
പകലകന്ന മൂവന്തിക്കണ്ണിൽ,
നിലാക്കനലെരിയുന്ന നേരം,
നീ മറഞ്ഞിരുട്ടായ മിഴികളിൽ,
അഴൽപൂക്കൾ ചോന്നു പൂക്കും.
മിഴിയോരം തേടുന്ന മുഖബിംബം,
തിരക്കിന്റെ തീരം മറച്ചാലും,
നീ മറഞ്ഞിരിക്കുന്ന തീരത്തിൽ,
മാനസത്തിരയടിക്കുമെപ്പോഴും.
മഴവില്ലുമാഞ്ഞ ആകാശപ്പുഴയിൽ,
കരിമഷിപ്പടരുന്ന നേരം
മിഴി നനവറിയാതെ നീയെന്നിൽ
ചേർത്തുപിടിക്കാതെ ചേർന്നിരിക്കും.
വാനിലേ കരിമഷിപ്പുഴയിൽ നീരാടി
മിന്നും വെള്ളിച്ചിറകിടിച്ചിറങ്ങിയ
മഴത്തെയ്യം മണ്ണിൽ ആടുമ്പോൾ
ആരോ തുറന്ന കുടച്ചോട്ടിലായീ നീയും.
തിരക്കിന്റെ തണലിലുറുങ്ങും നിന്നെ
ഉണർത്താതെ ഹൃദയവഴികളിലൂടെ
ഓരോ നിമിഷദൂരങ്ങളിലും നടന്നു
നിന്നിലേക്കെത്താൻ മാത്രമീ ജന്മം.









