
കിഴക്കേ അമ്പലനടയിൽ, ശിഖരങ്ങൾ വാനിലേക്കുയർത്തി തൊഴുതു നില്ക്കുന്ന ‘മഞ്ജുളാലിൽ’ നിന്നും തലകുനിച്ചു വന്ന പുലർകാറ്റിനൊപ്പം മനസ്സ് പറന്നുപോകുമ്പോഴായിരുന്നു പിന്നിൽനിന്നാരോ പിടിച്ചത്.
ഭസ്മരേഖകൾ മൂടിയ നെറ്റി. കണ്ണുകളിൽ പ്രതീക്ഷയുടെ ഉണർവ്. അല്പം മലച്ച ചുണ്ടുകളിൽ ചിരിലേപനമിട്ടൊരാൾ.
ഓർമ്മ കേന്ദ്രങ്ങളിലാഴ്ന്നിറങ്ങാതെ, അധരങ്ങൾ അനൈച്ഛികമായി മന്ത്രിച്ചു.
“മുനിയപ്പൻ”
“ആമാ സാർ, എന്നെ മറന്നില്ലല്ലേ?”
മുനിയപ്പന്റെ നീണ്ടു മെലിഞ്ഞ കൈകൾ എന്റെ കൈ പിടിച്ചു.
പുലരിവെട്ടം ചാറി പരന്ന ആകാശം പോലെ, മുനിയപ്പന്റെ മുഖത്ത് ആമോദ രശ്മികൾ ചിതറി. കണ്ണുകൾ മേല്പോട്ടുയർത്തി പറഞ്ഞു.
“എല്ലാമേ അവനുടെ മായ, സാറിനെ ഇന്നുതന്നെ കാണിച്ചുതന്നല്ലോ.വരണം സാർ.”
ഉയിരുവച്ചു പൊങ്ങിയ തിരക്കിന്റെ ധൂളികളിലൂടെ നടയുടെ ഇടതുവശത്തുള്ള കെട്ടിടത്തിനിടയിലുള്ള നടവഴിയിലേക്കെന്നെ കൊണ്ടുപോയി.
ചെറിയൊരു തട്ടുകട മഞ്ഞ ജമന്തിപ്പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. വേവുന്ന ചായക്കരികിൽ ചുവന്ന മുക്കുത്തിയും മുടിയിൽ മല്ലിപൂക്കളുമായി ഒരു തമിഴ് സ്ത്രീ. തിരക്കിൽ പങ്കുകൊള്ളാതെ ഉഴുന്നുവടയും ചട്നിയും ആസ്വദിച്ചു കഴിക്കുന്ന മുനിയപ്പന്റെ മകൾ കൺമണി.
മുനിയപ്പന്റെ തട്ടുകട വെള്ളിത്തിരയിലെ ഒരു രംഗം പോലെ എന്നിലേക്ക് നിങ്ങി നിന്നു.
“സാർ, ഇന്നാണ് കടയുടെ ഉത്‌ഘാടനം” ചെറിയൊരു പ്ലാസ്റ്റിക് സ്റ്റൂളിൽ എന്നെ ഇരുത്തികൊണ്ട് മുനിയപ്പൻ പറഞ്ഞു.
അപ്പോഴേക്കും ഭക്‌തിയുടെ ലയത്തിലമർന്ന തമിനാട്ടിൽ നിന്നുള്ളൊരു ശബരിമല തീർത്ഥാടക സംഘം കടയിൽ ചായകുടിക്കാനെത്തി.
മുനിയപ്പൻ പകർന്നുതന്ന ചൂടുള്ള ചായ ഊതികുടിക്കേ, മനസ്സ് ഏകദേശം ഒരു വർഷം പിറകോട്ടോടി.
സന്ധ്യാദർശനത്തിനുള്ള ക്യൂവിൽ കയറിപ്പറ്റാനാണ് വടക്കേ നടയിലെ ചുറ്റുമതിലിനോട് ചേർന്നുള്ള ഇരപ്പിടത്തിൽ സ്ഥാനം പിടിച്ചത്. ഭക്തി കുമിഞ്ഞൊഴുകുന്ന നാനാവിധ കാഴ്ചകളിലൂടെ തെന്നിയലഞ്ഞ കണ്ണുകൾ, തൊട്ടരികിൽ വന്നിരുന്ന അച്ഛന്റേയും മകളുടേയും മേലെ വീണു.
അയാളുടെ നെറ്റിയിൽ നീളെ വരഞ്ഞ ചന്ദനത്തിന്റെ നേർരേഖകൾക്കിടയിൽ സഹന ഞരമ്പുകൾ തള്ളി നില്ക്കുന്നുണ്ടായിരുന്നു. കൊച്ചുപെൺകുട്ടിയുടെ പാകമല്ലാത്ത പിഞ്ഞിയ കുഞ്ഞിടുപ്പിലും എണ്ണപുരളാത്ത മുടിയിഴകളിലും ദാരിദ്ര്യചിഹ്നങ്ങൾ ചുട്ടി കുത്തിയിരുന്നു.
അയാൾ നീലത്തുണി സഞ്ചിയിൽനിന്നും വാഴയിലച്ചീന്തെടുത്തു ഇരിപ്പടത്തിൽ വെച്ചു. സഞ്ചിയിൽ നിന്നു രണ്ട് കദളിപ്പഴവും ഒരു പ്ലാസ്റ്റിക് ഡിപ്പിയുമെടുത്തു. പെൺകുട്ടി അക്ഷമയോടെ കാലുകളിളക്കി, അയാളുടെ കൈവേഗങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
“അപ്പാ വേഗം താ, വിശക്കുന്നു.”
“ഇച്ചിരി ക്ഷമിക്കന്റെ കണ്ണേ.”
അയാൾ ഇലയിലേക്ക് പായസമൊഴിച്ചതും പെൺകുട്ടി ധൃതിയിലതു കഴിച്ചു തുടങ്ങി.
ആസ്വദിച്ചു പായസം വാരികുടിക്കുന്ന മോളെ നോക്കി സന്തോഷത്തോടെ അയാളിരുന്നു.
വിശപ്പിനെ അദൃശ്യമായ വിരലാലൂട്ടുന്നത് കൃഷ്ണന്റെ ലീലയാണ്. അവിൽപ്പൊടി തിന്നു, ദാരിദ്ര്യം തുടച്ചുമാറ്റിയ ജാലവിദ്യക്കാരനാണനവൻ.
കണ്ണുകൾ കുട്ടിയിൽ പതിപ്പിച്ചു മനസ്സ് കൃഷ്ണനിലേക്ക് പകർന്നാടിയപ്പോൾ, വടക്കേ നടയിലൂടെ സവാരിചെയ്ത സായന്തനക്കാറ്റിനു നല്ല തണുപ്പായിരുന്നു. ഗുരുവായൂരിൽ ഓരോ ദിശയിലും വീശുന്ന കാറ്റിന് മായക്കണ്ണന്റെ സ്വഭാവമാണ്. ചിലപ്പോൾ കടമ്പുമരത്തെപോലെ പ്രണയം പുരണ്ടത്, മറ്റുചിലപ്പോൾ മഴമേഘങ്ങളെ കണ്ണിലേക്കിടിച്ചു കയറ്റി മഴപെയ്യിക്കുന്ന കണ്ണീർകാറ്റ്.
“സാർ, നിങ്ങൾ എവിടുന്നാ വരുന്നത്” അയാളെനിക്കു നേരെ തിരിഞ്ഞിരുന്നു.
“കുറച്ച് വടക്കുനിന്നാ കോഴിക്കോട്ടിലെ ഇരിങ്ങലിൽ നിന്നുമാണ്.”
“മാമന്റെ, പേരെന്താ?”
പായസം കഴിച്ചോണ്ടു ഒരുകുഞ്ഞു കിതപ്പിന്റെ ആക്കത്തിലവളുറക്കെ ചോദിച്ചു.
“മോളുടെ പേരെന്താ?”
എന്റെ മറുചോദ്യത്തിനുത്തരം തരാതെയും അവൾ പായസം ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്നു.
“പവിഴത്തിന്റെ കഴുത്തിലണിയിക്കാൻ ചെറുമണിയുള്ള മാല വാങ്ങിയിട്ടുണ്ടല്ലോ!” എന്നിലേക്കവൾ ബന്ധങ്ങളില്ലാത്ത വാക്കുകളെറിഞ്ഞപ്പോൾ, അയാൾ സ്നേഹത്തോടെ അവളുടെ തലയിൽ മുത്തി കൊണ്ട് ചോദിച്ചു.
“നിന്റെ കൂട്ടുകാരി പവിഴം തത്തയെ മാമനെങ്ങിനെ അറിയാം, കണ്ണേ?”
അയാൾ, അല്പം ഒച്ചതാഴ്ത്തി പറഞ്ഞു. “അല്പം ബുദ്ധിയുറക്കാത്ത കുട്ടിയാണിവൾ.”
“നല്ല മിടുക്കിയാണല്ലോ. അതൊക്കെയങ്ങു ശരിയാകും” ഞാനയാളെ ആശ്വാസ വാക്കുകളാൽ പൊതിഞ്ഞു.
പൊള്ളുന്ന സങ്കടങ്ങളിറക്കി വെക്കാനൊരു തണൽ കിട്ടിയതു പോലെ, പാലക്കാട് തമിഴ്നാട് അതിർത്തിയിലുള്ള മുനിയപ്പൻ തന്റെ ആറുവയസ്സുകാരി കൺമണിയോടൊപ്പമുള്ള ഗുരുവായൂർ യാത്രയെ കുറിച്ച് പറഞ്ഞുതുടങ്ങുമ്പോഴേക്കും പായസം കുടിച്ചുതീർത്ത കൺമണി വീണ്ടുമതാവിശ്യപ്പെട്ടു ചെറിയ ബഹളം വെച്ചു.
“മതി കണ്ണേ, ബാക്കി സ്വല്പം കഴിഞ്ഞു കഴിക്കാം.” മുനയപ്പൻ അവളുടെ കവിളിൽ മുത്തമിട്ടു ആശ്വസിപ്പിച്ചു.
“അവൾക്ക് വയർ നിറഞ്ഞാലറിയില്ല. എത്രകൊടുത്താലും കഴിച്ചു കൊണ്ടിരിക്കും.”
കൺമണിയുടെ കുഞ്ഞുടുപ്പിനെ വീർപ്പ് മുട്ടിച്ച് തള്ളി നില്ക്കുന്ന ഉണ്ണിവയറെനിക്കു കാണിച്ചു തന്നു.
“എല്ലാ മണ്ഡലകാലങ്ങളിലും ഞങ്ങൾ ഗുരുവായൂരേക്ക് വരും പിന്നെ മകരവിളക്ക് കഴിഞ്ഞേ തിരിച്ചു പോകുകയുള്ളൂ.”
തിരക്ക് കൂടിവരുന്ന വടക്കേ നടയോടൊപ്പം എന്നുള്ളിലും കുമിഞ്ഞുകൂടുന്ന സംശയങ്ങളുടെ ഉള്ളിലേക്ക് തലനീട്ടി മുനിയപ്പൻ.
ഗുരുവായൂരിലെത്തുന്ന അയപ്പസ്വാമിമാർ ശാപ്പാട് തയ്യാറാക്കുമ്പോൾ വെള്ളം കൊണ്ടുകൊടുത്തും സാധനങ്ങൾ വാങ്ങിച്ചും പാത്രങ്ങൾ കഴുകിയും കിട്ടുന്ന തുച്ഛമായ കൂലിയെക്കാൾ വലുതായിരുന്നു യഥേഷ്ടം ലഭിക്കുന്ന ഭിക്ഷ.
“ഈ ദിനങ്ങളിലാ മോളുടെ വയർ ശരിക്കും നിറയുക. വയറു നിറഞ്ഞുള്ള അവളുടെ സന്തോഷം കാണാനാ ഞാനവളെ കൂടെ കൊണ്ടുവരുന്നത്.”
കൺമണി മുനിയപ്പന്റെ മടിയിൽ നിന്നെഴുന്നേറ്റു ക്ഷേത്രത്തിന്റെ ചുറ്റുമതിലിലെ ചുമർ ചിത്രങ്ങളിൽ കുഞ്ഞിവിരലുകളോടിച്ച് കൃഷ്ണനോട് സല്ലപിച്ചാനന്ദിക്കുന്നുണ്ടായിരുന്നു.
പെട്ടന്നാണ് കൺമണി എന്നെ നോക്കി, വർണ്ണ വരകൾ മികവേകിയ മയിൽപ്പീലി ചൂണ്ടിപ്പറഞ്ഞു.
“ഇതുകൊണ്ടല്ലേ വേലു മാമൻ, കരയുമ്പോൾ പാട്ടി വീശിനല്കുന്നത്.”
“കണ്ണേ, വേലു മാമനെ എപ്പടി ഇന്തമാമനുക്ക് പുരിയും.” അതൊന്നും ശ്രദ്ധിക്കാതെ വീണ്ടുമവൾ ചിത്രങ്ങളോട് സല്ലപിക്കാൻ തുടങ്ങി.
മാനം കാണാതെ തനിക്കുള്ളിൽ കൂട്ടിവെച്ചിരിക്കുന്ന ഒരോ സ്വപ്നങ്ങളും എല്ലാവരുടേതുമാണെന്നു കരുതുന്ന മയിൽപ്പീലി പോലെ, തനിക്കറിയാവുന്നെല്ലാ കാര്യങ്ങളേയും ആൾക്കാരേയും മറ്റെല്ലാവർക്കും അറിയാമെന്നാണ് പാവം മോളുടെ വിചാരമെന്നനിക്കു തോന്നി.
“വേലു എന്നുടെ തമ്പി.” മുനിയപ്പൻ കൺമണി അവതരിപ്പിച്ച കഥാപാത്രത്തെ വിശദമായി പരിചയപ്പെടുത്തി.
കാലം കണക്കുകൂട്ടി വെച്ച ഇരുപത് വർഷങ്ങളുടെ വ്യത്യാസമൊഴികെ, വേലുവിനും, കൺമണിക്കും ഒരേ പ്രായവും ഒരേ സ്വഭാവവുമാണ്. പാലക്കാട്ടുള്ള ഒറ്റമുറി വീട്ടിൽ അമ്മയേയും വേലവിനേയും തനിച്ചാക്കി വന്നതിന്റെ വേവലാതി മുനിയപ്പനുണ്ട്.
വേലു ചില സമയങ്ങളിൽ അക്രമസക്തനാകും അപ്പോഴൊക്കെ ചിറ്റൂരിലുള്ള ചായക്കടയിലെ സപ്ളയറായിരുന്ന മുനിയപ്പൻ ഓടിയെത്തണം. അവന്റെ സ്നേഹതലോടലിൽ മാത്രമേ വേലു കീഴsങ്ങുകയുള്ളൂ.
“തമ്പിക്ക് എന്നെ വല്യ ഇഷ്ടമാ, ഉണ്ണിക്കണ്ണന്റെ പായസവും പീലി വിശറിയും കൊണ്ടുവരാൻ ഏല്പിച്ചിട്ടുണ്ട്.”
മുനിയപ്പന്റെ കണ്ണുകളിൽ അനിയനോടുള്ള സ്നേഹം തുളുമ്പിവീണു.
ചുമർ ചിത്രങ്ങളിൽ വിരലോടിച്ചു കൊണ്ടുരിക്കുന്ന കൺമണിയെ നോക്കി മുനിയപ്പൻ പറഞ്ഞു.
“അവൾക്കിങ്ങിനെ കുറേനേരം അടങ്ങിയിരിക്കാനാവില്ല. പക്ഷേ, എന്താണെന്നറിയില്ല ഉണ്ണിക്കണ്ണനോടൊപ്പം കുറേസമയമിരിക്കും.”
മുനിയപ്പന്റെ ചന്ദനനെറ്റിയിൽ കൃഷ്ണനോടുള്ള ഭക്തി തെളിഞ്ഞു നിന്നു.
“കൺമണിയുടെ ഓട്ടവും വിശപ്പുമാണ് എന്റെ ജോലി നഷ്ടമാക്കിയത്.”
അടങ്ങിയിരിക്കാനാവാത്ത അവളുടെ സ്വഭാവത്തിലൊരു മാറ്റം പ്രതീക്ഷിച്ചാണ് സ്കൂളിൽ ചേർത്തതെങ്കിലും ക്ലാസിലോടി നടന്നു ശബ്ദമുണ്ടാക്കിയ കൺമണിയെ മറ്റുകുട്ടികളോടൊപ്പമിരുത്തി പഠിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നു ടീച്ചർമാർ പറഞ്ഞു.
മകളേയും അനിയനേയും പ്രായമായ അമ്മയേയും നോക്കാൻ എപ്പോഴും ലിവെടുക്കുന്ന മുനിയപ്പനോട് ചായക്കടയിലേക്ക് വരേണ്ടെന്നു മുതലാളിയും പറഞ്ഞു.
മുനിയപ്പൻ കൺമണിയുടെ വിശപ്പിനെക്കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും പറയുമ്പോഴും അമ്മയെ പ്രതിപാദിക്കാത്തതെന്തേ എന്ന ചോദ്യം തൊണ്ടയിൽ മുഴച്ചുനിന്നു.
“കൺമണിയുടെ അമ്മ”
മുനിയപ്പന്റെ മുഖത്തിലിരച്ചു കയറിയ ദുഃഖഛവി, ‘വേണ്ടായിരുന്നു’ എന്നൊരു തോന്നൽ എന്നിൽ അലയടിച്ചുയരുന്നു.
പാറമടയിലെ ലോറിഡ്രൈവറോടൊപ്പം പൊറുതിതുടങ്ങിയ ഭാര്യയുടെ കഥ വിവരിച്ചത് തികച്ചും സംയനത്തോടെയായിരുന്നു. “അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ തലവിധിയെടെ പിഴ.”
പാരമ്പര്യവും ദാരിദ്ര്യവും തെറ്റിന്റെ ഭാഗത്തു നിർത്തി കൺമണിയുടെ അമ്മയെ ന്യായീകരിച്ചു മുനിയപ്പൻ.
“കൺമണിയോട് അവൾക്ക് സ്നേഹമാണ്. നല്ലഭക്ഷണവുമായി ചില ദിവസങ്ങളിൽ കൺമണിയെ കാണാൻ വരും. കൺമണിക്കും അവളെ വല്യയിഷ്ടമാണ്. ” തുണി സഞ്ചി തുറന്നു കുറേ മുത്തുമാലകളും വളകളും കാണിച്ചു തന്നു മുനിയപ്പൻ പറഞ്ഞു
“ശബരിമല ദർശനം കഴിഞ്ഞു വരുന്ന സ്വാമിമാർ കൺമണിക്കു സമ്മാനിച്ചതാണിവ. അവളിത് അമ്മയ്ക്കായി സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അവൾക്കീ പൊന്നിൻകുടത്തെ വിട്ടു നില്ക്കാനുള്ള ശക്തി ദൈവാനുഗ്രഹമായിരിക്കാം.”
പെട്ടെന്നാണ് കൺമണി ഓടിയറങ്ങി വലിയതൂണിന്റെ വശത്തു കർപ്പൂരം കത്തിച്ചു വെച്ച ചിരട്ടക്കരിയുമായി ഓടിവന്നത്. മുനിയപ്പൻ ഓടിവന്നവളെ ചേർത്തു പിടിച്ചു
“ഇതെന്തിനാ, കണ്ണേ?”
ചുമർചിത്രങ്ങൾ ചൂണ്ടി അവൾ പറഞ്ഞു “അവിടെ കണ്ണന്റെ പടം വരക്കാൻ”
മുനിയപ്പൻ അവളുടെ കൈയ്യിൽ നിന്നും കരിക്കട്ട പിടിച്ചെടുത്തു ദൂരെയെറിഞ്ഞു.
“നല്ലോണം ചിത്രം വരയ്ക്കും പക്ഷേ ഒന്നും പൂർത്തികരിക്കാനാവില്ല.”
ചിണുങ്ങിക്കൊണ്ടു മുനിയപ്പനു മേൽ ആഴിച്ചുവിട്ട ആക്രമം വിശപ്പായി മാറി കൺമണിയിൽ.
“വരൂ, നമുക്കാ ഹോട്ടലിൽ പോയിന്തേലും കഴിക്കാം. എനിക്കും വിശക്കുന്നുണ്ട്”
എന്റെ നീണ്ട നിർബന്ധത്തിനൊടുവിൽ മുനിയപ്പൻ വഴങ്ങി. ‘
തെക്കേ നടയിൽ അമ്പലക്കുളത്തിനു മുമ്പിലുള്ള ദ്വാരക ഹോട്ടലിൽ നിന്നും ഒരു നെയ്യ്റോസ്റ്റും ഒരു ഉഴുന്നുവടയും ഒരു മസാലദോശയും കൺമണികഴിച്ചു. കൺമണിയുടെ ഉണ്ണിവയറിനെ വിരലാൽ തൊട്ടു മുനിയപ്പൻ ചോദിച്ചു
“പശി കെട്ടുവോ?”
കൺമണിയുടെ ചിരിയും മുനിയപ്പന്റെ തൃപ്തിയുള്ള മുഖവും കണ്ടപ്പോൾ ശരിക്കുമെന്റെ കണ്ണുകളും നിറഞ്ഞു.
“സാർ, ഗുരുവായൂരപ്പൻ ഇന്നു ശരിക്കുമെന്നെ പരീക്ഷിക്കുകയായിരുന്നു.”
വൈകുന്നേരം തമിഴ്ന്നാട്ടിൽ നിന്നെത്തി ഒരു സംഘം ശബരിമലതീർത്ഥാടകർക്കു തയ്യാറക്കിവെച്ച ഭക്ഷണത്തിൽ നിന്നും കൺമണി കരഞ്ഞപ്പോൾ അല്പമെടുത്തു നല്കിയതു സംഘത്തെ ചൊടിപ്പിച്ചു, “ശരണം വിളിച്ചു, ഗുരുസ്വാമിയുടെ സമ്മതത്തോടെ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ പോലും. അയ്യപ്പസ്വാമിയുടെ ശാപം കൂടി താങ്ങാനാവില്ല.”
“അതൊന്നും സാരമില്ല. അയ്യപ്പനാരേയും ശപിക്കില്ല.”
“പക്ഷേ വഴിയിൽവെച്ച് ഒരമ്മ പായസത്തിനുള്ള കൂപ്പണും ഇപ്പം ഇതാ സാറും. എല്ലാം ഗുരുവായ്യൂരപ്പെൻ്റെ അനുഗ്രഹം.”
“കൺമണിയെ അവളുടെ കഴിവിനനുസരിച്ചുള്ള സ്കൂളിൽ ചേർക്കണം.” അത്തരം സ്കൂളുകളിലെ താങ്ങാനാവാത്ത ഫീസ് ഒരു ജോലിയില്ലാത്ത തനിക്ക് താങ്ങാനാവില്ലെന്നു മുനിയപ്പൻ പരിതപിച്ചു.
“മുനിയപ്പൻ ചെറിയന്തേലും ജോലിതുടങ്ങണം.”
അമ്മയും ഭാര്യയും മകളും ഗുരുവായ്യൂരപ്പനു കാണിക്കയിടാനേല്പിച്ച മൂന്നു പണക്കിഴികളും പേഴ്സിൽ നിന്നു തിരിച്ചുയാത്രയ്ക്കുളള തുക മാറ്റിവെച്ചുള്ള ബാക്കി തുകയും മുനിയപ്പന്റെ കൈയ്യിൽ ബലമായി പിടിപ്പിച്ചു കൺമണിയെ ചേർത്തി നിർത്തി പറഞ്ഞു.
“കണ്ണൻ്റെ കടാക്ഷമുള്ള കുട്ടിയാണ് കൺമണി. അവളെ നോക്കാനുള്ള ഭാഗ്യം കിട്ടിയവനാണ് മുനിയപ്പൻ. ഇത് ചെറിയൊരു തുകയാണ് എന്തെങ്കിലും ചെറിയ സംരഭം തുടങ്ങി വെക്കൂ.”
വിശപ്പിന്റെ വേദന അനുഭവിച്ച എനിക്ക്, ആ കുഞ്ഞുവയറുനുള്ളിലേക്ക് നുഴഞ്ഞു കയറി പൊള്ളിക്കുന്ന വിശപ്പെന്ന ചെകുത്താനെ കാണാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
“മാമാ,” കേട്ടു പരിചയമില്ലാതെ നീട്ടിവിളിയിൽ, ഫ്ലാഷ് ബാക്ക് രംഗങ്ങൾ കണ്ടുകൊണ്ടിരുന്ന ഞാൻ ശബ്ദമമായ ചായക്കടയുടെ മുന്നിലേക്ക് തിരിച്ചു വന്നു.
കളർ പെൻസിൽ ഉപയോഗിച്ചു വരച്ച ഉണ്ണിക്കണ്ണന്റെ ഒരു ചിത്രം കൺമണി, എന്നെ കാണിച്ചു.
അപ്പോഴേക്കും മുനിയപ്പൻ പിന്നാലെയെത്തി പറഞ്ഞു
“ഞാനിവളെ ഇവിടുത്തെ ഒരു സ്കൂളിൽ ചേർത്തിട്ടുണ്ട്. വേലുവിനേയും അമ്മയേയും കൂടെ ഇങ്ങോട്ട് കൂട്ടണം.”
മുനിയപ്പന്റെ മുഖത്ത് സന്തോഷത്തിന്റെ ശോണിമപ്പൂക്കൾ വിരിഞ്ഞു. മല്ലികപ്പൂമണം ചൊരിഞ്ഞു കടയിലോടി നടക്കുന്ന ആളെ ചൂണ്ടി പറഞ്ഞു.
“കൺമണിയുടെ അമ്മയാ, ലോറിക്കാരൻ വേറൊരു പെണ്ണിന്റെ കൂടെ പോയി. അവളെന്നെ ഉപേക്ഷിച്ചതാണെങ്കിലും, സ്നേഹിക്കാൻ മാത്രമറിയുന്ന കൺമണിക്കൊരു അമ്മ വേണം. ഞാനെല്ലാം മറന്നു അവളെയിങ്ങു കൂട്ടി”
സന്തോഷം നിറച്ച മനസ്സോടെ മുനിയപ്പനോട് യാത്ര പറഞ്ഞു ക്ഷേത്രത്തിനു മുന്നിലെത്തിയതെങ്കിലും ശ്രീകോവിലിലേക്കുള്ള ദർശന നിരയുടെ അറ്റം കൺമുമ്പിൽ നിന്നും അകന്നു പോയിരുന്നു.
ഒടുവിൽ ശ്രീകോവിലിനു പുറത്തു എണ്ണിയാലൊടുങ്ങാത്ത നിഴലുകൾ പതിഞ്ഞ കൊടിമരച്ചുവട്ടിൽ മനമുരുകി കണ്ണടച്ചു. മനസ്സ് ശ്രീകോവിലേക്കുള്ള വഴിയിലൂടെ നടന്നു. ശ്വാസത്തിനു ചൂടേറി മിഴികളിൽ വെളിച്ച പൊട്ടുകൾ, പതിഞ്ഞ താളത്തിലൊരു കാറ്റ് വീശി. മയിൽപ്പീലി പോലൊരു നിഴൽ മനസ്സിലൂടെ ഒഴുകി.













