ഇതെൻ്റെ സ്ക്കൂളിലെ
പ്രണയിനിയേ അല്ല.
കെട്ടിയോൻ്റെതും കൂട്ടി
എല്ലുന്തിയ മൂന്ന് കുഞ്ഞുങ്ങൾ
ചിരട്ടയും നാഴിയും പോലെ
ഗർഭകാലത്തിൻ്റെ ഇടവേള തെറ്റിച്ച്
പൂച്ചപെറ്റതു പോലെ
അവൾ
എൻ്റെ മുൻപിൽ നടക്കുന്നതേയില്ലല്ലൊ .!!
വേച്ചു വേച്ചു വേലി കടക്കുന്നൊരാൾ
അവളുടെ വെള്ള പള്ളക്ക്
രാത്രി ഏറെ വൈകി
ഒരു ചെമ്പരത്തി പൂവിൻ്റെ പടം
മുള്ളിൽ
ചോരകൊണ്ട് കോറിയിട്ടിട്ട്
ഉറക്കെ ചിരിക്കുന്നതു പോലും ഇല്ല .
തിളച്ച വെള്ളം വീണ
ഒരു പൊള്ളിയ മുഖം
അതു മറക്കാനായ് പുതക്കുന്ന
അടിപ്പാവട കാട്ടുന്ന
മുഷിഞ്ഞ തുളയുള്ള പോളീസ്റ്റർ സാരി
അതുമില്ലല്ലൊ .!!
ആരോ വീടിൻ്റെ ഉത്തരത്തിൽ നിന്ന്
ചാകുന്ന മുൻപേ
ചെത്തിയിട്ട ഒരു തൊണ്ടക്കുഴി
എം എസ് തൃപ്പൂണിത്തുറയുടെ
ശബ്ദത്തിൽ
സന്ധ്യക്ക് വിളക്ക് വെച്ചിട്ട്
ദൈവത്തിനോട്
ഒന്നുംപറയുന്നതു പോലുമില്ലല്ലൊ
ദൈവമേ .!!
റേഷൻ കടക്കാരൻ
മുല തോണ്ടി ദാനം കൊടുക്കാൻ
കിണഞ്ഞ് പരിശ്രമിക്കുമ്പോഴും
ഒരു രൂപ പച്ചരി പോലും
അവൾ
സന്ധ്യക്ക് കടം പറയുന്നില്ലല്ലൊ .!!
വിറകടുപ്പ് ഊതിയ
കരിഞ്ഞ ചുണ്ടില്ല; വിയർത്ത കക്ഷക്കുഴി
ഞാൻ കാൺകെ ആൾക്കൂട്ടത്തിൽ
വെച്ച് മാന്തുന്നതും ഇല്ല
എൻ്റെ കാറിൻ്റെ മുന്നിലേക്ക്
ഒരു തവണയെങ്കിലും
വിശന്ന കുടലുമായ് തല ചുറ്റി
ഒന്ന് വീഴുന്നതും ഇല്ലല്ലൊ .!!
വളഞ്ഞ നടുവുമായ്
എൻ്റെ മുൻപിൽ ഇരക്കാത്ത
പശ്ചാത്തപിക്കാത്ത
അവളെ എങ്ങനെയാണ് ഞാൻ
ഇന്ന്
സ്നേഹിച്ചിരുന്നുവെന്ന് പറയുന്നത്.
ആ കുലീനതയോട് ഇപ്പോൾ
എനിക്ക്
ഒട്ടും ഇഷ്ടമേ ഇല്ല .