രാകേഷ് വെക്കേഷന് വന്നതിനാൽ സുമന്ത് വളരെ സന്തുഷ്ടനാണ്. അയൽവാസികളായിരുന്ന അവർ രണ്ടു പേരും എട്ടാം തരം വരെ, ഒരേ സ്ക്കൂളിൽ ആയിരുന്നു പഠിച്ചത്. രാകേഷിന്റെ അച്ഛന് ബാംഗ്ളൂരിൽ ജോലി കിട്ടിയതിനാൽ അതിനു ശേഷം രാകേഷിന്റെ പഠനം ബാംഗ്ളൂരിൽ ആയിരുന്നു. പുതിയ നാടുമായും, സ്കൂളുമായും ഇണങ്ങാൻ രാകേഷ് കുറച്ചു സമയം എടുത്തു. മലയാളം സ്കൂളിൽ പഠിക്കാൻ കഴിയാതിരുന്നത് രാകേഷിന് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു കാര്യമായിരുന്നു. എങ്കിലും, മലയാളത്തിലെ പത്രങ്ങളും, നോവലുകളും, മാസികകളും മറ്റും മുടങ്ങാതെ വായിച്ചു, രാകേഷ് തന്റെ നാടും, മാതൃഭാഷയുമായുള്ള ബന്ധം നിലനിർത്തി.
രാകേഷ് പോയത്, സുമന്തിനെയും ബാധിച്ചിരുന്നു. പക്ഷെ, ഒഴിവു കാലങ്ങളിൽ നേരിട്ട് കാണുമ്പോൾ അനവധി അനുഭവങ്ങൾ പങ്കു വെക്കാനായി സുമന്ത് രാകേഷിനെ കാത്തിരുന്നു. ഒരിക്കൽ, ബാംഗ്ളൂരിൽ പോയി രാകേഷിന്റെ കൂടെ താമസിക്കാനും സുമന്തിനു സാധിച്ചു. രാകേഷിനെ പോലെ സുമന്തും നല്ല വായനാശീലക്കാരനായിരുന്നു. സുമന്തുമായുള്ള നേരിട്ടും, ഫോണിലൂടെയുമുള്ള സംഭാഷണങ്ങളിലൂടെ രാകേഷിന് ബാംഗ്ളൂരിൽ താമസിച്ചിട്ടും മലയാള സംസാരം നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു. സുമന്ത് ഇന്ന് പ്ലസ് വണിൽ ആണ്. രാകേഷ് ബാംഗളൂരിൽ ആയതിനാൽ ഫസ്റ്റ് പ്രീ യൂണിവേഴ്സിറ്റി അഥവാ, ഒന്നാം വർഷ പി യൂ സിയിൽ ആണ്. കേരളത്തിൽ മുൻപ് പ്രീഡിഗ്രി എന്ന് പറയുന്ന കോഴ്‌സാണ് കർണാടകയിൽ പ്രീ യൂണിവേഴ്സിറ്റി.
ആ കൗമാരക്കാരുടെ ഇപ്പോഴുള്ള സംസാരങ്ങളിലെ പ്രധാന വിഷയമായിരുന്നു, പെൺകുട്ടികൾ!
സുമന്ത്: ഞാൻ എന്റെ ഇളയച്ഛന്റെ വീട്ടിൽ പോയി, ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ അവളുടെ വീട്ടിന്റെ വരാന്തയിലോ, മുറ്റത്തോ മറ്റോ അവൾ നില്കുന്നുണ്ടോ എന്നു നോക്കി.
രാകേഷ്: നീ അവളെ ആദ്യമായി കണ്ടത് എപ്പോഴാണ്?
സുമന്ത്: കഴിഞ്ഞ തവണ പോയപ്പോൾ അവളെ അവിടെ കണ്ടിരുന്നു. ക്രമങ്ങളിലും, ഞൊറികളിലുമായി!
രാകേഷ്: ക്രമങ്ങളിലും, ഞൊറികളിലുമായോ? മനസ്സിലായില്ല.
സുമന്ത്: അവളുടെ ഉടയാടകളുടെ സവിശേഷതകൾ വർണിച്ചതാണ്. മയിൽ പോലുള്ള ഒരു പക്ഷിയുടെ എംബ്രോയിഡറി ചെയ്ത ടോപ്പ് ഇപ്പോഴും കൺമുന്നിൽ കാണുന്ന പോലെ.
രാകേഷ്: ഓ!
സുമന്ത്: ഒരു ചെറിയ മാലയായിരുന്നു കഴുത്തിൽ അണിഞ്ഞത്. അതിന് വട്ടത്തിലുള്ള ഒരു ചിത്രപ്പതക്കം.
രാകേഷ്: അത് ശരി. ചെറിയ മാലയാണെങ്കിൽ വലിയ കര്‍ണ്ണാഭരണം ആയിരിക്കുമല്ലോ.
സുമന്ത്: ചിലപ്പോൾ ആയിരിക്കും. ചിലപ്പോൾ അല്ലായിരിക്കും. ഞാൻ കണ്ടില്ല.
രാകേഷ്: അതെന്താ കാണാതിരുന്നത്?
സുമന്ത്: വീട്ടിൽ തന്നെ ആയതിനാൽ അവൾ വലിയ കാതില അണിയേണ്ട എന്നു കരുതിയിരിക്കും.
അല്ലെങ്കിൽ ക്ഷണപ്രഭ പോലെ എനിക്കു കിട്ടിയ ദർശനത്തിൽ അവളുടെ ഇടതൂർന്നു വളർന്ന അളകങ്ങൾക്കിടയിൽ ആ കര്‍ണ്ണഭൂഷണം എനിക്കു കാണാൻ പറ്റിയില്ല.
രാകേഷ്: കൈകളിലെ വളകൾ ഓർക്കുന്നുണ്ടോ?
സുമന്ത്: കൈകൾ ശൂന്യമായിരുന്നു. വലത്തെ കൈ ഇടതിനെക്കാൾ ചെറുതായിരുന്നോ എന്നൊരു സംശയം. പിന്നെ, അത് അവൾ നിന്നയിടത്തേക്കു ഞാൻ എന്റെ നോട്ടം പോകുമ്പോൾ ഉണ്ടായ ആ ദൃഷ്ടികോണിന്റെ പ്രത്യേകതയാണോ എന്നൊരു സാധ്യത ഉണ്ട്. ഏതായാലും ഒരു മിന്നായം പോലുള്ള നോട്ടം മാത്രമായിരുന്നെങ്കിലും ആ രൂപം മനസ്സിൽ നിന്നും ഇതു വരെ പോയിട്ടില്ല.
രാകേഷ്: ഇത്തവണ അവളെ കണ്ടോ?
സുമന്ത്: അവളുടെ വീട്ടിൽ കണ്ടില്ല. നിരാശയോടെ മുൻപോട്ടു നടന്നു, അടുത്ത വീടിന്റെ ഗേറ്റിന്റെ മുൻവശം എത്തിയപ്പോൾ കൺകോണിലൂടെ രണ്ടു മൂന്നു പെൺകുട്ടികൾ ആ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു. ആ കൂട്ടത്തിൽ അവളുണ്ടോ എന്നറിയാൻ മതിലിന്റെ മുകളിലൂടെ ഒരു നോട്ടം നോക്കി. ഇല്ലെന്നു തോന്നി, ഉറപ്പിക്കാൻ ഒന്ന് കൂടി ഏന്തി നോക്കി. ഇത്തവണയും നിരാശയായിരുന്നു ഫലം.
രാകേഷ്: കഷ്ടമായി പോയി. നിന്റെ നോട്ടങ്ങൾ വേറെ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ? നമ്മുടെ നാട്ടിൽ അങ്ങനെയുള്ളവരും ഉണ്ടല്ലോ.
സുമന്ത്: ഒരു സംഭവമുണ്ടായി, രാകേഷേ…ഞാൻ ഈ കലാപരിപാടി നടത്തിക്കഴിഞ്ഞപ്പോൾ, എതിർദിശയിൽ നിന്നും വരുന്ന ഒരാൾ, എന്താ എന്നു ചോദിച്ചു. ഇഷ്ടമല്ലാത്ത മട്ടിൽ, ഒന്നൂല്ല എന്ന് പറഞ്ഞു ഞാൻ ആഞ്ഞുനടന്നു. ഇയാളാര്, ഒരു സദാചാരക്കാരനാണോ എന്ന ചിന്തയോടെ ഞാൻ അയാളെ ഒന്ന് തിരിഞ്ഞു നോക്കി. നോക്കുമ്പോൾ അയാൾ, ഞാൻ ഏന്തി വലിഞ്ഞു നോക്കിയ വീട്ടിലേക്കു പോകുന്നു! അയാളുടെ വീടായിരിക്കും അത്. അങ്ങോട്ട് ഞാൻ വലിഞ്ഞു നോക്കുന്നത് കണ്ടിട്ടാണ് അയാൾ ചോദിച്ചത്!
ഇത്രയും പറഞ്ഞു സുമന്ത് ചിരിക്കാൻ തുടങ്ങി. രാകേഷും ആ ചിരിയിൽ പങ്കു ചേർന്നെങ്കിലും പെട്ടെന്ന് എന്തോ ഓർത്ത്, ചിരി നിർത്തി.
രാകേഷ്: സുമന്ത്, ഇതു പറഞ്ഞപ്പോഴാണ് വീണ്ടും ഓർത്തത്. ഏതാണ്ട് ഒരു കൊല്ലം മുമ്പേ ഒരു സംഭവം നടന്നു. അതിന്റെ പരിണതഫലം അറിഞ്ഞിട്ടു എല്ലാവരോടും പറയാം എന്ന് കരുതി. ഫലം അത്ര നല്ലതല്ലാത്തതിനാൽ നിന്നോട് മാത്രം പറയാം.
രാകേഷ്: എന്റെ വീടിന്റെ അടുത്ത് ഒരു കന്നഡ പടത്തിന്റെ ഷൂട്ടിംഗ് നടന്നു. കാണാൻ പോയവരിൽ ഞാനും ഉണ്ടായിരുന്നു. നമ്മളിൽ ചിലരെ ജൂനിയർ ആര്ടിസ്റ്റുമാരായി എടുത്തു.
സുമന്ത്: ആഹാ, എന്നിട്ടാണോ? എന്തായിരുന്നു റോൾ?
രാകേഷ്: നീ ചെയ്ത പോലെ, ഒരു വീടിന്റെ മുന്നിലൂടെ പോകണം. മതിലിന്റെ മുകളിലൂടെ വീട്ടിലേക്ക് നോക്കണം. ഒന്ന് കൂടെ ഏന്തി വലിഞ്ഞു നോക്കണം.
സുമന്ത്: ആരെയാണ് നോക്കേണ്ടത്?
രാകേഷ്: ആ വീട്ടുടമസ്ഥനെയാണ് നോക്കുന്നത് എന്നായിരുന്നു പറഞ്ഞത്. പക്ഷെ, ക്യാമറ എന്റെ നേരെയായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ അപ്പുറത്തു, വീട്ടിൽ ആരും ഇല്ലായിരുന്നു. ആ രംഗം അവർ പിന്നെ ഷൂട്ട് ചെയ്തു കൂടി ചേർക്കും എന്നു ഞാൻ അനുമാനിച്ചു.
സുമന്ത്: ആ സിനിമ റിലീസ് ചെയ്തോ?
രാകേഷ്: ചെയ്തു. പക്ഷെ, എന്റെ സീൻ ഉണ്ടാകുമോ എന്നൊന്നും ഉറപ്പിലായിരുന്നു. ചിലപ്പോൾ എഡിറ്റിങ്ങിൽ വെട്ടി പോകുവാനൊക്കെ സാധ്യത ഉണ്ടല്ലോ. അതിനാൽ, ഞാൻ കണ്ടതിനു ശേഷം എല്ലാവരെയും അറിയിക്കാം എന്നു കരുതി. കണ്ടപ്പോൾ, എന്റെ സീൻ ഉണ്ട്.
സുമന്ത്: ആഹാ, നന്നായല്ലോടാ!
രാകേഷ്: ഇല്ലെടാ. ആ വീട്ടുടമസ്ഥന്റെ മകളാണ് സിനിമയിലെ നായിക. അവളെ അവിടെത്തെ ചെറുപ്പക്കാരൊക്കെ നോക്കുന്നുണ്ട്. അത് കാണിക്കാൻ ഉള്ള ഒരു ഉദ്ദേശ്യമായിരുന്നു അണിയറ പ്രവർത്തർക്ക്. അതായത് അനവധി വായിനോക്കികളുടെ കൂട്ടത്തിൽ ഒരാൾ ആണ് ഞാൻ.
ദുഃഖത്തോടെയിരിക്കുന്ന രാകേഷിനെ കണ്ടപ്പോൾ സുമന്തിനു സങ്കടം തോന്നി. അവൻ ചിന്തയിലാണ്ടു. അവന്റെ സ്ഥാനത്തു താനായിരുന്നെങ്കിലും സിനിമയിൽ ഒരു സീനെങ്കിൽ ഒരു സീൻ, അഭിനയിക്കുമായിരുന്നു. പക്ഷെ, ഇതു ഒരു മാതിരി ഒലിപ്പീരു രംഗം. വേണ്ടായിരുന്നു. പെട്ടെന്നാണ് അവൻ ഒരു കാര്യം ഓർത്തത്. രാകേഷ് സിനിമയിൽ ചെയ്തതിനു പശ്ചാതപിക്കുന്ന റോളല്ലെ താൻ യഥാർത്ഥ ജീവിതത്തിൽ ആ പെൺകുട്ടിയുടെ അടുത്ത് ചെയ്യുന്നത്?
രാകേഷ്: കന്നഡ പടമായതിനാൽ നാട്ടിൽ ആരും കാണാൻ ഇടയില്ല. അത്രയും ആശ്വാസം.
സുമന്തിന് എന്തെങ്കിലും പറഞ്ഞു രാകേഷിനെ ആശ്വസിപ്പിക്കണം എന്നു തോന്നി.
സുമന്ത്: ആ സിനിമാക്കാർ, നീ വല്ലവരുടെയും കിടപ്പു മുറിയിലോ, കുളിമുറിയിലോ മറ്റോ ഏന്തി വലിഞ്ഞു നോക്കുന്ന പോലെയൊന്നും അല്ലല്ലോ കാണിച്ചത്. വിട്ടു കള. നമുക്ക് ഏതായാലും ഒരു സിനിമയ്ക്ക് പോകാം, വാ.
ആ കൂട്ടുകാർ രണ്ടും, ചിരിച്ചു കൊണ്ട് എഴുന്നേറ്റു.