മുറ്റത്തെ മാവ്

ഓണമൊരോർമ്മയിൽവന്നിടുമ്പോൾ
കാറ്റിൽ ജമന്തിപ്പൂവാസനിക്കും
ആരോ വിളിച്ചപോൽ ഹൃത്തടത്തിൽ
വേദന തിങ്ങിപ്പുറത്തുചാടും.

അച്ഛൻ മരിച്ച ദിവസമാണ്
ചിങ്ങമാസത്തിരുവോണനാള്
വാർത്തയറിഞ്ഞോടിയെത്തിടുമ്പോൾ
മുറ്റത്തെ മാവു മുറിച്ചു മാറ്റി
പട്ടടയാക്കിയടുക്കിടുന്നു.
പൂക്കളമിട്ട പഴയ മുറ്റം
ഏറെച്ചെരുപ്പുകൾ കുന്നുകൂടി.

അച്ഛനുറങ്ങിയ കട്ടിലപ്പോൾ
ശൂന്യമായ് തെക്കേമുറിയിലുണ്ട്
നേർത്തതുണി വിരിച്ചച്ഛനിപ്പോൾ
നിശ്ചലനായ് നീണ്ടു കിടപ്പതുണ്ട്.
പാതിയടഞ്ഞകണ്ണുകളിൽ
കാഴ്ച മറയാതെയെന്നെ നോക്കി
നോറ്റനൊയമ്പിൻ നിഴൽ നിറഞ്ഞു.

അച്ഛനെയോർത്തു വിയർക്കും നേരം
ഒറ്റയാനെന്നെത്തിരിഞ്ഞു കുത്തും.
കുട്ടിക്കാലത്തെയോണക്കാലം
ഓർമ്മയിൽ നിന്നും തികട്ടിവന്നു
അച്ഛൻ കയർവാങ്ങിയെത്തി മാവിൻ
കൊമ്പിലായ്പ്പുത്തനൊരൂഞ്ഞാലിടും
കാറ്റു തിളച്ചമരക്കൊമ്പിലായ്
കാട്ടുഞാവൽ കൊത്തിക്കിളി ചിലയ്ക്കും.

വേനൽകനംവെച്ച മാവിലകൾ
മാടിവിളിക്കും ചില്ലാട്ടമാടാൻ
ആടിക്കുഴഞ്ഞു നിലത്തു നിൽക്കെ
ഓടിവന്നച്ഛനെടുത്തു പൊക്കും
വർഷങ്ങളോരുന്നു വന്നുപോകെ
മാവിലും വാർഷികമാഘോഷിക്കാൻ
പൂക്കൾ വിരിഞ്ഞു കനികളാകും
മാമ്പഴം മൂത്തുപഴുത്തു വീഴാൻ
കാത്തിരിക്കുന്നവരാണേറെപ്പേരും.

ഓരോരോവോണം കടന്നു പോയി
മുറ്റത്തെ മാവും തടിച്ചുപോയി
പാട്ടും പഴമയും കാത്തിരിപ്പും
കേട്ടു മറന്ന കിനാക്കളായി.

മുറ്റത്തെ മാവു മുറിച്ചുകീറി
അച്ഛൻ്റെ പട്ടടത്തീയൊരുക്കി
തണ്ണീർക്കൊടും വെട്ടി വെള്ളം ചീറ്റി
കണ്ണീരിൽ ദു:ഖമൊഴുകി വാർന്നു.
അച്ഛൻ്റെയോർമ്മ നിറഞ്ഞു നിൽക്കാൻ
പട്ടടത്തൈത്തെങ്ങു വെച്ചു പോകാം
വെട്ടിയ മാവിൻ്റെയോർമ്മ പൂക്കാൻ
അച്ഛൻ്റെയോർമ്മയെ നീറ്റിവെയ്ക്കാം.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.