്ക്ക് തോന്നിയിരുന്നു”.

ഇവാ, ഞാനിപ്പോൾ ഓഷ് വിറ്റ്സ് ക്യാമ്പിലെ നരകവാതിൽ വഴിയാണ് വന്നത് ഇന്നത്തെ ദിവസം നിന്റെ ഭർത്താവ് കൊന്ന യഹൂദകുഞ്ഞുങ്ങളെക്കണ്ടു. അവരുടെയൊക്കെ കാലുകളിൽ ഓരോ കറുത്ത ചരട് കെട്ടിയിട്ടുണ്ട് ….

കലയിൽ നിന്നും പ്രണയത്തിൽനിന്നും അകന്നുപോയതും ക്രൂരവും വന്യവുമായ ആക്രമണോത്സുകതയും മനുഷ്യത്വ രാഹിത്യവും സ്വന്തം പ്രണയിനി പോലും ഒരു ചാരയാണോ എന്നുള്ള സംശയവും ഒരു വേള ഹിറ്റ്ലറിൽ ആത്മനിന്ദയുള വാക്കിയിരുന്നു എന്ന് പറയാതെ വയ്യ. പലപ്പോഴും ഇവാ ഫ്യൂററോട് പറഞ്ഞു ‘എനിക്ക് ആത്മഹത്യ ചെയ്യാൻ ആഗ്രഹം തോന്നുന്നു’ എന്ന്. അയാൾ നടപ്പിലാക്കാനാഗ്രഹിച്ച നാസി പാർട്ടിയുടെ ഭരണക്രമത്തോട് ഇവയ്ക്ക് പുച്ഛമായിരുന്നു.

” പ്രണയപാപിനിയായ താൻ ഇവിടെ നിന്ന് പോകുന്നു. ഒരാളെ പ്രണയിച്ചിട്ട് ഒന്നുമൊന്നും നേടാതെ അവസാനത്തെ ആഗ്രഹം പോലും ഉപേക്ഷിച്ച്”……. പക്ഷേ അവസാനമായി ഒരേയൊരു കാഴ്ച.. ഇവാ ഏറെ ആഗ്രഹിച്ച ഒന്നാണത്… മനസ്സ് എന്ന ക്യാമറയിൽ എന്നെന്നും പതിയത്തക്കതായ ഒന്ന്…

പ്രണയപാതാളത്തിൽ നിന്ന് ഉയർന്നുവന്ന പരശ്ശതം കുറോസ്സോപ്പക്ഷികൾ ആർത്തുവന്ന് അടഞ്ഞുകിടന്ന ജാലകപ്പലകമേൽ മുഖമടിച്ചു വീഴുന്ന ശബ്ദം കേട്ടു. “അതല്ലേ ഇത്? എങ്കിൽ കാണൂ ഇവാ ” നീ ആഗ്രഹിക്കുന്ന ആ കാഴ്ച എന്റെ പ്രേമസമ്മാനമായി ഇതാ ഞാൻ തരുന്നു”. ഈ കാഴ്ച പിന്നീട് ചരിത്രത്തിൽ രേഖപ്പെടുത്തുകയുണ്ടായി.

പിൽക്കാലത്ത്, ഈ കാഴ്ചക്ക് അനുനിമിഷം ഇരുൾ പരക്കുന്ന, വിഷഗന്ധം പേറുന്ന തുടർച്ചകളുണ്ടായി. ചരിത്രത്തിൽ നിന്നെടുത്ത കഥാതന്തുവിനെ കഥാകൃത്ത് കൗശലത്തോടെയാണ് വിവരിച്ചിരിക്കുന്നത്. വെറുക്കപ്പെടുന്ന പ്രണയത്തിന്റെ അവസാന കാഴ്ച കാമുകന്റെ / കാമുകിയുടെ മരണമാണെന്നും, ‘പ്രണയമെന്നാൽ മരണ’മാണെന്നുമുള്ള നിർവചനം വർത്തമാനകാലത്തിന്റെ പ്രതിബിംബമാവുമ്പോൾ ഇതിൽ ഒരു സൂക്ഷ്മ രാഷ്ട്രീയക്കാഴ്ചയും ഉണ്ട്.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.