ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഷിബു ചക്രവർത്തിയുടെ പുസ്തകം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ പ്രകാശനം ചെയ്തു

പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയുടെ പുസ്തകമായ ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ബാൾറൂമിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സിനിമാതാരം നൈല ഉഷ, ഷാർജ ബുക്ക് ഫെയർ അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻകുമാറിന് പുസ്തകം കൈമാറി പ്രകാശനകർമം നിർവഹിച്ചു.

എഴുത്തുകാരനും ഹിറ്റ് എഫ്.എം ന്യൂസ് ഡയറക്ടറുമായ ഷാബു കിളിത്തട്ടിൽ ചടങ്ങിൽ അവതാരകനായി. ആർ.ജെ. ഫസലു, കൈരളി ബുക്സ് മാനേജിങ് ഡയറക്ടർ അശോക് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പുസ്തകപ്രകാശനത്തോടനുബന്ധിച്ച് ഷാബു കിളിത്തട്ടിൽ ഷിബു ചക്രവർത്തിയുമായി നടത്തിയ ‘പാട്ടും വർത്തമാനവും’ എന്ന ടോക്ക് ഷോയും ശ്രദ്ധേയമായി. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച തന്റെ ഗാനരചനാ ജീവിതത്തിലെ അനുഭവങ്ങളും ശ്രദ്ധേയമായ സിനിമാഗാനങ്ങളുടെ പിന്നാമ്പുറ വിശേഷങ്ങളും ഷിബു ചക്രവർത്തി സദസ്സുമായി പങ്കുവെച്ചു.

കൈരളി ബുക്സാണ് ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.