നേർക്കുനേർ കാഴ്ചയിൽ

അറിയാനാവാത്തതിനെ
അളക്കാൻ ശ്രമിച്ച് കുഴയലിൽ
നിലവിട്ടൊരു വീഴ്ചയിലേക്ക്‌
ലോകം പിന്മാറുന്നു.
ബോധമൊരു ചോദ്യചിഹ്നം പോലെ
ചായുന്നു.

ഷ്രോഡിംഗറിന്റെ പൂച്ച*
അതിന്റെ പെട്ടിക്കുള്ളിലിരുന്ന്
ജീവിതത്തിന്റേതും, ജഡതയുടേതും ആയ
രണ്ട്‌ നോട്ടങ്ങൾ അപ്പോഴും
തൊടുത്തുവിടുന്നു.

കെറ്റിലിൽനിന്ന് പകർന്നുവച്ചിട്ടുള്ള ചായ
ചൂടുള്ളതോ തണുത്തതോ
എന്ന തൊട്ടറിവിൽ സമസ്യ തീരുന്നില്ല.

ജനലിനെച്ചേർന്ന ഇതുവരെക്കാണായില
തളിരോ വാടാനൊരുങ്ങുന്നതോ?
അനുഭവം, നിരീക്ഷണം- അപ്പുറമിപ്പുറം.

വർണ്ണാന്ധതയുടെ ഫിൽട്ടറിലൂടെ കാണുന്ന
ആപ്പിളിന്റെ പിങ്ക്‌
നോക്കപ്പെടാത്തപ്പോൾ
പച്ചയാവാം, ചുവപ്പാവാം, പിങ്കുമാവാം.
അല്ലെങ്കിൽ നിറമെന്ന ഒരു ധാരണ മാത്രവും.

നാഡികളുടെ
തുടിച്ചുകിതയ്ക്കുന്ന പരിഭ്രാന്തിയിലേക്ക്‌
നീണ്ടുകൂർത്തൊരു മുനമ്പിൽനിന്ന്
ഹാലോപെരിഡോളിന്റെ*
രാസസാന്ത്വനം ഇറ്റിറ്റുവീണ് പടരുന്നു.

മാത്രകൾ..
അറിവുകളുടെ അവധൂതൻ
വെളുത്ത പട്ടുകൈത്തലങ്ങളാൽ
നെറുകിൽത്തൊടുന്നു.

മയക്കം വിട്ടകലുന്നു.
ഉള്ളിലെ ആകാശത്തിന്റെ
ആഴ്‌ന്നുപരപ്പിലേക്ക്‌
കാഴ്ച തുറക്കുന്നതിനൊപ്പം
ഒരു ശതാബ്ദത്തിനപ്പുറം
നിന്നുമൊരു ശബ്ദം
കാതിൽ സ്വകാര്യം പറഞ്ഞകലുന്നു;
നിശ്ചിതം അനിശ്ചിതത്വം*.

ദൂരദർശ്ശിനി, സൂക്ഷ്മദർശ്ശിനി,
കാലദർശ്ശിനി അകക്കണ്ണ്.
അനാദി,അനന്തം,
അമൂർത്തം
പ്രപഞ്ചം, കാലം.


*ഷ്രോഡിംഗറിന്റെ പൂച്ച- ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ ഒരു വിഖ്യാതസിദ്ധാന്തം
*ഹാലോപെരിഡോൾ- ഒരു ആന്റിസൈക്കോട്ടിക്‌ മരുന്ന്
*അനിശ്ചിതത്വതത്വം- ക്വാണ്ടം മെക്കാനിക്സിലെ ഒരു അടിസ്ഥാനതത്വം


മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.