ഈനാശു ഇളയപ്പൻ

ഈനാശു ഇളയപ്പൻ ഫുഡറാൻ കുടിച്ചു മരിച്ചു എന്ന സന്ദേശം ലഭിച്ചതിനാലാണ് ഞാൻ കുടിശ്ശിക  കിടന്ന ശമ്പളത്തിനു പോലും കാക്കാതെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത് . ഞാൻ ഗൾഫിലേയ്ക്ക് പോയതു ഈനാശു  ഇളയപ്പന്റെ വർഷോപ്പ് പണയം വെച്ചു കിട്ടിയ കാശിനായിരുന്നു . ഒരു സ്പാനറും ഇരിക്കാൻ ഒരു റോഡുവക്കും ഉണ്ടെങ്കിൽ ഈനാശു ജീവിക്കുമെന്നു അന്നെന്നെ ധൈര്യപ്പെടുത്തിയെങ്കിലും ഞാൻ പച്ച പിടിച്ച ശേഷം മിനുങ്ങി തെളിയുന്ന വർഷോപ്പു തന്നെയായിരുന്നു ഈനാശു ഇളയപ്പൻ കണ്ട പകൽക്കിനാവ് . ഇളയപ്പൻ ഒരായുസ്സു മുഴുവൻ കനവു  കണ്ട കാനാൻ ദേശത്തേയ്ക്കു എന്നെ തള്ളി വിടാൻ ഏറെ നിർബന്ധവും ഇളയപ്പനു  തന്നെ ആയിരുന്നു .രണ്ടോ മൂന്നോ തവണ ബോംബൈ വരെ പോയി തിരികെ പോരേണ്ടി വന്നപ്പോൾ ഈനാശു ഇളയപ്പൻ അങ്ങോരുടെ എണ്ണപണമുള്ള സ്വപ്നങ്ങളെ കെട്ടിപ്പെറുക്കി പരണത്തു വെച്ചാണ്  പന്നി റോട്ടിലെ ഇളയപ്പന്റെ അപ്പന്റെ വർഷോപ്പ് മിനുക്കിയെടുത്തു പണി തുടങ്ങിയത് .

പ്രീഡിഗ്രി തോറ്റ എന്നെ പണി പഠിപ്പിക്കാൻ അപ്പൻ ഇളയപ്പനെ ഏൽപ്പിക്കുമ്പോൾ അങ്ങനെയെങ്കിലും ഒരു കൈത്തൊഴിലു പഠിച്ചു  ഞാൻ കുടുംബം അന്വേഷിക്കുന്നവനാകുമെന്നു അപ്പൻ കനവു കണ്ടിരുന്നു . ഈനാശു ഇളയപ്പന്റെ വർഷോപ്പിനപ്പുറമുള്ള ദേവമാതാ പാരലൽ കോളേജിലെ പരശതം പെണ്ണുങ്ങളെ കാണാൻ കിട്ടിയ സുവർണ്ണാവസരം എന്നതിൽ കവിഞ്ഞു എനിക്കൊരു സന്തോഷവും ഇളയപ്പന്റെ വർഷോപ്പ് തന്നില്ല . കരി പുരണ്ട ഉടുപ്പും കറുത്ത മുണ്ടുമായി അംബാസിഡറിന്റേം ഫിയറ്റിന്റേം അന്തരാളങ്ങളിലേയ്ക്കു പാരലൽ കോളേജ് വിടുന്ന സമയം നോക്കി എന്നെ പറഞ്ഞു വിടുന്ന ഇളയപ്പനോടു എനിക്കു  കടുത്ത ദേഷ്യമായിരുന്നു . കരിഓയിലിന്റെ ഇടയിൽ കിടന്നു കറുത്ത മനസുള്ള ഒരു ദുഷ്ടൻ എന്നതായിരുന്നു ഇളയപ്പനെപ്പറ്റിയുള്ള എന്റെ ആദ്യ ധാരണ  . എന്നാൽ പയ്യെ പയ്യെ ഇളയപ്പന്റെ അസുര സ്വഭാവത്തിനിടയിലൂടെ ചില  വെള്ളി മിന്നലാട്ടങ്ങൾ ഞാൻ കണ്ടു തുടങ്ങി . പിള്ളേരും പിറുങ്ങണീം ഇല്ലാതെ ഒറ്റാം തടിയായി ജീവിക്കുന്ന ഈനാശു ഇളയപ്പനു ഒരാളേ  സുഹൃത്തായി ഈ ലോകത്തുള്ളായിരുന്നു അതെനിക്കൊട്ടും ഇഷ്ടമല്ലാത്ത മാട്ടുപെട്ടിക്കാരൻ സക്കറിയ ആയിരുന്നു .ആഴ്ചയിലൊരിക്കൽ മാട്ടുപെട്ടിയിൽ നിന്നും നാടൻ വാറ്റും നീലച്ചടയന്റെ  ഇലകളുമായി സക്കറിയാ വർഷാപ്പിലെത്തും ശനിയാഴ്ച  വൈകുന്നേരം തുടങ്ങുന്ന  സേവ  സക്കറിയാ മാട്ടുപെട്ടിയിലേയ്ക്കു മടങ്ങുന്ന തിങ്കളാഴ്ച്ച പുലരും വരെ തുടരും. സക്കറിയാ അടുത്തു വരുമ്പോൾ മുനിസിപ്പാലിറ്റിയുടെ ബോയിലേർ കുറ്റിയുടെ വൃത്തികെട്ട മണമായിരുന്നു .പുകല ചവച്ചു കറ നിറഞ്ഞ പല്ലിൽ മാവില  കൊണ്ടു  പോലും ഉരയ്ക്കാൻ അയാൾ മിനക്കെട്ടിരുന്നില്ല . എന്റെ മാംസ സമ്പുഷ്ടമായ കവിളിൽ ചുമ്മാ വിരലുകൾ കൊണ്ടു ചീന്തുന്നതും തരം കിട്ടുമ്പോഴൊക്കെ ഉമ്മവെയ്ക്കുന്നതുമായിരുന്നു  അയാളുടെ ഇഷ്ട്ട വിനോദവും എന്നാൽ  എന്നെ വെറി പിടിപ്പിക്കുന്ന സംഗതിയുമായിരുന്നു .അതു  കൊണ്ടു  തന്നെ മാട്ടുപെട്ടിക്കാരൻ സക്കറിയാ വരുമ്പോൾ  ഞാൻ ഒളിച്ചും പാത്തും എങ്ങോട്ടെങ്കിലും ഒതുങ്ങി മാറി നടക്കും .

രണ്ടാഴ്ച മാട്ടുപെട്ടിയിൽ നിന്നും സക്കറിയാ ഇളയപ്പനെ തേടി വരാഞ്ഞതിനാലാണെന്നു തോന്നുന്നു   ഇളയപ്പൻ ആകെ അസ്വസ്ഥനായിരുന്നു . നേതാജിയിൽ നിന്നും മാട്ടുപെട്ടിവരെയുള്ള ദൂരം പോയി സക്കറിയയെ തേടി പിടിക്കാൻ ഇളയപ്പനു കഴിയാഞ്ഞതിനാൽ എനിക്കതിനുള്ള ബസു കൂലിയും നൽകി മാട്ടുപെട്ടിയിലേയ്ക്കു പറഞ്ഞു വിട്ടു .ദോഷം പറയരുതല്ലോ ജനിച്ചിട്ടിന്നോണം കാണാത്ത ഒരുപാടു കാഴ്ചകൾ കണ്ടെങ്കിലും സക്കറിയാ  എന്നൊരാളെ അന്നാട്ടിലാർക്കും അറിയാൻ പാടില്ലെന്ന നട്ടാൽ കുരുക്കാത്ത നുണയുമായി ഞാൻ ഇളയപ്പന്റെ വർഷാപ്പിൽ തിരിച്ചെത്തി . അയാൾ പോലീസിന്റെ പിടിയിൽ ആയിട്ടുണ്ടാവണം അല്ലെങ്കിൽ എവിടെയെങ്കിലും വെച്ചു മരണപ്പെട്ടിട്ടുണ്ടാവണം അതല്ലാതെ ഇളയപ്പന്റെ ഓട്ടോ മൊബൈൽ വർക്ഷാപ്പിൽ വരാതെ അയാൾക്കൊളിക്കാൻ കഴിയില്ല . ഇളയപ്പന്റെ ലഹരിയുടെ ചാലകം എന്നിലേയ്ക്കു വഴിതിരിക്കപ്പെട്ടിരിക്കുന്നു .മാളികമുക്കുള്ള ചന്ദ്രന്റെ പാൻ കടയിൽ പോയി പാലും വെള്ളം വേണമെന്നു പറഞ്ഞാൽ എത്ര  ലിറ്ററെന്നു തിരികെ ചോദിക്കും ഒന്നോ രണ്ടോ മൂന്നോ ആവശ്യപെടുന്നത്ര പൊതി ചന്ദ്രൻ ആരും കാണാതെ എനിക്കു  നേരെ നീട്ടി കാശെണ്ണി വാങ്ങും  . വരും വഴി സി സി എൻ ബി റോഡിലെ സർക്കാർ അംഗീകൃത ബിവറേജസിൽ നിന്നും ടസ്കർ റം വാങ്ങണം . പല തവണ ഇളയപ്പന്റെ കയ്യിൽ നിന്നും വഴക്കു കേട്ടതു ഈ ഒരു കാര്യത്തിനു മാത്രമാണ്,, കൗണ്ടറിൽ എത്തുമ്പോൾ ടസ്കർ എന്ന പേരു  ഞാൻ മറന്നു പോകും പിന്നെ കണ്ണിൽ കാണുന്ന ഏതെങ്കിലും റം വാങ്ങി തിരിച്ചു പോരും .ഇളയപ്പൻ ഒരുദിവസം ടസ്ക്ക്റിന്റെ കുപ്പി ഉയർത്തിക്കാട്ടി പറഞ്ഞു ഇനിമേലിൽ ഈ കടുകട്ടി പേരൊന്നും നീ പറയേണ്ട .രണ്ടാനയുടെ പടമുള്ള കുപ്പിയെന്നോ രണ്ടാനയെന്നോ പറഞ്ഞാ മതി ലവരു സാധനം തരും . രണ്ടാനകൾ മുഖത്തോടു മുഖം നോക്കി നിൽക്കുന്ന കുപ്പിയിലുള്ള ആ മദ്യമായിരുന്നു ഞാൻ രുചിച്ചു നോക്കിയാ ആദ്യത്തെ ലഹരിയും .

സരസ്വതി പൂജയ്ക്കു വർഷോപ്പാടച്ചപ്പോൾ ഇളയപ്പൻ ചന്ദ്രന്റെ ലഹരിയിൽ മുങ്ങിയാറാടി . ബോധമില്ലാതെ കിടന്ന ഇളയപ്പന്റെ രണ്ടാന കുപ്പിയിൽ നിന്നും അര കുപ്പി  കയ്യിൽ കരുതിയ പെപ്സി കുപ്പിയിൽ കമിഴ്ത്തി ആരും കാണാതെ ഞാൻ കുടിച്ചു പക്ഷെ എല്ലാവരും കാൺകേ  കുടലടക്കം പുറത്തേയ്ക്കു ശർദിച്ചു ഞാനും കുടിക്കുമെന്നു ഇളയപ്പനെയും നാട്ടുകാരെയും അറിയിച്ചു  . കള്ളൂ  കുടിച്ച വിവരമറിഞ്ഞെത്തിയ അപ്പനോടു ഇളയപ്പൻ തട്ടി കയറി

” അവനൊരു ആൺ  ചെറുക്കനാ ,ആമ്പിള്ളേരാകുമ്പോൾ ഇച്ചിരെ മോന്തും നീ മോന്തത്തില്ലയോടാ ഇയോച്ചാ !

ഈനാശു ഇളയപ്പന്റെ പാശുപതാസ്ത്രം പോലെ വന്ന വാക്കുകൾക്കുമുന്നിൽ എന്റെയപ്പൻ ഒന്നു ചൂളി,, ഒന്നും മറുത്തു പറയാതെ തല താഴ്ത്തി നടന്നു പോയി .അന്നും മുതൽ ഞാൻ ഇളയപ്പനൊപ്പം കള്ളു കുടിക്കാനുള്ള ലൈസൻസ്  എനിക്കപ്പൻ തരുകയായിരുന്നു എന്നു എനിക്ക് പിന്നീ ടാണ് മനസ്സിലായത് .

ഒരു മനുഷ്യൻ ശരിക്കും അവനായി സംസാരിക്കുന്നതെപ്പോഴാണെന്നറിയുമോ ? അവൻ ലഹരിയിലായിരിക്കുമ്പോഴാണ് ,അവനിലെ നന്മനിറഞ്ഞവൻ ,അവനിലെ രാക്ഷസൻ ,അവനിലെ കൊതിയൻ ,അവനിലെ അസൂയാലു ,അവനിലെ ധൈര്യശാലി ,അവനിലെ ഭീരു ,ഒക്കെ അവൻ വെളിപ്പെടുത്തുന്നത്  രണ്ടു പെഗ് മദ്യം അകത്തു കടന്നു കഴിയുമ്പോഴാണ് . ഈനാശു ഇളയപ്പൻ എന്ന ശുദ്ധആത്മാവിനെ ഞാൻ അറിഞ്ഞു തുടങ്ങിയതും ഈ കള്ളു  കുടി കമ്പനി ആരംഭിച്ചതിനു ശേഷമാണ് .ആരുമില്ലാത്തതിന്റെ സങ്കടങ്ങൾ ജീവിതത്തിൽ ഒറ്റപെട്ടു പോയതിന്റെ വേദന എന്നു  വേണ്ട പകൽ കാണുന്ന ഇളയപ്പനിൽ നിന്നും വിരുദ്ധനായ നന്മ നിറഞ്ഞ ഇളയപ്പനെ കാണാൻ ഞാൻ രണ്ടാനകളെ വാങ്ങുന്നതു  പതിവാക്കി .

ജലീലിന്റെ സൗദി അറേബ്യായിലുള്ള വർഷോപ്പിലേയ്ക്കു ആളെ വേണമെന്നറിഞ്ഞ ഇളയപ്പൻ തന്നെയാണ് എന്നെ സൗദിക്കു വിടാൻ മുൻകൈ എടുത്തത് . ഇളയപ്പൻ എന്നെപ്പോലെ പണി പഠിപ്പിച്ചു ആളാക്കിയതാണു ജലീലിനെയും .ജലീലിപ്പോൾ വലിയ നിലയിൽ എത്തിയതു  കണ്ടു ഹൃദയം നിറഞ്ഞു സന്തോഷിച്ചതും ഇളയപ്പൻ തന്നെയായിരുന്നു . ഇളയപ്പന്റെ സ്വപ്നം എന്നിലൂടെ നടപ്പാക്കുന്നത് കണ്ടു ഇളയപ്പൻ നീലച്ചടയന്റെ പുക  വട്ടത്തിൽ കറക്കി മുകളിലേയ്ക്കൂതി ഹൃദയം നിറഞ്ഞു ചിരിച്ചു . അപ്പനും ഇളയപ്പനുമാണ്  എയർപോർട്ടിൽ എന്നെ ആക്കാൻ വന്നത് .അപ്പൻ ഒതുങ്ങി മാറി നിന്നപ്പോൾ ഇളയപ്പൻ എന്നെ വലം കൈ കൊണ്ടു നെഞ്ചോടടുക്കി പറഞ്ഞു .

ഇളയപ്പന്റെ വർഷോപ്പ് നമുക്കൊന്നു പുതുക്കണം , നീ ഒന്നു വേഗം രക്ഷപ്പെടൂ ! ജലീലിനു വിസയ്ക്കു വേണ്ടി വർഷാപ്പു പണയം വെച്ചു എഴുപത്തിഅയ്യായിരം രൂപ നൽകിയ കാര്യം അപ്പോഴാണ്  ഞാൻ അറിയുന്നതു തന്നെ !

മരുഭൂമി എല്ലാ സസ്യങ്ങളെയും സ്വീകരിക്കുന്നില്ല ,അതിനിഷ്ടമുള്ളവയെ വരൾച്ചയിലും അതു  സമൃദ്ധമായി വളർത്തും എന്നാൽ ഇഷ്താമില്ലാത്തവയെ രണ്ടാം നാൾ കരിച്ചു പുറം തള്ളും  .ഞാൻ മരുഭൂമിക്കു പൂരകനായ വ്യക്തിയല്ലന്ന ധാരണ വന്ന അന്നു  തന്നെ എന്നിൽ രൂപപ്പെട്ടിരുന്നു .പിന്നെ എങ്ങനെയോ ഒന്നരക്കൊല്ലം വിയർത്തു വിവശനായി, അതിൽ പകുതിയിലേറെ മാസത്തെ ശമ്പളം ഇപ്പോഴും മുതലാളിയുടെ കീശയിലാണ്  .വിശക്കുമ്പോൾ കഴിക്കാൻ കിട്ടിയിരുന്നു എന്നതു  തന്നെ അപ്പന്റെയും ഇളയപ്പന്റെയും പ്രാർത്ഥന അല്ലെങ്കിൽ  ഏതോ ഗുരുത്വം .എങ്കിലും എന്തിനായിരിക്കണം ഇളയപ്പൻ ?

ഇളയപ്പന്റെ ട്രങ്കു പെട്ടിയിൽ എനിക്കൊരു കത്തുണ്ടായിരുന്നു ഒരാളെയും കാണിക്കരുതെന്ന കർശന ശാസനയിൽ തുടങ്ങുന്ന കാത്തു വായിച്ചതും ഒരു വിറയൽ എന്റെ പെരുവിരലിൽ നിന്നും സകല കോശങ്ങളിലേയ്ക്കും പടർന്നു കയറുന്നു .

പ്രിയപ്പെട്ട സാം കുട്ടന് ,

ഇളയപ്പൻ പോകുന്നു ,പോകും മുൻപൊരു സത്യം കുഞ്ഞിനോടു പറയണം . ഒരു നീലച്ചടയനും തരാത്ത ശമനമില്ലാത്ത മന സംഘർഷങ്ങളുടെ തടവിലായിരുന്നു ഇളയപ്പൻ ഇന്നലെ വരെ .കാരണമെന്തന്നല്ലേ മാട്ടുപെട്ടിക്കാരൻ സക്കറിയാ ഇന്നു  ജീവിച്ചിരിക്കുന്നില്ല. നീഅയാളെ  തേടി  മാട്ടുപെട്ടിക്കു പോയതിന്റെ രണ്ടാഴ്ച മുന്നേ ആയാൾ കൊല്ലപ്പെട്ടിരുന്നു . സാമാന്യേന ഒരു ലഹരിക്കും കിഴ്പെടുത്താൻ കഴിയാത്ത എന്റെ കൈകൾ കൊണ്ടാണ് സക്കറിയാ കൊല്ലപ്പെട്ടത് .  വെറുമൊരടിപിടിയിൽ അവസാനിക്കേണ്ടിയിരുന്ന ചെറിയ  സംഘട്ടനത്തിനൊടുവിൽ അതു സംഭവിച്ചു പോയി .ഏതെങ്കിലും മദ്യ സദസ്സിൽ ഞാൻ അതു  തുറന്നു പറഞ്ഞു പോയേക്കുമോ എന്ന ഭയമാണ് നിന്നെ വേഗം ഗൾഫിലേക്കയയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത് . നീയുണ്ടായിരുന്നതിലും ഭയാനകമായിരുന്നു നീയില്ലാതിരുന്ന എന്റെ ഏകാന്തതകൾ .സക്കറിയായെ തേടി ഇതുവരെ ആരും വന്നിട്ടില്ല, ഇനി വരുമെന്നു തോന്നുന്നുമില്ല എങ്കിലും മനസാക്ഷിയുടെ മുൻപിൽ നിന്നും എനിക്കോടിയൊളിക്കാൻ കഴിയുന്നില്ല എന്നെ കാത്തിരിക്കുന്ന നരകത്തിലേയ്ക്കു എനിക്കു വേഗം എത്തേണ്ടതുണ്ട് .ഞാൻ മരിക്കും മുൻപാരോടെങ്കിലും ഈ സത്യം തുറന്നു പറയണം എന്നുണ്ടായിരുന്നു നീ വരുന്നതും കാത്തു ഞാൻ ഇരുന്നു ഇനി വയ്യ .

ഇളയപ്പൻ …

ഇളയപ്പൻ കുടിച്ചിരുന്ന രണ്ടാനകളുടെ പടമുള്ള ടസ്ക്കർ എന്ന മദ്യമിപ്പോൾ ബിവറേജസിൽ ലഭ്യമല്ല . നീലച്ചടയൻ വാങ്ങിയിരുന്ന മാളികമുക്കിലുള്ള ചന്ദ്രന്റെ പാൻ കടയുടെ സ്ഥാനത്തുകൂടെ ബൈപ്പാസിന്റെ പണികൾ പുരോഗമിക്കുന്നു .ഗൾഫെന്നാൽ കനകം കായ്ക്കുന്ന പൂന്തോട്ടമല്ലെന്ന വലിയ തിരിച്ചറിവിൽ ഇളയപ്പന്റെ വർഷോപ്പിലിപ്പോൾ  സാമാന്യം വണ്ടികളുടെ തിരക്കിനിടയിലാണ് ഞാൻ . മാട്ടുപെട്ടിക്കാരൻ സക്കറിയായുടെ  വൃത്തികെട്ട മണമുള്ള കാറ്റിവിടെവിടെയോ പതുങ്ങി നില്പുണ്ടെന്നു എനിക്കറിയാം .

നീലച്ചടയൻ പുക ചുരുളുകൾ വൃത്താകൃതിയിലാക്കി മുകളിലോട്ടു പറത്തി ഈനാശു ഇളയപ്പൻ ചിരിക്കുകയാണ്  , മദ്യ ലഹരിയിലായിരിക്കുമ്പോൾ ഈനാശു ഇളയപ്പൻ ചിരിക്കാറുള്ള അതേ ചിരി  …….

ആലപ്പുഴ ജില്ലയിലെ കറുകയിൽ സ്വദേശി . കഴിഞ്ഞ ഇരുപതു വർഷമായി ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്നു. 2017 ലെ അക്ഷരതൂലികാ പുരസ്കാരം നേടിയിട്ടുണ്ട് .