പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 12

ഒരു തോട്ടത്തിൽ രണ്ടു ജോലിക്കാർ ഉണ്ടായിരുന്നു. തൈകൾ നട്ട്, കളപറിച്ച്, വളം ചെയ്ത് ചെടികളെ പരിപാലിച്ച് അവ പൂവിട്ടു സുന്ദരമാക്കണം ഉദ്യാനം. അതിനാൽത്തന്നെ നിരന്തര ശ്രദ്ധയും പരിചരണവും ആവശ്യമായിരുന്നു. ഇതിൽ ഒരാൾ എപ്പോഴും ഇതെന്താ പൂവിടാത്തത് എന്നു ചോദിച്ചു കൊണ്ടേയിരുന്നു. എന്നും രാവിലെ, ഇന്നും ഒരു മൊട്ടു പോലും വന്നില്ല എന്ന സങ്കടപ്പെടലാണ് അയാൾക്ക്. എന്നാൽ കൂട്ടുകാരൻ എല്ലാ ദിവസവും തൻ്റെ ചെടികളെ സൂക്ഷ്മതയോടെ പരിപാലിച്ചു പോന്നു. ഒരു ദിവസം, പൂവിടാൻ വൈകുന്ന ചെടികളെ നോക്കി ഒന്നാമൻ ചോദിച്ചു, ”സുഹൃത്തേ നിനക്ക് എങ്ങനെ ഇത്ര ക്ഷമ കിട്ടുന്നു?”

അവൻ ചിരിച്ചു. എന്നിട്ടു പറഞ്ഞു, “ഞാൻ പൂവിനെ അല്ല വളർത്തുന്നത്, ചെടിയെ ആണ്. ചെടിയെ സംരക്ഷിക്കുമ്പോൾ, പൂവ് സ്വാഭാവികമായി ഉണ്ടാവുകയും വിടരുകയും ചെയ്യും. അതിനെ ഓർത്ത് ആശങ്കപ്പെടേണ്ടതില്ല.”

നമ്മുടെ ചിന്തകൾക്ക് ഈ കഥയുമായി എന്തെങ്കിലും ശാസ്ത്രീയ ബന്ധം കണ്ടെത്താനാകുമോ? നോക്കാം. നമ്മുടെ സ്വഭാവത്തിൻ്റേയും പെരുമാറ്റത്തിൻ്റെയും വലിയൊരു ഭാഗം പുറമേ അധികം ശ്രദ്ധിക്കപ്പെടാത്ത നമ്മുടെ ശീലങ്ങളിലൂടെയാണ് വികസിക്കുന്നത്. ഉറക്കം, വായന, വ്യായാമം, ശ്രദ്ധ, ഭക്ഷണം. ഇവയൊക്കെ ഒരു ചെടി എന്ന നിലയിൽ ചിന്തിച്ചാൽ നമ്മളുടെ ആരോഗ്യപരമായ മുന്നേറ്റത്തെ സഹായിക്കുന്ന “വേരുകൾ” ആണ്. വിജയം പലപ്പോഴും ആ ചെടിയുടെ “പൂവ്” മാത്രമാണ്.

ആത്മീയവശം ഇങ്ങനെ സമർത്ഥിക്കാം

വേരുകൾ ശക്തമാണെങ്കിൽ കൊടുങ്കാറ്റിനേയും ഭയക്കണ്ട.

ഇന്നത്തെ പരിശീലനം

ഇന്ന് നമ്മുടെ ഒരു “വേര്” ശക്തിപ്പെടുത്താം എന്ന് തീരുമാനിച്ചാലോ? വളരെ വൈകിയും ഫോണിലാണോ? ഇന്ന് അര മണിക്കൂർ നേരത്തേ ഫോൺ ഓഫ് ചെയ്ത്, ഉറക്കം വന്നില്ലെങ്കിലും കട്ടിലിൽ കിടക്കാം എന്നു നിശ്ചയിച്ചാലോ? അല്ലെങ്കിൽ 15 മിനിറ്റ് എന്തെങ്കിലും ഒന്ന് വായിച്ചാലോ? വളരെ വലിയ മാറ്റത്തിനല്ല, നിത്യേന സംഭവിക്കേണ്ട ചെറിയ മാറ്റങ്ങളാണ് അത്ഭുതങ്ങളുടെ തുടക്കമിടുക.

ഇന്നത്തെ വാക്യം

“പൂക്കൾ എല്ലാവരും കാണും. വേരുകൾ ആരും കാണില്ല. പക്ഷേ ജീവിതം നിലനിർത്തുന്നത് വേരുകളാണ്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.