അപ്പുറത്തെ മുറി

അപ്പുറത്തെ മുറിയിലെ കട്ടിലയിലാണ്
ആദ്യമായി ചിതൽപ്പാടുകൾ കണ്ടത്.
‘ഇത്തിരി മണ്ണും പൊടിയുമല്ലേ,
അതുകൊണ്ടിപ്പോഴെന്തു വരാൻ!’—
ഒന്നു തട്ടിയിടാൻ പോലും തോന്നിയില്ല.

ചിതൽ കയറിപ്പടർന്ന്
പുറ്റ് ആ മുറിയെ വിഴുങ്ങി.
അപ്പോഴും ഞാൻ അനങ്ങിയില്ല,
‘ഇപ്പുറത്തെ മുറിയിൽ ഞാൻ സുരക്ഷിതയാണല്ലോ!’

ഇടയ്ക്കിടെ ഒരു പാറ്റ പറന്നുവരുമായിരുന്നു.
മുഖത്തും ദേഹത്തും വന്നിരുന്ന്
ചിറകടിച്ചു ശബ്ദമുണ്ടാക്കി
അതെന്നെ വിളിച്ചുണർത്താൻ നോക്കി.

കണ്ണുതുറക്കാതെ ഞാൻ
നിസ്സംഗതയുടെ ഗർഭപാത്രത്തിൽ,
ആലസ്യത്തിന്റെ പുതപ്പണിഞ്ഞു കിടന്നു.

ഒടുവിൽ,
ചൂടുമിനീരിന്റെ വെന്ത മണം
മൂക്കിലടിച്ചുണർന്നപ്പോഴാണ് ഞാൻ കണ്ടത്—
ശ്വാസമെടുക്കാൻ പോലും അനുവദിക്കാതെ
ചിതൽ എന്നെയും മൂടിയിരിക്കുന്നു!

അവസാനം,
എന്നെ മാന്തിയും പറിച്ചും പുറത്തെടുക്കാൻ
ഒരുപറ്റം പാറ്റകൾ തന്നെ വേണ്ടിവന്നു.

കണ്ണൂർ ജില്ലയിലെ തൊടീക്കളം, കണ്ണവം സ്വദേശി. ഇപ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക. കഥകളും കവിതകളും എഴുതുന്നു.