പെങ്ങൾ

ഹിന്ദി കവിത: വിജയ് രാഹി
മലയാള വിവർത്തനം: കെ വിനോദ് കുമാർ

ഒരു മണിക്കൂറുകൊണ്ടാ
വെളുത്തുള്ളി പൊളിക്കുന്നേ
പൊളിച്ചാലോ തൊലി
അവിടിരിക്കുകേം ചെയ്യും
രണ്ടുമണിക്കൂറുകൊണ്ടാ
പാത്രം കഴുകുന്നേ
അഴുക്കു മൊത്തം
അവിടിരിക്കുകേം ചെയ്യും
മൂന്നുമണിക്കൂറുകൊണ്ടാ
റൊട്ടി ഉണ്ടാക്കുന്നേ
കരിഞ്ഞും പറിഞ്ഞും,
വെന്തും വേവാതേം

കിണറ്റീന്നു വെള്ളമെടുക്കാൻ
പോയാലോ
കുടം തട്ടിപ്പൊട്ടിക്കും
എപ്പോ വന്നാലും കെട്ട്യോന്റെ
പോരേലേക്കുള്ള വഴി തെറ്റും
ഏതോ കുഗ്രാമത്തിലേക്കുള്ള
വഴി വച്ചുപിടിക്കും

പെണ്ണുങ്ങൾ കളിയാക്കിയാലോ
മിണ്ടാട്ടം മുട്ടും
നേരെചൊവ്വേ ഇരിക്കത്തില്ല;
ഒരുകാര്യോം ഇല്ലാതെ
ചിരിച്ചോണ്ടിരിക്കും
തിന്നാനും കുടിക്കാനും
കുറവൊന്നുമില്ല
എന്നാലും കരഞ്ഞോണ്ടിരിക്കും-
‘ഒരു ചൊവ്വുവില്ല നിന്റെ പെങ്ങക്ക് ‘

വെള്ളിവളകൾക്കുമേൽ
കൈയോടിച്ചു കൊണ്ട്
പെങ്ങളുടെ അമ്മായിയമ്മ
കഴിഞ്ഞ തവണ അവളെക്കാണാൻ
ചെന്നപ്പോൾ
എന്നോടു പറഞ്ഞതാണിതൊക്കെയും

ഞാൻ വീട്ടിൽ വന്ന്
അമ്മയോടു പറഞ്ഞു –
എന്റെ പെങ്ങൾ
ഭ്രാന്തിയായിപ്പോയി.
അമ്മായിയമ്മ അവളെ
ജീവനോടെ കൊന്നു,
കിണറ്റിൽ കൊണ്ടുത്തള്ളിയില്ലേ
നിങ്ങളവളെ

ഉടുത്തതിന്റെ തുമ്പുയർത്തി
കണ്ണുതുടച്ച്
അമ്മയെന്നോടു പറഞ്ഞു-
‘കണ്ണിക്കണ്ടവരോടൊക്കെ
നീയിതു പറഞ്ഞു നടക്കാൻ നിക്കണ്ടാ,
എന്റെ മോക്കവിടെ നല്ല സുഖവാ.’

വിജയ് രാഹി : ഹിന്ദിയിൽ കവിതകൾ എഴുതുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകൾ എഴുതുന്ന വിജയിന്റെ കവിതസമാഹാരമാണ്, ദൂർ സേ ദിഖ് ജാത്തീ ഹൈ ബാരിശ് . രാജസ്ഥാനിലെ സർക്കാർ കോളേജിൽ അദ്ധ്യാപകൻ.

എഴുത്തുകാരൻ. കവിതകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും ഹിന്ദിയിലേക്കും തിരിച്ചും തർജ്ജമ ചെയ്യാറുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി ജോലി ചെയ്യുന്നു .