എന്നാലും എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ..!

‘നിനക്കറിയുമോ പ്രിയേ? ഈ തിരക്കിനിടയിലും ഞാന്‍ സമയം കണ്ടെത്തി നിനക്ക് ഇ – മെയില്‍ അയക്കുമ്പോഴൊക്കെ നീയെന്റെ അരികിലുള്ളതുപോലെ തോന്നുന്നു. പക്ഷേ, ഒരു ടെലഗ്രാം അയയ്ക്കുമ്പോലെയോ അല്ലെങ്കിൽ ഏതോ ഒരു കടമ നിര്‍വ്വഹിക്കുമ്പോലെയോ ഉള്ള നിന്റെ നന്നേ ചെറിയ മറുപടികള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.’

പരിഭവമാണോ?

ങാ, അങ്ങനെയും പറയാം. നിന്റെ ഈ പ്രവൃത്തിയെ എങ്ങനെ ന്യായീകരിക്കും?

എനിക്കറിയില്ല. ചിലപ്പോള്‍ മടിയായിരിക്കാം. അല്ലെങ്കില്‍ എനിക്ക് നന്നായി ലെറ്റര്‍ എഴുതാനറിയില്ലെന്നുള്ള അപകര്‍ഷതാബോധമായിരിക്കാം.

പണ്ട് നീ നന്നായി കത്തെഴുതിക്കൊണ്ടിരുന്നതല്ലേ?

അതെ, ശരിക്കും പറഞ്ഞാല്‍, അന്നെന്റെ കൂട്ടുകാരി അവള്‍ക്കുവേണ്ടി എന്നെക്കൊണ്ട് എഴുതിപ്പിക്കുമായിരുന്നു.

അവള്‍ക്ക് സ്വയം എഴുതാന്‍ സാധിക്കില്ലായിരുന്നോ?

ഇല്ല, അവള്‍ക്ക് എഴുതി അത്ര ശീലമില്ല. എഴുത്തിന് വ്യക്തമായൊരു ധാരണ വേണം, എന്താണ് എങ്ങനെയാണ് എന്നൊക്കെ. അവള്‍ക്ക് വായിച്ച് രസിക്കാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ.

ഇപ്പോഴും എനിക്ക് അപകര്‍ഷാബോധത്തിൽ കുതിർന്ന നിന്റെയീ സംഭാഷണം മനസ്സിലായിട്ടില്ല.

ശരി, നിങ്ങള്‍ നിര്‍ബന്ധിക്കുന്നതുകൊണ്ടു മാത്രം പറയാം. എന്റെ വാക്കുകള്‍ കൊണ്ട് അവള്‍ അവളുടെ വികാരങ്ങളെ പ്രകടിപ്പിക്കുമ്പോള്‍ ഞാനവളിലൊരു ദ്വിമുഖഭാവമാണ് കണ്ടിരുന്നത്.

അത് അവളുടെ ആദ്യ പ്രണയമായിരുന്നോ?

അതെനിക്കറിയില്ല. കത്ത് ഓരോ പ്രാവശ്യം ഓരോ വ്യക്തികള്‍ക്കാണ് പോയിക്കൊണ്ടിരുന്നത്.

അതൊരു ചതി വേലയാണല്ലോ..!

അവളെ മോശമായി ചിത്രീകരിക്കാന്‍ ഞാനില്ല. നമുക്കവളെ സ്വന്തം വഴി തേടുന്നവൾ എന്ന് പറയാമല്ലോ.

അവള്‍ കല്യാണം കഴിച്ചോ?

അവളുടെ അച്ഛന്‍ ഒരു ഉത്തരവാദിത്വമില്ലാത്ത ആളായിരുന്നു.

ആശ്ചര്യം. ..എനിക്ക് തോന്നുന്നത്…

ഞാനതല്ല ഉദ്ദേശിച്ചത്. ഞാനെന്റെ കൂട്ടുകാരിയെക്കുറിച്ചു മാത്രമാണ് പറയുന്നത്.

ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തില്‍ ഒരു പ്രേമത്തിലധികം സാധ്യമോ?

മിക്കവാറും ഒരു സ്ത്രീക്ക് ഒന്നിലധികം പ്രേമമുണ്ടാകാന്‍ വഴിയില്ല, പക്ഷേ അവളുടെ ജീവിതത്തില്‍ ഒന്നിലധികം പുരുഷന്മാരുണ്ടായിരിക്കാം.

നീയെന്താ പറഞ്ഞത്?!

ഒന്നുമില്ല.

ങാ. എന്തെങ്കിലുമാകട്ടെ. നമുക്കാവശ്യമില്ലാത്ത കാര്യങ്ങളല്ലേ. എന്നാലും നീ കത്തില്‍ കുറേക്കൂടിയൊക്കെ എഴുതണമെന്നാണ് എന്റെ ആഗ്രഹം. കത്തിലൂടെയാകുമ്പോള്‍ നാം സാഹസികതയോടെ പല തുറന്ന ചോദ്യങ്ങള്‍ക്ക് ശ്രമിക്കാറുണ്ടല്ലോ. ആട്ടെ.. നീയെന്റെ ഭൂതകാലത്തേക്കുറിച്ചൊന്നും ചോദിച്ചില്ലല്ലോ?

ഞാനെന്തിന് അന്വേഷിക്കണം?

എന്റെ പഴയ കാലങ്ങളെക്കുറിച്ച് അറിയാന്‍ നിനക്ക് താല്പര്യമില്ലേ?

ഞാന്‍ അന്വേഷിക്കാതെ തന്നെ നിങ്ങള്‍ അവയെക്കുറിച്ചൊക്കെ പറയുമെന്ന് എനിക്കറിയാം. ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും നിങ്ങള്‍ ചികഞ്ഞെടുക്കും. ഭേദപ്പെട്ടൊരു ഭൂതകാലമില്ലെങ്കില്‍പോലും, ഭാവനയുടെ ചിറകിലേറി നിങ്ങള്‍ ചില രസകരമായ കഥകള്‍ നെയ്‌തെടുക്കും.

നീ പറഞ്ഞുവരുന്നത് ഞാന്‍ കഥകള്‍ മെനയുന്നവനാണെന്നാണോ?

ഇവിടെ വിഷയം കഥകള്‍ മെനയുക എന്നതല്ല, മറിച്ച് .. കൗമാര സ്വപനങ്ങള്‍ പൊലിവോടെ വിവരിക്കപ്പെടുന്നതാണ്. നിങ്ങളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക പ്രകാശമുണ്ട്. കോളേജില്‍ നിങ്ങളുടെ പിന്നാലെ പല പെണ്ണുങ്ങള്‍ വന്നത്… മെലിഞ്ഞ് വെളുത്ത് ബി.ക്കോമിന് പഠിക്കുന്ന സന്ധ്യ, ബോട്ടണിയിലെ അല്പം ഉരുളിമയുള്ള ശരിരത്തോടുകൂടിയ സുന്ദരിയായ ഗ്രേസി… അങ്ങനെ പലരും. പിന്നീടെപ്പോഴോ ധനികയായ വിധവ നിങ്ങളെ കെട്ടാന്‍ ഒറ്റക്കാലില്‍ നിന്നത്… എന്നാല്‍ നിങ്ങള്‍ അവരെയൊക്കെ നിരസിച്ചതായി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതില്‍ സന്തോഷം കാണുന്നവനായിരിക്കും. പിന്നീട് ഒരു തെരുവു വേശ്യ നിങ്ങളില്‍ നിന്നു ജീവിത പാഠം ഉള്‍കൊണ്ട് സന്മാര്‍ഗ്ഗ ജീവിതം നയിക്കുന്നത്…
ഒരിക്കൽ ബാറില്‍ നിന്നിറങ്ങുമ്പോള്‍ നിങ്ങളുടെ കൂട്ടുകാരന്റെ സഹോദരിയെ പരിചയപ്പെട്ടത്
അങ്ങനെ പലതും എനിക്ക് കേള്‍ക്കേണ്ടി വരുമായിരിക്കും. എന്നോട് ദേഷ്യമൊന്നുമില്ലല്ലോ അല്ലേ, ചക്കരേ. നിങ്ങളുടെ പുരുഷത്വത്തെ ഞാ അപമാനിച്ചോ?

അതേ, ലേശം….

ഉവ്വോ? എങ്ങനെ!

ഉം.. പറയുന്നില്ല.

അങ്ങനെയെങ്കില്‍, ഞാന്‍ ശരിയന്നല്ലേ അര്‍ത്ഥം.?

എന്നാലും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു.

ഞാന്‍ അത് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ നിങ്ങള്‍ ആലോചനയുമായി വരില്ലല്ലോ.

ഞാന്‍ നിന്നെ പ്രേമിക്കാന്‍ ഒന്നിലധികം കാരണങ്ങളുണ്ട്.

എനിക്കതില്‍ യാതൊരു സംശയവുമില്ല.

നമ്മളെന്താ തുടക്കം മുതലേ ഇങ്ങനെ ഒരു കടംകഥ കണക്കെ സംസാരിക്കുന്നത്?

അത് വിടൂ. നിനക്കെന്നോട് പ്രേമം തോന്നാനെന്താ കാരണം? അതു പറ.

തുറന്നു പറയാം, നിന്റെ സൗന്ദര്യം.

നിങ്ങളുടെ ചില കൂട്ടുകാരികളുടെ അത്രയൊന്നും ഇല്ല.

പിന്നെ.. നിന്റെ വിദ്യാഭ്യാസം.

തീര്‍ച്ചയായും ഇത് വരവുവച്ചിരിക്കുന്നു. കാരണം, ഞാന്‍ എന്റെ കൂട്ടുകാരിയുടെ അടുത്തു പോയി എനിക്കൊരു കത്തെഴുതാന്‍ ആവശ്യപ്പെടുന്നില്ലല്ലോ.

നീ സദാചാരബോധമുള്ളവളാണ്.

ഓ.. എന്റെ മാഷേ! ഒന്നു നിര്‍ത്തുവോ.?

എന്താ? നീ നമ്മുടെ സമൂഹം അനുശാസിക്കുന്ന സദാചാര നിയമാവലി അനുസരിച്ച് വളരെ ഗുണവതിയാണ്.

നമ്മള്‍, പൊതുവേ, ഗുണവാനും ഗുണവതിയുമായിരിക്കുന്നത് മറ്റുള്ളവര്‍ക്ക് അജ്ഞാതമായ നമ്മുടെ ജീവിതസീമവരെ മാത്രമാണ്. അതിനപ്പുറം ആര്‍ക്കെന്താ ഉറപ്പ്? ആദ്യം നമുക്കീ ധാരണ ഒന്നു പുനഃപരിശോധിച്ചാലോ?

എനിക്ക് തോന്നുന്നില്ല, സദാചാരമൂല്യം എന്നതിന് വ്യതിചലിക്കുന്ന പല അര്‍ത്ഥങ്ങളുണ്ടെന്ന്.

നീ എന്റെ അമ്മയെപ്പോലെ സംസാരിക്കുന്നു.

നിന്റെ അമ്മ എന്താ പറഞ്ഞത്?

എന്തിനെക്കുറിച്ച്?

സദാചാരവതിയായ സ്ത്രീയെക്കുറിച്ച്?

നിങ്ങള്‍ പറഞ്ഞത് തന്നെ. ഗുണവതിയായ സ്ത്രീ – സഭ്യതയുള്ളവളാണ്, സ്‌നേഹവതിയാണ്, വിവേകമുള്ളവളാണ്, ഭൂതകാലമില്ലാത്തവളാണ്, എന്നിങ്ങനെ പലതും.

എഴുതിത്തള്ളപ്പെ’ട്ടൊരു ഭൂതകാലം!?

എന്താ നീ ഉദ്ദേശിക്കുന്നത്?

ഞാന്‍ എന്താ പറഞ്ഞതെന്നുവച്ചാല്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ അവരുടെ പഴയകാല പ്രിയതമനെ വേഗത്തില്‍ മറക്കുമെന്ന്.

എല്ലാവരുമോ?

അതെ, കാരണം അവര്‍ക്ക് സമൂഹം നിശ്ചയിച്ചിട്ടുള്ള സ്ത്രീസദാചാര ബോധമെന്ന സിദ്ധാന്തത്തോട് ചൂതാടി ജയിക്കാനാവില്ല. ആ വാക്ക് നല്‍കുന്ന സുരക്ഷിതത്തിനുവേണ്ടി അവര്‍ക്ക്…., ഞാന്‍ പറയുന്നത് മനസ്സിലാവുന്നുണ്ടെന്ന് വിചാരിക്കുന്നു.

നിന്റെ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു.

അതെന്നെ തീര്‍ച്ചയായും സന്തോഷിപ്പിക്കും. ഞാനൊരു കാര്യം ചോദിച്ചാല്‍ വിരോധം തോന്നുമോ?

ഒരിക്കലുമില്ല. എന്റെ മറുപടികളൊക്കെ നിന്നെ ഏതെങ്കിലും വിധത്തില്‍ സങ്കടപ്പെടുത്തിയോ എന്ന്..ഞാന്‍ ഭയന്നു, .

ഹേയ്, നീയൊരു വിദ്യാസമ്പന്നനായ ചെറുപ്പക്കാരനോടാണ് സംസാരിക്കുന്നത്.

നിങ്ങളത് നന്നായി ബോധ്യപ്പെടുത്തുന്നുണ്ട്.

നീ… എപ്പോഴെങ്കിലും ചൂതുകളിച്ചിട്ടുണ്ടോ?

ഹോ. നിര്‍ത്തൂ…, എന്തിനാ ചുറ്റിവളച്ചു സംസാരിക്കുന്നത്. എന്നെപ്പോലെ സുതാര്യമായി സംസാരിച്ചു കൂടേ.

കത്തുകളൊക്കെ ഉണ്ടായിരുന്നോ?

തീര്‍ച്ചയായും.

ങാ, ശരി, നമുക്ക് ഇങ്ങനെയായലോ; നിന്റെ കൂട്ടുകാരിയുടെ കണക്കെ നീ എന്നെ അഭിവാദ്യം ചെയ്യുകയാണെങ്കില്‍ എങ്ങനെ എഴുതും.

ഓ, എന്റെ രണ്ടാം പ്രണയമേ!

ശരിക്കും? എന്നിട്ട്…

അതെ. ഒരിക്കല്‍.

ഉം, പറഞ്ഞോളൂ.

അമിതാവേശം കാണിക്കല്ലേ. ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടി വരുമോ, ഒരു മാന്യനായ വ്യക്തിയാടാണ് ഞാന്‍ സംസാരിക്കുന്നതെന്ന കാര്യം.

നീ അയാളുമൊത്ത് പ്രേമത്തിലായിരുന്നു?

അതെന്റെ കൂട്ടുകാരിയുടെ പ്രണയം പോലെയല്ല. ഞാനയാളെ അത്രത്തോളം അതിരില്ലാതെ പ്രേമിച്ചു അതായത്, നിങ്ങളോടിത് പറയാതെ നിങ്ങളുമൊത്തൊരു പുതുജീവിതം തുടങ്ങിയാല്‍ അത് ലജ്ജാകരമായിരിക്കുമെന്ന വിധം.

അതെപ്പോഴാണ് സംഭവിച്ചത്?

ഏഴ് വര്‍ഷംമുമ്പ്.

അതേ തീവ്രതയോടുകൂടിയാണോ നീ ഇപ്പോഴും അയാളെ ഓര്‍ക്കുന്നത്?

നമ്മുടെ എല്ലാമെല്ലാമായ ഒരാള്‍ വേര്‍പിരിഞ്ഞുപോകുമ്പോള്‍, അയാള്‍ പ്രിയതമയുടെ മനസ്സിലൊരു നിത്യയൗവന സ്മരണയായി നിലനില്‍ക്കും.

എന്നെക്കാളുപരി നീ അയാളെയാണോ തിരഞ്ഞെടുക്കുക.

ഉം, ഞാനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍.

നീയില്ലെങ്കിൽ പിന്നെ വേറെയാരാ തിരഞ്ഞെടുക്കുക..

എന്റെ അമ്മ, അച്ഛന്‍, മൂത്ത ജ്യേഷ്ഠന്‍. ഞാന്‍ ശരിക്കും തകര്‍ന്നുപോയി. ഇതുവരെ എന്താ കല്യാണം കഴിക്കാത്തതെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ സമ്മര്‍ദ്ദത്തിലാകുന്നു. എന്റെ സ്വന്തക്കാരെല്ലാം നിര്‍ബ്ബന്ധിക്കുന്നു ഞാനെത്രയും പെട്ടെന്ന് കല്യാണം കഴിക്കണമെന്ന്. എന്നെക്കൊണ്ട് അവരൊക്കെ മടുത്തൂന്ന് എനിക്ക് തോന്നിത്തുടങ്ങി.

എന്തുകൊണ്ട് നിന്റെ ആദ്യപ്രണയം നീ ആഗ്രഹിച്ച പോലെ നടന്നില്ല.

എന്റെ മാതാപിതാക്കളുടെ അളവുകോളനുസരിച്ച്,
അവന്‍ പാവപ്പെട്ടവനും കുടംബമഹിമയില്ലാത്തവനുമായിരുന്നു.

നിന്റെ അമ്മയുടെയും വീട്ടുകാരുടെ അംഗീകാരം ആവശ്യമുണ്ടായിരുന്നോ ശരിക്കും?

എനിക്ക് അവരുടെ സ്‌നേഹം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭയമായിരുന്നു. പിന്നീടൊരിക്കലും തലയുയർത്താതെ, ആരോടും മിണ്ടാതെ സങ്കടക്കടലിലാണ്ട് അച്ഛന്‍ നടക്കുന്നതു കാണാനും വയ്യ, വല്യ വാശിക്കാരനാണ് അദ്ദേഹം. തൻ്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ത്ത് ഞങ്ങളുടെ മകള്‍ ഒരു ഭിക്ഷക്കാരന്റെ കൂടെ പോയി എന്ന് അവര്‍ ജീവിതകാലം മുഴുവന്‍ എന്നെ ശപിക്കും.

നിനക്കേതാണ് നല്ലതെന്ന് നിന്റെ അമ്മയ്ക്കറിയാം. നിന്റെ ചപലതയ്ക്ക് അവരും കൂട്ടുനില്‍ക്കണമെന്നാണ് പറയുന്നത്.

അത് മതിഭ്രമമോ ചപലമോ ഒന്നുമല്ല. ശരിക്കുമള്ളൊരു പ്രണയമായിരുന്നു അതിന്റെ സ്മരണകള്‍ ഇപ്പോഴും ഹൃദയത്തില്‍ സജീവമായുണ്ട്.

നീ ധൈര്യശാലിതന്നെ!

ധൈര്യമുള്ളവള്‍, വെട്ടിത്തുറന്നു പറയുന്നവള്‍, ധിക്കാരി. ഇഷ്ടംപോലെ എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷേ, പറയേണ്ടതെന്ന് തോന്നിയൊരു സത്യം തുറന്നുപറഞ്ഞൂന്നു മാത്രം.

ഇത് നിന്നെ ബാധിക്കാത്തൊരു പ്രശ്‌നമെന്നോണം….ഹും…

നേരമറിച്ച്, ഇത് നമ്മള്‍ രണ്ടാളെയും ബാധിക്കുന്നതാണ്. പല ഘടകങ്ങളായി കാണാതെ എന്നെ നിങ്ങള്‍ മുഴുവനായി മനസ്സിലാക്കണമെന്നു വിചാരിക്കുന്നു. അല്ലാതെ ഒരു പുരുഷന്‍ ആലോചനയുമായി വന്നതുമുതല്‍ക്കാണ് ഒരു സ്ത്രീയുടെ ജീവചരിത്രം തുടങ്ങുന്നതെന്നും അവള്‍ക്ക് യാതൊരു ഭൂതകാലവും മനസ്സുമില്ലെന്ന് എങ്ങനെ ധരിക്കാന്‍ സാധിക്കും. ഇതെന്റെ അധികാരമാണ്. നിങ്ങളുടെ സ്നേഹത്തിന്റെ ആഴമളക്കാന്‍വേണ്ടി ഞാന്‍ മെനഞ്ഞെടുത്ത കഥയൊന്നുമല്ലിത്.

എന്നെ നഷ്ടപ്പെട്ടേക്കുമോയെന്ന് നീ ഭയപ്പെടുന്നുണ്ടോ?

നഷ്ടപ്പെടുകയോ? നിങ്ങള്‍ തമാശക്കാരനാണ്. ഈ സംസാരമൊക്കെ എന്ത് ലക്ഷ്യം വച്ചാണ് നീങ്ങുന്നതെന്ന് നമുക്ക് രണ്ടാള്‍ക്കുമറിയാം. എന്തിനാണ് ഈ ഇരട്ടത്താപ്പ് നയം? നിങ്ങള്‍ക്ക് തോന്നുന്നില്ലേ നമ്മുടെ ഈ സാഹചര്യത്തില്‍ – അല്ലെങ്കിലെന്റേയീ സാഹചര്യത്തിലെങ്കിലും- ആത്മാര്‍ത്ഥമായി തുറന്നുപറയുന്നതല്ലേ മുന്നോട്ടൊരു കുടുംബജീവിതം നയിക്കുന്നതിന് അവശ്യമായ ഘടകമെന്ന്.

നീ ഭയങ്കര ക്രൂരയാണ്.

ഈപ്പറഞ്ഞതില്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു.

എന്നോട് ക്ഷമിക്കുകയോ?

അതേ, വാടകക്കാര്‍ക്ക് മുന്നേയുണ്ടായിരുന്ന പഴയ കെട്ടിടയുടമയുടെ കെയറോഫില്‍ കത്തുവരാതിരിക്കാനായി പുതിയ കെട്ടിടയുടമ നാലുപാടും തന്റെ പേരോടുകൂടിയ നെയിം ബോര്‍ഡ് സ്ഥാപിച്ച മൗഢ്യത്തിനു ക്ഷമിച്ചതുപോലെ, നിങ്ങളോടും ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

എനിക്ക് അസൂയയാണെന്നാണോ നീ പറയുന്നത്?

ചിലപ്പോള്‍ അതിനു മേലെ പല മാനങ്ങളുണ്ടായിരിക്കാം.

അധികപ്രസംഗിത്തരം പറയല്ലേ. ഞാന്‍, നീ പറഞ്ഞതൊന്നും അംഗീകരിക്കില്ല.

നീയുമൊരു ഉടമയാണ്,

എന്നെ ദേഷ്യംപിടിപ്പിക്കല്ലേ. പറ, എല്ലാം നീ മെനഞ്ഞെടുത്ത കഥയാണെന്ന്..

ഒരിക്കലുമല്ല.

പിന്നെ എന്തുകൊണ്ടിതെല്ലാം പെട്ടെന്ന് ഇപ്പോള്‍ പറയുന്നൂ…

എനിക്കറിയില്ല. നിങ്ങള്‍ വളരെ അനുഭവസമ്പത്തുള്ളവനാണെന്ന് അടിക്കടി ഹുങ്കോടെ പ്രകടിപ്പിക്കുന്നതും, എതിരെയുള്ളയാള്‍ക്ക് യാതൊരുവിധ ജീവിതാനുഭവമില്ലെന്നും ജീവിതത്തിലെ ജയപരാജയങ്ങളെക്കുറിച്ചൊന്നുമറിയില്ലെന്നുമുള്ള നിങ്ങളുടെ മനോഭാവം എന്നെ ചെറുതായി പ്രകോപിച്ചതായിരിക്കാം.

ഇതപ്പോള്‍ ഒരു പ്രതികാരമായിരുന്നല്ലേ.?

തീവ്രമായ സദാചാര കാഴ്ചപ്പാടോടുകൂടി കാണുന്നിടത്തോളം നിങ്ങള്‍ക്ക് അങ്ങനെ അതിനെ വിളിക്കാം. പക്ഷേ, ഞാന്‍ നിഷ്‌കളങ്കഹൃദയത്തോടെയും സ്പഷ്ടതയോടുകൂടിയാണ് സത്യത്തില്‍ പറഞ്ഞത്.

നിന്റെ നിഷ്കളങ്കത സഹിക്കാനിത്തിരി പാടാണ്! ജീവിതകാലം മുഴുവന്‍ നീയെന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കും, എന്നാലും എനിക്കും നിന്നെ ഭയങ്കര ഇഷ്ടമാ…