ചാവുനിലം

‘എന്നാലും ഇത് അന്തോം കുന്തോം ഇല്ലാത്ത ഒരു ജീവിതം ആയിപ്പോയെ… ആര് കേട്ടാലും ചെയ്തത് ഒരു നാട്ടുനടപ്പ് തന്നെയാ. കെട്ടിയോളുടെ കാലം കഴിഞ്ഞപ്പോ തനിച്ചായിപ്പോയ അപ്പൻ നല്ല കാലത്ത് ചോര നീരാക്കി ഒഴുക്കി ഉണ്ടാക്കിയ വയൽ മുഴുവൻ ഒരേ ഒരു മകളുടെയും ഭർത്താവിന്റെയും പേരിൽ എഴുതി കൊടുത്തു. ശിഷ്ടജീവിതം അവരോടൊപ്പം ആകാം എന്നും കരുതി’.

‘കടലാസിന്റെ അടീൽ ശൂ എന്നെഴുതി ഒരു വട്ടം വരച്ചു കൊടുത്തപ്പോ ഇത്രേം കരുതീല്ല. ഇപ്പൊ ചുറ്റിനും വേലി കെട്ടി ജീവിതം അതിനകത്തു ശൂ എന്നായിപ്പോയി’.

‘ഈ പട്ടണത്തിൽ പ്ളാറ്റിലെ പൊറുതി എന്ന് പറഞ്ഞാല് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്. അതിനകത്തു കാറ്റുമില്ല ആകാശവുമില്ല, കത്രീനയുടെ മണോം ഇല്ല. ഒള്ളത് പറയാല്ലോ. ഇന്നലെ കോണകം അലക്കി ഇട്ടത് പ്ലാറ്റിന്റെ ഫാൽക്കണീലാ. നേരം വെളുത്തപ്പോ ഒരു നെറികെട്ട കാറ്റ് വന്ന് അത് പറപ്പിച്ചു കൊണ്ടു പോയി താഴെ നിന്ന റോസാച്ചെടിക്കമ്പിൽ കൊടി കുത്തിയിട്ടു. പിള്ളേർ അത് പിന്നേം കുത്തി പൊക്കി ചിരിയോടു ചിരിയായി. അല്ലേലും കഴിഞ്ഞാഴ്ച പള്ളീൽ പോയപ്പോ കോണ്കവാല് മുണ്ടിന്റെ അടീൽ ഞാന്നുകിടന്നതിനു ലാസർ മുട്ടൻ തെറി പറഞ്ഞു. വയസ്സായാല് മുണ്ടിന്റെ അടീൽ എന്നാ ഇട്ടാലെന്താ ഉടുത്താലെന്താ ആര് കാണാനാ..’

‘അരഞ്ഞാണച്ചരടും പണസഞ്ചിയും മാത്രം ബാക്കിയുണ്ട് ഇപ്പൊ. ഉടുക്കാൻ ഒരു കോണകം പോലും സ്വന്തമായി ഇല്ല. മേരിപ്പെണ്ണു ധ്യാനത്തിന് പോയപ്പോ ഉള്ള ജീവനും കൊണ്ട് ഓടിപ്പോന്നതാ.’

‘ഒന്ന് താഴത്തോട്ടു പോയി ഇത്തിരി കാറ്റ് കൊള്ളണമല്ലോ എന്ന് പറഞ്ഞപ്പോ ലാസ്സർ ഇന്നലെ പറയുവാ മോളിലോട്ടു പോകാറായ അപ്പൻ ഇനീം താഴോട്ടു പോണം എന്ന് പറഞ്ഞാൽ എങ്ങിനാ എന്ന്. പ്ലാറ്റിനകത്തു നിന്റെ അമ്മച്ചീടെ മണമില്ലല്ലോ എന്ന് പറഞ്ഞപ്പോഴും അവനു ഉത്തരം ഉണ്ടായിരുന്നു. അമ്മച്ചീടെ മണം വേണേൽ നിന്റെ അപ്പനെ ഈ തൊണ്ണൂറ് കാലത്ത് ഇനീം കെട്ടിയ്ക്കണോല്ലോടീ എന്ന്. കണ്ണ് നിറഞ്ഞു പോയി. നെഞ്ചത്തടിച്ചു നിലവിളിക്കാൻ തോന്നി. ഒരു പോള കണ്ണടച്ചില്ല രാത്രീൽ.’

‘മേരിപ്പെണ്ണിന്റെ മോൻ ഒരു പാവത്താനാ. തലേൽ മൂന്നാലു കിളികൾക്കു കൂട് കൂട്ടാൻ പാകത്തിന് മുടിയും താടിയും ഉണ്ടെന്നേ ഉള്ളൂ. എല്ലാരും പോയിക്കഴിഞ്ഞപ്പോ അവൻ സ്വിച്ച് ഇട്ടാൽ തുറന്ന് അടയണ അറയ്ക്കകത്തു കേറ്റി താഴെ കൊണ്ട് വന്ന് മുരുകൻ ബസ്സിൽ കയറ്റി വിട്ടു. വല്യമ്മച്ചീടെ ഓർമ്മദിവസമാ പള്ളീൽ പോണം എന്ന് ചുമ്മാ ഒരു നുണ പറഞ്ഞതാ.’

‘വണ്ടിയിറങ്ങി ആർത്തി പിടിച്ചു നാലുപാടും നോക്കിയപ്പോ വഴിയരികിൽ ഒരു മലയുണ്ടായിരുന്നതിന്റെ പകുതിയും ആരോ മാന്തിക്കൊണ്ടു പോയി. ഒരു മരം ഉണ്ടായിരുന്നത് ഞാനിപ്പം വീഴുമേ എന്നും പറഞ്ഞു നിൽപ്പുണ്ട്. ഒരു കാക്കച്ചിറകിന്റെ തണൽ പോലുമില്ല. കുന്നും മരവും ഒന്നും ഇല്ലേൽ പിന്നെ എങ്ങനെയാ മഴ പെയ്യുക?. പെയ്യുമ്പോ ഒരു പെയ്ത്താ… പുഴ പുരമൂടി തോന്നിയ വഴീൽ കൂടെയൊക്കെ ഒരു പാച്ചിലല്ലേ. എന്നാലും മനുഷ്യര് പഠിക്കൂല്ലല്ലോ.’

‘ഒരു കണക്കിന് നടന്നു വെന്ത് കത്രീനയുടെ മണം തേടി വീട്ടിൽ ചെന്നു കയറിയപ്പോ കഴുക്കോലും മോന്തായോം കൊണ്ട് പല്ലിളിച്ചു വീട് ഒരൊറ്റ ചോദ്യം’

“ഇത്രേം നാളും ഇതെവിടെ പോയേക്കുവാരുന്നു.. ഒക്കെ നശിച്ചില്ലേ “

‘നെഞ്ചു പിടഞ്ഞു പോയി. വാടിപ്പോയ വാഴക്കൂമ്പിൽ നിന്നും ഉള്ള തേൻ ഊറ്റിക്കുടിച്ച അണ്ണാൻ കഴുവേറി വാലുപൊക്കി കളിയാക്കി ഒരു ചിലയ്ക്കൽ. നല്ല രണ്ടു തെറി പറയാൻ തോന്നിയതാ. പിന്നെ പണ്ട് ശ്രീരാമന് ചിറ കെട്ടാൻ മണ്ണ് ചുമന്നവൻ അല്ലേ…. എന്നോർത്ത് മിണ്ടീല്ല.’

‘എന്നാൽ പോയി പാടവരമ്പത്തിരുന്നു കാറ്റിനോടും, കതിരിനോടും മിണ്ടിപ്പറഞ്ഞിരിയ്ക്കാം എന്നോർത്ത് നടന്നപ്പോ മുന്നിൽ നാറാപിള്ള. ‘

‘അങ്ങ് ഡെൽഹീൽ ഒക്കെ കൃഷിക്കാര് സമരം ചെയ്യുവാ നമ്മക്കും പോയാലോന്നു ചോദിച്ചപ്പോ നാറാപിള്ള ഒരൊറ്റച്ചിരി. പാടത്തു മരുമകൻ മുട്ടൻ പത്തായം പണിത് ഇട്ടേക്കുവല്ലേ പിന്നെന്തിനാ സമരം ചെയ്യാൻ പോണത് എന്ന് അയാൾ ചോദിച്ചപ്പോ അതിശയിച്ചു പോയി. പണ്ടൊക്കെ പത്തായം മച്ചിന്റെ മുകളിൽ അല്ലായിരുന്നോ.. ഇപ്പൊ പാടത്തു തന്നെ പത്തായവും..’

‘കണ്ണിനു പണ്ടത്തെ കാഴ്ചയൊന്നും ഇല്ല. ജീവിതം ഏതാ സ്വപ്നം ഏതാ എന്നൊന്നും തിരിച്ചറിയാൻ മേലാത്ത ഈ വയസ്സ് കാലത്ത് ഇനീപ്പൊ കണ്ണും കാതും ഉണ്ടായിട്ടെന്തിനാ. പ്ലാറ്റില് “ട്ട “വട്ടത്തിൽ തത്തള പിത്തള നടന്നു ഇപ്പൊ പിച്ച നടക്കണ കൊച്ചിനെ പോലെ ആയി. നട്ടുച്ച കണ്ടാല് നിലാവാന്ന് തോന്നും. മൂവന്തി കണ്ടാൽ പാതിരാവാന്നും’.

‘ദൂരത്തു നിന്നേ കാണാം കണ്ടത്തിൽ നല്ലൊന്നാംതരം ഒരു മുട്ടൻ പത്തായം. നെല്ല് കൊയ്യുമ്പോ തന്നെ മെതിച്ച് അതിനകത്തു ഇടാൻ പറ്റുമായിരിക്കും. ലാസ്സറ് സ്നേഹം ഇല്ലാത്തോൻ ആണേലും ബുദ്ധി ഉള്ളവനാ… പാടത്തിന് നടുവിൽ കൂടി വണ്ടി പോകാൻ പാകത്തിന് ഒരു വഴിയും വെട്ടിയിട്ടുണ്ട്. നെല്ല് നേരിട്ടു വണ്ടീൽ കേറ്റി കൊണ്ട് പോകാം. ചുമട്ടു കൂലിയും ലാഭിയ്ക്കാം.’

‘കൊഴപ്പം ഇതൊന്നുമല്ല… ഇപ്പോ കളി കാര്യം ആയെന്നാ തോന്നണത്. പുറകീന്നു ഒരു വണ്ടീടെ ഒച്ചയും ഹോൺ അടിയും കേൾക്കാം. അത് ലാസ്സറിന്റെ വണ്ടീടെ ഒച്ച തന്നെ ആണ്. സംശയമില്ല. തിരക്കി വരണതാകും. കണ്ടാൽ പിടിച്ചു വണ്ടീൽ കേറ്റി കൊണ്ട് പോകും. തെറീം പറയും.’

‘എന്തായാലും ഈ പത്തായത്തിനു താഴെ കിളിവാതിൽ പോലെ മൂന്നാലെണ്ണം ഉണ്ടല്ലോ. കണ്ണടച്ചു തുറക്കണ നേരം കൊണ്ട് അകത്തേക്ക് വലിഞ്ഞു കേറാൻ പറ്റിയത് ഭാഗ്യമായി.’

‘ഒന്ന് നീണ്ടു നിവർന്നു കിടക്കാം. വണ്ടി പോയിക്കഴിഞ്ഞാൽ പുറത്തേക്കു ഇറങ്ങാം. കാറ്റിനോടും കതിരിനോടും മിണ്ടാം. പള്ളിപ്പറമ്പിൽ പോയി കത്രീനയുടെ കല്ലറയിൽ മെഴുകുതിരി കത്തിയ്ക്കാം.’

‘വിശപ്പ് സഹിയ്ക്കാൻ മേലേലും ഉറക്കം വന്ന് തൊട്ടിലാട്ടി. ഒരു സ്വപ്നം തികച്ചു കാണണതിന് മുൻപേ ഇതെന്താ ചുറ്റും പുക ആണല്ലോ കർത്താവേ.. ചുമച്ചു ചുമച്ചു ശ്വാസം മുട്ടി കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വരണുണ്ട്. ‘

‘ഇതെന്താ ലാസർ പത്തായത്തിനു തീയിട്ടോ.. അതോ നെല്ലുണ്ടാക്കിയോനെ പുഴുങ്ങി അരിയാക്കണ പത്തായമാണോ ഇത്? ഇതിൽ നിന്നു പുറത്തോട്ടു ഇറങ്ങാൻ വഴി എവിടാ? കാറ്റ് എവിടാ ആകാശം എവിടാ.. ഇനി ഇത് പത്തായം തന്നെ ആണോ അതോ വേറെ വല്ലതും ആണോ.. കർത്താവേ……’

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.