ക്രാക്ക്

തനൂജ: അതെന്തു പണിയാ ചേച്ചി? നമ്മുടെ വീടിന്റെ ഇത്ര അടുത്തല്ലെ നവനീതിന്റെ കോളേജ്? എന്തിനാണ് ഹോസ്റ്റലിലും മറ്റും നില്കുന്നത്? ഇവിടെ, നമ്മുടെ ചെമ്പക പറമ്പ് തറവാടിൽ നിന്നു കൂടെ?

സ്നേഹ: ഞാൻ പറഞ്ഞതാ, തനൂ. പക്ഷെ, പഠിക്കാനൊക്കെ ഹോസ്റ്റൽ ആണ് നല്ലത് എന്നാണ് അവൻ പറയുന്നത്.

തനൂജ: ശരി. അവന്റെ ഇഷ്ടം പോലെ. ഏതായാലും മോൻ ഉപരിപഠനത്തിന് ഇവിടെ തന്നെ ഒരു നിയോഗം പോലെ എത്തിച്ചെർന്നത് നന്നായി. ആരെങ്കിലും വിചാരിച്ചോ, അവന്റെ അച്ഛൻ ഇത്ര വേഗം നമ്മളെ ഒക്കെ വിട്ടു പോകുമെന്നും, ചേച്ചിയും അവനും,  ചേച്ചിയുടെ തറവാട് വീട്ടിലേക്കു മാറി താമസിക്കുമെന്നും?

സ്നേഹ: ശരിയാ, തനൂ. തനുവിന്റെ മക്കളൊക്കെ എന്തു ചെയ്യുന്നു?

തനൂജ: മക്കളുടെ കാര്യം പറയണ്ട, ചേച്ചി. രതീഷ് ഇടയ്ക്ക് പെട്രോൾ പമ്പിൽ പോകും. കൈയിലെ കാശു തീരുമ്പോൾ എടുക്കാനാണ് അത് എന്ന് പറഞ്ഞു ഇളയവൻ, രജീഷ് വഴക്കുണ്ടാക്കും. നിന്റെ കാര്യമൊക്കെ ഞാൻ ഇവിടെ പറയേണ്ടല്ലോ എന്ന് അവൻ തിരിച്ചു പറയും. പിന്നെ ഇളയവൻ  മിണ്ടില്ല. എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.

ഇത്രയുമായപ്പോൾ, നവനീത് അവർ രണ്ടു പേരുടെയും അടുത്തേക്ക് വന്നു.
നവനീത്: അമ്മേ, പോകാം. നേരം വൈകുന്നു.

സ്നേഹ: ശരി മോനെ. അപ്പോൾ തനൂ, നമ്മളിറങ്ങട്ടെ?

തനൂജ: ഒരു സെൽഫി എടുക്കാൻ പറ്റുമോ? മോനെ എന്റെ മക്കള് കാണുമ്പോൾ തിരിച്ചറിയണ്ടേ?

സ്നേഹ: അതിനെന്താ, തനൂ? വാ മോനെ. നവനീതും എത്തിയതോടെ അവർ മൂന്ന് പേരും തനൂജയുടെ മൊബൈൽ ഫോണിൽ ഒരു സെൽഫി എടുക്കുന്നു.

തിരിച്ചു കാറിൽ പോകുമ്പോൾ, കുറച്ചു നേരമായി മകനെ ശ്രദ്ധിച്ച,

സ്നേഹ: എനിക്ക് നമ്മുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ തോന്നിയതാണ്. നിനക്ക് ഇവരുടെ വീട്ടിൽ പോകാൻ ഒരു താത്പര്യമില്ലാത്ത പോലെ?

നവനീത്: നീണ്ട കുറെ സംഭവങ്ങൾ ആണമ്മേ.

സ്നേഹ: നമ്മുടെ വീട്ടിലെത്താൻ ഒരു മൂന്ന് മണിക്കൂറെങ്കിലും എടുക്കുമല്ലോ. നീ കാര്യം പറയൂ.

നവനീത്: അമ്മ, ഡാർക്ക് വെബ്  എന്ന് കേട്ടിട്ടുണ്ടോ?

സ്നേഹ: ഇല്ല. വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട വലതുമാണോ?

നവനീത്: അതെ. ടോർ, ഐ2പി മുതലായ ചില നെറ്റ്‌വർക്കുകൾ വഴി മാത്രം എത്തപ്പെടുന്ന ഒന്നാണ് ഡാർക്ക് വെബ്. സാധാരണ വെബ് സൈറ്റുകൾ നിങ്ങൾ ബ്രൗസ് ചെയ്യുമ്പോൾ, നിങ്ങളെ കുറിച്ച് പല വിവരങ്ങളും ശേഖരിക്കപ്പെടുന്നുണ്ട്. ഇവിടെ അങ്ങനെ ചോരില്ല. അത് മുതലെടുത്തു കൊണ്ട് ഡാർക്ക് വെബ്ബിലെ വെബ്സൈറ്റുകളിൽ മയക്ക് മരുന്ന്, തോക്കു വില്പനകൾ, നിയമവിരുദ്ധ കടത്തുകൾ എന്നിവ എല്ലാം നടക്കുന്നുണ്ട്.

സ്നേഹ: ഓ… പക്ഷേ, തനൂജയുടെ കുടുംബത്തിനെ പറ്റിയായിരുന്നല്ലോ നമ്മുടെ സംസാരം?

നവനീത്: ശരി. അതിലേക്കു വരാം. ഇവിടേയ്ക്ക് അഡ്മിഷൻ കിട്ടിയപ്പോൾ എന്റെ സുഹൃത്തുക്കളുടെ ഒപ്പം ഞാൻ ആഘോഷിക്കാൻ പോയത് അമ്മയ്ക്ക് ഓർമ്മയുണ്ടോ?

സ്നേഹ: ഉണ്ട്. ആ വിമലിന്റെയും കൂട്ടുകാരുടെയും കൂടെയല്ലേ? അന്ന് നീ തിരിച്ചു വരാൻ വൈകിയിരുന്നു.

നവനീത്: അതെ. നമ്മൾ അഞ്ചു പേരുണ്ടായിരുന്നു. അന്ന് വിമൽ, കാർ ഒരു വിജനപ്രദേശത്തു നിർത്തി. എന്നിട്ടു പറഞ്ഞു, ക്രാക്ക് ക്യാപ്സ്യൂളുകൾ ഒരാൾ തരാമെന്നു പറഞ്ഞിട്ടുണ്ട്. അയാളെ വെയിറ്റ് ചെയ്യുകയാണെന്ന്.

സ്നേഹ: ക്രാക്ക്? എന്താ മോനെ അത്? കഞ്ചാവോ മറ്റോ ആണോ?

നവനീത്: അമ്മേ, പരിഭ്രമിക്കാതെ കേൾക്കണം. ഞാൻ ഉപയോഗിച്ചിട്ടില്ല. അത് കഞ്ചാവല്ല. പക്ഷെ, ഒരു മയക്കു മരുന്നാണ്. അമേരിക്കയിലും മറ്റുമായിരുന്നു ആളുകൾ ആദ്യം അത് ഉപയോഗിക്കാൻ തുടങ്ങിയത്.

സ്നേഹ: ഹോ, മറ്റുള്ളവർ ഉപയോഗിച്ചിരുന്നോ?

നവനീത്: ഉവ്വ്. ഉപയോഗിക്കാത്ത ഒരാൾ അവർക്ക് വേണ്ടിയിരുന്നു. കാറിൽ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ.

സ്നേഹ: എന്റെ ദൈവമേ. എന്റെ മോന്റെ അതേ പ്രായമുള്ള മക്കളാണല്ലോ മറ്റുള്ളവരും.

നവനീത്: അമ്മേ, ഒരു കാര്യം കൂടി കേൾക്കൂ. വിമൽ ക്രാക്ക് ക്യാപ്സ്യൂള്സ് വാങ്ങുമ്പോൾ ഞാൻ കാറിന്റെ പുറകിൽ ഗ്ലാസ് താഴ്ത്തി ഇരിക്കുകയായിരുന്നു. അത് വിതരണം ചെയ്ത ആളെ കണ്ടു ഞാൻ ഞെട്ടി. അയാൾ പക്ഷെ, എന്നെ കണ്ടില്ല.

സ്നേഹ: ആരായിരുന്നു അത്?

നവനീത്: തനൂജ ആന്റിയുടെ മകൻ, രജീഷ്!

സ്നേഹ: മോനെ, നീ കുറച്ചു നേരം ഒന്നും പറയേണ്ട. എനിക്ക് ഇതൊക്കെ ഉൾകൊള്ളാൻ കുറച്ചു സമയം വേണം.

സ്നേഹ, തന്റെ മകൻ നവനീത് പറഞ്ഞു തന്ന, കേൾക്കാൻ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങൾ ഓർത്തു, കാർ സീറ്റിൽ കണ്ണടച്ചു ചാരി കിടന്നു. ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും ഇനിയും മകന് പറയാൻ ഉണ്ടാകും. പക്ഷേ, ക്ഷമയോടെ കേട്ട്, വേണ്ട കാര്യങ്ങൾ ആലോചിച്ചു ചെയ്യണം. ഇനി ഞെട്ടൽ അല്ല വേണ്ടത്. ഉണരൽ ആണ് വേണ്ടത്. സ്നേഹ കണ്ണ് തുറന്നു.

സ്നേഹ: അല്ല, രജീഷിനെ പോലുള്ള ഡീലേഴ്സിനു എങ്ങനെയാണ് ക്രാക്കും മറ്റും കിട്ടുന്നത്? അമേരിക്കയിൽ നിന്നാണോ?

നവനീത്: അവിടെ നിന്ന് മാത്രമല്ല. പാകിസ്ഥാൻ മുതലായ രാജ്യങ്ങളിൽ നിന്നും നമ്മുടെ അതിർത്തി സംസ്ഥാനങ്ങളിലേക്കും മയക്കു മരുന്ന് ഒഴുകുന്നുണ്ട്. കള്ളക്കടത്ത് മുതലായ പഴയ ഏർപ്പാടുകൾ ഉണ്ട്. അതിനു പുറമേ, ഇപ്പോൾ ഞാൻ നേരത്തെ പറഞ്ഞ ഡാർക്ക് വെബ്ബും ഉണ്ട്.

അപ്പോഴേക്കും അവർ വീട്ടിലെത്തുന്നു. എത്തിയ കാര്യം പറയാൻ വേണ്ടി തനുജയെ വിളിക്കാൻ മൊബൈൽ ഫോൺ എടുത്തപ്പോൾ, സ്നേഹയുടെ ഫോണിൽ ഇങ്ങോട്ടേക്കു ഒരു വിളി. പരിചയമില്ലാത്ത നമ്പർ ആണ്. എങ്കിലും എടുത്തു.

“ഹലോ, സ്നേഹ ആന്റി അല്ലെ? ഞാൻ രജീഷ്. ആന്റിയെയും നവനീതിനേയും എവിടെ ഇവിടെ വന്നപ്പോൾ കാണാൻ പറ്റിയില്ല. അമ്മയാണ് നമ്പർ തന്നത്.”

രജീഷ് ആണെന്ന് അറിഞ്ഞപ്പോൾ ഒരു നിമിഷം ഞെട്ടിയെങ്കിലും, സ്നേഹ സമചിത്തതയോടെ മറുപടി പറഞ്ഞു:

“എന്താ മോനെ…”

രജീഷ്: ആന്റി, ഞാൻ നിങ്ങളോടു ഒരു വലിയ തെറ്റ് ചെയ്തു. ഇനി ഒരിക്കലും ഞാൻ അത് ആവർത്തിക്കില്ല. മാപ്പ് പറയാനാണ് വിളിച്ചത്.

സ്നേഹ: എന്തു പറ്റി, രജീഷ്?

രജീഷ്: ആന്റി, ഞാൻ സാമ്പത്തികമായി നല്ല നിലയിലാകാൻ മയക്കു മരുന്ന് വിൽക്കാൻ തീരുമാനിച്ചു. വിമൽ എന്നൊരു ചെറുപ്പക്കാരനുമായായിരുന്നു ഇടപാട്. അവന്റെ കാറിന്റെ പിറകിൽ ഇരുന്ന ചെറുപ്പക്കാരനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാൻ ഓർത്തു. ഇന്ന് അമ്മയുടെ കൂടെ നിങ്ങളുടെ സെൽഫി കണ്ടപ്പോൾ ഞാൻ ആളെ തിരിച്ചറിഞ്ഞു. അത് നമ്മുടെ നവനീത് ആയിരുന്നു ആന്റി. അന്നിട്ട അതേ  ഷർട്ട് ആയിരുന്നു ഇന്നും അവനിട്ടത്.

സ്നേഹ ഒന്നും മിണ്ടിയില്ല.

രജീഷ്: തുടർന്നു: ആന്റി, എന്റെ അനിയനെ പോലെ ഉള്ള നവനീതിനും  കൂട്ടുകാർക്കുമാണല്ലോ ഞാൻ അത് കൊടുത്തത്. നവനീത് അത് ഉപയോഗിച്ചോ എന്നെനിക്ക് അറിയില്ല. പക്ഷേ, എന്റെ ഭാഗത്ത് നിന്നും ഇനി അങ്ങനെ ഒരു സംഭവം ഉണ്ടാകില്ല. ആന്റി അവനെ ഒന്നും ചെയ്യരുത്. അവൻ കഴിച്ചിട്ടുണ്ടെങ്കിൽ, ക്ഷമാപൂർവ്വം തിരുത്തണം. എന്നോട് ക്ഷമിക്കണം.

സ്നേഹ: രജീഷ് പൂർണ്ണമായ പശ്ചാത്താപത്തോടെയാണ് ഇതു പറയുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. രജീഷിന്റെ ഉറപ്പ് ഞാൻ വിശ്വസിക്കുന്നു. നവനീതിന്റേയും കൂട്ടുകാരുടെയും കാര്യം ഞാൻ നോക്കാം. രജീഷ് ഫോൺ വെച്ചിട്ടു കിടന്നോള്ളൂ. ഗുഡ് നൈറ്റ് !

പിറ്റേന്ന് രാവിലെ എഴുന്നേറ്റ നവനീത്, തന്റെ മൊബൈലിലൂടെ വാർത്തകൾ സ്ക്രോൾ ചെയ്തു നോക്കുകയായിരുന്നു. പെട്ടെന്ന് വന്ന ഫ്ളാഷ് ന്യൂസിൽ അവന്റെ കണ്ണുടക്കി:
“അധോലോക മയക്കു മരുന്ന് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ, രജീഷ് ചെമ്പക പറമ്പ് എന്ന യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ വിശദമായ പോലീസ് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.”

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.