ലിസ്ബണിൽ ഓണാഘോഷവും ‘കമീനോ സാൻറ്റിയാഗോ പോർച്ചുഗീസ് വേ’ പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ മലയാളി കമ്മ്യൂണിറ്റി ലിസ്ബണും ഇൻഡ്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ ആദർശ് വിജയ രചിച്ച “കമീനോ സാൻറ്റിയാഗോ പോർച്ചുഗീസ് വേ” എന്ന മലയാളം പുസ്തകം പ്രകാശനം ചെയ്തു. സെപ്റ്റംബർ 5-ന് നടന്ന വർണ്ണാഭമായ ചടങ്ങിൽ പോർച്ചുഗലിലെ ഇന്ത്യൻ അംബാസഡർ ശ്രീ. പുനീത് റോയ് കുന്ദാൽ, ഇൻഡ്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. റോണി സർജൻ, മലയാളി കമ്മ്യൂണിറ്റി പോർച്ചുഗൽ പ്രസിഡന്റ് സുനിൽകുമാർ ഭാസ്കരൻ, ലിസ്ബൺ അതിരൂപത വൈദികൻ ഫാ. മൈക്കിൾ വലിയമുറത്തങ്കൽ (പാലാ അതിരൂപത), പോർച്ചുഗൽ ഇന്ത്യ ബിസിനസ് ഹബ്ബ് പ്രതിനിധി ശ്രീ. അൽറ്റിനോ ആൽവാരസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ചടങ്ങിൽ ഇൻഡ്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. റോണി സർജൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. താൻ നടത്തിയ തീർത്ഥാടന യാത്രയുടെ അനുഭവങ്ങളും, കാൽനടയായി നടത്തിയ ഈ യാത്രയ്ക്ക് പിന്നിലെ പ്രചോദനവും, പുസ്തക രചനയുടെ പശ്ചാത്തലവും ഗ്രന്ഥകർത്താവായ ആദർശ് വിജയ സദസ്സുമായി പങ്കുവെച്ചു.

തുടർന്ന് സംസാരിച്ച ഫാ. മൈക്കിൾ വലിയമുറത്തങ്കൽ തീർത്ഥാടന യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകത്തിന്റെ സവിശേഷതകളെക്കുറിച്ചും സംസാരിച്ചു. ലിസ്ബണിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങളും പുസ്തക പ്രകാശന ചടങ്ങും നടന്നത്.