ചിലന്തിവല

മുളച്ചു പൊന്തിയ ഓർമകളുടെ
നാമ്പു നുള്ളുകയാണ്
ഒരനക്കം
ഒരു മണം
ഒരു വഴിയോരം
തുരുമ്പെടുത്ത ഒരു താക്കോൽ
ആൾക്കൂട്ടത്തിലൊരു മുഖം..
മതിലിൽ ചാരി വച്ചിരിക്കുന്ന
ഒരു പഴയ സൈക്കിൾ,
വെലിയേറ്റത്തിൽ കുതിച്ചു വരുന്ന
തിരമാലകൾ പോലെ
അടക്കം ചെയ്ത ഓർമ്മകൾ
പാഞ്ഞെത്തുകയായി…

ഉണങ്ങാത്ത
മുറിവുകളുടെ
ഉള്ളിലേക്കിറങ്ങി നിന്നു വീശുന്ന
ഒരു സാന്ത്വനത്തിന്റെ കാറ്റിൽ
മനസ്സിന്റെ ഉള്ളിലിരുന്ന്
ഒരു ശലഭം തന്റെ
ചിറകുകളെ സ്വപ്നം കാണുന്നു

അതിനു തൊട്ടു മുകളിൽ  
അതിജീവിച്ച ഓരോ മുറിവുകളും കൂട്ടിയിണക്കി
ഒരു ചിലന്തിയിരുന്നു വല നെയ്യുന്നു….
പറന്നുയരുന്നതെപ്പോഴും
നെയ്തു തീർന്ന വലകൾക്കുള്ളിലേക്കാണ്
ആ വലകൾക്കുള്ളിൽ
ചിറകുകൾ കുരുങ്ങി പോകുന്നു
പിന്നീടൊരിക്കലും വിടർത്താനാവാതെ,
വീണ്ടും മുറിവുകളുടെ ഇരുട്ടിലേക്ക്
കുഴഞ്ഞു വീഴുന്നു
ചിതലരിച്ച
എല്ലിൻകൂടിനുള്ളിലിരുന്ന്
ഒരു ഹൃദയം തുടിക്കുന്നു

ഭോപ്പാലിൽ താമസം . പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും റിട്ടയർ ആയി .