
വിറകെരിയുന്ന അടുപ്പിൻ മുകളിലെ
മൺചട്ടിയിൽ വേവുന്ന കൈപ്പത്തിരി
രുചിക്കൂട്ട് തേടുന്ന മനസ്സിലുണ്ടിന്നും
സ്നേഹത്തിന്റെ കൈവിരൽ താളം
പൊൻകതിർ കുത്തി വെളുപ്പിച്ചെടുത്ത
അരിമാവ് കുഴച്ചെടുത്തതിൽ
കരുണ വറ്റാത്ത നനവായ് മാറാൻ
ആത്മബന്ധത്തിന്റെ ഉപ്പു ചേരും
ശാസനയുടെ വാത്സല്യ നിറമായ്
കൊത്തു തേങ്ങചിരിച്ചു കാട്ടും
ചെറിയുള്ളി പൂങ്കണ്ണീരൊഴുക്കി
നനുനനേ കണ്ണു തിരുമ്മിച്ചേരും
ചെറു ജീരകമതിൻ മേമ്പൊടി
തേങ്ങാപാലിനാൽ മുങ്ങിക്കുതിർത്തതും
കൊതിയൂറും സ്വാദുള്ള കൈപുണ്യപ്പത്തിരി
വക്കു പൊട്ടാതെ
അമ്പിളിവട്ടത്തിൽ
കാരുണ്യ വിരലന്ന്
താളത്തിൽ തലോടിയ വാത്സല്യ നാളുകൾ
പുകച്ചുരുൾ മറതീർത്ത
കണ്ണീർ നനവിനെ
തട്ടത്തലം തുടച്ചു വെളിച്ചമാക്കി
ഓർമ്മയുടെ പത്തായപ്പുര നിറയെ
മൺചട്ടിച്ചൂടിൽ വെന്ത മണം പരത്തി
ഇന്നുമാ കാലത്തിനോർമ്മകൾ
ധന്യമാക്കിടും കൈപ്പത്തിരി









