ഓർമ്മയിലെ ഓണം

ചാരുമോഹനഗാനമേകും
ശാരികേ!നീ വന്നുവോ?
ആരുതീർത്തുലകത്തിലീ
പൂവാടികൾ നീ കണ്ടുവോ?

ചിങ്ങമാസപ്പൊൻപുലരി-
യുണർന്നു പൂക്കൾ വിടർന്നിതാ!
ചിത്രവർണ്ണ പതംഗരാജി –
യണഞ്ഞതും നീകണ്ടുവോ?

ആടി മാസം പോയ് മറഞ്ഞോ?
ആധിവ്യാധികളൊക്കെയും
ആവണിപ്പൊൻപുലരിയിൽ ഹിമ –
ബിന്ദു വൈരമായ് മാറിയോ?
.
നീളെ നീളെയെത്തി മാരുതൻ
ചാമരം വീശുന്നിതാ
നീയറിഞ്ഞോ ശാരികേ! നിറ
കതിരണിഞ്ഞു വയലുകൾ.

എങ്ങുമാനന്ദം സുഗന്ധം
എങ്ങുമുത്സവവേളയായ്
എത്ര സുന്ദരമാണു ചിങ്ങം
എന്റെ പൊൻതിരുവോണവും

പാടലാംബര വീഥിയിൽ നീ
പാടിയെത്തുവതെന്തിനോ?
പേലവാംഗികൾ ചേലിലത്ത –
പ്പൂക്കളം തീർക്കുന്നുവോ?

മന്ത്രകോടിയണിഞ്ഞു മാമര –
മാകെയും പരിശോഭിതം
മന്നനെ യെതിരേൽക്കുവാൻ
മധുതൂകി നിൽപ്പതിമോദമായ്

വരിക മന്നാ! വരിക കേരളം
വരവു കാത്തിരിക്കുന്നിതാ
വിരവിലെത്തുക ഞങ്ങളിൽ നിൻ
വരപ്രസാദം ചൊരിയുക.

തിരുവനന്തപുരം വെളിയന്നൂർ സ്വദേശി. കേരളാ പോലീസിൽ എസ് ഐ ആയി റിട്ടയർ ചെയ്തു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.