നഗരത്തിലേക്കുള്ള വഴി

നാട്ടിടവഴിയെത്തും
ചെമ്മൺപാതകൾക്കപ്പുറം
കവലയിലെത്തുമ്പോൾ
വായനശാലക്ക് മുന്നിലെന്നും
ഒരു സൗഹൃദകൂട്ടായ്മ കാണും.
ബസ് ഷെൽട്ടറിലാകട്ടെ
പട്ടണത്തിലുള്ള ട്രാഫിക് ജാം,
വേനൽ ചൂട്  ലോഡ് ഷെഡ്ഡിംഗ്
രാഷ്ട്രീയ ചർച്ചകൾ .
പനയോല കുത്തിയ കടയിൽ
‘ഇന്നത്തെ പണപ്പയറ്റി’ന് ചുവടെ
പേരും വീട്ടുപേരുംകുറിച്ച ബോർഡ്.
പലചരക്കുകടയിലെ
വിലവിവരപ്പട്ടിക നോക്കി
സാധനങ്ങൾ വാങ്ങി
പറ്റുബുക്കിൽ തുക ചേർത്ത്
വാണിജ്യക്കരാർ പുതുക്കുന്നവർ.

നാട്ടുനന്മകളുടെ
നാൽക്കവലയിൽ നിന്നും
നഗരത്തിലേക്കുള്ള ബസ്
ട്രാഫിക് സിഗ്നലും കടന്ന്
സ്റ്റാന്റിലെത്തുമ്പോൾ
പുറപ്പെടുന്ന ബസ്സുകളുടെ
റൂട്ടറിയിക്കുവാനുള്ള
സ്ഥലപ്പേരുകളുടെ
ഉച്ചസ്ഥായിയിലുള്ള വിളികൾ.
പാതയിൽ കൈ നോട്ടവുമായി
വെറ്റില മുറുക്കുന്ന തമിഴത്തി .
വഴിപോക്കരുടെ കാലിൽ
ചെരിപ്പുകുത്തിയുടെ
ദൈന്യതയാർന്ന നോട്ടം.
ഉടലളവുകൾ കുറിച്ചു
വെക്കുന്ന തയ്യൽ കടയിലെ
മുഷിഞ്ഞ നോട്ട്ബുക്ക്.
ശീതവസ്ത്രശാലയിൽ
ചേർച്ചനോക്കുമാൾക്കണ്ണാടികൾ.
ആളുകൾപരസ്പരം
മുഖം നോക്കാത്തമാളുകൾ.
പാൻ മസാല ചവക്കുന്ന
അതിഥി തൊഴിലാളികൾ-
ജോലി ചെയ്യുന്ന സൈറ്റുകൾ.
ഹോട്ടലുകൾക്ക് മുന്നിൽ
മന്തി മസാലദോശ ചിത്രങ്ങൾ.
കോൺക്രീറ്റ് കാടുകളിലെ
തണലില്ലാത്ത പാതകളിൽ
കൂറ്റൻ ബോർഡുകളിൽ
പരസ്യചിത്രങ്ങൾ.
വിളക്കുകാലിൻ ചുവട്ടിൽ
വയറെരിയാതിരിക്കുവാൻ
ഉടൽ വില്പനക്ക് വെച്ചവർ .

വീട്ടിലേക്കുള്ള അവസാനബസ്
പുറപ്പെടുമ്പോൾ നഗരത്തിന്
രാത്രി ജീവിതത്തിന്റെ
ഭ്രമക്കാഴ്ചകളുടെ
ആലക്തികനിറം മാത്രം .

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.