
ജയറാം സ്വാമിയുടെ “പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി, മഴ തുടങ്ങി” എന്ന കഥാസമാഹാരം വേറിട്ടതാകുന്നത് രചനാ രീതി കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടുമാണ്. കഥ പറച്ചിലിൻ്റെ ക്രാഫ്റ്റ് കൃത്യമായി അറിയാവുന്ന ഒരാളാണ് ജയറാം. അദ്ദേഹം തിരക്കഥാ രചനയിലേക്കു കൂടി കടന്നതോടെയാണ് കഥയിലെ ദൃശ്യ സാധ്യതകൾ കൂടുതൽ ഗംഭീരമായി മാറുന്നത്. ഒരു സിനിമ കാണുന്നതു പോലെ ദൃശ്യങ്ങൾ തെളിഞ്ഞു വരുന്നു. ഭാഷയാകട്ടെ അസാധാരണമായ ലാവണ്യത്തോടെ വായനക്കാരിൽ നിറയുകയും ചെയ്യുന്നു.
പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി, മഴ തുടങ്ങി എന്ന പുസ്തകത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ് “പട്ടാണിച്ചിറയുടെ പുരാവൃത്തം.” അതിൽ രാമനാഥൻ തൻ്റെ അപ്പച്ചിയെ വർണ്ണിക്കുന്ന ഒരു ഭാഗമുണ്ട്. ഇതിനപ്പുറം ഒരു വിവരണം അസാധ്യം എന്നു തോന്നി പോകുന്നു. അതിങ്ങനെ: ‘അകത്തെ മുറിയുടെ നിറംമങ്ങിയ മൂലയിൽ ഇരുളുപോലെ കറുത്തു പോയ ഒരു തടി കട്ടിലിൽ നെയ്യാമ്പൽ പോലൊരു വൃദ്ധ. അവർ അയാളെ കാത്തിരിക്കുന്നതു പോലെ ഉണ്ട്. ഉണങ്ങി പൊടിഞ്ഞു പോകാറായ കൈതോല വെള്ളക്കെട്ടിൽ കിടന്നു നനഞ്ഞു നനഞ്ഞു കുതിർന്നിരിക്കുന്നതു കണക്കെയാണ് അവരുടെ കയ്യിൽ തൊട്ടപ്പോൾ അയാൾക്കു തോന്നിയത്. അപ്പച്ചിയാണ്. അച്ഛൻ്റെ ഒരേയൊരു പെങ്ങൾ.’ ഏതാനം വരികളിൽ ഒളിപ്പിച്ച മാജിക്കിൽ ആ കഥാപാത്രം അനാവരണം ചെയ്യപ്പെടുകയാണ്. അപ്പോൾ നാം ആ കട്ടിലിൽ ആ അമ്മയോടൊപ്പമാണെന്നു തോന്നിപ്പോകും.
രാമനാഥൻ അധികം മിണ്ടാത്ത ആളായതിനെ കുറിച്ചു കഥാകൃത്തിനു കൃത്യമായ ധാരണയുണ്ട്. അതൊരു കറുത്ത ഫലിതമായി നമ്മളിൽ നിറയുന്നുണ്ട്. “കള്ളം പറയേണ്ടി വന്നാൽ മിണ്ടാതിരിക്കും അങ്ങനെയാണ് അയാൾ അധികം മിണ്ടാത്ത ആളായത്.” നാഴികയ്ക്കു നാൽപതു വട്ടം നുണ പറയുന്നവരുടെ ലോകത്തെ കുറിച്ചുള്ള ആശങ്ക കൂടിയാണത്.

“പൊന്നാത്തി തുരുത്ത്” എന്ന കഥയിൽ കഥാകൃത്തിൻ്റെ പരിസര വർണ്ണനയിൽ കവിത തുളുമ്പുന്നു. ‘കണ്ണെത്താ കോൾപ്പാടത്തിനു നടുവിൽ ഉണങ്ങാത്ത ചെറിയൊരു മുറിപ്പാട് പോലെ ആ കൊതുമ്പു വള്ളം.’
അതിനു ശേഷം അച്ഛനെ കൊല്ലാനുള്ള പദ്ധതി മകൾ പറയുന്നത് ‘ആകാശവും വെള്ളവും മാത്രമുള്ള ഒരിടത്ത് വെച്ചാണ്.’ മാലയിൽ മുത്തുകൾ കോർക്കും പോലെ കൃത്യമായ വാചകങ്ങൾ കോർത്തെടുത്താണ് ജയാറാം സ്വാമി ഇവിടെ കഥ നെയ്യുന്നത്.
ഇങ്ങനെ കഥാകൃത്തിൻ്റെ കൈയ്യടക്കത്തിൻ്റെയും ഗംഭീരമായ ക്രാഫ്റ്റിൻ്റെയും ഉദാഹരണങ്ങൾ നിരവധി.
ജയറാമിൻ്റെ കഥകളിലെ ഭൂമിക വ്യത്യസ്തമാണ്. പ്രമേയങ്ങളാകട്ടെ വായനക്കാരെ അമ്പരിപ്പിക്കുന്ന തരത്തിൽ വൈവിധ്യമാർന്നതും.
“വിൻ്റർ ബ്ലൂസ്” എന്ന കഥ ഒരു ആധുനിക (പാശ്ചാത്യ?) നഗരത്തിൽ മായ എന്ന യുവതിക്കു സംഭവിക്കുന്ന ഭ്രാന്തമായ മനോവ്യാപാരങ്ങളാണ്. മായ എന്ന പേരു പോലും അത്തരം മായക്കാഴ്ചകളിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്.
“സൂചി” എന്ന കഥ ഗൾഫ് പശ്ചാത്തലത്തിലെഴുതിയ കഥയാണ്. പ്രിയ കഥാകാരൻ ശിഹാബുദ്ദീൻ പൊയ്തുംകടവ് കുറച്ചു നാൾ ഗൾഫിലുണ്ടായിരുന്നു. അദ്ദേഹത്തെ കൂടി കഥാപാത്രമാക്കി അറബിക്കഥ എന്ന സിനിമയുടെ ത്രെഡിലൂടെ കഥ ഇതൾ വിരിയുമ്പോൾ അതിനു മറ്റൊരു ആസ്വാദന തലം ഉണ്ടാകുന്നു. ആത്മകഥാഖ്യാനം പോലെ പറയുന്ന ഈ കഥയിൽ കഫ്റ്റേരിയ ജീവനക്കാരനു പേരില്ല. അയാൾ സാധാരണക്കാരായ ഗൾഫ് തൊഴിലാളിയുടെ പ്രതീകാത്മകമായ പ്രതിനിധിയാണ്. ഷാങ് ചു ചിയുമായുള്ള മൗന പ്രണയത്തിനിടയിൽ വായിക്കാൻ അറിയാത്ത ചൈനീസ് ഭാഷയിൽ എഴുതിയ പുസ്‌തകം അയാൾക്കു സമ്മാനമായി ലഭിക്കുന്നുണ്ട്. അതിൽ എന്തായിരിക്കും എഴുതിയിരിക്കുന്നത് എന്ന കൗതുകത്തോടെയാണ് കഥ അവസാനിക്കുന്നത്.
ജയറാം സ്വാമിയുടെ ഒരു കഥകളും അവസാനിക്കുന്നില്ല അവസാനിക്കുന്ന വരിയിൽ നിന്ന് മറ്റൊരു കഥ തുടങ്ങുകയാണ്. അതു കൊണ്ടാണ് കഥയുടെ അവസാന വരിയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നത്; ‘ഉള്ളിൽ ഒരു കഥ കടഞ്ഞെടുക്കുന്ന പോലെ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് കണ്ണടച്ചിരുന്നു തലകുലുക്കി.’
“മാൻ മിസ്സിങ്ങ്” എന്ന കഥയിൽ ഒരു നോവലിലെ പോലെ ധാരാളം സംഭവവികാസങ്ങളിൽ കയറിയിറങ്ങി പോകുന്നു. അനുവാചകൻ്റെ ഓർമ്മയിൽ അതൊരു മൂടാപ്പു പോലെ നിൽക്കുകയാണ്.
ഒരു കഥ എങ്ങനെ അവസാനിപ്പിക്കണം എന്നതിനു ജയറാം സ്വാമിക്ക് കൃത്യമായ ധാരണയുണ്ട് എന്നതിന് ഉദാഹരണമായി “പേറ്റ് സുഖം” എന്ന കഥ എടുക്കാം. ബാല്യകാലത്തിലെ പ്രണയനിയായ ലില്ലിക്കുട്ടിയുടെ വീട്ടിൽ കഥാനായകൻ എത്തുന്നതാണ് സംഭവം. ലില്ലിക്കുട്ടി വർഷങ്ങൾക്കു മുമ്പ് തന്നെ ജർമനിയിലേക്കു പോയിരുന്നു. ചെറുപ്പത്തിൽ ലില്ലിക്കുട്ടിയെ കാണാൻ അവളുടെ വീട്ടിലെത്തിയപ്പോൾ കണ്ട ത്രസിപ്പിക്കുന്ന ഒരു കാഴ്ച അയാളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. അത് മുണ്ട് മുകളിലേക്കു തെറുത്തു കയറ്റിയ ലില്ലിക്കുട്ടിയുടെ അമ്മ ആച്ചിയമ്മയുടേതാണ്. അന്നവർ യൗവനയുക്തയാണ്. അവൻ കണ്ട കാഴ്ച ഇങ്ങനെ: ‘മറ്റെല്ലാ കാഴ്ചയും മറച്ചു കൊണ്ട് അവരുടെ കൊഴുത്തുരുണ്ട തുട കാണാം. നീല ഞരമ്പിൻ്റെ നേർത്ത വരയുള്ള വെളുത്തു ഉറച്ച തുട. ആദ്യമായി അങ്ങനെയൊരു കാഴ്ച കണ്ട ഞാൻ ഒരൽപനേരം തരിച്ചു നിന്നുപോയി.’
നിരവധി വർഷങ്ങൾ ശേഷം അയാൾ വീണ്ടും ആച്ചിയമ്മയെ കാണുമ്പോഴാണ് കഥ അവസാനിക്കുന്നത്. ‘എത്രയോ കാലമായി മനസ്സിൽ പിടഞ്ഞു കിടന്ന നീല ഞരമ്പുകളിലേക്കു രക്തം ഇരച്ചു കയറി. വെളുത്ത തടിച്ച ആച്ചിയമ്മയുടെ കാലുകൾ പിന്തുടർന്ന് അയാൾ അകത്തേക്ക് പോയി.’ ഈ കഥ ഇത്രയും മികച്ച നിലയിൽ അവസാനിപ്പിക്കുന്ന കഥാകൃത്തിൻ്റെ പ്രതിഭ ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ട്. മലയാള ചെറുകഥയുടെ ഭാവി ഇത്തരം കഥകളിലാണ്.
“പലതരം മണങ്ങൾ” എന്ന കഥയിൽ പശ്ചാത്തല വർണ്ണനയിലൂടെ ജയറാം സ്വാമി ഒരു മാജിക് സൃഷ്ടിക്കുന്നു. കേവലം വാക്കുകൾക്ക് അപ്പുറം തിരശ്ശീലയിൽ എന്ന പോലെ കാഴ്ചകൾ കാട്ടിത്തരികയാണ് തിരക്കഥാകൃത്ത് കൂടിയായ കഥാകാരൻ. ‘പായൽ തണുപ്പുള്ള കിണർ വെള്ളത്തിൽ കുളിച്ചു വന്ന് ആഞ്ഞിലി മണമുള്ള അലമാരയിലിരുന്ന പഴയ ഒരു ഉടുപ്പും മുണ്ടും എടുത്തണിഞ്ഞു. പുറത്ത് കാറ്റ് വീശുന്നതു കേൾക്കാം. പടികടന്ന് നടവഴിയിലേക്ക് ഇറങ്ങുന്നിടത്ത് അരമതിൽ തൂണിൽ ചാരി നിന്നു. മുറ്റത്തിൻ്റെ അരികുകളിലാകെ ചെമ്പരത്തിയും ഇലച്ചെടികളും ആണ്. ചുറ്റും നിറയെ പേരറിയാത്ത മരങ്ങളും താനേ കിളിച്ചുവന്ന കലമ്പട്ടിയും മഞ്ഞകടമ്പും ഒക്കെ ആകാശം മറച്ചു പടർന്നു നിന്നു.’
ഒരു സിനിമ പോലെ ദൃശ്യങ്ങൾ ഇവിടെ വാഗ്മയ ചിത്രങ്ങളാകുന്നു. മെല്ലെ, മെല്ലെ ചുരുളഴിയുന്ന ഫ്രെയിമിൽ തെളിഞ്ഞു വരുന്നത് നൊമ്പര കാഴ്ചകളാണ്.
“പൂത്തു നിൽക്കുന്ന കാട്ടിൽ ഇടിമുഴങ്ങി, മഴ തുടങ്ങി” എന്ന കഥ ശരിക്കുമൊരു ഒന്നാംതരം തിരക്കഥയാണ്. കുറച്ചുകൂടി വിപുലമാക്കിയാൽ മികച്ച ഒരു സിനിമ ഇതിൽ നിന്ന് ഉടലെടുക്കും.
കാട്ടിൽ തണ്ടർ ബോൾട്ട് സംഘത്തിൻ്റെ പിടിയിൽ നിന്നും ഒരു മാവോയിസ്റ്റ് ചാടിപ്പോയി. അതിനു പകരം അവർക്ക് ഒരാളിനെ വേണം. തണ്ടർ ബോൾട്ട് സംഘം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ലോട്ടറി ടിക്കറ്റിൽ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട ഒരാളെ തിരഞ്ഞ് അവിടെയെത്തിയ ഒരു ചെറുപ്പക്കാരൻ അവിടെയുണ്ട്. കഥ അവസാനിക്കുന്നിടത്താണ് പഞ്ച് ലൈൻ.
‘എന്തെടാ നിൻ്റെ പേര്?’ സംഘത്തലവൻ ചോദിച്ചു.
ചെറുപ്പക്കാരൻ പറഞ്ഞു ‘താഹ.’
വേണ്ടതു കിട്ടിയ മട്ടിൽ ഉദ്യോഗസ്ഥൻ പറഞ്ഞു ‘പെർഫെക്ട്.’
ഇത്രയും പെർഫെക്ടായ ഒരു കഥാന്ത്യം ഈ കഥക്ക് വേറെയില്ല. ഇന്ത്യയിലെ സമകാലീന ജാതി- മത സമവാക്യങ്ങളുടെ ചെകിടിനിട്ട് ഒരു അടിയാണ് ഈ വാക്ക്. ഇവിടെ ഒന്നും പെർഫക്ടല്ല എന്ന് ഈ കഥയിലും ജയറാം സ്വാമി അടക്കിപ്പിടിച്ച് ശബ്ദം താഴ്ത്തി പറയുമ്പോൾ കൂരമ്പു പോലെ അത് കൊള്ളേണ്ടിടത്ത് കൊള്ളുന്നു.
ഈ പുസ്തകത്തിലെ ഓരോ കഥകളും മനുഷ്യവസ്ഥയുടെ നൊമ്പര പൂത്തിരികളാണ്. അത് നീറി നീറി ചൂടായി പഴുത്ത് ചിന്തകളിൽ പൂത്തിരിയായി കത്തി പടരുന്നു. മനുഷ്യ മനസ്സിൻ്റെ ദുരൂഹ സമസ്യകൾ കഥാകൃത്തിൻ്റെ ഇഷ്ട വിഷയമാണ്. വിൻ്റർ ബ്ലൂസ്, ആനന്ദ് പാഠ്കർ എന്നീ കഥകൾ ഉദാഹരണം.

ജയറാം സ്വാമി
ജയറാമിൻ്റെ ചില കഥകളിൽ രതിയുടെ ഒരു നീല നദി ഗൂഢമായി ഒഴുകുന്നുണ്ട്. അതേ സമയം അത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുന്നുമില്ല. പേറ്റു സുഖത്തിലും, പൊന്നാത്തി തുരുത്തിലുമൊക്കെ അത് അങ്ങനെ ഒഴുകി നടക്കുന്നു.
ഒരു കഥയോ കവിതയോ കഥയോ വായിക്കുമ്പോൾ തൻ്റെ ജീവിതത്തോടോ നമുക്കറിയാവുന്നവരുടെ ജീവിതത്തോടോ അടുത്തു നിൽക്കുന്നു എന്നു തോന്നുമ്പോൾ ആസ്വാദനം കുന്നു കയറി തുടങ്ങും. മൂടൽ മഞ്ഞു മാറി പുതിയൊരു ലോകം തെളിഞ്ഞു വരും. വ്യക്തിപരമായി എൻ്റെ എഴുത്തും ചിന്തകളും ഈ കഥകളുമായി ഇങ്ങനെ ഇഴചേർന്നു കിടക്കുന്നു. അവയെ ഞാൻ ചേർത്തു പിടിക്കുന്നു. അതു കൊണ്ടാണ് ഒട്ടും ആശങ്ക ഇല്ലാതെ ഇതിനെ മികച്ചത് എന്ന് എനിക്കു വിശേഷിപ്പിക്കാൻ ആകുന്നത്.
സൈന്ധവ ബുക്സ് ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ. വില 190 രൂപ. പത്രപ്രവർത്തകനും തിരക്കഥാകൃത്തുമാണ് ജയറാം സ്വാമി.
120 പേജിൽ 14 കഥകൾ നിലാവ് പോലെ പരന്നൊഴുകുന്നു. ഇടക്ക് നിലാവേറ്റ് പൊള്ളാം!, ആ നീറ്റലോടെ വായന തുടരാം.








