ഒരു മാസ്ക്, നീല മാസ്ക്… പന്ത്രണ്ടാം നിലയിലെ L 2 ഫ്ലാറ്റിൽ നിന്ന് താഴേക്ക് പറന്നു. കടൽത്തിരകൾ കരയിലേക്ക് പറത്തിവിട്ട കാറ്റിൽ അത് താഴെ പാറക്കൂട്ടങ്ങളിൽ തങ്ങി, പിന്നെ എവിടെയോ അപ്രത്യക്ഷമായി.
ദേവനന്ദയുടെയും ഭർത്താവ് രവികിരണിന്റെയും ഫ്ലാറ്റാണത്. കടലിനു അഭിമുഖമായ ഫ്ലാറ്റുകളിൽ ഒന്ന്.
നഗരത്തിലെ ടെക്നോസിറ്റിയിലെ ടെക്കികളായിരുന്നു ആ ഫ്ലാറ്റുസമുച്ചയത്തിലെ അന്തേവാസികളിലധികവും. അപ്പർക്ളാസ് ജീവിതത്തിന്റെ സ്വയം നിർമ്മിത അതിരളവുകളി. ബന്ധങ്ങളേയും സൗഹൃദങ്ങളെയും തളച്ചിടുന്നവർ. ലിഫ്റ്റിലെ കണ്ടുമുട്ടലുകൾക്കിടയിലെ ഔപചാരികതകളിൽ ഒതുങ്ങുന്ന ബന്ധങ്ങൾ.
പകൽ ജീവിതത്തിന്റെ ഓഫീസ് മടുപ്പുകളെ ദേവയും കിരണും ഇറക്കിവെച്ചിരുന്നത് ബാൽക്കണിയിലെ ഈറൻ കടൽക്കാറ്റിലായിരുന്നു. പകലറുതികളിൽ ബാൽക്കണിയിലെ ആംചെയറിൽ കിരണിന്റെ കയ്യിലെ വിസ്കിഗ്ലാസ്സിൽ സാന്ധ്യരശ്മികൾ നുരഞ്ഞു പതയുമ്പോൾ പലപ്പോഴും ദേവയുടെ ചുണ്ടുകളിലും ബിയറിന്റെ തണുപ്പ് പറ്റിപ്പിടിച്ചുനിന്നു.
വൈകുന്നേരങ്ങളിൽ കടപ്പുറം ശബ്ദമുഖരിതമാകും. കാറ്റുകൊള്ളാനെത്തുന്ന കുടുംബങ്ങൾ … കച്ചവടക്കാർ … ആർത്തുല്ലസിക്കുന്ന കുട്ടികൾ … ദൂരെ മത്സ്യബന്ധനബോട്ടുകളും വള്ളങ്ങളും. തീരത്ത് ചിതറിത്തെറിക്കുന്ന പാൽനുര പോലുള്ള കുട്ടികളെ കാണുമ്പോൾ ദേവയുടെ ഉള്ളിലും ചിലനേരങ്ങളിൽ പേരറിയാത്തൊരു നോവിന്റെ തണുപ്പ് പടരും.
കരിയറിന്റെ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ, ജീവിതാസ്വാദനത്തിന്റ ഇനിയും കീഴടക്കാത്ത കൊടുമുടികൾ കയറാൻ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമായിരുന്നു, തങ്ങളുടെ ജീവിതത്തിൽ മൂന്നാമതൊരാൾ ഉടനെ വേണ്ടെന്നത്.
അപ്രതീക്ഷിതമായി വന്ന കൊറോണ ‘വർക്ക് അറ്റ് ഹോമിലൂടെ’ ഓഫീസിനെ വീട്ടിലേക്ക് പറിച്ചു നട്ടപ്പോൾ സന്തോഷവും ആശ്വസവുമാണ് ദേവക്കും കിരണിനും ആദ്യം തോന്നിയത്. ഓഫീസിലെ തിരക്കുകൾ… മീറ്റിംഗുകൾ… ഒരിക്കലും തീരാത്ത ട്രാഫിക് ബ്ലോക്കുകൾ… പിന്നെ ചെയ്തു തീരാത്ത പണികളുമായി വീട്ടിലെത്തി, ബെഡ്റൂമിൽ പോലും ലാപ്ടോപ്പുകൾക്കു മുന്നിൽ തപസ്സിരുന്നു, അവസാനം അവയോടൊപ്പം തന്നെ തളർന്നുറങ്ങുന്ന ദിവസങ്ങൾ. എല്ലാത്തിൽ നിന്നൊരു മോചനം! ക്ളോക്കിന്റെ സൂചികളുടെ ചലനത്തിൽ മാത്രം നിയന്ത്രിതമാകാത്തൊരു ജീവിതം!
ജനൽ ചില്ലിലെ പുലർകാല ‘സൂര്യന്മാരിലേക്ക്’ കണ്ണ് തുറന്നപ്പോൾ ദേവ ഓർക്കുകയായിരുന്നു, എത്ര കാലമായിരിക്കുന്നു ഈ പ്രഭാതങ്ങളെ അറിഞ്ഞിട്ട്! തിരക്കു കൂട്ടാതെ അടുക്കളയിലേക്ക് നടക്കുമ്പോൾ അവളുടെ ചുണ്ടിൽ എന്നോ മറന്നൊരു മൂളിപ്പാട്ട് അറിയാതെയെത്തി. അങ്ങു ദൂരെ കടലലകളിൽ തെന്നിത്തെറിച്ചു അകലേക്ക് പോകുന്ന വള്ളങ്ങൾ.
വീടിന്റെ സ്വസ്ഥതയിൽ ഇരുന്ന് ശാന്തമായി ജോലി… ഓൺലൈൻ മീറ്റിംഗുകളും വീഡിയോ കോൺഫറൻസും ഫോൺ കോളുകളും മറ്റുമായി ഔദ്യോഗിക കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ കഴിയുന്നു. ലാപ്ടോപ്പുകൾ ബെഡിൽ സ്ഥലം പിടിക്കാതായതോടെ കാമനകളുടെ പൂർത്തിയാകാതെ പോയ ഈണങ്ങൾ വീണ്ടും ശ്രുതിചേർന്നു. തുറന്നിട്ട ജനാലയിലൂടെ നിലാവുമായെത്തിയ കടൽക്കാറ്റ് ദേവയുടെയും കിരണിന്റെയും കിതപ്പുകളെ ഒപ്പിയെടുത്തു.
എല്ലാം മാറിമറിഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു. കൊറോണ ഒരു മഹാമാരിയായി ലോകം മുഴുവൻ പെയ്തു നിറഞ്ഞു. നിസ്സഹായതയുടെ, അനിശ്ചിതത്വത്തിന്റെ, ഉൽക്കണ്ഠകളുട കരിനിഴൽ ഓരോരുത്തരിലും പതിച്ചത് വളരെപ്പെട്ടെന്നായിരുന്നു. സഹപ്രവർത്തകരുടെ ഫോൺ കോളുകൾ അപകട സൈറൺ മുഴക്കാൻ തുടങ്ങി, തൊഴിൽ നഷ്ടത്തിന്റെ… ശമ്പളംവെട്ടിക്കുറക്കലിന്റെ ഒക്കെ വാർത്തകൾ!
മാസ്ക് ധരിക്കേണ്ടതിന്റെ, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ, കൂടിച്ചേരലുകൾ ഒഴിവാക്കേണ്ടതിന്റെയൊക്കെ വാർത്തകൾ എപ്പോഴും വന്നുകൊണ്ടിരുന്നു. ഇടക്കൊക്കെ പുറത്തിറങ്ങേണ്ടി വന്നപ്പോൾ മാസ്ക് ധരിക്കുന്നത് ശീലമായി. മെല്ലെ മെല്ലെ അത് ശരീരത്തിന്റെ ഒരു ഭാഗമാകാനും തുടങ്ങി.
അടുപ്പത്തിൽ പോലും അകലം സൂക്ഷിച്ചിരുന്നവർ പിന്നെയും അകന്നു!
കണ്ടുമുട്ടുന്നവരുടെ കണ്ണുകളിലൊക്കെ അവിശ്വാസത്തിന്റ ഭയപ്പാടുകൾ! ഔപചാരികതകളുടെ പുഞ്ചിരികൾ പോലും മാസ്കുകൾക്കുള്ളിൽ അപ്രത്യക്ഷമായി. വികാരങ്ങളും വിചാരങ്ങളുമൊക്കെ മാസ്കുകൾക്കുള്ളിൽ കെട്ടിയിടപ്പെട്ടു. മെല്ലെമെല്ലെ ലോകം മുഖമൂടികളുടെ ഒരു കൂട്ടമാകാൻ തുടങ്ങി … ഒടുവിൽ ലോകം തന്നെ വലിയൊരു മുഖംമൂടി ആയി!
മടുപ്പിന്റെ ഉപ്പുകാറ്റ് ജനൽവിരികളും കടന്ന് മനസ്സുകളിലേക്കും വീശാൻ തുടങ്ങിയത് ദേവയും കിരണും അറിഞ്ഞില്ല! എപ്പോഴും ഒന്നിച്ചു അടുത്തുണ്ടായപ്പോഴാണ്, തങ്ങൾക്കിടയിൽ ഇത്രയേറെ അകൽച്ച ഉണ്ടായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞത്.
സുഹൃത്തുക്കൾ, പാർട്ടികൾ, വിനോദസഞ്ചാരങ്ങൾ ഒക്കെ ഇല്ലാതായതോടെ ഫ്ളാറ്റിലെ അന്തരീക്ഷം ഏറെ അസ്വസ്ഥമാകാൻ തുടങ്ങി, ഒറ്റപ്പെടലിന്റെ തണുപ്പ് മെല്ലെ മെല്ലെ അരിച്ചു കയറാനും. കടപ്പുറത്ത് എപ്പോഴൊക്കെയോ പ്രത്യക്ഷപ്പെടുന്ന വിരലിലെണ്ണാവുന്നവരും അവരുടെ ആഹ്ലാദങ്ങൾക്ക് മാസ്കിട്ടിരിക്കുന്നു!
അന്നു കിരൺ ഏറെ അസ്വസ്ഥനായിരുന്നു, വർക്ക് അറ്റ് ഹോമിനു പുറമേ സാലറി കട്ടും! ഫ്ലാറ്റിന്റെ ലോൺ ഇനിയും അടച്ചു തീർന്നിട്ടില്ല… കണക്കുകൂട്ടലുകൾക്ക് മുകളിൽ പതിച്ച ആദ്യപ്രഹരം. ദേവയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. സാലറികട്ട് അവരുടെ കമ്പനിയും പ്രഖ്യാപിച്ചു. അത്, രാവിലെ കാപ്പിയിൽ ഇടുന്ന പഞ്ചസാരയുടെ അളവിൽ ആരംഭിച്ചു, രാത്രിഅത്താഴത്തിന്റെ കറിയിലെ ഉപ്പിൽ വരെ പ്രതിഫലിച്ചു തുടങ്ങി. ആദ്യമായി ‘നീ ചെയ്യ്, നിങ്ങൾ ചെയ്യൂ’ എന്നൊക്കെയുള്ള ശബ്ദമുയർത്തലുകൾ ഫ്ലാറ്റിൽ പ്രതിധ്വനിച്ചു. എപ്പോഴും പുഞ്ചിരി സൂക്ഷിച്ചിരുന്ന ദേവയുടെ ചുണ്ടുകളിൽ നിരാശ കയറിക്കൂടി.
തൊട്ടുടുത്ത L 3 യിലെ മീനാക്ഷിയമ്മാൾ പനിപിടിച്ച് ആശുപത്രിയിലായി, കോവിഡ് സ്ഥിരീകരിച്ചു ഒരാഴ്ചക്കുള്ളിൽ മരിക്കുന്നതുവരെ ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗത്തെക്കുറിച്ചവർ ചിന്താകുലരായിരുന്നില്ല. ആ മരണം L-ഫ്ലോറിനെ മാത്രമല്ല, ആ ഫ്ലാറ്റ് സമുച്ചയത്തെ ആകെ തടങ്കലിലാക്കി. സ്വന്തം കിടപ്പുമുറിയിൽ നിന്നും കിരൺ ഉറക്കം ടി വി ക്കു മുന്നിലെ സോഫയിലേക്കു മാറ്റി. അമ്മയില്ലാത്ത കുറവറിയിക്കാതെ അച്ഛൻ വളർത്തിയ ദേവയാകട്ടെ എന്നും രാത്രി അമ്മയെ സ്വപ്നം കണ്ടുണർന്നു, പാതിരാവിൽ അച്ഛനെ വിളിച്ചുണർത്തി സംസാരിക്കുവാൻ തുടങ്ങി. അതിൽ അസ്വസ്ഥനായ കിരൺ ‘നിന്റെ അച്ഛനെന്താ കൊമ്പുണ്ടോയെന്നു’ ദേഷ്യപ്പെട്ടു.
ഫ്ലാറ്റിന് പുറത്ത് ഇടക്കിടെ ഇരച്ചുവരുന്ന ആംബുലൻസുകൾ മനസ്സിനുള്ളിലും അപകടസൈറൺ മുഴക്കിക്കൊണ്ടിരുന്നു. തികഞ്ഞ ആരോഗ്യവാന്മാരേപ്പോലെ ആശുപത്രിയിലേക്കു പോയ പലരും ഒരിക്കലും അവിടേക്കു തിരിച്ചു വന്നില്ല.
മാസ്ക്ക് മുഖത്തണിഞ്ഞ് അപരിചിതരായി ജീവിക്കുകയാണ് സ്വന്തം വീട്ടിനുള്ളിൽപ്പോലുമെന്നവൾക്കു തോന്നിത്തുടങ്ങി. മനുഷ്യബന്ധങ്ങൾ ഡിജിറ്റലായി മാറിയിരിക്കുന്നു. കെട്ട കാലം തുടരുകയാണ്. ഓഫീസിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയും യാത്രയായി എന്നറിഞ്ഞ ആ രാവിലാണ് എല്ലാ അസ്വസ്ഥതകളും അവസാനിപ്പിക്കാൻ ദേവ തീരുമാനിച്ചത്!
ബാൽക്കണിയിലെത്തി, മുഖത്തണിഞ്ഞ മാസ്ക്ക് ദേവ ആകാശത്തേക്ക് പറത്തിവിട്ടു. ആ ഇളം നീല മാസ്ക്ക്, പന്ത്രണ്ടാം നിലയിലെ L2 ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും പുറത്തേക്കു പറക്കുമ്പോൾ സൂര്യൻ അസ്തമിക്കുവാൻ തുടങ്ങിയിരുന്നു. കടൽക്കാറ്റിൽ അതൊരു തൂവൽ പോലെ പറന്നു പറന്ന്, മെല്ലെ ഒരു പാറക്കെട്ടിൽ തങ്ങി, പിന്നെയും പറന്നുപൊങ്ങി, അടുത്തുയർന്നുവന്ന വൻതിരയുടെ പിടിയിലമർന്നു, സൂര്യനോടൊപ്പം കടലാഴങ്ങളിലേക്ക് ഒഴുകി മറഞ്ഞു.
ദേവ ഇരുകൈകളും ഒരു മാസ്ക് പോലെ വിടർത്തി ബാൽക്കണിയിൽ നിന്ന് താഴേക്ക് പറന്നു …