മത്സരങ്ങൾ

എനിടെയും മത്സരങ്ങളാണ്
ഓരോ ഗ്രൂപ്പിലും ഓരോ മത്സരങ്ങൾ ..

ഒരിടത്ത് അവൾ എഴുതിയ
കഥയിലെ അവസാനം
സന്തോഷപര്യവസാനിയായിരുന്നു…

ആ മുഖപുസ്തപ്രണയത്തിൽ വേറെയൊരു
ക്ലൈമാക്സ്
കൊടുക്കാമായിരുന്നു..

പ്രണയത്തിനൊടുവിൽ
ആണ് നരപടർന്നവൾ
അറിയുന്നത്.. അവന്റെ
പേരോ നാടോ രൂപമോ
സത്യമല്ലെന്ന്…,
അവൻ ഒരു വിവാഹിതൻ കൂടിയായിരുന്നുവെന്ന്..

വിധവയായവൾ
തകർന്നടിയുന്ന കഥ
കൂടുതൽ ഈ കാലത്ത്
യോജിച്ചേനെ..

എങ്കിലും ആ പ്രണയത്ത
അവർ മനസ്സുകൊണ്ട് കൈവിടാൻ
മനസ്സുകാട്ടിയില്ല…

പ്രായം കുറഞ്ഞവന്റെ
സൗഹൃദത്തിന്റെ ഭംഗി
അവൾ മറന്നില്ല..
പുതുകാഴ്ചകളുൾ  സമ്മാനിച്ചത് ഓർമ്മയാക്കി മാറ്റി..

ഏകാന്തതയിലെ
സ്നേഹം ദുരന്തമെങ്കിലും…

അകന്നുപോയ
മക്കളുടെ അവഗണനയിൽ
അവരുടെ ആശ്രയം
ആ പ്രണയമാകാം..

അസത്യങ്ങളുടെ
മുഖപുസ്തകകാഴ്ചകളിൽ
സ്ത്രീകളും
മുഖംമൂടി വെയ്ക്കുന്നുണ്ടാകാം..

ബഹുമാനം ലഭിക്കാത്ത
സൗഹൃദത്തെ
വലിച്ചെറിയാൻ സാധിക്കുന്ന ധീരത
കാണിക്കാം, സ്വയം വിലയുണ്ടാവട്ടെ..

ജീവിതത്തെക്കുറിച്ചുള്ള
കവിതാമത്സരത്തിൽ
ജീവിതമൊരു പുഴയെന്ന് മഴയെന്ന്
കാറ്റെന്നും..  മഞ്ഞെന്നുമെഴുതി..

ജീവിതം ഒരു പ്രഹേളിക
അത് മരുപച്ച കാണിച്ച്
വീണ്ടും മോഹിപ്പിക്കും..

കൊടുംതീയിലെരിയും..,
പിന്നെയും മുളപൊട്ടി തളിർക്കും
ജീവിതം..

അത് നിലാവ് ആണ്
നീലാകാശമാണ്
മരുഭൂമിയാണ്.
ആഴക്കടലാണ്..
പവിഴദ്വീപാണ്..
ചിലപ്പോൾ നിറയെ
സുഗന്ധമുള്ള പൂവനിയാണ്

കണ്ണന്റെ ഓടക്കുഴൽ
നാദം പോലെ
മനോഹരമാണ് ….

വേറെ ചിലപ്പോൾ
തകർന്നടിഞ്ഞ
ചില്ലുമാളികയുമാവാം..
കാട്ടുപൂക്കളുടെ കാട്ടുപൂഞ്ചോലയുടെ
വനഭൂവും ആകാം…

തകർന്ന സ്വപ്നങ്ങൾ
വീണ്ടും തിരയടിച്ചു
അരികെ വരുന്നത്..
പലരുടേയും മോഹിപ്പിക്കുന്ന
സ്റ്റാറ്റസ് കാണുമ്പോഴാകും..

ഈ ജെമിനി ഫോട്ടോയിൽ
കൂടി വീണ്ടും പഴയ കാലത്തേയ്ക്കു
പോയി..

മിഡിയും ടോപ്പും
ധരിച്ച് പോയ വിദ്യാഭ്യാസക്കാലം..

ഏവർക്കും സന്തോഷം
പങ്കിടുവാൻ മാത്രമേറെയിഷ്ടം..
എന്നാൽ ഇതൾ പൊഴിഞ്ഞ പൂവിനെ
പറ്റി മിണ്ടാറില്ല..

മത്സരിക്കുന്നു ചിന്തകളോട്
ജീവിതത്തോട് പ്രണയത്തോട്
തെറ്റായ ശീലങ്ങളോട്.

മത്സരിക്കാതിരിക്കാം
മൗനങ്ങളോട്..
കാറ്റിനോട്
മഴയോട്
പൂവിനോട്

നന്ദി ചൊല്ലുന്നു വീണ്ടും
ഒരു കിളിയുടെ ഗാനം
കേൾപ്പിച്ചതിന് പ്രിയജീവിതമേ..