
കുട്ട്യമ്പലത്തിൽ ഇപ്രാവശ്യം പതിവിലധികം ആളുകളുണ്ട്. നല്ല വെളിച്ചമുള്ളതുകൊണ്ട് എല്ലാം വ്യക്തമായിക്കാണാം.
പുറകുവശത്ത് വലിയൊരു മാവുണ്ടായിരുന്നു. കഴിഞ്ഞ മഴക്കാലത്തത് കടപുഴകി വീണു. അടിമുതലേ ശിഖരങ്ങളും പൂണ്ടു വളർന്ന ഇലകളുമുണ്ടായിരുന്നു അതിന്,നല്ല കായ്ഫലവും. മാവിൻ്റെ മറയില്ലാതായതുകൊണ്ടാണ് പടിഞ്ഞാറോട്ടുള്ള കാഴ്ച്ചകൾക്കിത്ര തെളിച്ചം.
ഏതോ കുഞ്ഞ് നിർത്താതെ കരയുന്നു. കൊച്ചുകുഞ്ഞുങ്ങളെയും കൊണ്ട് എങ്ങനെയാണാവോ ഉറങ്ങാതെ പുലർച്ചവരെ ഇരിക്കുന്നത്!
കാരണവൻമാരെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ള ഉറക്കമൊഴിക്കൽ. വല്ലാത്ത പരിപാടി തന്നെ. ഇക്കൊല്ലത്തെ നടത്തിപ്പുകാർ പുതുതലമുറക്കാരായിരിക്കണം. അതിൻ്റെയൊരു മോടി കാണാനുണ്ട്.
കൊല്ലത്തിലൊരിക്കൽ, കുംഭമാസത്തിലെ ഭരണിക്ക് അമ്പലവും പരിസരവും വെട്ടിത്തെളിച്ച് വെള്ളപൂശി അലങ്കരിക്കും. പാട്ടും തുള്ളലും നടത്തും. വീത് വെക്കും. കള്ളും കോഴിയും കഴിച്ച് കാരണവൻമാർ അനുഗ്രഹിക്കുകയും പാപപരിഹാരം നിർദ്ദേശിക്കുകയും ചെയ്യുമത്രെ. എന്തെല്ലാം ആചാരങ്ങളാണ്!
അവിടെ കൊട്ടും പാട്ടും തുടങ്ങി. ചിലരുടെ നോട്ടം ഇങ്ങോട്ടും നീളുന്നുണ്ടല്ലോ. ലൈറ്റ് കെടുത്തിയേക്കാം. ചില വൻമരങ്ങൾ ഇല്ലാതാവുന്നത് ഗുണത്തേക്കാൾ ദോഷവുമുണ്ടാക്കിയേക്കാമെന്ന് ആരോ പറഞ്ഞതോർക്കുന്നു. പുറത്തെ ശബ്ദം കൂടി വന്നപ്പോൾ ജനാല പതുക്കെയടച്ചു. ഉറക്കം വരാൻ സാധ്യതയില്ല. എങ്കിലും കിടന്നു.
മലർ ശാന്തമായുറങ്ങുകയാണ്. ആ മുഖത്തിപ്പോൾ ആത്മവിശ്വാസത്തിൻ്റെ തെളിച്ചമുണ്ട്. ഒരു മാറ്റം അവൾക്കനിവാര്യമായിരുന്നു. ഇവിടേക്ക് കൊണ്ടുവരികയെന്ന തീരുമാനം തീർത്തും ശരിയായിരുന്നെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ട്. ചില മുറിവുകളുണങ്ങാൻ മരുന്നിനേക്കാൾ നല്ലത് മറ്റുപലതുമാണ്.
മലരിൻ്റെ പുഞ്ചിരിയൊളിപ്പിച്ച ചോദ്യവും അമ്മൂമ്മയുടെ ഇന്നത്തെ കഥ പറച്ചിലും ചേർത്തു വെച്ചാലോചിച്ചു നോക്കി. സംശയം തീരുന്നേയില്ല. ഈ വിഷയത്തെപ്പറ്റി എത്രയധികം വായിച്ചിരിക്കുന്നു. പലർക്കും കൗൺസിലിംഗും കൊടുത്തിട്ടുണ്ട്. എന്നാലും സ്വന്തം അനുഭവത്തിൽ അങ്ങനെയൊന്നുണ്ടായതിൻ്റെ വേവലാതി. സ്വാഭാവികമെന്ന് തള്ളിക്കളയാനുള്ളതേയുള്ളൂ. പക്ഷേ കഴിയുന്നില്ല.
ചിന്തകളെ വഴിതിരിച്ച് വിടാൻ അടുത്തിരുന്ന പുസ്തകമെടുത്ത് അലസമായി തുറന്നു. അതിലെ വരികളിലൂടെ കണ്ണോടിച്ചു.
“What we call the beginning is often the end. And to make an end is to make a beginning . The end is where we start from.”
പുസ്തകം നെഞ്ചിൽ കമഴ്ത്തിവച്ച് കണ്ണുകളടച്ചപ്പോൾ മനസ്സിൽ അമ്മയുടെ ക്ഷീണിച്ച മുഖം തെളിഞ്ഞുവന്നു. അമ്മയെ ഉൽസാഹത്തോടെ കണ്ടിട്ടേയില്ല. എന്തുകൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ചോദിച്ചിട്ടുമുണ്ട്. ഉത്തരം മൗനമായിരുന്നു. എപ്പോഴും.
ഒരു സമയത്ത് അമ്മ ഈ മുറിയിൽ തന്നെയായിരുന്നു. ഷെൽഫ് നിറയെ അമ്മയുടെ പുസ്തക കളക്ഷനുകളാണ്. ചുമരിൽ അമ്മയുപയോഗിച്ചിരുന്ന വയലിൻ. വിഷാദരാഗങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സംഗീതോപകരണം അതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
“സ്വന്തം ശരികൾ, ഒരിക്കലും മറ്റുള്ളവർക്കായി മാറ്റിവയ്ക്കരുത്. to be or not to be…….”
അമ്മയ്ക്ക് പറഞ്ഞ് മുഴുമിപ്പിക്കാനായില്ല. ഓക്സിജൻ മാക്സിനുമുകളിൽ വളഞ്ഞുയർന്ന പുരികങ്ങളും പിന്നെയും എന്തോ പറയാനാഞ്ഞെന്ന പോലെ വിടർന്ന കണ്ണുകളും. ഒരിക്കലും മറക്കാനാവാത്ത ആ കാഴ്ച്ച.
അവസാനത്തെ ആ വാക്കുകൾ. അവിടുന്നാണ് ഇപ്പോഴത്തെ ഈ വഴി തെരഞ്ഞെടുത്തത്. ശരിയാണ്. തുടക്കം മറ്റൊന്നിൻ്റെ അവസാനം തന്നെയാണ്. അവസാനം തീർച്ചയായും വേറൊന്നിൻ്റെ ആരംഭവും.
വാതിലിൽ തട്ടലും മുട്ടലും. ചാരിയിട്ട വാതിൽ തുറന്നു നോക്കി. ചാരുവാണ്. മലർ വന്ന സമയത്താണ് ആ പൂച്ചക്കുഞ്ഞും തറവാട്ടിലെത്തിയത്. ചാരു ഉറങ്ങുന്ന മലരിൻ്റെ നെഞ്ചിലേക്ക് ചാടിക്കയറി. പിന്നെ ങുറു …. ങുറു എന്ന് ഒച്ചയുണ്ടാക്കി അവളോട് പറ്റിച്ചേർന്ന് കിടന്നു.
ചാരു എന്ന പേര് മലരാണിട്ടത്. വന്നപ്പോൾ ഇത്തിരിയോളമേ ഉണ്ടായിരുന്നുള്ളൂ. മലരിൻ്റെ വാൽസല്യത്തിലത് പെട്ടെന്ന് വളർന്നു. ചാരുവിനെ മലർ പുറത്തേക്ക് വിടാറേയില്ല. അതിനെ അതിൻ്റെ പാട്ടിന് വിടാൻ നിർബന്ധിച്ചിട്ടും അവളെപ്പോഴും ചാരുവിൻ്റെ മേൽ ശ്രദ്ധവച്ചുകൊണ്ടിരുന്നു.
“ഇതിങ്ങനെ എപ്പഴും കുട്ടിയായിരുന്നാ മതി. പുറത്ത് വിട്ടാ എന്തെങ്കിലും വൃത്തികേട് കാട്ടിയാലോ?” അതാണവൾ കാരണം പറഞ്ഞത്.
എന്നിട്ടെപ്പോഴാണ് മലർ അതിനെ സ്വതന്ത്രയാക്കിയത്? തട്ടിൻമുകളിൽ ഒരു പൂച്ചക്കുഞ്ഞിൻ്റെ കരച്ചിൽ. ചാരു ചെവി വട്ടംപിടിച്ച് ഒറ്റച്ചാട്ടത്തിന് വാതിൽക്കലേക്കെത്തി. പിന്നെ പുറത്തേക്ക് പിടഞ്ഞോടി. ചാരുവിൻ്റെ കുട്ടിത്തം എത്ര പെട്ടെന്നാണ് ഇല്ലാതായത്. അതിപ്പോൾ കാര്യപ്രാപ്തിയുള്ള ഒരമ്മയായി മാറിയിരിക്കുന്നു.
കുട്ട്യമ്പലത്തിൽ തുള്ളൽ തുടങ്ങിയെന്ന് തോന്നുന്നു. കാരണവരുടെ അരുളപ്പാടുകൾ അവ്യക്തമായി കേൾക്കുന്നുണ്ട്.
ഒന്നിളകിയ ശേഷം മലർ തിരിഞ്ഞുകിടന്നു. ഹോസ്റ്റലിൽ എന്തെല്ലാം ആക്ഷേപങ്ങളായിരുന്നു അവൾക്ക് കേൾക്കേണ്ടി വന്നത്. വാർഡൻ അറിയിച്ചതനുസരിച്ച് അന്നവിടെയെത്തുമ്പോൾ മലർ ഒരു കുറ്റവാളിയെപ്പോലെ തല താഴ്ത്തി നിൽക്കുകയായിരുന്നു. എല്ലാ വിരലുകളും അവൾക്കു നേരെ ചൂണ്ടപ്പെട്ടു. എത്ര സപ്പോർട്ട് ചെയ്തിട്ടും മലരിന് ആ ട്രോമയിൽ നിന്ന് പുറത്ത് കടക്കാനായില്ല.
“കാട്ടിലെങ്ങാനും കിടക്കേണ്ടതിനെ പിടിച്ചുകൊണ്ടു വന്നേക്കുവാണ്, കുടുംബത്തിൽ പിറന്ന പിള്ളേരെ നാശമാക്കാനായിട്ട്. ഇവരൊക്കെ പഠിച്ചിട്ട് എന്നാ ആക്കാനാ?” ഒരു പേരൻ്റ് അവജ്ഞയോടെ അവൾ കേൾക്കെ പറഞ്ഞു.
എന്നും എപ്പോഴും അതങ്ങനെയായിരുന്നല്ലോ. കുറ്റങ്ങളെപ്പോഴും കറുത്തവരും ഭംഗിയില്ലാത്തവരും പഠിക്കാത്തവരുമൊക്കെയായ കുട്ടികളിലാണ് ആരോപിക്കപ്പെടാറ്.
ക്ലാസ്സും കൗൺസിലിംഗും ഇത്തരം മാതാപിതാക്കൾക്കാണ് ശരിക്കും വേണ്ടത്.
മൂരാച്ചിയായ ഹോസ്റ്റൽ വാർഡൻ. കുട്ടികളുടെ റൂമിൽ നിന്ന് കണ്ടെടുത്ത തൊണ്ടിമുതലുകൾ കാണിക്കാൻ കൊള്ളാത്ത വസ്തുക്കളെന്നപോലെ മേശപ്പുറത്ത് പൊതിഞ്ഞ് വച്ചിരുന്നു.
വാർഡൻ ചുണ്ടൊന്ന് കോട്ടി, അത് തുറന്നുകാട്ടി. വീണ്ടും പൊതിഞ്ഞു വച്ചു. പിന്നെ പേരൻ്റ്സ് പറയുന്നതെല്ലാം ശരിയാണെന്ന മട്ടിൽ മലരിനെ രൂക്ഷമായി നോക്കി. ജയിൽ വാർഡൻ്റെ മട്ടും മാതിരിയുമുള്ള കുനുഷ്ട് പിടിച്ച സ്ത്രീ. മുഖത്തെഴുതി വെച്ചിട്ടുണ്ട് അവരുടെ ഉള്ളിലിരുപ്പത്രയും.
“സെക്സ് എഡ്യൂക്കേഷനെന്നും പറഞ്ഞ് എന്നതാ നിങ്ങളിവിടെ പഠിപ്പിക്കുന്നെ? ഇതൊക്കെയാന്നോ? ഞങ്ങളൊക്കെ മാന്യം മര്യാദക്കാ മക്കളെ വളർത്തിയേക്കുന്നെ. വല്ലവളുമാരും പ്രലോഭിപ്പിച്ചുകാണും. അല്ലാതെ അവര് സ്വയം ഇത്തരം ‘വൃത്തികേട്’ കാണിക്കില്ല.”
അത് പറഞ്ഞ സ്ത്രീയെ സഹതാപത്തോടെയല്ലാതെ നോക്കാനായില്ല. കഴിഞ്ഞ മാസം ഒരു ബോധവത്കരണ സെമിനാർ നടത്തിയിരുന്നു. ഇൻക്ലൂഡിങ്ങ് പേരൻ്റ്സ്.
കുശുകുശുക്കലുകൾക്കിടയിൽ അപർണ്ണ അംബികാവതിയെന്ന പേരും, യുട്യൂബ് ഇൻ്റർവ്യൂസും പരിഹാസപൂർവ്വം കടന്നുവരുന്നത് മനപ്പൂർവ്വം അവഗണിച്ചു. വീശിയെറിയുന്ന വാക്കുകൾ മനസ്സിൽ കൊള്ളുന്നതും വേദനിപ്പിക്കുന്നതും ഇതാദ്യമായിട്ടൊന്നുമല്ല. മനസ്സിലപ്പോൾ മലർ മാത്രമായിരുന്നു. പൊള്ളിയടർന്ന അവളുടെ കുഞ്ഞു ഹൃദയവും.
ജനാല ചേർത്തടച്ചെങ്കിലും കുട്ട്യമ്പലത്തിലെ പാട്ടും പറച്ചിലുകളും ഇപ്പോഴും അകത്തേക്കെത്തുന്നുണ്ട്. പക്ഷേ അതൊന്നും മലരിൻ്റെ ഉറക്കത്തെ ബാധിക്കുന്നേയില്ല. അപ്പുറത്തെ മുറിയിൽ അമ്മൂമ്മയും നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു.
പൊതുജനങ്ങൾക്കിടയിൽ നിന്ന് പ്രകോപനപരമായ പെരുമാറ്റങ്ങളും സൈബർ ആക്രമണങ്ങളും എപ്പോഴുമെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. സമൂഹം ഗോപ്യമാക്കി സൂക്ഷിക്കാനാഗ്രഹിക്കുന്ന, തെറ്റാണെന്ന് ബോധ്യപ്പെട്ടും, ബോധ്യപ്പെടുത്തിയും വച്ചിരിക്കുന്ന വിഷയങ്ങൾ പരസ്യമായി കൈകാര്യം ചെയ്യുമ്പോഴത് സ്വാഭാവികവുമാണ്.
അതെല്ലാമറിയാമെങ്കിലും അത്തരം ചില സമയങ്ങളിൽ ശരീരവും മനസ്സും ഒരേപോലെ ചൂടുപിടിക്കും. അതൊക്കെ ഒന്ന് തണുക്കാൻ തറവാട്ടിലെ തണുപ്പിലേക്കും നിശബ്ദതയിലേക്കുമുള്ള വരവ് സാധാരണയാണ് .
പതിവുപോലെ ഇന്നും അമ്മൂമ്മയുടെ നിർത്താത്ത പിറുപിറുപ്പുകൾക്കിടയിലേക്കാണ് കയറി വന്നത്. അമ്മൂമ്മയെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി ചെരിപ്പൂരി താഴെവച്ച് ശബ്ദമുണ്ടാക്കാതെ പതിയെ പടികൾ കയറുകയായിരുന്നു. അപ്പോൾ കാത്തു നിന്നിട്ടെന്നപോലെ അകത്തേക്കുള്ള വാതിൽക്കൽ മലർ. അവൾ എന്തോ പറയാനുണ്ടെന്നുള്ള ആംഗ്യത്തോടെ കൈകാട്ടി വിളിച്ചു. ആദ്യം തിടുക്കം കൊണ്ട് ഗോത്രഭാഷയിലാണവൾ പറയാൻ ശ്രമിച്ചത്. ഹെൽത്ത് അവയർനെസ്സിൻ്റെ ഭാഗമായി അവളുടെ ഗ്രാമത്തിൽ താമസിച്ചിരുന്ന സമയത്ത് പഠിച്ച കുറച്ച് വാക്കുകൾ മറന്നിട്ടില്ല. എങ്കിലും ആ ഭാഷ അത്ര വശമില്ല. ഒടുവിൽ മലർ സങ്കരഭാഷയിൽ, നാണത്തോടെ കാര്യം വ്യക്തമാക്കി. കാണാൻ പാടില്ലാത്തത് കണ്ടത്രേ.
“വയസായാലും ഇങ്ങനൊക്കെ…..”
മലർ അർദ്ധോക്തിയിൽ നിർത്തി. പിന്നെ വിസ്മയം നിറഞ്ഞ മുഖത്തോടെ പുഞ്ചിരിച്ചു. ആ കണ്ണുകളിൽ തിരിച്ചെത്തിയ നിഷ്കളങ്കമായ കുസൃതിയിലേക്ക് നോക്കിയപ്പോൾ വാൽസല്യത്തോടെ ചേർത്തുപിടിക്കാനാണ് തോന്നിയത്.
എങ്കിലും സംശയമുണ്ടായിരുന്നു. മലരിന് തോന്നിയതായിക്കൂടെ?
ഈയടുത്ത് വിദേശത്ത് നിന്നൊരു വനിത. മുവ്വായിരം രൂപ മുടക്കി അവർ ഒരപ്പോയിൻ്റ് മെൻ്റെടുത്തു. കെയർഹോമിൽ വയസ്സായ ചില സ്ത്രീകളെ വല്ലാത്തൊരു സാഹചര്യത്തിൽ കണ്ടെന്നാണ് അവരവകാശപ്പെട്ടത്. “തൊണ്ണൂറാം വയസ്സിലും ഇത്തരം ആഗ്രഹങ്ങളുണ്ടാകുമോ? അതും സ്ത്രീകൾക്ക് !”
“ലെസ്ബിയൻ കപ്പിൾസിനിടയിൽ കാര്യങ്ങളൊക്കെ എങ്ങനെ നടക്കും?” എന്നതുപോലെയുള്ള ഒരു സാമൂഹ്യ ആധി. അത്തരം ക്യൂരിയിയോസിറ്റിക്കപ്പുറമൊന്നും അവരുടെ ചോദ്യത്തിലുണ്ടായിരുന്നില്ല.
പിന്നീടിതേ പറ്റി ഒരു സർവ്വേ നടത്തി. വയസ്സായവരുമായി ഇടപഴകുന്ന വിദേശമലയാളികൾക്കിടയിൽ. സംസാരിച്ചവരിൽ യൂറോപ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരും വിദ്യാസമ്പന്നരും, മധ്യവയസ്സിലെത്തിയവരും ഉണ്ടായിരുന്നു. പക്ഷേ, ഇക്കാര്യം തുറന്ന് സംസാരിക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. നമ്മുടെ സംസ്കാരം അങ്ങനെയാണെല്ലാവരേയും പരുവപ്പെടുത്തിയിരിക്കുന്നത്.
പെയിൻ റിലീഫ് എന്ന നിലയിലോ അല്ലെങ്കിൽ യൗവ്വനകാലത്തെ ചില ആനന്ദനിമിഷങ്ങളുടെ ഓർമ്മയിലോ ആയിരിക്കാം വൃദ്ധകൾ ഈയൊരു പ്രവൃത്തിക്ക് താൽപര്യപ്പെടുന്നത് എന്നൊരുത്തരം പിന്നീട് കണ്ടെത്തിയെങ്കിലും അതിനൊരു വ്യക്തതക്കുറവുണ്ടായിരുന്നു.
രാവിലെ ഉമ്മറത്തെ ചാരുപടിയിൽ അലസമായിരുന്ന് അമ്മൂമ്മയുടെ കഥ പറച്ചിലിലേക്ക് ചെവിയോർക്കുമ്പോൾ എന്നത്തേയും പോലെ മധുരമുള്ള ഏതെങ്കിലും ഓർമ്മയായിരിക്കുമെന്നേ കരുതിയുളളൂ. പുറകുവശത്തെ വയസ്സൻമാവിൽ നിന്നാണ് ഇന്നത്തെ കഥ തുടങ്ങിയത്.
അമ്മൂമ്മയുടെ നെഞ്ചോടൊട്ടിക്കിടന്നിരുന്ന ആ പഴയ കുട്ടിയായി കഥ കേൾക്കാനാരംഭിച്ചപ്പോൾ, ഗൃഹാതുരത്വമുണർത്തുന്ന കഥയിലൂടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്ന ചില ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കെത്തുമെന്ന് കരുതിയതേയില്ല.
*******
അമ്മൂമ പതിവുപോലെ ചാരുകസേരയിൽ പോയിരുന്നു. സ്റ്റീരിയോയിൽ തീരെ പതിഞ്ഞ ശബ്ദത്തിൽ ഒരു കീർത്തനം വച്ചു. ദൂരേക്ക് കണ്ണയച്ച് ചാരിക്കിടന്നു. കുറേ നേരത്തെ മൗനത്തിന് ശേഷം സ്വതസിദ്ധമായ താളത്തിൽ പറയാൻ തുടങ്ങി.
“അടുക്കളവശത്തെ മൂവ്വാണ്ടൻ മാവില് നെറയെ മാങ്ങിണ്ട്. എല്ലാം ചെനച്ച് തിന്നാൻ പാകത്തില് റെഡ്യായി നിക്കാണ്. പക്ഷേ, എന്താ കാര്യം? കുലുക്കി വീഴ്ത്താൻ പറ്റില്ല്യ. കേറി പറിക്കാനും പറ്റില്ല്യ. നിറച്ചും പുളിയുർമ്പല്ലേ. എല മടക്കി കൂടുണ്ടാക്കി കൂട്ടത്തോടെയാ അവരടെ താമസം. മാവിലൂടെ നെരനെരയായി പോക്കുവരവ് നടത്തുണൂണ്ട്.
“ദൂരെ നിന്ന് എറിഞ്ഞു വീഴ്ത്ത്യാല് മാങ്ങ കിട്ടും. എന്നാലും എറിഞ്ഞ് കൊറേ കഴിഞ്ഞേ അടീലേക്ക് പോകാമ്പറ്റൂ. ഇല്ലെങ്കി കടിയനുറുമ്പോള് ദേഹത്തേക്ക് കൊഴിയും. ഇന്നലെ മാങ്ങക്കൊതി മൂത്തപ്പോഴാ ആ ചെക്കൻമാരെ വിളിച്ചുവരുത്തീത്. അമ്മാവൻ്റെ മക്കളെ. മാങ്ങയൊക്കെ എറിഞ്ഞിട്ടു. അപ്പഴല്ലേ അവൻമാർക്ക് വെശക്കണൂന്ന് പറഞ്ഞത്.
“പാതും പുറത്ത് ചോറ് വാർത്തടച്ച് വെച്ചിട്ടാ അമ്മ കാട്ടുപറമ്പിലേക്ക് പോയത്. തക്കാളീം മാങ്ങേം നാളേരപ്പാല് ചേർത്ത്ണ്ടാക്ക്യ കൂട്ടാനാരുന്നു. നല്ല രസണ്ടാരുന്നു. മൂന്നാളും വാദിച്ച് കഴിച്ചു. ചോറ്റുംകലം കാലിയായതറിഞ്ഞില്ല. എറിഞ്ഞിട്ട മാങ്ങ പിന്നെ തിന്നാനേ തോന്നീല്ല്യ. ചെനച്ച മാങ്ങയോട് കൊതിയില്ലാഞ്ഞിട്ടല്ല. പറമ്പിലെ പണി തീർത്ത് അച്ഛനും അമ്മേം വരുമ്പോ എന്തു പറയും എന്നോർത്തിട്ട്. നല്ല വഴക്ക് കേൾക്കും. ചെലപ്പോ അടീം കിട്ടും. “
ആരോ മുൻപിലിരിക്കുന്ന പോലെയാണ് എപ്പോഴും അമ്മൂമ്മയുടെ സംസാരം. കാലദേശങ്ങൾക്ക് അവിടെ സ്ഥാനമില്ല. ചിലപ്പോൾ ഇടക്കൊന്ന് നിർത്തും. പിന്നെ എന്തോ ഓർക്കുന്ന പോലിരിക്കും. അതിനിടയിൽ ആരെങ്കിലും വരുന്നതോ പോകുന്നതോ നോക്കിയിരിക്കുന്നതോ ഒന്നും അമ്മൂമ്മ അറിയാറേയില്ല. ചിലപ്പോൾ തോന്നും ഇനിയൊരുപക്ഷേ, മറ്റുളളവർക്ക് കാണാൻ പറ്റാത്ത ആരെയെങ്കിലും അമ്മൂമ്മ കാണുന്നുണ്ടാവുമോയെന്ന്.
അമ്മൂമ്മ സംസാരം തുടർന്നു.
“അമ്മ പക്ഷേ ഒന്നും പറഞ്ഞില്ല. അവില് നനച്ച് കഴിച്ചു അവര് രണ്ടാളും. പിന്നെയാണ് ചോറ് കഴിഞ്ഞേൻ്റെ വിശേഷം ഞാനവരെ പറഞ്ഞുകേൾപ്പിച്ചത്. നാളെ പറമ്പില് പോയിവരുമ്പോ ചോനനുറുമ്പിനെ കൊണ്ടരാന്ന് അപ്പഴാണ് അമ്മ പറഞ്ഞത്. കാട്ടുപറമ്പില് ചോനനുറുമ്പുണ്ടെന്ന്. ശർക്കരനീര് കുപ്പീലാക്കി കൊണ്ടുപോയത് അതിനാണ്.
ചോനനുറുമ്പോള് ശർക്കരനീര് കുടിക്കാൻ കുപ്പീല് കയറും. കുപ്പി നെറച്ചും ഉറുമ്പോളാകുമ്പോ കുപ്പിയടക്കും. എന്നിട്ട് ഈ മൂവ്വാണ്ടൻ മാവിൻ്റെ ചോട്ടില് കൊണ്ടന്ന് അടപ്പ് തൊറക്കും. അങ്ങനെ അവരെയെല്ലാം മാവുമ്മേലേക്ക് കയറ്റിവിടും.
“ചോനനുറുമ്പോള് കടിക്കില്ല. ദേഹത്ത് കേറ്യാല് ഇക്കിളി കൂട്ടി ഓടിനടക്കും. അതേ അവർക്കറിയൂ. പാവങ്ങളാ. അപ്പോപ്പിന്നെ അവര് ചെല്ലുമ്പോ കടിയനുറുമ്പോള് ഓടിയൊളിക്കണതെന്തോണ്ടാവും? ‘ഓടിയൊളിക്കും’ അമ്മ ഒറപ്പിച്ച് പറഞ്ഞു. പക്ഷേ അതെന്തോണ്ടാണെന്ന് അമ്മക്കും അറിയില്ല.
“ഈ പുളിയുറുമ്പോൾക്ക് ചോനനുറുമ്പോളെ എന്താത്ര പേടിന്നാലോചിച്ച് മാവിൻകടക്കലങ്ങനെ നിൽക്കുമ്പഴാണ് ഒരു പുളിയുറുമ്പിൻ കൂടപ്പാടെ പൊട്ടി ദേഹത്ത് വീണത്. ഞെട്ടിയെണീറ്റോടാൻ നോക്കിയപ്പോഴല്ലേ മനസ്സിലായത് ! കണ്ടത് ദിവാസ്വപ്നാരുന്നെന്ന്. “
“അംബീ……. മനസ്സെത്തുന്നിടത്തേക്ക് ശരീരമെത്താത്ത കാലായി തനിക്ക് ” . എന്ന് അനന്തേട്ടനെപ്പഴും ഓർമ്മിപ്പിക്കണതാ. എന്നട്ടും ഈ അംബികാവതിയമ്മ അത് മറന്നു.
വാക്കറില്ലാതെ രണ്ടടി നടക്കാൻ പറ്റില്ലെന്ന് മറന്നു. ചാടിയോടി നടക്കാൻ പറ്റുംന്നാ ഇപ്പഴും മനസ്സില്. എന്താ ചെയ്യ! കുട്ട്യാന്ന പോലല്ലേ ഓടാൻ നോക്കീത്. ഓർക്കുമ്പോ ചിരി വര്വാ.”
അമ്മൂമ്മ പെട്ടെന്നാണ് പൊട്ടിച്ചിരിക്കാൻ തുടങ്ങിയത്. ചിരിച്ചുചിരിച്ച് ശ്വാസംമുട്ടി ചുമച്ചു. മലർ വന്ന് എത്തിനോക്കി. കുഴപ്പമില്ലെന്നവളെ കണ്ണടച്ച് കാണിച്ചു. അമ്മൂമ്മ മനോവിചാരങ്ങളിലൂടെ അടുത്ത സംസാരത്തിലേക്ക് കടന്നപ്പോൾ അവളാശ്വാസത്തോടെ സ്ഥിരം ജോലികളിലേക്ക് മടങ്ങി.
“കാലം കൊറച്ചായിട്ട് ഇങ്ങനെ ഒരോരോ സ്വപ്നങ്ങളാണ്. ഒക്കെ പണ്ടത്തെ കാര്യങ്ങളാ. പക്ഷേ ഇപ്പൊ നടന്നപോലാണ് തോന്നാ. ഇത്രനേരം കണ്ടത് സ്വപ്നാണെന്ന് തോന്നണേയില്ല. ചിരി കേട്ട് ആ എരട്ടത്താടിക്കാരി ഒളിഞ്ഞ് നിന്ന് നോക്കണുണ്ടാവും. തള്ളക്ക് നൊസ്സു തൊടങ്ങീലോ ദൈവേന്ന് വിചാരിക്കണുണ്ടാവും. ഈ നൊസ്സവൾക്ക് മനസ്സിലാവോ? ആവേരിക്കും. വന്നപ്പോ ഭയങ്കര ഗൗരവക്കാരിയാർന്നു. പിന്നെ കൊറച്ച് ഭേദായി. ഇപ്പൊ ഇത്തിരി ചിരിക്കാനും ഒരുങ്ങാനുമൊക്കെ തൊടങ്ങീട്ടുണ്ട്. പിന്ന്യാവാണ്ടിരിക്ക്വോ? ചെമ്പകം ചാര്യാ ചെമ്പകം മണക്കുംന്നല്ലേ. “
അതുംപറഞ്ഞ് അമ്മൂമ്മ കുണുങ്ങിക്കുണുങ്ങി ചിരിച്ചപ്പോൾ ഒപ്പം ചിരിക്കാതിരിക്കാനായില്ല. ശബ്ദം കേൾക്കേണ്ടെന്ന് കരുതി പെട്ടെന്നുതന്നെ ചിരിയടക്കി. പിന്നെ പുറകിലൂടെ ചെന്ന് അമ്മൂമ്മയുടെ ചുരുണ്ടുവെളുത്ത മുടിയിഴകളിൽ തലോടി. താഴെ വീണുകിടന്ന തുളസിക്കതിരെടുത്ത് മുടിയിൽ വെച്ചുകൊടുത്തു. അമ്മൂമ്മ കൈ തട്ടിമാറ്റി. പിന്നെ പരിഭവത്തോടെ പറഞ്ഞു.
“എന്താപ്പൊത് ? മുടീല് തൊട്ടൊള്ള കളി വേണ്ടാട്ടോ അനന്തേട്ടാ. അല്ലെങ്കിതന്നെ മുട്യൊക്കെ കൊഴിഞ്ഞ് പോയേക്കണു. പിന്നേയ് അടുക്കളവശത്തെ ആ മാവില് വീണ്ടും പുളിയുറുമ്പ് കേറിന്നാ തോന്നണെ. അതാപ്പോ ഇങ്ങനെ ഒരു ദിവാസ്വപ്നം. കൊറേ നാളായില്ലേ പിൻവശത്തേക്കൊക്കെ പോയിട്ട്. ആ പൂക്കൊച്ചിനോട് ചോദിച്ചുനോക്കാം. അവൾക്കറിയാണ്ടിരിക്കില്ല്യ. വന്ന സമയത്ത് പൊറത്തെറങ്ങൂല്ലാർന്നു. തൊട്ടേനും പിടിച്ചേനും പേടി. ഇപ്പ അങ്ങനല്ല. എല്ലാടത്തും ഓടി നടക്കും. പുല്ലും പൂവും മരോം മഴേം ഒക്കെ ഇഷ്ടാതിന്. മ്മടെ അപർണ്ണേനെ പോലെന്നെ. അവളെപ്പോലെ കുറച്ച് മൂശേട്ടത്തരോം ണ്ട്. പക്ഷേ നല്ല വകതിരിവുള്ളോളാ. കൊണ്ടന്നതാരാ ! അപ്പൊപിന്നെ മോശാവോ? എന്നാലും മ്മടെ ഭാഷ ശരിക്കങ്ങ്ട് അറിയില്ല. അറിയാരുന്നെങ്കി വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാർന്നു.
“ശ്ശൊ. വേണ്ട. ഇത് തന്ന്യ നന്നായെ. ഭാഷ അത്ര വശാവാത്തോണ്ട് ആ എരട്ടത്താടിക്കാരി, എന്താ അവൾടെ പേര്. …… പേരെപ്പഴും മറക്കും. അവളൊന്നും മക്കളോട് വിളിച്ച് പറയില്ലെന്ന് ഒരാശ്വാസണ്ട്. ഇനീപ്പോ പറയോ? അപ്പൂന് അവൾടെ ഭാഷ വശണ്ടല്ലോ. അവള് പറഞ്ഞാല് ആരും വിശ്വസിക്കാനൊന്നും പോണില്ല.
പത്തുമുപ്പത് കൊല്ലം മുമ്പ് വല്ലോരും പറഞ്ഞിത് കേട്ടാല് ഞാൻ വിശ്വസിക്കാരുന്നോ? ഇല്ലല്ലോ. ‘പിന്നേ…..!’ ന്ന് മൂക്കത്ത് കഷ്ടം വച്ചേനെ. അല്ലെങ്കിലും പറഞ്ഞ് കേക്കണേല്ലല്ലോ കാര്യം. നടന്ന് നടന്നെത്തുമ്പോ ചെയ്തറിയണേലല്ലേ.”
“കാലത്തൊടങ്ങി ചിരിച്ച് നടക്കണണ്ട് പെണ്ണ്. ചെറിയ പ്രായല്ലേ. അവൾക്കിതൊക്കെ അതിശയായി തോന്നണുണ്ടാവും. നാണംകെട്ട കെളവീന്ന് തോന്നിക്കാണ്വോ. ഏയ് ഇണ്ടാവില്ല്യ. അപ്പു കൊണ്ടന്നാക്ക്യ കുട്ട്യല്ലേ. ഇനീപ്പോ തോന്ന്യാലും കൊഴപ്പൊന്നൂല്ല്യ. നമ്മടെ തോന്നലല്ലേ നമുക്ക് പ്രധാനം. അല്ലേ?
എന്നാലും ആ പൂക്കൊച്ചെപ്പഴാ എൻ്റെ മുറീല് വന്ന് കെടന്നത്?
“ലക്ഷ്മ്യുട്ടി ഇങ്ങനാരുന്നില്ലേ. അപ്പൂൻ്റമ്മ. രാത്രീല് മിണ്ടാണ്ട് എൻ്റെടുത്ത് വന്ന് കെടക്കും. എന്തൊക്ക്യോ വെഷമങ്ങളുണ്ടാർന്നു ൻ്റെ കുട്ടിക്ക്. പക്ഷേ ഒന്നും കാണിക്കില്ല്യ. അമ്മ വെഷമിച്ചാലോന്നെച്ചിട്ട്. “
ശരിയാണ്. അമ്മ നടന്നുതീർത്ത കനൽപാതകളുടെ ചൂടിപ്പോഴറിയുന്നുണ്ട്. പൊള്ളിക്കുന്നുണ്ട്. തറവാട്ടിലെ ഈ തണുപ്പിലും. അമ്മൂമ്മയുടെ ഈ തണലിലും. പക്ഷേ ആ ചൂടൊരൂർജ്ജമാണ്. നിശ്ശബ്ദയായി തണുപ്പിലേക്ക് നടന്നുപോവും മുമ്പ് അമ്മ തന്നിട്ടുപോയതാണത്. ചുമരിലെ ഫോട്ടോയിലിരുന്ന് അമ്മയുമെന്തോ ഓർക്കുന്നതായി തോന്നി. അമ്മൂമ്മയും ആ ഫോട്ടോയിലേക്കാണ് നോക്കുന്നത്.
ഇടക്കൊക്കെ മലർ അമ്മൂമ്മയുടെ മുറിയിൽ പോയി കിടക്കാറുള്ളതാണ്. ഒറ്റക്ക് കിടക്കാൻ ഭയം തോന്നുന്ന ചില സന്ദർഭങ്ങളിൽ. അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി അമ്മൂമ്മയും നിശബ്ദയായപ്പോൾ ടെൻഷനായി. കഥ നിർത്തിക്കളഞ്ഞോ എന്നോർത്ത്. പക്ഷേ അമ്മൂമ്മ വീണ്ടും പറയാനാരംഭിച്ചു. ജാഗ്രതയോടെയാണ് പിന്നീടുള്ള ഓരോ വാക്കും കേട്ടുകൊണ്ടിരുന്നത്.
“പണ്ടേയ്, രാത്രിനേരത്ത് ഞങ്ങളീ കോലായില് വന്നിരിക്കും. ഞാനും അനന്തേട്ടനും. പിള്ളേരൊക്കെ പോയി ഒറ്റക്കായ സമയത്ത്. അന്നീ ചാരുബഞ്ചില്ല. താഴെയിരിക്കും. കുളിച്ച് ഭസ്മോം പൂശി തൂണിൽ ചാരിയിരിക്കുന്ന അനന്തേട്ടനെ കാണാൻ എന്തു ചന്താണെന്നോ. നല്ല മണോം. ഏതാണ്ടൊക്കെ തോന്നും അപ്പോ. എഴുപത്തഞ്ചാം വയസ്സുവരെ അതങ്ങനെ തന്നാർന്നു. ഒരു ദിവസം പറമ്പില് ലക്ഷ്മ്യേം തെരക്കി പോയതല്ലേ. പിന്നെ വന്നില്ല. പോയപോലെ.
“പക്ഷേ ഇപ്പഴും ഇവിടെ വന്നിരുന്നാ രാത്രിന്നോ പകലെന്നോ ഇല്ല. ആ മണം ചുറ്റിക്കറങ്ങും. ചില രാത്രികളിൽ കൂടെയുണ്ടാകും. പണ്ടത്തെപ്പോലെ. പക്ഷേ ഇതൊന്നും ആരോടും പറയാറില്ല. അല്ലെങ്കിത്തന്നെ ആരോടെങ്കിലും പറയാവുന്ന കാര്യാണോ? തോന്നല് ഒരാളിൻ്റേത് മാത്രമാവുമ്പോ അത് ഉള്ളിലൊതുക്കുന്നതല്ലേ നല്ലത്.
“ഇന്നലെ ആ പൂക്കൊച്ച് പാതിരക്കെണീറ്റ് ഒറ്റ ചോദ്യാണ്, മുത്തശ്ശി എന്താ ഈ ചെയ്യണേന്ന്. ഇരുട്ടത്തെല്ലാം കാണാൻ അവൾക്ക് പൂച്ചക്കണ്ണാന്നാ തോന്നണത്. എണീറ്റ് ലൈറ്റിട്ട് കളഞ്ഞു അവള്. പിന്നെ ഓടി വന്ന് മുഖത്തേക്ക് നോക്കി നിന്നു. ഞാൻ ചാവാൻ പോവാന്ന് പേടിച്ചൂന്ന് തോന്നണു! പാവം! അവളെ കുറ്റം പറയാൻ പറ്റില്ല. ഏറിവന്ന ശ്വാസം പിടിച്ച് നിർത്താൻ നന്നായി പാടുപെടേണ്ടി വന്നു. വല്ലാണ്ട് വെയർത്തത് കണ്ടിട്ടാവും അവള് ഫാനിൻ്റെ സ്പീഡ് കൂട്ടിയത്. പിന്നെ ലൈറ്റ് കെടുത്തി പുതപ്പ് തലേക്കോടെ മൂടി ഒറ്റ കെടപ്പാ.
“അവളൊറങ്ങീണ്ടാർന്നില്ലേ? ഞാനറിഞ്ഞില്ല. അവളെടക്കിങ്ങനെ വന്ന് കെടക്കല്ണ്ട്. കെടക്കുമ്പഴേക്കും ഒറങ്ങേം ചെയ്യും. കുട്ട്യല്ലേ. പണ്ട് ഒറ്റമുറി വീടായിരുന്നപ്പോ പിള്ളേരൊക്കെ ഒറങ്ങീന്നൊറപ്പു വരുത്തിട്ടല്ലേ ഞങ്ങള് സ്നേഹിക്കാറ്. സമാധാനക്കേടോടെയാണെങ്കിലും ഒരു തട്ടുകേടും പറ്റീല്ല അന്നൊക്കെ.
പിന്നെപ്പഴായിരുന്നു സമാധാനായിട്ട്. പിള്ളേരൊക്കെ കൂടുവിട്ട് പറന്നേന് ശേഷം. പിന്നിതേ വരെ. ഈ എരട്ടത്താടിക്കാരി പൂക്കൊച്ചിനെ കൊണ്ടരണവരെ ഞങ്ങൾ രണ്ടും മാത്രമായിരുന്നല്ലോ ഇവിടെ. പകല് സഹായത്തിനൊരാള് വന്നേർന്നെങ്കിലും ഉച്ചാവുമ്പോ പോവുമാർന്നു. അതായിരുന്നു എനിക്കിഷ്ടം. ഞങ്ങൾക്കെടേല് വേറെ ആരും വരണതെനിക്ക് ഇഷ്ടായിരുന്നില്ല.
“എന്താ ഒറ്റക്കെന്നെ ആവണന്ന്? ഇത്ര വാശി വേണ്ടാട്ടോ അമ്മേ’ ന്ന് പണ്ടേ മക്കള് ചോദിക്കണതാ.
“ഞാൻ ഒറ്റക്കല്ല അച്ഛനുണ്ട് കൂടെ’ന്ന് പറഞ്ഞു ഞാൻ. പിള്ളേർടെ കാര്യം ഓർത്താ ചെലപ്പൊ ചിരി വരും. ചെലപ്പോ കരയാനാ തോന്നും.
“അമ്മ ഒറ്റക്കിരുന്ന് വർത്താനാണ് എപ്പഴും. അതാണ് അവരടെ ഇപ്പഴത്തെ വിഷമം. അവർക്ക് വ്യസനം ണ്ടാവും. അമ്മ ഒറ്റക്കല്ലേ എന്ന ആധിയേക്കാളധികം വയസാം കാലത്ത് അമ്മക്ക് കൂട്ടിരിക്കാൻ പറ്റണില്ലല്ലോ എന്ന കുറ്റബോധാവും പാവങ്ങൾക്ക്. അമ്മക്ക് അതോണ്ട് ഒരു സങ്കടോം ഇല്ലാന്ന് എത്രതവണ പറയണം!
“ശരിക്കും ഉള്ളതാ. എന്നും അവരിവിടെ ഇണ്ടെങ്കി ഇത്ര നന്നാവും എന്നെനിക്ക് തോന്നണില്ല. വല്ലപ്പോഴും വന്ന് പോകുമ്പോ കൂട്ടിവച്ച സ്നേഹം ആവോളം തരലുണ്ടല്ലോ. അത് മതി. പക്ഷേ നാട്ടാർക്ക് വല്ലാത്ത വ്യസനാ. വയസ്സായ തള്ളേനെ ഇട്ട് മക്കള് സമ്പാദിക്കാൻ പോയേക്കാണെന്ന്. പരാതി അവർ തമ്മിൽതമ്മിൽ പറഞ്ഞു തീർക്കണുണ്ട്. “
അമ്മൂമ്മ എല്ലാം അറിയുന്നുണ്ടെന്ന് തോന്നി. എന്നാൽ പെരുമാറ്റം ഒന്നും ഓർമ്മയില്ലാത്തതുപോലെയും. പലതിനും വ്യക്തതയില്ല. തൊണ്ണൂറ്റിയഞ്ച് വയസ്സുളള ഒരാളെന്ന നിലയിൽ ഈയവസ്ഥപോലും മോശമല്ല. അവ്യക്തമായി പറയുന്ന പലതിലും ചില വ്യക്തതകൾ ഒളിപ്പിച്ചുവയ്ക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഭൂതകാലമാണ് അമ്മൂമയുടെ വർത്തമാനകാലം. എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്ന് കരുതാനുള്ള ഇഷ്ടം കൊണ്ടായിരിക്കാം.
“ചെറകിന് ബലം വെച്ചാ പറത്തിവിടണം. അതാ പ്രകൃതിനെയമം.”ന്ന് പണ്ട് സങ്കടപ്പെടുമ്പോൾ അനന്തേട്ടൻ പറയുമാരുന്നു, ലക്ഷ്മീനെ പറഞ്ഞയക്കണ സമയത്ത്. പറത്തി വിട്ട കിള്യോളൊക്കെ ആകാശം മുട്ടെ പറക്കല്ണ്ടാവോ?
“പിന്നൊരിക്കെ അവള് തിരിച്ച് വന്നു. അപർണ്ണേനെം കൊണ്ട്. കുഞ്ഞിനെ ഇവടെ ആക്കീട്ടാ വീണ്ടും പോയത്. പിന്നെ വീണ്ടും വന്നു. പിന്നെന്നാ അവള് പോയെ? ലക്ഷ്മി ആഗ്രഹിച്ച പോലെന്നെ അപ്പു വല്ല്യ നെലേലെത്തിട്ടോ! പക്ഷേ,ഒന്നിരിക്കാൻ നേരല്ല്യ ആ കുട്ടിക്ക്. അപ്പു ഇന്യെന്നാ ഇങ്ങട്ടാവോ ? എടക്ക് ഓട്ടപ്രാന്ത്രി കളിച്ച് വന്നു പോണ കാണാം. അങ്ങനൊരു ദെവസാ ആ പൂക്കൊച്ചിനെ കൊണ്ടാക്കീത്. എനിക്ക് കൂട്ടിന് കൊണ്ടാക്കീതാന്നാ പറച്ചില്. അതൊന്ന്വല്ല. എനിക്കറിയാം.
“പൂക്കൊച്ചിൻ്റെ പണിയൊക്കെ കഴിഞ്ഞ് കാണും. ഒള്ളത് പറയാലോ. ഏത് തെരക്കിലും വിളിച്ചാ വിളിപ്പൊറത്താ. ഇന്നെന്തായാലും കൊറച്ച് ചോനനുറുമ്പിനെ പിടിപ്പിക്കണം. എങ്ങനാന്ന് അവൾക്ക് അറിയിണ്ടാവില്ല. പറഞ്ഞ് കൊടുക്കാം. ചെലേ വിചാരങ്ങളൊക്കെ പറയുമ്പോ, എല്ലാം മനസിലായില്ലെങ്കിലും അവള് തലയാട്ടി രസിച്ചിരിക്കണ കാണാം. തിണ്ണേല് ചായഗ്ലാസിൻ്റെ മധുരത്തിലേക്ക് നെറയെ വരലുണ്ടല്ലോ ചോനനുറുമ്പോള്. ഞാൻ പറയണ കേട്ടുകേട്ടാവും. ഇപ്പോ അവളും ഇക്കിളി കൊള്ളാൻ കാല് വെച്ച് കൊടുക്കലുണ്ടല്ലോ. അതോണ്ടവരെ പിടിക്കാൻ കാട് കേറൊന്നും വേണ്ടാന്ന് അവൾക്കും അറിയാം. ഇപ്പൊ കുപ്പി വച്ചാല് വൈകുന്നേരത്തേക്ക് കുപ്പി നെറയും.”
മലർ ചോനനുറുമ്പിനെ പിടിക്കുകയും മൂവ്വാണ്ടൻ മാവിലേക്ക് കയറ്റിവിടുകയും ചെയ്തെന്ന ആശ്വാസത്തിലാണ് അമ്മൂമ്മയിന്നലെ കിടന്നുറങ്ങിയത്.
ഉറക്കമില്ലാത്ത രാത്രികൾക്ക് നീളം വളരെ കൂടുതലാണ്. കുട്ട്യമ്പലത്തിൽ നിന്ന് ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല. ചടങ്ങുകളെല്ലാം കഴിഞ്ഞുകാണും. ഫോണെടുത്ത് സമയം നോക്കി. പുലരാറായിരിക്കുന്നു. അമ്മൂമ്മ എണീറ്റിരിക്കുമോ? ഒന്നുപോയി നോക്കിയാലോയെന്ന് ആലോചിച്ചതേയുള്ളു. മുറിയിൽ നിന്ന് പെട്ടെന്ന് അമ്മൂമ്മയുടെ സംസാരം കേൾക്കാൻ തുടങ്ങി.
“മാങ്ങ വീഴുന്ന ശബ്ദല്ലേ അത്. അതെ. ചോനനുറുമ്പോള് കേറീപ്പൊ പുളിയുറുമ്പോള് പോയിക്കാണും. അതല്ലേ അണ്ണാറക്കണ്ണൻ കേറീത്. അതോണ്ടാണല്ലോ മാങ്ങ വീണത്. കാറ്റത്ത് കൊഴിഞ്ഞുവീഴാൻ മാങ്ങകൾ പഴുക്കാറായിട്ടില്ലല്ലോ. മാവീന്നല്ലേ കിളികളുടെ കരച്ചില്. ആവും. എന്തായാലും നന്നായി.
കാക്കേം കുരുവീമൊക്കെ കൂട് കൂട്ടട്ടെ. ആ മധുരം എല്ലാരും നുണയട്ടെ. ഇനി ഒരൊറ്റ പുളിയുറുമ്പ് കേറാൻ പാടില്ല ആ മാവില്. ആ എരട്ടത്താടിക്കാരി എവടെപ്പോയി? ചൊമരരൂത്ത് കാണാനില്ലല്ലോ. ഉറങ്ങാൻ കെടന്നപ്പോ ഉണ്ടായിരുന്നല്ലോ. അപ്രത്തെങ്ങാനും ഉണ്ടാവും. ആ വകതിരിവ് നന്നായി. അനന്തേട്ടൻ ഇന്നലെ വെഷമിച്ചാവും പോയത്. പുലർക്കാലങ്ങളാണല്ലോ എന്നും അനന്തേട്ടനിഷ്ടം.”
അമ്മൂമ്മ ഉണർന്നതറിഞ്ഞ് മലരും കിടക്കയിൽ എഴുന്നേറ്റിരുന്നു. ഫോണിൽ അവൾക്കിഷ്ടമുള്ള ഒരു പാട്ടെടുത്ത് പ്ലേ ചെയ്ത് ഇയർഫോൺ കണക്റ്റാക്കി അവളുടെ ചെവിയിൽ വച്ചുകൊടുത്തു. പിന്നെ പതുക്കെ പുറത്തേക്ക് നടന്നു.
അപ്പുറത്തെ മുറിയിൽ ഭസ്മമണം പുണർന്നെന്നോണം അമ്മൂമ്മയുടെ കണ്ണുകൾ കൂമ്പിയടയുന്നതും ഒരായിരം ചോനനുറുമ്പുകൾ ഓടിക്കയറിയാലെന്ന പോലെ ശരീരം ഇക്കിളി കൊണ്ടിളകുന്നതും കണ്ട് കുറ്റബോധത്തോടെ തിരികെ നടക്കുമ്പോൾ പുറകിൽ അമ്മൂമ്മയുടെ ശ്വാസഗതി വേഗതയാർന്നു. ഒടുവിൽ നേർത്തുനേർത്ത് ശാന്തതയിലേക്കമർന്നു.
മോക്ഷം നൽകുന്ന ചോനനുറുമ്പുകളെക്കുറിച്ചോർത്ത് പുറത്തെ നിലാവിലേക്ക് നോക്കിയിരിക്കുമ്പോൾ കണ്ണുകൾ നീറിപ്പിടഞ്ഞു. നിശ്ശബ്ദയായി അടുത്തു വന്നിരുന്ന മലരിനെ ചേർത്തു പിടിച്ച് പുലരിയുടെ ദൃശ്യശ്രവ്യ സിംഫണിയിലേക്ക് കണ്ണും കാതുമയച്ചു. കിഴക്കുവശത്തെ മലനിരകൾക്കു മുകളിൽ ആകാശമപ്പോൾ ചോനുറുമ്പുകളുടെ നിറമാർന്ന് പ്രകാശത്തിലേക്കുയരാൻ തുടങ്ങുകയായിരുന്നു.














