“തൊട്ടു പോകരുതെന്റെ കുട്ടീനെ. അഹമ്മതി അത്രയ്ക്കോ?”
ദേവിയുടെ ഭാവമാറ്റത്തിൽ ഞെട്ടിത്തരിച്ച ഛിന്നമസ്ത ഉടലൊന്ന് വെട്ടിച്ച് പ്രദക്ഷിണ വഴിയിൽ നാഗയക്ഷിക്ക് മുന്നിൽവെച്ച് ഒരു ചുഴലി പോലെ കുതിച്ചു പൊങ്ങി. ഛിന്നമസ്ത മാത്രമല്ല ചുടുചോര നുണയാൻ കാത്തു നിന്ന കരിങ്കാളിയും മറുതയും ഞെട്ടി വിറച്ചു. ദേവിയെ ഇത്ര ദേഷ്യത്തിൽ അടുത്തൊന്നും കണ്ടിട്ടില്ല ആരും. സ്വതേ ശാന്തസ്വരൂപിണി. പരാതിയും പരിഭവവും ഇല്ല. ഭക്തരായാലും അധികം തൊന്തരവാക്കരുത്, മൂപ്പത്ത്യാർക്ക് അത്രേയുള്ളൂ. അതു കൊണ്ട് തന്നെ കോപിച്ച ദേവിയുടെ ദൃഷ്ടിയിൽപ്പെടാതെ കരിങ്കാളിയും മറുതയും വേഗം തെക്കേ മൂലയിലെ കിരാതമൂർത്തിക്ക് പിന്നിലൊളിച്ചു.
കാളി, കൂളി, മറുത, കിറുത എല്ലാം നാലു ദിക്കിൽ മണ്ടിയതു കണ്ട് ദേവി പുഞ്ചിരിച്ചു. വൈരക്കല്ല് മൂക്കുത്തി ഒന്നു തിളങ്ങി.
“അമ്പോറ്റിപ്പെണ്ണേ പേടിക്കണ്ട. ഒരു കാളിയും കൂളിയും നിന്നെത്തൊടില്ല. നീ പറയ്.. ”
ദേവി എന്റെ മുതുകിൽ തലോടി. മുടിയിൽ വിരലോടിച്ചു.
“ബാലേ…. നീ പറയ്. എന്തേ വയ്യേ നിനക്ക്?”
“ഹേയ് ഒന്നൂല്ല ദേവ്യേ… തണുക്കുണു നിക്ക്.”
“ന്നാ ബാല ഇങ്ങട് പോരൂ ….ന്റെ മടീല് ഇരുന്നോളു.”
അത് കേട്ടെന്റെ മുഖം ചുമന്നു. ” വലിയ കുട്ട്യോള് മടിയിലിരിക്ക്യേ?”
അത് അറിഞ്ഞപോലെ ദേവി പറഞ്ഞു “ല്ലാരും കുട്ട്യോള് തന്നെ നിക്ക്. ഇങ്ങട്ട് പോരൂ.”
മെല്ലെ ആ മടീലിരുന്നു. നെഞ്ചിൽ ചെവി ചേർത്തു. കൈകൾ കൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചു. രണ്ടു കൈകൾക്കുള്ളിൽ ചൊതുങ്ങിയപ്പോൾ ഇളം ചൂട്, അമ്മച്ചൂട്.
ആ ചൂടിലൊന്ന് മയങ്ങിയോ? ഞെട്ടിയത് പിൻകഴുത്തിൽ ചുറ്റിയ കൈയിൽ ഒരു നനവ് തട്ടിയപ്പോൾ. ആ ഞെട്ടൽ ദേവിയും അറിഞ്ഞു. നെറ്റി ചുളിഞ്ഞു. കണ്ണുകൾ ജ്വലിച്ചു.
“മുന്നിൽ വാ രണ്ടും.”
ചുമന്ന് നീണ്ട നാവോണ്ട് നഗ്നത മറച്ച് മുന്നിൽ രണ്ട് രൂപങ്ങൾ… ഭയന്ന് വിറച്ച്.
കൂളിയും മറുതയും.
“ന്റെ കുട്ട്യാ ബാല. ഓൾടെ രോമത്തിൽ തൊട്ടാൽ, നോക്കിക്കോ കണ്ടം തുണ്ടമാക്കും രണ്ടിനേം.”
ദേവിടെ മുന്നിൽ കിടുകിടെ വിറച്ച് നിൽക്കുന്ന രൂപങ്ങളെക്കണ്ടപ്പോ ഒരു കുസൃതി തോന്നി. ഞാൻ പറഞ്ഞു. ” ദേവ്യേ നിക്ക് വെശക്കണുണ്ട്. നെയ്പ്പായസണ്ടാക്കാം മ്മക്ക്?
അത് കേട്ട് ദേവി പറഞ്ഞു
“അവറ്റോള്ണ്ടാക്കട്ടല്ലേ ബാലേ?”
ഞാനൊന്ന് ചിരിച്ചു. പിന്നെ ആ കഴുത്തിലൊരുമ്മ കൊടുത്തു.
” ഹോ!’
“ന്തേ ബാലേ?”
“ദേവ്യേ…. ന്തിനാ ഇത്രേം മാല? ഹും. ഒക്കെ ദേഹത്ത് കുത്തിക്കയറുന്നു. ഇതൊക്കെ പഴേ മട്ടിലേതാ. പുതീത് വാങ്ങണം മ്മക്ക്.”
“ഹൊ ഒന്ന് മിണ്ടാണ്ടിരിക്കെന്റെ ബാലക്കുട്ട്യേ.. ഒക്കെ മുക്കാ.. ”
“മുക്കോ? സ്വർണ്ണമാണന്നാണല്ലോ…. തിരുവാഭരണം സ്വർണ്ണമല്ലാന്നുണ്ടോ?”
“യ്യ് പറഞ്ഞത് സത്യം തന്നെ. പക്ഷേങ്കില് ആ ശുംഭൻ ശങ്കു… ”
“ആര് മേൽശാന്തി?”
“അതിപ്പോ നടവരവില്ലാത്ത ഇവിടുത്തെ ശാന്തിപ്പണിയോണ്ട് ന്താവാനാ? ശങ്കൂന്റെ മൂത്ത കുട്ടീന്റെ കോളേജ് ഫീസ് കൂട്ട്യാ കൂടണ്ടേ? ഞാനും സമ്മതിച്ചൂട്ടോ. ലോണ് പാസായാൽ തിരിച്ചെടുത്തു തരും. അതു വരെ ഈ മേല് ചൊറിയണ മാല സഹിക്കന്നെ ബാലേ.”
“അല്ലാ ദേവി… ദേവി അനുഗ്രഹിച്ചാൽപ്പോരെ? ഒക്കെ ശര്യാവില്ലേ?”
“ന്താന്റെ പ്പൊട്ടിക്കാളീ നീയ്യ് ഈ പറേണേ? ഞാനെന്താ കോളേജ് പ്രിൻസിപ്പാളാ? ബാങ്കിലെ മാനേജരാ? ന്റെ കുട്ടീ… ഒക്കെ നന്നായി വരട്ടേന്ന് ആഗ്രഹിക്കാനല്ലേ നിക്കും. അതും ന്റെ കുട്ട്യന്നല്ലേ? ലേശം പൊട്ടത്തരണ്ട്. ത്രേളളൂ. എന്നും രാവിലെ വിളക്ക് തെളിച്ച് ഇഞ്ച തേച്ച് കുളിപ്പിച്ച് അഭിഷേകം നടത്തി ചന്ദനം ചാർത്തി പട്ടുടുപ്പിച്ച് മാല ചാർത്തിച്ച് നേരാ നേരം അന്നം തന്ന്… ന്റെ അന്നപൂർണ്ണേശ്വരൻ. ഒക്കെ അയാളല്ലേ ബാലേ. നടവരവോ, വന്നാ വന്നു അത്രന്നെ.”
“ബാലക്കൊരൂട്ടം കേൾക്കണോ? ഒരൂസം അയാള് സഹസ്രനാമാർച്ചന ചെയ്യാണ്. നമ്മുടെ ചാത്തോത്തെ സുമതീടെ മകന്റെ മകൾടെ വക. നാള് ചിത്തിര. പേര് അഭിരാമി. ആവശ്യങ്ങള് കുറേണ്ട്. കല്യാണം ജോലി, ദീർഘായുസ്സ്, ആരോഗ്യം അങ്ങനെ അങ്ങനെ. ഞാനതൊക്കെ കേട്ടിരിക്കുമ്പഴാ മൂപ്പര് സഹസ്രനാമം ജപിച്ച് തുടങ്ങിയത്. പകുതിയായപ്പോ ചൊല്ല് നിർത്തി ന്നോടൊരു ചോദ്യം. ന്താന്നറിയോ?”
“ല്ല…ന്തേ? പറയൂ.”
“ദേവിക്കിത്തിരി എളുപ്പമുള്ള പേരൊക്കെ ആയിരുന്നൂച്ചാൽ ഞാനിത്രേം കഷ്ടപ്പെടണ്ടാരുന്നു” എന്ന്.
“ന്നിട്ട്?”
“ന്നിട്ടെന്താ ഞങ്ങള് കുറേ ചിരിച്ചു..പക്ഷേ വിദ്വാൻ പുറത്തിറങ്ങീട്ട് ആക്കുട്ടിയോട് പറയാണ്. ദേവിക്ക് സന്തോഷായി അനുഗ്രഹംണ്ട് എന്ന്. എന്താ ചെയ്ക? മറുത്ത് പറയാൻ കഴീല്ലല്ലോ. ദേവിയല്ലേ?”
” തല്ല ദേവ്യേ, ദേവി വിചാരിച്ചാൽ കുറച്ച് സ്വർണ്ണോ പണോ കൊടുക്കാൻ പറ്റില്ലേ? അപ്പോ മേൽശാന്തിടെ പ്രശ്നം തീരില്ലേ?”
“ഹായ് ഹായ്..ന്താ കഥ! ഇതെന്താ ഞാൻ മജീഷ്യൻ മുതുകാടോ? ന്റെ കുട്ടീ.. അത് തരൂ ഇത് തരൂന്ന് പറഞ്ഞാൽ ന്താ ന്റ ബാലേ ഞങ്ങള് ദൈവങ്ങള് ഇങ്ങടെ വാല്യക്കാരാന്നാ?”
അത്രേം പറയുമ്പോഴേക്കും ദേവീടെ കണ്ണു രണ്ടും ചുവന്നു. എനിക്ക് ലേശം പേടി തോന്നി.
“അമ്മേ ദേവീ. വേണ്ടാട്ടോ. നിക്ക് പേടി.. ”
അത് കേട്ട്, ദേവി അഴിഞ്ഞു വീണ വാർമുടിക്കെട്ട് ശ്രദ്ധിക്കാതെ വേഗം തിടപ്പള്ളിയിലേക്ക് കയറിപ്പോയി. കണങ്കാല് മുട്ടണ വാർമുടി ഒന്ന് മാടിക്കെട്ടി. ന്നിട്ട് പറഞ്ഞു, “കാളിം കൂളിം മറുതേം ഛിന്നമസ്തേം ഒക്കെണ്ട് പരിവാരങ്ങളായിട്ട്. ന്നിട്ടെന്താ കാര്യം? ന്റെ കുട്ടിക്ക് ഇത്തിരി പായസം വേണംന്ന് പറഞ്ഞിട്ട് അതിനും ഞാൻ തന്നെ വേണം. ല്ലേ?
പെട്ടന്ന് തിടപ്പള്ളിയിലെ അടുപ്പിൽ അഗ്നിജ്വലിച്ചു. അതിൽ പ്രത്യക്ഷപ്പെട്ട ചെറിയ ഓട്ടുരുളിയിൽ അരി തിളച്ചുതുടങ്ങി. വെല്ലവും തേങ്ങയും നെയ്യും ചേർന്ന കടുംപായസം നൊടിയിടയിൽ തയ്യാർ. ഞാൻ ഒന്ന് പാളി നോക്കി. നേരത്തേ കണ്ട രണ്ടു പേർ അടുപ്പിനരികിൽ. പിന്നെയും ആരൊക്കെയൊ ഉള്ളതു പോലെ. അപ്പോ ഞാൻ ദേവിയെ വിളിച്ചു
“ദേവ്യേ ”
“ന്തേ ടീ? ”
“നിക്കൊരാഗ്രഹം…. ”
“ഉം? ”
“ശ്രീ കോവിലിന് മുന്നിലെ നമസ്കാര മണ്ഡപത്തിലൊന്നിരിക്കണം”
“അതിനെന്താ ബാലേ… വരൂ.” തിടപ്പള്ളിയിൽ പായസത്തിന്റെ മണം പൊങ്ങുമ്പോൾ ഞാനും ദേവിയും നമസ്ക്കാര മണ്ഡപത്തിൽ കയറി. ദേവീടെ വായിൽ മുറുക്കാൻ. മേൽശാന്തി കട്ടളപ്പുറത്ത് വച്ചതാ. മുറുക്കി ചുവന്ന ആ മുഖം കാണാനെന്താ ഭംഗി! പുറത്തേക്ക് അത് നീട്ടിത്തുപ്പിയിട്ട് ദേവി പതുക്കെപ്പാടി
“പനിമതി മുഖീ ബാലേ….”
ദേവി പതിയെ നൃത്തച്ചുവട് വെച്ചു. അഴിഞ്ഞുലഞ്ഞ കാർകൂന്തലിൽ നിന്ന് അസാധാരണ സുഗന്ധം അവിടെങ്ങും നിറഞ്ഞു.
“ദേവ്യേ ഇതെന്താ ഇത്ര മണം. ദേവീടെ മുടിയിൽ നിന്ന്…”
ദേവി ചിരിച്ചു… “അതൊക്കെണ്ട് പെണ്ണേ ഞങ്ങള് ദേവ്യോൾടെ രഹസ്യം.” പിന്നെ ഞാൻ എന്തെന്ന് ചോദിച്ചില്ല.
നോക്കുമ്പോ എല്ലാരുംണ്ട്. കാളിയും കൂളിയും മറുതയും ഒക്കെ. നിലാവെട്ടത്തിൽ ഞങ്ങളെല്ലാരും കൂടി കൈകോർത്ത് നൃത്തം വച്ചു. പായസം ആവോളം കഴിച്ചു.സരസ്വതീയാമം വരെ കളിയും കഥ പറച്ചിലും തുടർന്നു. കാളികൂളി പരിവാരങ്ങൾ അവിടെ നിന്നും പിൻ വാങ്ങി. മറുത മാത്രം പോകുന്ന പോക്കിലും ഒന്നു നാവു നുണഞ്ഞു. അതു കണ്ട ദേവീടെ കണ്ണൊന്ന് കത്തി. പിന്നെ എന്നെ മടീലിരുത്തി ദേവി. ആ നെഞ്ചിൽ തലചേർത്ത് ഞാൻ കിടന്നു.
“പുലരുവോളം ഉറങ്ങു ബാലേ. മേൽശാന്തി അല്പം വൈകി വരട്ടെ.”
ആകാശത്ത് വെളിച്ചം പൊഴിച്ചു നിന്ന അമ്പിളിയെ നോക്കി, ദേവിയുടെ താരാട്ട് കേട്ട് ഞാൻ പതിയെ ഉറക്കത്തിന്റെ കുളപ്പടവുകളിറങ്ങി.
“ഈശ്വരാ… ഈ പെൺകുട്ടി ഇതെവിടെപ്പോയി? ഇനി നോക്കാനൊരിടവും ബാക്കിയില്ല. ന്റെ ദേവ്യേ.
“സുശീലേടത്തീ…. ഒന്നോടി വരൂ… ഇവിടെ അമ്പലക്കുളത്തിലേക്ക്. ബാല ദാ ഇവടെ…..”
നെഞ്ചത്തടിച്ച്, നെലോളിച്ച്, ന്റെ മോളേ.. എന്നാർത്തലച്ച് കരഞ്ഞ് സുശീല കുളക്കരയിലെത്തി.
അമ്പലക്കുളമാണ്. മേൽശാന്തിം കീഴ്ശാന്തീം അടിച്ചുതളിക്കാരിയും ഒക്കെ ചുറ്റും കൂടി നിൽക്കുന്നുണ്ട്.
“ദേവി കാത്തു. ശ്വാസംണ്ട്. ന്തോ ഭാഗ്യം. വെള്ളത്തില് വീഴാണ്ട് കാത്തു.”
മെല്ലെ കണ്ണ് തുറക്കുമ്പോൾ ആരോ പറയുന്നത് കേട്ടു. “സുഖമില്ലാത്ത കുട്ട്യോളെ ചികിത്സിക്കണം. അല്ലാണ്ടിങ്ങനെ തുറന്ന് വിട്ടാൽ.. എന്തോ ഭാഗ്യം ന്ന് കൂട്ട്യാ മതി. അപകടൊന്നും പറ്റാണ്ട് കിട്ടി.
ഒന്ന് മാറി നിന്ന അമ്മ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചപ്പോൾ തൊട്ടടുത്ത് ദേവി. ചുണ്ടിലൊരു ചെറു ചിരി. പേടിക്കണ്ടാന്നൊരു ഭാവം. ഞാൻ പതിയെ കണ്ണുകളടച്ചു.