“അമ്മേ..”, അലറി വിളിക്കാൻ തോന്നുന്നു. കൈ തുളച്ച് മുറിവിലൂടെ പരക്കുന്ന മരുന്നിന്റെ താണ്ഡവം ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ അടിവയറ്റിലെ ഞരമ്പുകളെ എടുത്തിട്ട് മറിക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നാകുന്നു. മരിക്കാൻ പോകുന്നു എന്ന തോന്നൽ ഹൃദയത്തിൽ തോന്നാൻ തുടങ്ങിയിട്ടും ഏതാണ്ട് അത്രയും സമയമാകുന്നു.
ഏറെ കേട്ടിരുന്നു ലോകത്തെ ഏറ്റവും അസഹനീയമായ നോവ് പ്രസവത്തിന്റേതാണെന്ന്. എങ്കിലും കുഞ്ഞിന്റെ മുഖമോർക്കുമ്പോൾ അടർന്നു വീഴുന്ന കരച്ചിലുകളുടെ ചീളുകളിൽ തട്ടി മനസ്സും ശരീരവും മുറിഞ്ഞത് അവൾ എത്ര പെട്ടെന്ന് മറക്കുമെന്നും ആരോ പറഞ്ഞു തന്നതോർക്കുന്നു. അതൊക്കെയും വെറും ആശ്വാസ വചനങ്ങൾ മാത്രമായിരുന്നു. പ്രവാചകന്മാർക്കൊന്നും പ്രവചിയ്ക്കാനാകാത്ത അരൂപികളുടെ ലോകത്ത് നിന്നും രൂപമുള്ളവരുടെ ലോകത്തേയ്ക്ക് ഒരു പലായനം നടത്താനുള്ള പദ്ധതികളിലാണ് അവൻ.
ഒരു മണിക്കൂറു കൊണ്ട് ഞാൻ ആലോചിച്ച് കൂട്ടിയതിനു കയ്യും കണക്കുമില്ല. ആദ്യമായി അവനെന്റെ വയറ്റിലെ തളിർമെത്തയിൽ പറ്റിപ്പിടിച്ച് എന്റേതായതെല്ലാം കവർന്നു തുടങ്ങിയെന്നറിഞ്ഞപ്പോൾ ഉണ്ടായ ആഹ്ലാദങ്ങളിൽ അവന്റെ ജീവിതം മുഴുവനുണ്ടായിരുന്നു. മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് എത്രയോ തവണ മനസ്സിലെഴുതി പഠിച്ചെങ്കിലും അവൻ വലുതായി എന്റെ കയ്യിൽ തൂങ്ങിയവന്റെ കരുത്തുറ്റ കൈകളിൽ നിലതെറ്റിയ എന്റെ ദേഹം തൂങ്ങിയാടി പോകുന്നത് വരെ മോഹിച്ച് പോയത് തെറ്റാണെന്നു അപ്പൊ വരെ എനിക്ക് തോന്നിയതേയില്ല.
‘അമ്മ എന്ന വാക്കിനു സ്വാർത്ഥത എന്നർത്ഥം ഉണ്ടോ ? ഉണ്ടാവണം, കാരണം ഒരു തവണ രക്തവും ജീവനും കൊടുത്തു ഒരു കുഞ്ഞുജീവനെ പേറുന്നുണ്ടെന്നറിയുമ്പോൾ മുതൽ അമ്മയായി തുടങ്ങുന്നവൾക്ക് അവനെന്നാൽ അവൾ മാത്രമായി മാറേണ്ടതുണ്ട്.
ഒരിക്കൽ അവൻ എന്നോട് സംസാരിച്ചു.
“അമ്മേ…. (ആദ്യമായാണ് അവനങ്ങനെ വിളിച്ചതെന്നതിനാൽ എന്റെ ഉടലാകെ വൈദ്യുതി മിന്നുകയും രോമങ്ങൾ പതിവില്ലാത്ത വണ്ണം എഴുന്നു നിൽക്കുകയും ചെയ്തിരുന്നു) എന്നോടാരോ സംസാരിക്കുന്നുണ്ട്… അതെന്നോട് വെളിച്ചത്തിലുള്ളവരുടെ ലോകത്തെ കുറിച്ച് പറഞ്ഞു…”
“നിന്നോട് അത് എന്തൊക്കെ പറഞ്ഞു കണ്ണാ… (അപ്പൊ തോന്നിയ പോലെ വിളിച്ചു എന്നേയുള്ളൂ. പേരുകൾക്കപ്പുറം അവനു എനിക്ക് മാത്രം വിളിക്കാനായി ഞാൻ കണ്ടെത്തിയ എത്രയോ പേരുകളിൽ ഒന്നാണത്.)
“അമ്മേ, അതാണെനിക്ക് ‘അമ്മ എന്ന വാക്കും ഭൂമി എന്ന സ്വർഗ്ഗവും പരിചയപ്പെടുത്തിയത്…”
“നാം എവിടെ ജീവിക്കുന്നുവോ അവിടം തന്നെയാണെടാ കുട്ടാ സ്വർഗ്ഗം.”
“അപ്പൊ അമ്മയുടെ വയറ്റിലെ ഈ ഇരുട്ടും വഴുവഴുപ്പും തന്നെയോ എന്റെ സ്വർഗ്ഗം.”
“അതിലും വലിയ സ്വർഗ്ഗങ്ങൾ വേറേയില്ലന്ന് നീയൊരിക്കൽ തിരിച്ചറിയും. ഇപ്പൊ നീ അരൂപിയെ വിശ്വസിക്കൂ, കാരണം പ്രതീക്ഷയോടെ മാത്രമേ വെളിച്ചമുള്ളവരുടെ ലോകത്തേയ്ക്ക് നീ കൺതുറക്കാവൂ.”
“എന്താണ് അമ്മേ, അച്ഛൻ…?”
“നിന്റെ ജീവന്റെ തുടിപ്പിന്റെ പേരാണ് അച്ഛൻ, അതിരിക്കട്ടെ നിനക്കവിടെ സുഖമാണോ…?”
“ശ്വാസം കഴിക്കേണ്ടതില്ല, ഭക്ഷണം കഴിക്കേണ്ടതില്ല. അമ്മേ എന്ന് വിളിക്കേണ്ടതില്ല. അരൂപിയുടെ വാക്കുകളിൽ ഉൾകാത് കൊടുത്തു വെളിച്ചമുള്ളവരുടെ ലോകം ഓർത്തു കിടക്കുക. അത്ര തന്നെ. വഴുക്കിയും ഇരുണ്ടും എന്നെ ഭയപ്പെടുത്തുന്ന ലോകത്തിൽ അരൂപിയുള്ളതുമാത്രമാണ് ആശ്വാസം.”
“ആരാണ് കുട്ടാ ഈ അരൂപി.”
“അറിയില്ല അമ്മേ. പക്ഷെ ഞാൻ എവിടെയോ കേട്ട് ശീലിച്ച ശബ്ദമുണ്ടായാൾക്ക്. അമ്മയുടെ ഉടലിൽ ഞാൻ ഒട്ടിയിരിക്കുന്നതിനു തൊട്ടു മുൻപ് വരെ ഞാൻ കേട്ടെന്നു പോലെ അത്ര പരിചിതം.”
“കുട്ടാ…….”
“അമ്മേ…”
നിരന്തരമുള്ള ഞങ്ങളുടെ സംസാരത്തിൽ പോലും അവസാനം നെടുവീർപ്പുകൾ പുളയ്ക്കും. നിശ്ശബ്ദതയിലൂടെ പിന്നെ ഞങ്ങൾ സ്വപ്‌നങ്ങൾ പരസ്പരം പങ്കിടും. എന്റെ പാട്ടുകളിൽ അവൻ താളമടിക്കും. ഞാൻ കവിതകളെഴുതുമ്പോൾ മറ്റാരും കേൾക്കാതെ അവൻ എനിക്കത് മൂളിത്തരും. ഉറങ്ങുമ്പോൾ ഇടയ്ക്കിടെ അവനെ മറന്നോ എന്ന് ചോദിച്ച് ഉദരത്തിലെ ഞരമ്പുകളുടെ അഗ്നികോണുകളിൽ മെല്ലെ ചവിട്ടിയുണർത്തും. അപ്പോൾ ഞാനവനെ ശകാരിക്കും.
പക്ഷെ.. ഒരു മണിക്കൂറിനു ശേഷം ആദ്യമായി എനിക്ക് തോന്നിയത്, ഞരമ്പുകളിൽ അവൻ പിടി മുറിക്കുന്നതിനു മുൻപ് തന്നെ ആ ഞരമ്പുകൾക്ക് വേരിന്റെ ബന്ധം അറുത്തു മാറ്റാമെന്നായിരുന്നു. എല്ലാവരും പറഞ്ഞത് വെറുതെ. ചില വേദനകളെ അതിജീവിയ്ക്കാൻ ഒട്ടും എളുപ്പമല്ല. ഏകാന്തതയുടെ വിരലുകൾ എന്റെ ശരീരത്തിലും മനസ്സിലും ഇഴഞ്ഞു നടക്കുന്നു. ഞാൻ ഒരു വലിയ തുരുത്തിൽ ഒറ്റയ്ക്കാണ്. നാലു വശവും ആർത്തലച്ചു കടൽ. ആരുമില്ലാതെ ഒരു പെണ്ണ് അതിജീവിക്കേണ്ടി വരുന്ന അതിജീവനത്തിന്റെ നിമിഷങ്ങളിൽ അവൾ, അവൾ മാത്രമായി പോകുന്നു. ഒന്ന് തൊടാൻ ആരുമില്ലാതെ ഒന്ന് ചേർത്ത് പിടിയ്ക്കാനോ ഒരു ചുംബനം തരാനോ ആരുമില്ലാതെ അവൾ ഒറ്റയ്ക്കൊരു രാജ്യമാകുന്നു. അയൽ രാജ്യങ്ങളില്ലാത്ത രാജ്യാധിപന്മാരോ പ്രജകളോ ഇല്ലാത്ത രാജ്യം.
ഏതു ഞരമ്പാണ് ഇത്രത്തോളം നോവിക്കുന്നത്? വലിഞ്ഞു മുറുകി ഇപ്പൊ പൊട്ടും എന്ന പോലെ പേടിപ്പിക്കുന്നത്. എനിക്കൊന്നും തിരിച്ചറിയാനാകുന്നില്ല. തൊട്ടു നോക്കുമ്പോൾ ഉദരം പോലും ഉള്ളതായി തോന്നലുകളില്ല. കൈക്കു താഴെ തണുത്തു മരച്ച ഒരു ശവശരീരം ഞാൻ താങ്ങി കിടക്കുന്നു. അതിനുള്ളിൽ എന്റെ കണ്ണനുണ്ട്. ഒരു വേള അവനുമായി എന്നെ കൊരുത്തിരിക്കുന്ന പ്രാണ ഞരമ്പുകൾ വേർപെടുത്താൻ വരെ മോഹിച്ച് പോയ പാപിനിയായ അവന്റെ അമ്മയാകുന്നു ഞാൻ. വയ്യ.. കൊരുത്തു പോയ കണ്ണികൾ ജന്മാന്തരത്തോളം നീളമുള്ള മൗനങ്ങളാണ്. ആ നിശ്ശബ്ദതയ്ക്കുള്ളിൽ ഞാനും അവനും ഒന്നിച്ചുറങ്ങുന്നു, ഒന്നിച്ചുണരുന്നു. ഞങ്ങൾക്ക് മാത്രം കേൾക്കാനാകുന്ന ഭാഷയിൽ സംസാരിക്കുന്നു.
അവനെന്നെ വലിച്ച് കുടയുന്നു. ഒരു സമുദ്രം ഉള്ളിൽ പേറി വേദനകളെ ഒന്നാകെ പുറത്തേയ്ക്ക് വലിച്ചെറിയാൻ ഭാവിച്ച് ഞാനലറി വിളിച്ചു കൊണ്ടേയിരുന്നു. ഒടുവിലൊരു കടൽ ഉള്ളിൽ നിന്നും ഒന്നിച്ച് പുറത്തേക്കൊഴുകുന്നത് പോലെ.
ഞാനതിൽ നീന്തി തുടിക്കുന്നു. വേദനകളെ കടൽ കൊണ്ട് പോയി. മരണത്തിൽ നിന്നും അവന്റെ കരച്ചിലുകൾ എന്നെ തിരികെ വിളിക്കുന്നു. ബോധത്തിന്റെയും ബോധമില്ലായ്മയുടെയും ഇത്തിരിയിടത്തിൽ നിന്ന് കൊണ്ട് ഞാൻ അവനായി പുതിയൊരു കവിത കുറിച്ചു. പക്ഷെ എഴുതുവാൻ സ്ഥലമില്ലാഞ്ഞതിനാൽ അത് അവനിലേക്കെത്തുന്നതിനു മുൻപ് തന്നെ ജീവവായുവായി പരിണമിയ്ക്കപ്പെട്ടു. അവന്റെ കരച്ചിലുകളിലെ ശ്വാസംമുട്ടലുകളിൽ അവൻ ഉള്ളിലേയ്‌ക്കെടുത്ത പ്രാണവായുവിലിന്റെ എന്റെ കവിതയുണ്ടായിരുന്നിരിക്കണം.
പ്രാണഞരമ്പുകൾ വീണ്ടുമുണരുന്നു.
എന്റെ ഏകാന്തതകളെ അവൻ ചുണ്ടുകൾ കൊണ്ട് വലിച്ചെടുക്കുന്നു. ഒരു ചുംബനം കൊണ്ട് ഞാനവനെ അടയാളപ്പെടുത്തുന്നു