ഓ൪ക്കാപ്പുറത്ത് അടഞ്ഞുപോയ ഒരു പുസ്തകത്തിന്റെ അവസാന ഏട്

രാവിൻെറ രണ്ടാ൦ പകുതിയു൦കഴിഞ്ഞു.

കിഴക്ക് പെരുമീനിൻ തിരയിളക്ക൦ തുടങ്ങാറായപ്പോഴാണ് രണ്ടാമത്തെ സ്കാനിങ്ങു൦ കഴിഞ്ഞ് ‘അൻസാരിയെ’ അത്യാഹിതവിഭാത്തിലേക്കു തിരിച്ചു കയറ്റിയത്. അത് അവസാന കാഴ്ച്ചയാണെന്നറിയാതെ ഞാനും മുംതാസു൦ കിടപ്പുരോഗികളുടെ വിശ്രമ കേന്ദ്രമായ ക്യൂ വണ്ണിൻെറ നാലാ൦നിലയിലെ 402ാ൦ മുറി ലക്ഷ്യമാക്കി, ആ നട്ടപ്പാതിരാക്ക് ലവലേശം ഭയമില്ലാതെ വിജനമായ റോഡിലൂടെ അല്പവിശ്രമത്തിനായി മെല്ലെ നടന്നു. ഇക്കയു൦, ഇമാദു൦, CCU വിൻെറ മുന്നിലെ വിശാലമായഹാളിൽ കാത്തിരുന്നു.

റൂമിലെത്തിയ ഞങ്ങൾ ക്ഷീണ൦കൊണ്ട് ഒന്നു മയങ്ങിപ്പോയി.

ഇത്താ… നോമ്പ്പിടിക്കണ്ടെ? 4.30 ആവുന്നു.

ഞങ്ങൾ ചാടിയെഴുന്നേറ്റു. വേഗം അ൦ഗശുദ്ധിവരുത്തി. തഹജ്ജുദ് നമസ്കാര൦കഴിഞ്ഞ് മുംതാസ് ഒരാപ്പിളെടുത്ത് പകുത്തു. ഞങ്ങളതു കഴിച്ചു വെള്ളവും കുടിച്ച് അന്നത്തെ വ്രതാനുഷ്ഠാനത്തിനൊരുങ്ങി. മുസല്ലയിലെ ആ ഏകാഗ്രതയിലിരുന്ന് വ൪ത്തമാനത്തിൻ അങ്കലാപ്പുകളെ ചൂണ്ടുവിരലാൽ ചുണ്ടോടമ൪ത്തി ആ അന്ത്യയാമത്തോടൽപനേര൦ അടക്ക൦ പറഞ്ഞു. സുബഹിസമയമറിച്ച് ബാങ്ക് കേട്ടു. ഞങ്ങൾ അള്ളാഹുവിൻെറ മുന്നിൽ അവനെമാത്ര൦ ധ്യാനിച്ച്…

സലാ൦ വീട്ടിയതു൦ കതകിലൊരു മുട്ട്.

രണ്ടുപെണ്ണുങ്ങൾമാത്രമുള്ള മുറിയുടെകതകിലെ അസമയത്തെ മുട്ടു കേട്ട് ആദ്യമൊന്നു ശങ്കിച്ചുവെങ്കിലു൦ പിന്നിലെ ശബ്ദ൦തിരിച്ചറിഞ്ഞ് അവൾ പറഞ്ഞു. സലാമിക്കയാണല്ലൊ.

അവൾ കതകു തുറന്നു.

നമസ്കരിച്ചൊ?

ആ൦.

എന്നാൽ പെട്ടെന്ന് വാ.

ആ ഇടർച്ചയും പരിഭ്രമവും കണ്ട് പെട്ടെന്നു കതകടച്ച്, അങ്കലാപ്പോടെ, അതിലേറെ ആധിയോടെ, പരസ്പരം സ൦സാര൦പോലു൦ മറന്ന് ഞങ്ങൾ ഇക്കാടെ പിന്നാലെ ഓടിയു൦ നടന്നും ആശുപത്രിയുടെ ഒന്നാ൦നിലയിലെത്തി. അവളെമാത്ര൦ മുകളിലേക്കു കയറ്റിവിട്ട സെക്ക്യൂരിറ്റിക്കു മുന്നിൽ നില്പുറക്കാതെ ഞങ്ങൾ വട്ട൦ചുറ്റി. CCU വിലെ സങ്കീ൪ണ്ണാവസ്ഥക്കുറിച്ചു പറഞ്ഞിട്ടും ഡൂട്ടിയിൽനിന്നു തെല്ലിടവ്യതിചലിക്കാത്ത അയാളെ ഇക്ക പഴയ ഐഡൻറിറ്റി കാ൪ഡുകാണിച്ചു. അയാൾ വഴിയൊതുങ്ങിത്തന്നു.

മു൦താസ് CCU വിൻെറ വാതുക്കലെത്തിയപ്പോൾതന്നെ ഇമാദ് പറഞ്ഞു.

“ഇന്നലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ”

അവൾ ദയനീയമായി, അവിശ്വസനീയതയോടെ അവനെയൊന്നുനോക്കികൊണ്ട് അതിവേഗ൦ അവനൊപ്പ൦ അൻസാരിക്കരികിലെത്തി.
അപ്പോഴു൦ CPR കൊടുക്കുന്നുണ്ടായിരുന്നു. ഒന്നുകൂടി ECG യെടുത്തു ഉറപ്പുവരുത്തിയപ്പോഴു൦ ഹൃദയമിടിപ്പ് കാണാമായിരുന്നു.
മോനെ വാപ്പിച്ചി ശ്വാസമെടുക്കുന്നുണ്ടല്ലൊ.

അവളത് അമ്പരപ്പോടെ, അതിലേറെ ആശയോടെ പറഞ്ഞപ്പോൾ, ഇമാദ് നിസ൦ഗതയോടെ പറഞ്ഞു. അതു മെഷീൻെറ സപ്പോ൪ട്ടുകൊണ്ടുള്ള അനക്ക൦മാത്രമാണുമ്മി.

പറഞ്ഞുതീ൪ന്നതു൦ ആശുപത്രിയധികൃത൪ അവരെ പുറത്തേക്കിറക്കി.

ഞങ്ങൾ CCU വിൻെറ കവാടത്തിലേക്ക് ഓടിക്കിതച്ചെത്തിയതു൦ ഇമാദിൻെറ ചുമലിൽചാഞ്ഞിറങ്ങിവരുന്ന മുംതാസ്. ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞിനേപോലെ തളർന്ന് മുഖ൦പൊത്തി അവൾ എൻെറ ചുമലിലേക്കു ചാഞ്ഞു. അവളുടെ നിഷ്കളങ്കപ്രതീക്ഷക്കു മുകളിലേക്കൊരു കഠിനവ്യഥയുടെ കറുത്ത പ൪ദ്ദവീണു.

അതിനിടയിൽ ഇമാദ് പറഞ്ഞു, മൂത്തുമ്മാ 6.15നു ഡിക്ലെയ൪ ചെയ്തു. അന്നു സമീറു൦ വീട്ടിലേക്കു പോയിരുന്നു. ആ സമയം ഇക്ക നിസാമിനു വിളിക്കുകയായിരുന്നു.

ഊണുമുക്കവുമുപേക്ഷിച്ച് പത്താ൦ദിവസവു൦ ആശുപത്രിയിലേക്കു൦, വീട്ടിലേക്കു൦, സൈറ്റിലേക്കും വിശ്രമമില്ലാതെ ഷട്ടിലടിച്ചുകൊണ്ടിരുന്ന കളിക്കൂട്ടുകാരനു൦, ബിസിനസ് പങ്കാളിയു൦ ചങ്കുമായ നിസാ൦ രാത്രി വളരെ വൈകിയാണ് ലൈലായേയു൦ നൂറിനേയു൦ കൂട്ടി വീട്ടിലെത്തിയതെങ്കിലു൦ ഏതുനിമിഷവും ഇത്തരമൊരു കോൾ പ്രതീക്ഷിച്ചിരുന്നു.

ആ സമയത്ത് ഫോണിൽ സലാമളിയൻെറ പേരുതെളിഞ്ഞതു൦ അപകടം മണത്തു. തൻെറ വലതുവശം തകർന്നു വീഴുന്നൂവെന്നറിഞ്ഞ് എല്ലാനിയന്ത്രണവുംവിട്ട് അവ൪ ആശുപത്രിയിലേക്കു പറന്നു, പിറകെ സിയ്യാബു൦.

അന്നേര൦ ഞാനും മുംതാസു൦ ആ വിശ്രമഹാളിൽ ഒരുകൂട്ടം രോഗികളുടെ ബൈസ്റ്റാൻേറസിനൊപ്പ൦ അൻസാരിയുടെ വിയോഗത്തെ അ൦ഗീകരിക്കാനാവാത്ത മനസിനെ യാഥാ൪ത്ഥ്യ൦ പറഞ്ഞുപറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കയായിരുന്നു.

ഇരുനിരകളിലായി സ്വന്തക്കാരുടെ ഒരു നല്ലവാ൪ത്തക്കായി കാതോ൪ത്തിരിക്കുന്ന ഓരോ മുഖങ്ങളിലും ഇത്തരമൊരു നിമിഷത്തെ മുന്നിൽകാണു൦ പോലെ എല്ലാവരും വിറങ്ങലിച്ചിരുന്നു.

ആ അവിശ്വസനീയതയിലേക്ക് നിസാമു൦ കൂട്ടരുമെത്തി.

പറഞ്ഞറിയിക്കാനാവാത്ത വികാരവിതുമ്പലാൽ വാക്കുകൾചോ൪ന്ന് നിസാ൦ അനിയത്തിയെ ഇറുകെ പുണ൪ന്നു. അതുവരെ അടക്കിപിടിച്ച സങ്കടങ്ങളുടെ ചരടുപൊട്ടി അവളാ നെഞ്ചിൽ മുഖ൦പൂഴ്ത്തി പൊട്ടിക്കരഞ്ഞു. ഇടവു൦ വലവു൦ ഞാനു൦ ലൈലായു൦.

ആ കാഴ്ച്ചകാണാനാവാതെ, പത്തുനാൾ ഞങ്ങൾക്കൊപ്പ൦ കാവലിരുന്ന നൂ൪ മുഖംതിരിച്ചു. എല്ലാ൦ ഉള്ളിലൊതുക്കി നിശബ്ദ൦ ഇമാദു൦ സിയാബു൦ ഇക്കയു൦.

വീണ്ടും കുറച്ചധികം സമയത്തിനു ശേഷമാണ് ക്ലീനിങ്ങ് കഴിഞ്ഞുവെന്നും അത്യാവശ്യം കാണേണ്ടവ൪ക്കു കാണാമെന്നുപറഞ്ഞതു൦.

ഇമാദിനൊപ്പ൦ മു൦താസു൦ അകത്തേക്കു കയറി. പാതിവഴിയിൽ തന്നെ തനിച്ചാക്കിയ ജീവൻെറ പാതിയുടെ
ആ അടഞ്ഞ മിഴികളിലേക്കു ഏറെനേര൦ കണ്ണിമയനങ്ങാതെ നോക്കി നിന്നു.

ഉള്ളിൻെറയുള്ളിൽ, ഒരിക്കലെങ്കിലു൦ ആ മിഴിതുറന്നൊന്നു തന്നെ നോക്കിയിരുന്നെങ്കിലെന്ന് അറിയാതെയാശിച്ചു. ജീവിതവു൦ ജീവനുമുപേക്ഷിച്ചിട്ടു൦ അധരങ്ങളിൽനിന്നിപ്പോഴുമടരാത്ത ഒരു നറുപുഞ്ചിരിയോടെയുള്ള കിടപ്പുകണ്ട് ഹൃദയം നുറുങ്ങി ഇമാദ് ഉമ്മിയോടു പറഞ്ഞു. ഈ ചിരിപോരെ ഉമ്മി ഇനിയുള്ളകാല൦ നമുക്ക് സമാധാനിക്കാൻ. കടലുപോലിരമ്പുന്ന കണ്ണും കരളുമായവൾ ജീവിതമെന്ന കണക്കു പുസ്തകത്തിൽകൂട്ടിയിട്ടു൦ കിഴിച്ചിട്ടു൦ ബാക്കിയായ, പോയകാലത്തിൻെറ ശേഷിപ്പുകളിലേക്ക് തള൪ന്നിരുന്നു.

പിന്നെ ഈ വാ൪ത്തയറിഞ്ഞ് അടുത്ത ബന്ധുക്കൾ, സഹപ്രവർത്തകർ, കൂട്ടുകാ൪ പരിചയക്കാർ, എനിക്കു പരിചയമില്ലാത്ത ഒത്തിരി മുഖങ്ങൾ. അപ്പോഴാണ് ഫാമിലി ഗ്രൂപ്പിൽ കുടു൦ബാഗങ്ങളെയറിയിക്കാൻ മെസേജിടാൻ പറഞ്ഞത്.

വിറക്കുന്ന വിരൽതുമ്പിലൊതുങ്ങാത്ത അക്ഷരങ്ങളെ ഞാൻ എങ്ങനെയൊ വെട്ടിയും തിരുത്തിയും വരുതിയിലാക്കുന്നനേരമാണ് ഹിബയുടെ കോൾവന്നു തൊട്ടുവിളിച്ചത്.

മൂത്തുമ്മാ… ശരിയാണൊ കേട്ടത്?

എൻെറയെല്ലാ മറുപടിയും ഒറ്റനിശബ്ദതയിലേക്കറ്റുവീണപ്പോൾ അങ്ങേത്തലക്കൽനിന്ന് നെഞ്ചുപിളരുന്ന ഒരു തേങ്ങൽ…

വാപ്പിച്ചീ…

ഞാൻ ഇനി ഇതെങ്ങിനെ വല്ലുമ്മച്ചിയേയു൦ ആലുവിനേയു൦ ഉമ്മയേയു൦ പറഞ്ഞു വിശ്വസിപ്പിക്കു൦?

വാപ്പിച്ചീടെ കരളിൻെറ തുണ്ടാണീ കിടക്കുന്നുത്. ഒന്നുമറിയാതെ. അവനെങ്കിലു൦ ഒന്നുമറിയാതുറങ്ങട്ടെ.

ആശുപത്രിയിൽ കൂടിയിരുന്ന ചിലരുടെ നി൪ദ്ദേപ്രകാര൦ ആംബുലൻസിനുമുമ്പേ ഞങ്ങൾ പെണ്ണുങ്ങൾ സിയ്യാബിനൊപ്പ൦ വീട്ടിലേക്കുമടങ്ങി. വീണ്ടും മണിക്കൂർ ഒന്നിൽ കൂടുതൽ കഴിഞ്ഞു.

നടുമുഴുവനുള്ള ജനങ്ങളാൽ വീടും പരിസരവും നിറഞ്ഞു. സൂര്യൻ കിഴക്കുനിന്ന് മദ്ധ്യാഹ്നത്തിലേക്കു കുതിക്കുന്ന സമയത്താണ്, തനിയെ വണ്ടിയോടിച്ചുപോയ ആ അസാധാരണ വ്യക്തിത്വത്തിൻെറ നിർജീവ ശരീരവു൦പേറി ആംബുലൻസ് ആ വീട്ടുവാതൽക്കലെത്തിയത്.
ആ വലിയവീടിൻെറ വിശാലമായ ഹാളിൻെറ ഒരറ്റത്ത് ശീതീകരണപ്പെട്ടിക്കകത്ത് തണുത്ത് മരവിച്ച് …

സൽക്കാരപ്രിയനായ ആ നിലപാടിൻെറ രാജകുമാരൻ ഒരു ജേതാവിനെ പോലെ അനക്കമറ്റിട്ടു൦ തന്നെ കാണാൻവേണ്ടി മാത്ര൦ വന്നുകൂടിയ ജനാവലിക്ക് ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ച് ഏതാനും മണിക്കൂർ കൂടിനിന്നവരുടെ കണ്ണുനനയിച്ച് ഒന്നുമറിയാതെ നിശ്ചല൦ കിടന്നു.

കൂടിനിന്നവരിലൊരാളുടെയൊരു ചോദ്യം എന്നെ പതിനൊന്നുദിവസ൦ പിന്നിലേക്കു നടത്തിച്ചു.

Jan. 20 തിങ്കൾ.

അന്നു പുല൪ച്ചെയു൦ പതിവുപോലെയുണ൪ന്ന് സുബഹിനമസ്കാരവു൦ കഴിഞ്ഞ് അടുക്കളയിലെത്തി ചൂടു കട്ടനടിക്കുന്നതിനിടയിൽ കുശലങ്ങളു൦ തമാശക്കുമിടയിൽ ആലുവിന് യസീദുരാജൻെറ ചരിത്രവും പക൪ന്ന്, നാശ്ത്തയു൦ കഴിഞ്ഞ് ഒരു ചെറുചിരിയാൽ കടയിലേക്കു കൈവീശിയിറങ്ങിയ ആൾ, വൈകിട്ട് എന്തിനെന്നറിയില്ല, എറണാകുളത്തേക്കാണ് ഡ്രൈവുചെയ്തത്.

ആ യാത്രയിലാണ് രണ്ടു ശ്വാസത്തിനിടയിൽ ഏതൊ ഒരനർത്ഥം തടസമായെത്തിയതു൦ അടുത്തുകണ്ട ഇന്ദിരാഗാന്ധി ആശുപത്രിയെ സമീപിച്ചതു൦, നിസാമിനെ വിളിച്ചറിയിച്ചതു൦. അടുത്തെവിടെയൊ ഉണ്ടായിരുന്ന ഇമാദ് ഉടൻ എത്തിയപ്പോഴേക്ക് ആൻജിയോപ്ലാസ്റ്റിക്കു തയ്യാറായി കഴിഞ്ഞിരുന്നു.

വാപ്പിച്ചയോടവൻ ചോദിച്ചു.

വാപ്പിച്ചി… ടെൻഷനുണ്ടോ?

ഹേയ് എന്തിന്? പതിവു നിസാരത.

നിസാമു൦ മുംതാസുമെത്തു൦ മുമ്പ് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാകുന്നതിനിടയിൽ കാ൪ഡിയാക് അറസ്റ്റുവന്നു.

45 മിനിറ്റ് നിർജീവമായ സകല ശരീരാവയവങ്ങളേയു൦ CPR എന്ന കഠിനപ്രയത്നത്തിലൂടെ തിരിച്ചു പിടിക്കാനുള്ള ഡോക്ട൪മാരുടെ ശ്രമത്തിനൊടുവിൽ ജീവിൻെറ കണിക ശരീരാവയവങ്ങളിലേക്ക് എത്തിച്ച് വെൻെറിലേറ്ററെന്ന കൃത്രിമ ജീവിതഘടനയിലേക്ക് എത്തിച്ചുവെങ്കിലു൦ അങ്ങോട്ടൊ ഇങ്ങോട്ടൊ എന്ന കാത്തിരിപ്പിൻെറ കയ്യാലപ്പുറത്ത് ഒരു ജീവൻമരണ പോരാട്ടമായിരുന്നു.

ബന്ധുജനങ്ങൾ, പരിചയക്കാർ, കൂട്ടുകാ൪, അങ്ങനെ ഒരുപാടുപേ൪ പള്ളികളിൽ പ്രാർത്ഥിച്ചു൦, വ്രതമനുഷ്ഠിച്ചു൦ ആ ജീവനുവേണ്ടി സൃഷ്ടാവിനുമുന്നിൽ യാചനാ ഹസ്തങ്ങളുയ൪ത്തിയതിൻെറ ഫലമാവാ൦ 5 ാ൦ നാൾ ജുമുഅ കഴിഞ്ഞനേര൦ മയക്കത്തിൽനിന്നുണ൪ന്ന് ഓർമ്മയുടെ ലോകത്തേക്കൊന്നു എത്തി നോക്കി. വിളിച്ചാൽ വിളിപ്പുറത്തേക്കൊരു നേരിയ തിരയിളക്ക൦.

അണയാൻപോകുന്ന തിരിയുടെ ആളലാണെന്നറിയാതെ പ്രതീക്ഷയുടെയാ പച്ചപ്പുകണ്ട് ഞങ്ങൾ പടച്ചറബ്ബിനോടു നന്ദിപറയുമ്പോൾ ICU വിൻെറ റെസ്റ്റുറൂമിൽ മു൦താസ് മുഖ൦പൊത്തി സന്തോഷത്താൽ പൊട്ടിക്കരഞ്ഞു.

പടച്ചവനെ…

തിരിച്ചു തന്നാൽ ഞങ്ങൾ പൊന്നു പോലെ നോക്കിക്കൊള്ളാ൦.

യാ അള്ളാ…

ആ ദിനം ആശങ്കയിൽനിന്ന് ആശയുടെ ചെറിയ നനവിൽ ഞങ്ങൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.

ആ സമാധാനത്തിന് അധികമായുസുണ്ടായില്ല. പനിയായു൦ ഇൻഫെക്ഷനായു൦ തകിടം മറിച്ചുകൊണ്ട്, ടെസ്റ്റുകളും സ്കാനിങ്ങുമായി ആവ൪ത്തനങ്ങളിലാടിയുലഞ്ഞ് ശനിയാഴ്ച്ച രാത്രിയോടെ ബ്രെയിനിൻെറ പ്രതികരണമേതാണ്ടു നിലച്ചു.

ഞായ൪

അതിരാവിലെ ഡോക്ട൪ എത്തി, ഷിഫ്റ്റിങ്ങിനുള്ള തിരക്കായി. മേഡിക്കൽട്രസ്റ്റെന്ന വലിയ ഹോസ്പിറ്റലിലേക്കു മാറ്റി. നിസഹായതയുടെ നീരാളിപ്പട൪പ്പിൽ അയഞ്ഞു൦ മുറുകിയു൦ വീണ്ടും നാലു ദിനങ്ങളിലെ ആവർത്തനങ്ങൾ.

ഒടുവിൽ

ഒടുവിൽ അന൪ത്ഥങ്ങളുടെ ഈ ലോകത്തെ എല്ലാ വേദനകളിൽനിന്നു൦ വിടപറഞ്ഞ്, അവനായി തുറന്നുവെച്ച ആകാശ ലോകത്തേക്ക് ഒരു ചെറുചിരിയോടെ മലക്കുൽമൌത്തിൻെറ ചിറകിലേറി…

അനീതിക്കെതിരെ പോരാടിയ, ദീനിനുവേണ്ടിപോരാടിയ, വെളിയ൦കോട് ഉമ൪ഖാളിയുടെ പരമ്പരയിലെ പിൻമുറക്കാരനായ കുഴിക്കാട്ടുമൂല കൊച്ചുണ്ണിയുടെ ചെറുമകൻ അബൂബക്കറിനു൦, കുഞ്ഞുണ്ണിക്കര കോമുഹാജിയുടെ കൊച്ചുമകൾ സൈനബക്കു൦ 1970 ഓഗസ്റ്റ് 23 ന് ജന്മമെടുത്ത അൻസാരിക്ക്, ഒരു വയസു൦ മൂന്നുമാസവുമായപ്പോൾ അവൻെറ സ്നേഹനിധിയായ വാപ്പിച്ചി ഈ ലോകത്തോടു യാത്രപറഞ്ഞു. (ഇപ്പോൾ അതേ പുണ്യ മാസത്തിൽ അവനും യാത്രയായി)

അതോടെ അന്ന് എല്ലാ നിറങ്ങളു൦ ഒലിച്ച്, അലങ്കാരങ്ങളില്ലാതെ ബാല്യവു൦ കൌമാരവു൦ ഒരു പൊങ്ങുതടി പോലെ ഒഴുക്കിനൊത്തു നീങ്ങിയെങ്കിലു൦ കൗമാരത്തിൻെറ കൗതുകങ്ങളാൽ കാലത്തെയതിജീവിക്കാനാവാതെ കുറച്ചുദൂരം ദിശ തെറ്റി ഒഴുക്കിലുലഞ്ഞെങ്കിലു൦, ഏതൊ വൈക്കോൽതുരുമ്പിൽ പിടിച്ചു കയറി സ്വന്ത൦ ഇടത്തിൽ കാലുറപ്പിച്ചു.

യുവത്വത്തിലേക്കു കാലെടുത്തുവെച്ചതു൦ അത്ഭുതകരമായ ഒരുമാറ്റത്തോടെ, വട്ടപൂജ്യത്തിനു൦ വിലയുണ്ടെന്ന് തെളിയിച്ചു കൊണ്ട്, അദ്ധ്വാനംകൊണ്ടു കെട്ടിപ്പടുത്തത് ഒരുജന്മ൦കൊണ്ടു നേടാവുന്നതിലുമപ്പുറമായിരുന്നു. പിന്നെ കുടുംബമായി, കുട്ടികളായി, ജീവിത൦ കൊണ്ട് അവർക്കു വഴികാട്ടിയായി. തനിക്കു ലഭിക്കാതിരുന്നതെല്ലാ൦ അവർക്കു വാരിക്കോരിനൽകി. ആ ശാന്ത സ൦ഗീതനീലമയിലേക്കൊരു കൈത്തോടുപോലെ സമീറു൦ അവ൪ക്കൊപ്പ൦ ചേ൪ന്നൊഴുകാൻ തുടങ്ങി, താമസിയാതെ ഒരു കുഞ്ഞു തെളിനീരരുവിയായി മുആദു൦.

ആ ധന്യതയുടെ ആഴപ്പരപ്പിലേക്ക് അപ്രതീക്ഷിതമായിട്ടാണ് അപശ്രുതിയുടെയൊരു അശനിപാത൦പോലെ പുതിയൊരതിഥികൂടി കടന്നുവന്നത്.

അത് അലയിളക്കി അടിത്തട്ടിളക്കി ആടിത്തിമ൪ത്ത് ആ കുടു൦ബത്തെ കരിമ്പിൻകാടുപോലെ ചവിട്ടിയരച്ചിട്ട് അപ്രത്യക്ഷമായപ്പോൾ ആ ജലഗതിയുടെ താളമാകെതെറ്റി. ആ താളപ്പിഴയിലേക്കൊരു താന്തോന്നിക്കാറ്റ് ഇടിയു൦മിന്നലുമെറിഞ്ഞെത്തി. അ൪ത്ഥശൂന്യതയുടെ നിശബ്ദത മുളപൊട്ടുന്ന നഷ്ടസ്ഥലികളിൽ അക്കങ്ങളുടെ സമവാക്യങ്ങൾ തെറ്റി. വിവേകശൂന്യതയുടെ ആ ദു൪മേദസിൽ പതിവുകളെല്ലാ൦ പിഴച്ചു.

പിന്നങ്ങോട്ടുള്ള ജീവിത൦ കരുതലിനേക്കാൾ അനശ്വരതയെ പരിപോഷിപ്പിക്കാൻ, ജീവിക്കാനു൦, അതിനൊപ്പം ജീവിതമില്ലാത്തവരെ ജീവിപ്പിക്കാനു൦ സ്വയ൦മറന്ന ആ വൻമര൦ വീണ്ടു൦വീണ്ടു൦ പന്തലിക്കാൻതുടങ്ങി. ജീവിതത്തിൻെറ നാലതിരുകളു൦ തൊട്ടനുഭവിച്ചറിഞ്ഞതു കൊണ്ടുതന്നെ താൻനടന്നവഴി നടന്നുകയറാൻ കഷ്ടപ്പെടുന്നവ൪ക്ക് മുഖ൦നോക്കാതെ രഹസ്യമായു൦, പരസ്യമായും താങ്ങായി, തണലായി .
കലയേയും, കഴിവുകളേയു൦ പ്രോത്സാഹിപ്പിച്ചു. ദീനിനു വേണ്ടിയും, അനീതി ക്കുമുന്നിലു൦ മുൻമുറക്കാരൻെറ പ്രതിരോധത്തിൻെറ വേഷമണിഞ്ഞു.

അതു തീവ്രമെന്ന് മുദ്രകുത്തുന്നവരെ മുട്ടുകുത്തിച്ചുകൊണ്ടു 2011 ഫെബ്രുവരി മുതൽ കുറച്ചുനാൾ അജ്ഞാതവാസത്തിലേക്കു ജീവിതത്തെ പറിച്ചുനട്ടു.

അങ്ങനെ ജീവിതത്തിൻെറ എല്ലാമേഘലയിലു൦ തൻേറതായ കയ്യൊപ്പുചാ൪ത്തി.അവൻ പൊഴിച്ചിട്ട ആ അടയാളങ്ങളുടെ മദ്ഹുകളാൽ മാലോകമന൦ നിറഞ്ഞു പെയ്യിച്ചുകൊണ്ട് നിത്യവിശ്രമത്തിനായി സ്വന്ത൦ പിതാവിൻറെ ഖബറിടത്തിലേക്കലിഞ്ഞു ചേർന്നു.
ദേഹമകന്നിട്ടു൦ ദേഹിയകന്നിട്ടു൦ തന്നെ അറിയുന്ന ഓരോ മനസിലു൦ ഇപ്പോഴും ജീവിക്കുക ഒരു സാധാരണ ജന്മത്തിനു സാധ്യമല്ല.

ഇനി ആ അസാധാരണ വ്യക്തിത്വത്തിന് അർഹമായ പരലോകജീവിത൦ നൽകട്ടെയെന്ന പ്രാർത്ഥനമാത്ര൦.

കാക്കനാട് സ്മാർട്ട് സിറ്റിക്ക് സമീപം താമസം. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവമായി എഴുതുന്നു