
ചതുപ്പുനിലത്തിരുന്ന്
കാലമെത്രയായ്
തവള
അയാളെ സംവാദത്തിനു വിളിക്കുന്നു…
കിണറ്റിലെ തവളയല്ല;
ചതുപ്പിലെ തവള ഞാൻ…
കരഞ്ഞു കരഞ്ഞു ഞാൻ
മഴയെ വരുത്തി
പുഴയെ വളർത്തി
കടൽ പരത്തി…
വിഖ്യാതജ്ഞാനീ
ബുദ്ധനെ തോല്പിച്ച
സർവ്വജ്ഞാ….
ചാതുർവർണ്യത്തിൻ
പരിചാരകാ…
ബ്രാഹ്മണ്യത്തിൻ
വേട്ടമൃഗമേ…
അല്പജ്ഞാനികളുടെ
മഹാജ്ഞാനീ…
കാലമെത്രയായ്
കാത്തിരിക്കുന്നു ഞാൻ
എന്നു നീ വരും മുഖാമുഖം…
നിനക്ക് ഭയമോ
കടൽ;
അതിൻ ചക്രവാളവും…
നിനക്ക് അരോചകമോ
മണ്ണ്;
അതിൻ സുഭാഷിതങ്ങൾ…
എനിക്കറിയാം
നിനക്കു ചുറ്റും നിശാജീവികൾ;
ഭയമില്ലെനിക്ക്
വരുമോ നീയും
നിന്റെ കാലാൾപ്പടയും
ഈ ചതുപ്പിലേക്ക്…
ഹൃദയത്തിന്റെ അടിത്തട്ടിൽ പോയ്
ഭൂമിയുടെ കണ്ണീരൊപ്പാൻ നിനക്കാവുമോ…?
മരുഭൂമിയെച്ചൊല്ലി
സൂര്യനോട് തർക്കിക്കാൻ
നിനക്കാവുമോ…?
അറിവിൽ നിന്നും നീ
പടുത്തുയർത്തി;
ആനന്ദത്തിന്റെ
ആതുരാലയം…
പരമജ്ഞാനത്തിൻ
ഗിരിശൃംഗത്തിൽ കയറി നീ
പരിഹസിച്ചു ഭൂമിയെ;
മായയെന്ന്
അതിൻ സഹജ ജ്ഞാനത്തെ…
മൃദുഭാഷയെ…
കരുണയെ…
കണക്കറ്റ് ശാസിച്ചു നീ
ബുദ്ധപ്രജ്ഞയെ…
മഹാബോധിത്തണലിനെ
നടന്നലഞ്ഞവന്റെ
അസ്തമിക്കാത്ത പകലിനെ…
കണ്ടറിഞ്ഞവന്റെ അനുകമ്പയെ…
ഇരുന്നറിഞ്ഞവന്റെ
ഗഹനതയെ…
കിടന്നറിഞ്ഞവന്റെ
കണ്ണീരിനെ….









