രണ്ടു കവിതകൾ

1.തിരികെ നോക്കുമ്പോൾ

തനിയെ,
വിജനതയിലേക്ക്
കണ്ണും നട്ടിരിക്കുമ്പോൾ
ഓർമ്മകൾ
ഓടി മറയാനാകാതെ ,
നിഴലാകുന്നുണ്ട്
പാതി വഴിയിൽ….!!

കാലമൊരുക്കിയ
കുമ്പസാരക്കൂടരികിൽ
തല കുനിക്കാനാകാതെ
ഉടഞ്ഞ വള്ളികളെ
തലോടുന്ന ശൂന്യത…!!

ആഴങ്ങളിൽ മുറിവേറ്റതായി,
ചിരി മറന്നതായി,
ഓർമ്മ നഷ്ടപ്പെട്ടതായി
ഒച്ചയില്ലാത്തതായി,
എഴുതാൻ വിട്ടതായി
ആരോ ഒപ്പ് വെച്ചിട്ടു പോയിരിക്കുന്നു..

ഇരുളായ് മാറും
വിധിയിൽ
കാലം കൈ തന്നു മറയുമ്പോൾ
ഹൃദയങ്ങൾ അന്യമായിപ്പെയ്തൊഴിയുന്നു…

ഇനിയേത്
തീരമേകിടുമെന്ന്
തനിച്ചാക്കപ്പെട്ട
ഓരോ കരകളും
ചോദിച്ചു കൊണ്ടിരിക്കുമ്പോൾ

നീ എന്തു പറയും??
ഞാൻ എന്തു ചെയ്യും??

2.ഞാനൊരു പോഴൻ

ഞാനൊരു
ചാപ്പിള്ള…
കൂടോത്ര വിത്തിൽ മുളച്ചത്,
ചിതയൊടുക്കുമ്പോൾ വേവാത്തത്,
മുറിയുമ്പോൾ
കരയാത്തതും
കനലെരിഞ്ഞു
ഭ്രാന്ത് വന്നതും.

ഇന്നലെ
മഴ നനഞ്ഞു
മുടി കൊഴിഞ്ഞു ചിതറിയത്.

പകലിന്റെ വികൃതിയും
രാവിന്റെ ദാഹവും

ഏതോ മുല മുറിക്കപ്പെട്ടവളുടെ
ശാപം..
കറുത്ത പെണ്ണിന്റെ
പ്രേമം

പച്ചിലയുടെ പിറകെ
വലിച്ചെറിഞ്ഞത്
കാലത്തിന്റെ
നാപ്പിഴ
കുലക്കാത്തത്, കുലുങ്ങാത്തത്

വെറുമൊരു പോഴൻ
അസ്സൽ
കൊണം പിടിക്കാത്തത്….

കണ്ണൂർ മാണിയൂർ സ്വദേശി, ആനുകാലികങ്ങളിലും, ഓൺലൈനിലും എഴുതുന്നു. ബിരുദാനന്തര വിദ്യാർത്ഥിയാണ്.