ഒരു മഴയ്ക്കു മുന്നേ

1.

രാത്രിയായിരുന്നു, നിലാവുള്ള രാത്രി. റബർത്തലപ്പുകളുടെ നിഴൽ വീണു കറുത്ത റോഡിലൂടെ ആ വാഹനം കുതിച്ചു പാഞ്ഞു. കുറച്ചുകഴിഞ്ഞതും റബർമരങ്ങൾ മിനുസമുള്ള പാറക്കെട്ടുകൾക്കു വഴി മാറി.

പാറക്കെട്ടുകൾക്കിടയിലെ വിള്ളലുകളിൽ വേരുകൾ പടർത്തിയ ഏതോ പേരറിയാ വൃക്ഷത്തിന്റെ ഉയർന്ന കൊമ്പിലേക്കൊരു കഴുകൻ പറന്നുവന്നിരുന്നു. എന്തോ കണ്ടിട്ടെന്നവണ്ണം അതിന്റെ കണ്ണുകൾ തിളങ്ങി. അടുത്തനിമിഷം വല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ടത് ആകാശത്തേക്കു പറന്നുയർന്നു.

വാഹനത്തിൽ സ്റ്റിയറിങ്‌ വീലിനു മുകളിലൊരു കഷായവസ്ത്രധാരിയുടെ കൈകൾ പതിയെ താളം പിടിച്ചു.
വാഹനം മെയിൻറോഡിൽനിന്നുമൊരു പോക്കറ്റ് റോഡിലേക്കിറങ്ങി…

കണിക്കൊന്നകളെയും പൂത്തുനിൽക്കുന്ന മാവുകളുടെ നിഴലുകളെയും പിന്നിലാക്കിയത് വീണ്ടുമൊരു ചെമ്മൺപാതയിലേക്കു പ്രവേശിച്ചു. കശുമാവിൻതോട്ടങ്ങൾക്കു നടുവിലൂടെ കുറച്ചുദൂരം കൂടിയോടി ഒടുവിൽ പടുകൂറ്റൻ ഇരുമ്പുഗേറ്റുള്ള ഒരു വീടിനു മുന്നിൽ ബ്രേക്ക് അമർന്നുനിന്നു.

എങ്ങും കശുമാങ്ങയുടെ ഗന്ധം.

മരങ്ങളുടെ നിഴൽവീണു കറുത്ത വീടിന്റെ രണ്ടാംനിലയിൽ നിന്നുമൊരു ഫ്ലാഷ്ലൈറ്റ് കാറിൽ പതിച്ചു. ഡ്രൈവിങ് സീറ്റിൽ നിന്നുമൊരാൾ പുറത്തിറങ്ങി. ചുറ്റുപാടുമൊന്നു നോക്കിയ ശേഷമയാൾ കാറിന്റെ പിറകിലേക്കു പോയി. വളരെ ശ്രദ്ധിച്ച് ഡിക്കി തുറന്ന് ഒരു വലിയ ചാക്ക് പുറത്തേക്കു വലിച്ചിട്ടു. പിന്നെ വളരെ ബദ്ധപ്പെട്ടതു ചുമലിലേറ്റി. ആ സമയം വീടിന്റെ കൂറ്റൻ ഗേറ്റ് വല്ലാത്തൊരു ശബ്ദത്തോടെ തുറക്കപ്പെട്ടു.

അയാൾ ആ ഗേറ്റിനുള്ളിലൂടെ പ്രവേശിച്ച് ഇരുളിലേക്കു നടന്നു കാഴ്ചയിൽനിന്നും മറഞ്ഞു.

കശുമാവിൻ തലപ്പുകൾക്കിടയിൽ ഒരു മിന്നൽ പുളഞ്ഞു. മിന്നലിൽ അയാളുടെ ചുമലിലെ ചാക്കിൽ നിന്നുമൊരു സാരിയുടെ മുന്താണി കരച്ചിലു പോലെ പുറത്തേക്കു തൂങ്ങി നിൽക്കുന്നതു കാണാമായിരുന്നു.

2.

“നിന്റെ ജീവനിൽ കെട്ടുകൾ മുറുക്കട്ടെ
ഞാനിനി, നിന്റെ പ്രാണന്റെ തുടിപ്പുകൾ ഇനി
എനിക്കു സ്വന്തം.. “

നാലുവരി കവിതയെ ആനന്ദൻ നോട്ട്പാഡിൽനിന്നും ഫേസ്‍ബുക്കിലേക്കു പേസ്റ്റു ചെയ്തു. പിന്നെ പ്രൈവസി ഒൺലി മീ എന്നതു മാറ്റി പബ്ലിക് എന്നാക്കി പോസ്റ്റു ബട്ടണിൽ ക്ലിക്കു ചെയ്തു.

ഫേസ്ബുക്കിന്റെ വാളിൽ നിന്നും അനേകം ചെറുകവിതകൾ അയാളെ നോക്കി പുഞ്ചിരിച്ചു. ആനന്ദൻ മൊബൈൽ നെറ്റ് ഓഫാക്കി തീൻമേശയിലേക്കു നടന്നു. അവിടെ ഭാര്യ ഭസുമതി അയാൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾ പ്ലേറ്റിലേക്കു ചോറു വിളമ്പി.

“ഇന്നു സ്വാമിജി വിളിച്ചിരുന്നു.” ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

“ങാഹാ.. എന്നിട്ടെന്തു പറഞ്ഞു?” ഭസുമതി ആകാംഷയോടെ ചോദിച്ചു.

“നമ്മുടെ കഷ്ടപ്പാടിന് എന്തെങ്കിലും മാറ്റമുണ്ടാകുമോ?”

അവളുടെ കഴുത്തിലെ അഞ്ചുപവന്റെ സ്വർണ്ണമാല ലൈറ്റുവെട്ടത്തിൽ തിളങ്ങി.

“ഉണ്ടാകും. പക്ഷേ അതിനു ചില പൂജകൾ ചെയ്യണം. അതിന് ഒരു അപരിചിതയായ സ്ത്രീയുടെ സാന്നിധ്യം കൂടി വേണം. അതു ചെയ്‌താൽ നമ്മൾ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കും “

“അങ്ങനെയിപ്പോൾ ആരാ? “

“പണം കൊടുത്താലാണോ ആളെ കിട്ടാത്തത്? ഞാൻ പത്തുലക്ഷം പറഞ്ഞു. സ്വാമി തന്നെ ആളെ കൊണ്ടുവരും. “

“എല്ലാം രഹസ്യമായിരിക്കണം “

“അല്ലെങ്കിലും ഇവിടെ ആരു വരാൻ “

ആനന്ദൻ കുലുങ്ങിച്ചിരിച്ചു. അയാളുടെ കഴുത്തിലെ വലിയ മാലയിൽ കൊരുത്തിട്ടിരുന്ന സ്വർണ്ണലോക്കറ്റ് വയറിനു മുകളിൽ അസ്വസ്ഥത സഹിക്കാനാകാതെ കിടന്നിളകി. പുറത്ത് കനത്ത ഇരുട്ട് ചെകുത്താന്റെ കണ്ണുകൾപോലെ വലിയ ഗേറ്റിനു മുകളിൽകൂടി ആ വീടിനെ തുറിച്ചുനോക്കി.

ഭക്ഷണം കഴിച്ചതിനുശേഷം ആനന്ദൻ സിറ്റൗട്ടിലേക്കു വന്നു. അവിടെ കിടന്നിരുന്ന ചൂരൽക്കസേരയിൽ ഇരുന്നുകൊണ്ടയാൾ പുറത്തേക്കു നോക്കി.

ചെറുകാറ്റു വീശുന്നു. മകരമാസം പെറ്റിട്ട മക്കൾ പോൽ മഞ്ഞിന്റെ നേർത്തയലകൾ കശുമാവുകൾക്കിടയിൽ അടർന്നു വീഴുന്നതു നിലാവിന്റെ വെളിച്ചത്തിൽ അയാൾ കണ്ടു.

ആ വീടിന്റെ ചുറ്റുവട്ടത്തൊന്നും മറ്റു വീടുകളില്ല. പത്തേക്കർ വരുന്ന കശുമാന്തോപ്പുകൾക്കിടയിൽ പ്രേതഭവനം പോലൊരു വീട്. വീടിന്റെ ചുമരിനോളം ഉയരമുള്ള കൂറ്റൻ മതിൽക്കെട്ട്. റിമോട്ടു കൺഡ്രോളിൽ പ്രവർത്തിക്കുന്ന ഇരുമ്പുഗേറ്റ്. സ്വകാര്യത നിലാവിന്റെ അപ്പക്കഷ്ണങ്ങൾ പോലെ ആ വീട്ടിലേക്കെത്തി നോക്കുന്നു.

ആനന്ദന്റെ മനസ്സിലൊരു കവിത തളിർത്തു.

“നിലാവിൽ, നീഹാരസ്വപ്നങ്ങൾ പറന്നു വീണ നിന്റെ മാറിടം..
എനിക്കായി ചുരത്തുന്നുവോ ഒരു പുതു വസന്തത്തെ,
വസന്തകാല യാമങ്ങളെ..”

അപ്പോൾ അയാൾക്ക് അകത്തു സ്വിച്ചോഫ് ചെയ്തു വച്ചിരുന്ന മൊബൈൽ ഫോണിനെ ഓർമ്മ വന്നു. അയാൾ തിടുക്കപ്പെട്ട് അകത്തേക്കു നടന്നു. വരുന്ന കവിതയെ അപ്പപ്പോൾ കുറിച്ചു വയ്ക്കണം. അല്ലെങ്കിൽ മറന്നു പോകും. അകത്തേക്കു നടക്കുന്നതിനിടയിൽ ആനന്ദനു കഴിഞ്ഞദിവസം താൻ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത മറ്റൊരു ഹൈക്കു കവിത ഓർമ്മ വന്നു :

‘മറന്നു പോയ കവിതകൾ
വക്കുടഞ്ഞ മൺ പാത്രങ്ങളത്രേ.’
ഇരുപത്തിമൂന്നു ലൈക്കും എട്ടു ഹാർട്ടും മൂന്നു കുമ്മോജിയും മാത്രം കിട്ടിയ കവിത.

ആനന്ദൻ ഫേസ്ബുക്ക് തുറന്നു. താനിട്ട ‘പ്രാണന്റെ തുടിപ്പുകൾ ‘ചലിച്ചു തുടങ്ങിയിരിക്കുന്നു. നാലു കുമ്മോജിയും രണ്ടു ലവ്വും മൂന്നു കമന്റും. അയാൾക്കു നിരാശ തോന്നി. കുമ്മോജിയിടുന്നവരെ തല്ലിക്കൊല്ലണം. എന്നാൽ അടുത്ത നിമിഷം ആനന്ദന്റെ കണ്ണുകളിൽ ഒരു വസന്തം വിരിഞ്ഞു.

“നിന്റെ കെട്ടുകൾ നീ വേഗം കെട്ടിക്കൊള്ളുക.
പ്രാണന്റെ തുടിപ്പുകൾ കുഴിച്ചുമൂടുമ്പോൾ
മലർവാടിയിലൊരു ശാഖയിൽ
നിനക്കുള്ള വസന്തം തളിർക്കും..”

ശ്രീപാർവ്വതിയെന്ന അയാളുടെ ആരാധിക കമന്റ്ബോക്സിൽ കുറിച്ച മറു കവിതയിലൂടെ ആനന്ദന്റെ കണ്ണുകൾ ആർത്തിയോടെ പാഞ്ഞു. അടുത്തനിമിഷം ഇൻബോക്സിൽ അമ്പലമണി മുഴങ്ങി. അതു ശ്രീപാർവ്വതിയുടെ മെസേജാണ്.

“നാളെ സ്വാമിജി വീട്ടിൽ വരും. വിത്ത് എ ലേഡി. പറഞ്ഞത് ഓർമ്മയുണ്ടല്ലോ. എല്ലാം വളരെ രഹസ്യമായിരിക്കണം.”

മെസേജിനൊപ്പമൊരു ചുംബനസ്മൈലി. ആനന്ദന്റെ ഉള്ളം തുടിച്ചു. അയാൾക്കു വല്ലാത്ത കൃതജ്ഞത തോന്നി. കുറച്ചു നാളുകളായി മനസ്സിനൊരു താളം തെറ്റൽ തുടങ്ങിയിട്ട്. ചെയ്യുന്നതൊന്നും ശരിയല്ല എന്നൊരു തോന്നൽ. അതയാളുടെ ബിസിനസ്സിനെ ബാധിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ… അങ്ങനെയാണ്, അങ്ങനെയാണയാൾ ഫേസ്ബുക്കിലാ പോസ്റ്റിടുന്നത്. അതിനുമൊരു കവിതയുടെ രൂപമായിരുന്നു.

“എന്റെ സ്വപ്നങ്ങൾക്കു മങ്ങലേറ്റിരിക്കുന്നു
ഇനിയെന്റെ ഉയിർപ്പിനാരുതരുമൊരു രക്ഷ?”

പോസ്റ്റു ചെയ്തു കഴിഞ്ഞപ്പോൾ അയാളുടെ നെഞ്ചൊരു അടുപ്പുകല്ലു പോലെയായിരുന്നു. തന്നെ തകർച്ചയിൽ നിന്നും കരകയറ്റുവാൻ ആരുമില്ലേ?

ആനന്ദനു ഫേസ്ബുക്കിൽ നാലായിരം ഫ്രണ്ട്സുണ്ട്. അതിൽ ഇരുന്നൂറ്റിയമ്പത്തിയാറുപേർ അയാളെ ഫോളോ ചെയ്യുന്നു. ആനന്ദന്റെ ഹൈക്കു കവിതകൾക്കു മാക്സിമം എൺപതും പ്രൊഫൈൽ ഫോട്ടോയ്ക്കു മൂന്നൂറുവരെയും ലൈക്കുകൾ കിട്ടുന്നു.

ശ്രീപാർവ്വതിയെന്ന ഫേസ്ബുക്ക് ഫ്രണ്ടിന് ആനന്ദന്റെ കവിത പോലെ മൃദുലമായ മനസ്സിനെ സ്വാധീനിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

“ഭക്തിയാകുന്ന ചരടിൽ കോർക്കുക നീ നിന്റെ ഉയിർപ്പിന്റെ പ്രതീക്ഷകളെ. വേനൽ മാറും മഴ വരും ഇലകൾ തളിർക്കും… പൂക്കൾ പിന്നെയും ചുവക്കും… കാത്തിരിക്കുക.”

അവൾ അയാളുടെ കമന്റ്ബോക്സിൽ കുറിച്ചു. പിന്നെ മെസഞ്ചർ വഴി ചാറ്റിംഗ് രൂപത്തിൽ തന്റെ ചൂണ്ടയെ നീട്ടിയെറിഞ്ഞു.

ചുംബന സ്മൈലികൾക്കു പകരം നാലു ലവ്ചിഹ്നങ്ങൾ റിപ്ലൈയായി കൊടുത്ത് ആനന്ദൻ ഫേസ്ബുക്കടച്ചു.

അപ്പോൾ വളരെ ദൂരെ അകലെയൊരിടത്തു മറ്റൊരാൾ ശ്രീപാർവ്വതിയെന്ന തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്ലോസ്‌ ചെയ്യാൻ തുടങ്ങുകയായിരുന്നു. അയാളുടെ ചുണ്ടുകളിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞിരുന്നു.

3.

നീഹാര യു പി സ്കൂളിലെ നീളൻ വരാന്തയിൽ നിന്നും നോക്കിയാൽ ആ കുമ്മട്ടിക്കട കാണാം. അതിന്റെ ഉടമ തങ്കമ്മ എന്ന വെളുത്തു തടിച്ച സ്ത്രീ കുട്ടികൾക്കു പരിചിതയാണ്.

ഉച്ചഭക്ഷണത്തിനുള്ള ലോങ്ബെൽ സ്കൂളിൽ മുഴങ്ങുമ്പോൾ തങ്കമ്മ ചേച്ചി വായിച്ചു കൊണ്ടിരിക്കുന്ന മനോരമയുടെ പുതിയ ലക്കത്തെ മിഠായിഭരണിക്കു മുകളിലേക്കു മാറ്റി വയ്ക്കും.

നീലയും കറുപ്പും നിറമുള്ള വലിയ സ്കൂൾഗേറ്റു തുറന്നു മഴവെള്ളം പോലെ ഇരച്ചുവരുന്ന കുട്ടികളെ മിഠായിഭരണിക്കു മുകളിലിരുന്നു മനോരമയിലെ നായികമാർ കൗതുകത്തോടെ നോക്കും.

നഷ്ടപ്പെട്ടു പോയ ബാല്യത്തെയോർത്ത് യൗവ്വനത്തിലെത്തിയ അവരുടെ നെഞ്ചു തുടിക്കും.

കുമ്മട്ടിക്കടയുടെ പിന്നിൽ ആർത്തു പടർന്ന കമ്മ്യൂണിസ്റ്റു പച്ചകൾക്കു നടുവിലൂടെ നീളുന്ന നടവഴി. അതു തങ്കമ്മയുടെ വീട്ടിലേക്കുള്ളതാണ്. ചാണകം മെഴുകിയ തറയായിരുന്നുവെങ്കിലും വീടു വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

കുമ്മായമിളകിയ ചുമർ. പൊട്ടിയ ഓടുകൾ. വേട്ടാവളിയൻ കൂടു കൂട്ടിയ ഭിത്തിയിൽ തൂങ്ങുന്ന ദൈവങ്ങളുടെ മങ്ങിയ ചിത്രങ്ങൾ…

ഒരു ഞായറാഴ്ച. ഉച്ചനേരം. കത്തുന്ന വെയിലിൽ ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം അലസമായ ഒരു മയക്കത്തിൽ ആണ്ടു നിന്നു. എന്തോ ശബ്ദം കേട്ടാണു തങ്കമ്മ പുറത്തേക്കിറങ്ങിയത്.

തിളങ്ങുന്ന ഉച്ചവെയിൽ.

ചരൽ വിരിച്ച മുറ്റത്തു പൊട്ടിമുളച്ചതു പോലൊരാൾ നിൽക്കുന്നതവർ കണ്ടു. കാഷായ വസ്ത്രങ്ങളണിഞ്ഞ ആ മധ്യവയസ്ക്കന്റെ കണ്ണുകൾ വിണ്ടുണങ്ങിയ തരിശു പാടങ്ങളെ ഓർമ്മിപ്പിച്ചു.

“ഹരി ഓം. “

“ആരാ?”

“ഉങ്ക കൈ കാണിക്കമ്മാ.. ഭാവി ശൊല്ലിത്തരേ..”

തങ്കമ്മ അമ്പരന്നു.

“കൈനോട്ടക്കാരനാണോ?”

മറുപടിയായയാൾ ചിരിച്ചു. അയാളുടെ കണ്ണുകൾ ഒരുനിമിഷം തങ്കമ്മയുടെ മാറിടങ്ങളിൽ തറച്ചു നിന്നു. പിന്നെയയാൾ അവരുടെ കൈകൾ കുറച്ചു ബലമായി തന്നെ പിടിച്ചു നിവർത്തി.

“പേരു തങ്കമ്മ. ഭർത്താവു രാമൻ കുറച്ചുനാൾ മുന്നാടി ഒരാക്സിഡന്റില് ഉയിർ വിട്ടു പോച്ച്. ഒരേയൊരു ചിന്ന കൊളന്ത. നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഇപ്പോൾ കൊടിയ ദാരിദ്ര്യം. കവലയിൽ പെട്ടിക്കട നടത്തുന്നു. ശരിയല്ലേ?” അയാൾ ചോദിച്ചു.

തങ്കമ്മയുടെ കണ്ണു മിഴിഞ്ഞു പോയി.

“കാശു വേണമാ?” അയാൾ ചോദിച്ചു. തങ്കമ്മ യാന്ത്രികമായി തല കുലുക്കി പോയി.

“മുരുകാ…”

അയാൾ ഒരുനിമിഷം ഭിത്തിയിലെ മങ്ങിയ മുരുകന്റെ ചിത്രത്തിൽ നോക്കി. പിന്നെ തന്റെ തോളിലെ തുകൽ ബാഗു തുറന്നു. അതിനുള്ളിൽ നോട്ടുകെട്ടുകൾ അടുങ്ങിയിരുന്നു.

അന്നുരാത്രി തങ്കമ്മയുടെ വീടിനു മുന്നിൽ നിന്നൊരു വാഹനം പുറപ്പെട്ടു. അതൊരു കാഷായ വസ്ത്രധാരിയായിരുന്നു ഓടിച്ചിരുന്നത്. ആ വാഹനം പുറപ്പെടുന്നതിനു കൃത്യം അഞ്ചുമിനിറ്റു മുൻപ് ആനന്ദന്റെ മെസഞ്ചറിൽ ശ്രീപാർവ്വതിയെന്ന അക്കൗണ്ടിൽ നിന്നുമൊരു തംപ്സപ്പ് മെസ്സേജു ലഭിച്ചു!

4.

ആ മുറിക്കൊരു മങ്ങിയ മഞ്ഞ നിറമായിരുന്നു. അറുപതിന്റെയൊരു സീറോവാൾട്ട് ഫിലമെന്റടിച്ചു പോയതു പോലെ ഭിത്തിയിൽ മങ്ങി കത്തി നിന്നു.

ഒരു ക്ലാസ്സ്റൂം. വെളുത്ത നിറമുള്ള ഭിത്തികൾ. നീലപെയിന്റടിച്ചു മിനുക്കിയ ബെഞ്ചുകളും ഡെസ്ക്കുകളും. മുകളിൽ മാറാല പിടിച്ച തുരുമ്പിച്ച ഫാൻ. തങ്കമ്മയ്ക്ക് അതു തന്റെ കുമ്മട്ടിക്കടയുടെ മുന്നിലുള്ള നീഹാരസ്കൂൾ പോലെ തോന്നിച്ചു. താൻ ക്ലാസ്സിൽ തലചുറ്റി വീണുകിടക്കുകയാണ്. ചുറ്റും കൂടി നിൽക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും. പിന്നെ ഒരു കയർ കൊണ്ട് അവർ തന്റെ ശരീരം കെട്ടി വരിയുന്നു. ക്ലോസപ്പിൽ ഓരോരുത്തരും തന്റെ മുഖത്തിനു മുന്നിൽ വന്നു നിന്നു നിർത്താതെ ചിരിക്കുന്നു. മൂക്കിലേക്കടിച്ചു കയറുന്ന ചന്ദനത്തിരിയുടെ കടുത്ത ഗന്ധം. അവർ അസ്വസ്ഥതയോടെ തല വെട്ടിച്ചു.

ആനന്ദനും ഭസുമതിയും ആ സ്ത്രീയെ ഉറ്റു നോക്കി.

മുറിയുടെ നടുവിൽ കയർ വരിഞ്ഞ കട്ടിലിൽ ബന്ധിതയായി കിടക്കുന്ന തങ്കമ്മ.

മഞ്ഞളും ചന്ദനവും ചാലിച്ച മിശ്രിതം കൊണ്ടു വരച്ചയൊരു ത്രികോണത്തിന്റെ ഒത്ത നടുവിലാണാ കട്ടിൽ. ത്രികോണത്തിന്റെ മൂന്നു മൂലകളിൽ വാഴയിലയിൽ നിലവിളക്കുകൾ കത്തിച്ചു വെച്ചിരിക്കുന്നു. കട്ടിലിന്റെ നാലു മൂലകളിൽ എരിയുന്ന ചന്ദനത്തിരികൾ. കട്ടിലിനു മുന്നിൽ വെറുംനിലത്തു ചമ്രം പടിഞ്ഞു കാഷായ വസ്ത്രധാരിയിരിക്കുന്നു. ആനന്ദൻ സ്വാമിജി പറയുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുകയാണ്. ആനന്ദന്റെ കൈകളൊട്ടും വിറയ്ക്കുന്നുണ്ടായിരുന്നില്ല. മനസ്സു തൂവൽകൊണ്ടു നിർമ്മിച്ച ഒരു ജലപേടകത്തിൽ അടയ്ക്കപ്പെട്ടതു പോലെ.

ഇപ്പോൾ അയാളുടെ മനസ്സിൽ നിറയുന്നത് ആ കവിത മാത്രമാണ്.

“നിന്റെ ജീവനിൽ കെട്ടുകൾ മുറുക്കട്ടെ ഞാനിനി,
നിന്റെ പ്രാണന്റെ തുടിപ്പുകൾ ഇനി എനിക്കു സ്വന്തം…”

ആനന്ദന്റെ കണ്ണുകൾ ചുരുങ്ങിച്ചെറുതായി.

“ഇനിയവരെ നഗ്നയാക്കൂ..” സ്വാമിജിയുടെ മുഴക്കമുള്ള ശബ്ദം. അയാൾ യാന്ത്രികമായി പ്രവർത്തിച്ചു. അവരുടെ നഗ്നമായ മാറിടം അറുത്തുമാറ്റുമ്പോൾ ആനന്ദന്റെ കണ്ണുകൾ തിളങ്ങി.

“നിന്റെ മാറിടം എനിക്കായി ചുരത്തുന്നു
ഒരു പുതു വസന്തത്തെ.. “

പൂജകളെല്ലാം പൂർത്തിയായി. തങ്കമ്മയുടെ ചെറുകഷ്ണങ്ങളായി നുറുക്കപ്പെട്ട ശരീരം ചണച്ചാക്കുകളിലേക്കു ശേഖരിക്കപ്പെട്ടു.

പുറത്ത് ഇരുട്ട് നിലാവുമായി കൂടിക്കുഴഞ്ഞു. മതിലിനുള്ളിലേക്കു നിലാവ് ഇറ്റുവീണുകൊണ്ടിരുന്നു.

5.

ഈ രാത്രിയിൽ ആ വലിയ വീടിനിപ്പോൾ ഒരു രാക്ഷസക്കോട്ടയുടെ രൂപമാണ്. നിലാവുപോലും അതിനുള്ളിൽ എത്തിനോക്കാൻ ഭയക്കുന്നു. അതിനുള്ളിൽ ആനന്ദനുണ്ട്. ശ്രീപാർവ്വതിയെന്ന പേരിൽ വ്യാജപ്രൊഫൈലുള്ള സ്വാമിയുമുണ്ട്. അയാൾ ശരിക്കും ആരാണെന്ന് ആനന്ദനറിയില്ല, ഭസുമതിക്കും. നാളെ ഒരുപക്ഷേ അവരെ പോലീസ് തിരഞ്ഞു ചെന്നേക്കാം. നടുങ്ങുന്ന വാർത്തകൾ പുറംലോകം അറിഞ്ഞേക്കാം. അതുവരെ അയാൾ തന്റെ ഭാസുരമായ ഭാവിക്കു പാലൂട്ടട്ടെ. കുഴിച്ചു മൂടപ്പെട്ട പ്രാണന്റെ തുടിപ്പുകൾക്കു മേൽ മലർവാടിയുടെ ശാഖയിൽ തന്റെ വസന്തത്തെ കാത്തിരിക്കട്ടെ.

നമുക്കു തത്കാലം കശുമാന്തോട്ടങ്ങൾക്കു നടുവിലെ വലിയ മതിലുള്ള ആ വീടിന്റെ ലോങ്ഷോട്ടിൽ കഥ അവസാനിപ്പിക്കാം.

*
പിറ്റേന്നു തിങ്കളാഴ്ച. നീഹാര യു.പി സ്കൂളിന്റെ നീളൻവരാന്തയിൽനിന്ന് ഒരു കുട്ടി പുറത്തേക്കു നോക്കി. അടഞ്ഞുകിടക്കുന്ന തങ്കമ്മച്ചേച്ചിയുടെ കട കണ്ട് അവൻ ക്ലാസ്സിലേക്കു തിരിച്ചു നടന്നു. പുറത്ത് ആകാശം ഒരു വലിയ മഴയ്ക്കു മുന്നോടിയായി മൂടിക്കെട്ടുന്നുണ്ടായിരുന്നു.