ആറ് കവിതകൾ

1. കുടവയർ

കുടവയർ ഉള്ളവരെ
വിശ്വസിക്കരുത്
അവർക്ക് മെലിയാനാവില്ല
ശ്രമിച്ചാലും.

2. കടൽ

നിറയെ ഉപ്പു കലർന്ന വെള്ളം
പക്ഷേ, ദാഹം തീർക്കാൻ
മഴ തന്നെ കനിയണം.

3. ചുംബനം

അവൾ തന്ന ചുംബനവുമായി
മരുഭൂമിയിൽ എത്തി.
ജീവിതം മെച്ചപ്പെട്ടു
വീട്ടുകാർ രക്ഷപ്പെട്ടു
ചൂടുകാറ്റിൽ
ചുംബനം കരുവാളിച്ചു കിടന്നു.

4. അഹങ്കാരം

കൈവീശും
പഞ്ചാര പ്രസംഗം നടത്തും
വേദിയിലെ അഹങ്കാരം
ഒരിടത്തും വലിച്ചെറിയില്ല
ഒപ്പത്തിനൊപ്പം ചേർക്കും.

5. ബസാർ

എത്രയോ ബസാറുകളുടെ
ഉല്പന്നമാണ് നമ്മൾ.
ആക്രിക്ക് വിലയിടാൻ
എളുപ്പം കഴിയുമല്ലോ.

6. പിടക്കോഴി

വയർ നിറഞ്ഞവരെ
പാട്ടിലാക്കാൻ
പിടക്കോഴി പരസ്യം മതി
ആളുകൾ ക്യൂ പാലിച്ച്
നിശ്ശബ്ദരാകുന്നു

വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.