
‘ഉറഞ്ഞബുദ്ധി
ഉടലിനുതാങ്ങായ്
ഉടനീളം…’
അഹംഭാവത്തെ
ആർജ്ജവമാക്കിയ
മൗഢ്യകുലീനത –
ഉപതാപത്താലെരിയുന്നു;
മനുസ്മൃതിതേവിയ
ഗാർഹസ്ഥ്യം…
പലകാലം
പലജീവികൾ
പലരൂപത്തിൽ
പലഭാവത്തിൽ;
സ്വത്വം പലതായ്
പാർത്ത ശരീരം;
നവദ്വാരമതിൽ ചീയുന്നു…
ആഗതമായോ;
ഉടലിൽ ക്രിമികീടകലമ്പൽ
ഊത്ത ഉടൽ
പിണഞ്ഞ പീഢകൾ
നേർത്ത്… നേർത്ത്
അശരീരികൾ…
ഊർജ്ജപ്പൊതികൾ;*
ഉന്മാദത്തെ ഉറക്കിയുണർത്തും
ഉടലിൽ
സത്തും അസത്തും
ഒഴിയാബാധ…
ബുദ്ധൻ
ഊതിമിനുക്കിയ ശൂന്യത…
കാലം പിതൃശൂന്യം…
ശൂന്യത സുഭിക്ഷം
ആരുടെ അന്നം?
സുരഭിലമായൊരു
മൗനം വന്നു പിടഞ്ഞൂ
ഉടലിൽ…
നേർത്ത നിശ്വാസം
നേരിയ ചലനം
തലമുറതാണ്ടാൻ
മിഴിയൊന്നടയും ദൂരം
ഒരുജന്മത്തിൻ നേരിയദൂരം
ഇമകൾ ചിമ്മിത്താണ്ടിയദൂരം…
ശുഭസൂചക ചിഹ്നം പോലെ
തുള്ളിക്കണ്ണീരൊന്നു
മുനിഞ്ഞു പിളർന്നു;
പിരിഞ്ഞു പരന്നു…
അഭിഷിക്തം
കണ്ണുകൾ
കാഴ്ചകൾ
കടലാഴത്തിൽ
അന്തിയുറക്കം…









