കഥാവിചാരം-5 : നമുക്കിടയിലെ പകൽ ( അഖില കെ എസ് )

നമുക്കിടയിലെ പകലിൽ എത്രയെത്ര സ്വപ്നങ്ങളാണ് ഊർന്നു വീഴുന്നത്!! സ്വപ്നത്തിലെന്നവണ്ണം ചില ജീവിതങ്ങൾ പെട്ടെന്നങ്ങ് തീർന്നു പോകുന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചിലവ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. മറ്റു ചിലത് നടക്കാൻ പോകുന്ന യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ടുവിരലുകളാവുന്നു.

യാത്രകളിൽ സ്വപ്നങ്ങൾ മെനയുകയും സ്വപ്നങ്ങളിലൂടെ യാത്രകൾ നടത്തുകയും ചെയ്യുന്ന ഒരു സ്വപ്നസഞ്ചാരിയുടെ രേഖപ്പെടുത്തലാണ് ഈ കഥ. സ്വപ്നങ്ങൾക്കിടയിലൂടെ ജീവിത യാഥാർത്ഥ്യങ്ങളും കടന്നുവരുന്നു. ദേശാഭിമാനി വാരികയിൽ വന്ന അഖില.കെ.എസ് ന്റെ ‘നമുക്കിടയിലെ പകൽ’ എന്ന കഥയിൽ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള അദൃശ്യബന്ധം ലളിതയുക്തിയിലൂടെ അവതരിപ്പിക്കുന്നു. കഥയിലെ തീവ്ര മുഹൂർത്തങ്ങൾ വരകളിലൂടെ സമ്പന്നമാക്കിയത് രാജേന്ദ്രൻ പുല്ലൂരാണ്.

“…….അങ്ങനെയൊരു സ്വപ്നത്തിലാണ് പൂർണിമ കോളേജിലേക്ക് പോകാതിരുന്നത്. കോളേജ് ബസ് മറിഞ്ഞ് പലർക്കും പരിക്കുപറ്റി. തലേദിവസം ബസ് മറിഞ്ഞതായി സ്വപ്നം കണ്ടെന്നു പറഞ്ഞ് വരാതിരുന്ന പൂർണിമ അവിടെ സ്റ്റാറായി. “

വിവാഹശേഷം സ്വപ്നങ്ങൾ മുഴുവനും പാമ്പുകളായിരുന്നു. പല വലിപ്പത്തിലും ആകൃതിയിലും നിറത്തിലും അവർ കിടക്കയിലൂടെ ഇഴയുകയും, നിലവിളിക്കാൻ ഓങ്ങിയപ്പോഴൊക്കെ കടുംനീല നാവുനീട്ടി ദംശിക്കുകയും ചെയ്തിരുന്നു. അപ്പോൾ മാത്രമാണ് അവൾ രഘുവിനെ പൊതിഞ്ഞു പിടിച്ചത്. അയാൾ അവളെ ആശ്വസിപ്പിച്ചത്.

രഘുവിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഉറഞ്ഞു കട്ടയായിപ്പോയ ഒരുപാത്രം തൈരിനെ ഓർമിപ്പിച്ചു. അയാൾക്ക് രാവിലെയും ഉച്ചയ്ക്കും ചോറും തൈരും മതി. വൈകുന്നേരം ദോശയും മുളകരച്ചതിൽ എണ്ണ ചാലിച്ചതും. എല്ലാ ദിവസങ്ങളിലും അങ്ങനെയാണ്. ആദ്യം അതിശയവും പിന്നീട് മടുപ്പും തോന്നി. പിന്നെയത് ശീലമായി. സ്വന്തമായി എന്തെങ്കിലും വച്ചുണ്ടാക്കിക്കഴിക്കാൻ മടിയായി. പൂർണ്ണിമ എന്ന കഥാപാത്രത്തിന്റെ ഇഷ്ടങ്ങളുടെ നഷ്ടങ്ങൾ കഥാകാരി സംവേദന തടസ്സങ്ങളില്ലാതെ ആവിഷ്‌കരിക്കുന്നു.

രഘു എന്ന സ്വപ്നം പെട്ടെന്നങ്ങ് മാഞ്ഞുപോയതിനു ശേഷം പൂർണിമയ്ക്ക് വീട്ടിൽ ആരും വരാതിരുന്നെങ്കിൽ എന്ന തോന്നലാണ്. ചില കൂട്ടിരിപ്പുകാർ അവരവരുടെ ഭർത്താക്കന്മാർ രാത്രി ഒറ്റയ്ക്ക് എങ്ങനെ കഴിച്ചുകൂട്ടുമെന്ന് ഉറക്കെ വേവലാതിപ്പെടുന്നു. ‘അടുത്തുള്ളയാൾക്ക് ഇല്ലാത്തത് നമുക്കിത്തിരി കൂടുതൽ ഉണ്ടെന്ന് കാണിക്കാനുള്ള മനുഷ്യന്റെ വെപ്രാളവും സന്തോഷവും. കുതിരകളെ പുറത്തു നിർത്തിയിരിക്കുകയാണെന്ന ന്യായത്തിൽ ഭാരതിയക്കനും പിരിഞ്ഞു പോയി. എന്നാൽ മുന്നോട്ടുള്ള അവളുടെ ചുവടുകൾക്ക് ഏറെ കരുത്ത് നൽകിയത് ഭാരതിയക്കൻ തന്നെയായിരുന്നു.

ഭർത്താവിന്റെ മരണാനന്തരം തീർത്തും ഒറ്റപ്പെട്ട ഭാരതിയക്കൻ വിധവയായി വീട്ടിലൊതുങ്ങാൻ താല്പര്യപ്പെട്ടില്ല. തല ഉയർത്തിപ്പിടിച്ച് ഒരു രാജ്ഞിയെപ്പോലെ നടന്നു. പഴയതെങ്കിലും വൃത്തിയും പകിട്ടുമുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചു. തന്റെ വെളുത്ത മായക്കുതിരകളുടെ അകമ്പടിയോടെ സ്വപ്നസഞ്ചാരങ്ങൾ നടത്തി. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലൊന്നിൽ ഭാരതിയക്കനെ രഘു അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു . “നോക്ക്, അതാണ് ഇവിടുത്തെ മഹാരാജ്ഞി”.

അഖില കെ എസ്

ജനനം മുതൽ മരണം വരെ ഓരോ ജീവിയും ഒറ്റയ്ക്ക് ജീവിച്ചു തീർക്കുകയാണെന്നും ഒരർത്ഥത്തിൽ ഏകാന്തതയിൽ മാത്രമാണ് നാം നമ്മളായി ജീവിക്കുന്നതെന്നുമുള്ള യാഥാർഥ്യം അക്ഷരാന്തരീക്ഷങ്ങളിലൂടെ എഴുത്തുകാരി അവതരിപ്പിക്കുന്നു. സ്വപ്നങ്ങൾക്കിടയിൽ പിടയുന്ന മനസ്സാണെങ്കിലും വീണ്ടും സ്വപ്നങ്ങൾ കണ്ടുകണ്ട് അടുത്ത സ്വപ്നത്തെയും സ്വപ്നം കണ്ട് മാന്ത്രികജീവിതം നയിക്കുന്നവർ.

നിരത്തിലൂടെ അടിമുടി തൂവെള്ളയിൽ കുതിർന്ന രണ്ടു കുതിരകളെ സ്വപ്നം കണ്ട പൂർണ്ണിമ റോഡിന് നടുക്ക് താഴപ്പായ വിരിച്ചു കിടക്കുന്ന ഭാരതിയക്കനെ വലിച്ചിഴച്ച് വശത്തേക്കൊതുക്കാനോടുമ്പോൾ അവളുടെ ശ്വാസഗതികളുടെ വേഗത വായനക്കാർക്ക് കേൾക്കാം. അവയിലൊന്ന് തന്റെ മഞ്ഞപ്പല്ലുകൾ പുറത്തുകാട്ടി ചിരിച്ചു. സത്യത്തിൽ പൂർണിമയ്ക്ക് അവയെ വെറുപ്പാണ്. അവയുടെ ദുർഗന്ധം സഹിക്കാനാവാതെ സ്വപ്നത്തിലും അവൾ പിടഞ്ഞു.

സമൂഹത്തിൽ നിന്നും ഒളിച്ചുനടത്തം. അതാണ് പൂർണിമയുടെ ഇപ്പോഴത്തെ വഴി. സാധാരണ കയറാനുള്ള കമ്പാർട്ട്മെന്റ് ഒഴിവാക്കിയുള്ള യാത്ര. പക്ഷേ അവിടെയും ജനങ്ങൾ വിട്ടില്ല. രഘു മരിച്ചതുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും വീണ്ടും വർണ്ണിക്കുന്ന ലീന എന്ന കഥാപാത്രം ഉദിച്ചുവരികയാണ് കഥയിൽ. കൂടുതൽ ചോദ്യങ്ങൾ ഭയന്ന് കണ്ണുകളിറുക്കി അടച്ച് ചാരിക്കിടക്കുമ്പോഴും വീണ്ടും ദാ… മറ്റൊരു സ്വപ്നത്തിലേക്ക് . കൂട്ടുകാരി വീണയുടെ ആത്മഹത്യയായിരുന്നു അത്. ഇടതുകൈത്തണ്ട നഷ്ടപ്പെട്ട ലീന പിന്നീട് അവളെ നിരവധി സ്വപ്നങ്ങളിലേക്ക് വലിച്ചിഴച്ചു.

ഒരുപക്ഷേ പൂർണിമയെക്കാളുപരി രഘുവിനെ നന്നായി അറിയാവുന്ന, ഭാരതിയക്കന്റെ കുതിരകളെക്കുറിച്ച് പോലും അറിയാവുന്ന ലീന ചോദിക്കുന്നു: മൂന്നുപേരിൽ നീ മാത്രം ബാക്കിയുണ്ടല്ലേ? രണ്ടുമാസത്തെ ഇടവേളയിൽ അവർ രണ്ടുപേർ പോയി. സത്യം പറയാമല്ലോ. അതിനുശേഷം എപ്പോഴും നിന്നെ ഞാൻ ഓർക്കാറുണ്ടായിരുന്നു…

സമൂഹം ഏകാന്തതയോട് ചെയ്യുന്നതെന്താണ്??

ലീന അന്വേഷിക്കുന്ന, രഘുവിന്റെ പക്കലുള്ള അവൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രധാനപ്പെട്ട സാധനം എന്താണ്? ഒറ്റപ്പെടലുകളിൽ നാം എപ്പോഴും കൂട്ടുപിടിക്കുന്നത് സ്വപ്നങ്ങളെയാണല്ലോ !!!!.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.