കൂക്ക്

കടത്ത്പുരവീട്ടിൽ എന്നും വിളക്കണയാൻ പാതിരാ കഴിയുമായിരുന്നു. തണുത്ത കാറ്റ് വീശിയ അഷ്ടമുടിക്കായലോരത്തെ വീടിൻെറ വരാന്തയിൽ പതിവ് പോലെ തെക്കോട്ടും നോക്കിയുള്ള തോമാച്ചായൻെറ ഇരുപ്പ് അന്ന് വിളക്കണഞ്ഞിട്ടും നീണ്ടു.

ചാരുകസേരയിലെ ആ ഇരുപ്പ് അഷ്ടമുടിക്കായലിലെ തെക്കേക്കടവിൽ നിന്നും ആരെങ്കിലും ഇക്കരയ്ക്ക് വരാൻ കൂക്കുന്നുണ്ടോ എന്ന് കണ്ണോർത്തും കാതോർത്തുമുള്ള ഇരുപ്പാണ്. വീടിനോട് ചേർന്ന് തലയ്ക്ക് മുകളിൽ എന്നോണം നിൽക്കുന്ന പാലം ആരും നോക്കാനോ കൂക്കാനോ വരില്ലെന്ന് കോൺക്രീറ്റിൻെറ ഉറപ്പോടെ ഘനസൂചന നൽകുമെങ്കിലും പാലത്തിന് ഒരിക്കലും ഊഹിക്കാനാകാത്ത ഒരു വരവിനായാണ് കാത്തിരിക്കുന്നതെന്ന് തോമാച്ചായൻ ഊറ്റം കൊള്ളും.

പഴയ ഒരു ഭയം അരിച്ചരിച്ച് എത്തുന്ന ആ ഇരിപ്പിൻെറ സുഖം പാലത്തിന് ഒരിക്കലും മനസ്സിലാകില്ലല്ലോ എന്ന് ഓർക്കുമ്പോഴുമുണ്ട് ഒരു സുഖം. കുട്ടിക്കാലം മുതൽക്കേ കേട്ടതും ഭയന്നതുമാണ് അക്കരഭഗവതിയുടെ ഇക്കരയ്ക്കുള്ള പോക്കുവരത്ത്. ആ പേടിയിൽ വരച്ച കുരിശുകൾക്കും പിറുപിറുത്ത പ്രാർത്ഥനകൾക്കും കൈയും കണക്കുമില്ല. അനേകം തീവെട്ടികളുടെ വെളിച്ചത്തിൽ പട്ടുടുത്ത് സർവ്വാഭരണ വിഭൂഷിതയായി വാദ്യാഘോഷാദികളോടെ പരിചാരകരാൽ ആനയിക്കപ്പെട്ട് കായലോളങ്ങളിളക്കാതെ ഇക്കരയ്ക്ക് വരുന്ന ഘോഷയാത്രയും കണ്ണാടി പോലെ നിശ്ചലമാകുന്ന വെള്ളത്തിലെ അതിൻെറ പ്രതിബിംബവും ആയിരം കൺനിറയെ കാണേണ്ട കാഴ്ചയാണ്.

പക്ഷേ കണ്ട് പോയാൽ ബോധം ചിതറും . ബോധം തിരികെ വന്നാൽ അത് കണ്ടുപോയ കാഴ്ചയുടെ അഭൂതപൂർവമായ ആഢംബരത്തിൻെറയും മന്ദ്രതയിൽ നിന്നും ഇരമ്പിയാർക്കുകയും താഴുകയും പടർന്നേറുകയും ചെയ്യുന്ന വാദ്യഘോഷങ്ങളുടെയും ഒരിക്കലും ശമിക്കാത്ത ഭ്രമങ്ങളുമായായിരിക്കാം. പകിട്ടുകളെല്ലാം കെടുത്തി കരിന്തിരി മണം പടർത്തി ഭഗവതി തിരികെ പോകുന്നതിന് പലരും സാക്ഷികളുണ്ടെങ്കിലും നാട്ടുമുക്കിലും ബാർബർ ഷോപ്പിലും കള്ള് ഷാപ്പിലും തോമാച്ചായൻെറ വള്ളത്തിൽ പോലുമിരുന്ന് പലരും പറഞ്ഞ വീമ്പുകളിലൊന്നിലും ഭഗവതിയുടെ വരവ് കണ്ടവരാരുമില്ലായിരുന്നു.

നാട്ടുകഥകളിൽ ഭഗവതിയുടെ വരവ് കണ്ടിട്ടുള്ളവർ ഊര് തെണ്ടിപ്പോയ രണ്ട് പേരും അമ്പലത്തിന് വടക്ക് പാലമരങ്ങൾ പടർന്ന് പന്തലിച്ച് നിൽക്കുന്ന പറമ്പുള്ള വീട്ടിലെ കുടുസ്സ് മുറിയിൽ കുടുങ്ങിയ ഒരാളുമായിരുന്നു. മൂവർക്കും തീവെട്ടി വെളിച്ചത്തിലെ ആഭരണങ്ങളുടെ അഭൂതപ്പൊലിമയിൽ നിന്നും മേളപ്പെരുക്കങ്ങളുടെ ഭ്രമവിന്യാസങ്ങളിൽ നിന്നും ഒരിക്കലും തിരിച്ച് കടക്കാൻ ആയില്ലത്രേ. അത് കൊണ്ട് ആളുകൾ കായൽപ്പരപ്പിൽ എവിടെയെങ്കിലും പൊട്ടു പോലെ അഭൗമപ്രകാശം കണ്ടാൽ അഥവാ കണ്ടെന്ന് തോന്നിയാൽ പച്ചമണ്ണിൽ മുഖം അമർത്തി ചെവിയിൽ വിരൽ തിരുകി പോക്കുവരത്തിൻെറ സുഗന്ധധൂമങ്ങളുടെ മണമകലും വരെ കമഴ്ന്ന് കിടന്നു..

പക്ഷേ രാവെന്നോ പകലെന്നോ ഇല്ലാതെ അക്കരെയിക്കരെ കടത്ത് വള്ളം തുഴഞ്ഞ നാളുകളിൽ തോമാച്ചായൻ കായലിൽ തൊട്ടു തൊട്ടില്ല എന്ന് തോന്നിക്കുന്ന ഭഗവതിയുടെ പരിവാരസമേതമുള്ള പോക്കുവരത്തിനെ കുറിച്ച് ഭയന്നിട്ടേയില്ല. അന്ന് ഭയക്കാൻ നേരമില്ലായിരുന്നു. ഭയക്കാനും വേണമല്ലോ ഒരു സാവകാശം!

പാലം വരുന്നതിന് മുൻപ് വഴിവിളക്ക് പോലുമില്ലാത്ത കാലത്ത് ജീവിതത്തിൻെറ നെട്ടോട്ടത്തിൽ ഏത് യാമമെന്ന് നോക്കാതെ ഓടിക്കിതച്ച് കടവിലെത്തിയവർക്കും ഇല്ലായിരുന്നു ഭയക്കാൻ നേരം. ആ ഭയം അലസജീവിതത്തിൻെറ മാത്രം ആഢംബരമായിരുന്നിരിക്കണം. കാലം പോകെ വഴിയിലൊക്കെ വഴിവിളക്കുകൾ വന്നു. പാലം അമാന്തിച്ചമാന്തിച്ച് അക്കരെനിന്നും തോമാച്ചായൻെറ വീടിന് ചേർന്നുള്ള കരയിൽ തൊട്ടു. പാലം തൊട്ടത് അവിടെ കടവിലേക്ക് ഇറങ്ങാനുണ്ടായിരുന്ന കൽപ്പടവ് ഭാഗികമായി പൊളിച്ച് കൊണ്ടാണ്.

അങ്ങനെ ഇക്കരെക്കടവ് ഇല്ലാതായി. ഒരു കടവ് മാത്രമായി കടത്തിന് നിലനിൽക്കാൻ ആകാത്തതിനാൽ തോമാച്ചായൻെറ അപ്പൂപ്പൻെറ കാലം മുതൽ ചെയ്തിരുന്ന കടത്തുകാരൻെറ ജോലിയും പോയി. ഒരു കടവ് മാത്രമുള്ള കടത്ത് എന്ന പ്രഹേളികയ്ക്ക് ചുറ്റിത്തിരിയാൻ ഇടം നൽകാതെ തോമാച്ചായൻ പുതുപദ്ധതികളിലൂടെ സ്വന്തം ജീവിതത്തിൻെറ പ്രസക്തി നഷ്ടമാകാതെ കാത്തു.

പിന്നീടെപ്പോഴോ ജീവിതം വീടിൻെറ ഉമ്മറത്ത് അടിഞ്ഞു എന്ന് തോന്നിയതിന് ശേഷമാണ് പോക്കുവരത്തിൻെറ ഭീതികൾ തിരികെയെത്തിയത്. പോക്കുവരത്ത് നോക്കിയുള്ള ഇരുപ്പിലാണ് തോമാച്ചായൻ ദീർഘമായ പോയ കാലത്തിലും ഹൃസ്വമെന്ന് നിനച്ച വരും കാലത്തിലും മുഴുകിയത്.

തലയ്ക്ക് മുകളിലെന്നോണം നിൽക്കുന്ന പാലത്തിൻെറ കൈവരിയിൽ കൈമുട്ട് കുത്തി ഏതാനും പേർ വന്ന് അഷ്ടമുടിക്കായലിലെ കാറ്റും കുളിരും നുണഞ്ഞ് നിന്നു. നഗരത്തിലെ സിനിമാ കൊട്ടകകളിൽ സെക്കന്റ് ഷോ കണ്ടിട്ട് രാത്രിയിൽ നാട്ടിൻ പുറത്തേക്ക് തിരികെ നടന്ന് പോകുന്നവരായിരിക്കണം. ഭാരം ചുമന്ന് കിതപ്പെല്ലാം ഇരപ്പിച്ചെത്തിയ ഒരു ട്രക്ക് പാലം കടന്നയുടൻ ഇടത് വശത്തുള്ള തട്ടുകടയുടെ സമീപം നിർത്തി. പാലത്തിൻെറ ഉത്‌ഘാടനത്തിന് സ്റ്റേജ് കെട്ടിയിരുന്ന സ്ഥലത്താണ് തട്ടുകട.

ആ സ്റ്റേജിൽ തോമാച്ചായനും ഒരു കസേര സംഘാടകർ കരുതിയിരുന്നു. ചടങ്ങിൽ സ്വാഗതം പറഞ്ഞ പഞ്ചായത്ത് മെമ്പർ തോമാച്ചായൻെറ അപ്പൂപ്പനും അപ്പനും മാത്രമല്ല തോമാച്ചായനും നാടിന് വേണ്ടി ചെയ്ത സേവനങ്ങളെ നാടിൻെറ ഐതിഹ്യപ്പെരുമയുമായി ചേർത്ത് വിവരിച്ചപ്പോൾ പലകുറി കരഘോഷമുണ്ടായി. എങ്കിലും ആ കരഘോഷങ്ങൾ ആദ്യമായി സ്റ്റേജിൽ കയറിയ തോമാച്ചാൻെറ വിറയലിൽ ഒരു കുറവും വരുത്തിയില്ല.

“ശ്രീ തോമാ അവർകളെ ഈ ചടങ്ങിലേക്ക് ഹൃദയത്തിൻെറ ഭാഷയിൽ സ്വാഗതം ചെയ്യുന്നു “ എന്ന് മെമ്പർ പറഞ്ഞപ്പോൾ കരഘോഷവും ആർപ്പ് വിളികളും നിയന്ത്രണാതീതമായി .

ആരെങ്കിലും തടയുന്നതിന് മുന്നേ സ്റ്റേജിലേക്ക് ചാടിക്കയറിയ യുവനേതാവായ ഷിനു മുരിങ്ങേത്ത് തോമാച്ചായൻെറ കഴുത്തിൽ ഒരു പൂമാല അണിയിച്ചു. പിന്നാലെ സ്റ്റേജിൻെറ പിന്നാമ്പുറത്ത് നിന്നും കയറിവന്ന പഴയ സതീർഥ്യത്തിനും നാല്പത് വർഷത്തിലേറെയായി കടത്തിലെ സ്ഥിരം യാത്രക്കാരനുമായ സുന്ദരൻ മാഷ് അണിയിച്ചത് ഒരു നോട്ട് മാലയായിരുന്നു.

എല്ലാവരും ശാന്തരാകണമെന്നും ഈ വേദിയിൽ തോമാ അവർകളെ ഉചിതമായ രീതിയിൽ ആദരിക്കുന്നുണ്ടെന്നും പലപാട് സ്വാഗതപ്രാസംഗികൻ മൈക്കിലൂടെ വിളിച്ച് പറഞ്ഞെങ്കിലും ആളുകളുടെ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ല. ചിലരൊക്കെ ഹസ്തദാനം ചെയ്തു . ചിലർ പോക്കറ്റിൽ നിന്നെടുത്ത അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും നോട്ടുകൾ ബലമായി തോമാച്ചായൻെറ പോക്കറ്റിൽ തിരുകി. അടുത്തുണ്ടായിരുന്ന മുറുക്കാൻ കടയിൽ തൂക്കിയിട്ടിരുന്ന നാരങ്ങാക്കൊട്ട പലരും തിരക്കിട്ട് ചെന്ന് തോമാച്ചായാന് നൽകാനായി നാരങ്ങാ വാങ്ങിയത് കാരണം പെട്ടെന്ന് കാലിയായി.

മന്ത്രിയും എം എൽ എ യും കോൺട്രാക്ടറും ഒക്കെ ഇരിക്കുന്ന സ്റ്റേജിലേക്കുള്ള ഈ കടന്ന് കയറ്റം തടയാൻ പോലീസ് ഒരുമ്പെട്ടെങ്കിലും ജനവികാരം മാനിക്കുന്നതാണ് നല്ലത് എന്ന വിവേകമുണ്ടായിരുന്ന നേതാക്കന്മാർ പോലീസിനെ പിന്തിരിപ്പിച്ചു. ആയതിനാൽ കലാപത്തിനോ, എന്തിന് കലാപാഹ്വാനത്തിന് പോലുമോ കേസ്സുണ്ടായില്ല. പ്രാസംഗികർ എല്ലാവരും തന്നെ നാട്ടുകാരുടെ തോമാച്ചായനെ ബഹുമാനസൂചകമായി തോമാ അവർകൾ എന്നാണ് അഭിസംബോധന ചെയ്തത്.

അതിൽപിന്നെ തന്നെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ തോമാച്ചായനും തോമാ അവർകൾ എന്ന് അഭിമാനപൂർവം കല്പിച്ചു . പാലത്തിൻെറ ഉത്‌ഘാടനദിവസം തോമാച്ചായൻെറ വീട് തൊഴിൽ നഷ്ടപ്പെടാൻ പോകുന്നതിൻെറ ശോകമൂകതയിലൊന്നും ആയിരുന്നില്ല. മൂത്തമകൻ പോലീസിലേക്കുള്ള എസ്ഐ തെരഞ്ഞെടുപ്പിൻെറ ലിസ്റ്റിൽ ഉണ്ടായിരുന്നു. രണ്ടാമത്തവൻ പഠിത്തത്തിൽ ഉത്സാഹിയായിരുന്നു. ഇതൊന്നും ഇല്ലായിരുന്നെങ്കിലും മാനത്തെ കാറും കോളും അഷ്ടമുടിക്കായലിൻെറ ആഴങ്ങൾക്ക് മീതെ പലവുരു കണ്ട തോമാച്ചായൻ കൂസുമായിരുന്നില്ല. ഉച്ചമുതലേ വീട്ടിൽ ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയും വിളിച്ച് വരുത്തി സൽക്കാരമായിരുന്നു. മുന്തിയ അതിഥികൾക്ക് കരാറുകാരൻ ഗസ്റ്റ് ഹൗസിൽ ആതിഥേയമരുളിയപ്പോൾ പണിക്കാർക്കും നാട്ടുകാർക്കും ഉത്സാഹക്കമ്മിറ്റിക്കാർ വിരുന്നൊരുക്കിയത് തോമാച്ചായൻെറ വീട്ടിലായിരുന്നു.

മന്ത്രിക്കും എം എൽ എ യ്ക്കും പഞ്ചായത്ത് പ്രസിഡണ്ടിനും ഉദ്ഘാടനത്തിനായി പാലത്തിലൂടെ അക്കരെയിക്കരെ പോകാനായി അലങ്കരിച്ച് നിർത്തിയിരുന്ന ജീപ്പിൽ അവർക്കൊപ്പം തോമാച്ചായനെയും കയറ്റി ആയിരുന്നു ഉത്‌ഘാടന യാത്ര. അതിൻെറ ഫോട്ടോ പിറ്റേന്നത്തെ പത്രങ്ങളിൽ “അമരത്ത് ഒരുവട്ടം കൂടി” എന്ന തോമാച്ചായൻെറ നെഞ്ചകം തൊട്ട അടിക്കുറിപ്പോടെയും വാർത്താശകലത്തോടെയും അച്ചടിച്ച് വന്നു.

ആർപ്പും വെടിയും ചെണ്ടമേളവും. കാലവർഷം ഇങ്ങെത്തുന്നതിന് മുൻപ് അതായത് സ്കൂൾ തുറപ്പിന് പത്ത് ദിവസം മുൻപ് അങ്ങനെ ഉത്‌ഘാടനം കെങ്കേമമായി. ആൾക്കൂട്ടത്തിനും ആരവത്തിനും ഒടുങ്ങിയേ കഴിയൂ എന്നതിനാൽ പുലരിയിലേക്ക് രാവ് നീളുന്നതിന് മുൻപേ പാലവും ശൂന്യമായി. രാത്രിയിൽ നാട്ടുവഴിയിലൂടെ നടന്ന് നടന്ന് പലവഴി പിരിയുന്നതിന് മുൻപേ കൂട്ടം കൂടി നടന്നവർക്ക് പറയാനുണ്ടായിരുന്നതും തോമാച്ചായനെ കുറിച്ചും തോമാച്ചായൻെറ അപ്പനപ്പൂപ്പന്മാരെ കുറിച്ചും ആയിരുന്നു.

“ഏത് പാതിരായ്ക്കായാലും കൊച്ചുവെളുപ്പാങ്കാലത്തായാലും കടവത്ത് ആർക്കും കുത്തിയിരുന്ന് നേരം വെളുപ്പിക്കേണ്ടി വന്നിട്ടില്ല ഇന്നേവരെ “

“ഒരു കൂക്ക്…അല്ലെങ്കിൽ രണ്ട്…ഏറിയാൽ മൂന്ന് … അതിനിപ്പുറം അക്കരെനിന്നും മറുകൂക്ക് വന്നിരിക്കും …. എത്ര പെരുമഴയും പേക്കാറ്റും ഉള്ള കുറ്റാക്കുറ്റിരുട്ടായാലും …”

പാതിരായോടെ പിരിഞ്ഞ ആദ്യാവസാനക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന സുന്ദരൻമാഷ് എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ പറഞ്ഞ വാക്കുകൾ അഷ്ടമുടിക്കായലിലെ തണുത്ത കാറ്റിനൊപ്പം ഉള്ളാകെ വിഷാദമായി വന്ന് നിറഞ്ഞു.

സുന്ദരൻ പറഞ്ഞത് തോമാച്ചായൻെറ ഭാര്യ ഏലിയോടായിരുന്നു: “ഇനിയെങ്കിലും ഇവനാട് സമാധാനമായി കിടന്നുറങ്ങാൻ പറയണം”

പാലം വന്നാൽ പിന്നെ മനസ്സമാധാനമായിട്ട് ഉറങ്ങണമെന്ന് തോമാച്ചായൻ നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നെങ്കിലും ഒരുനാളും ഉറക്കം നേരത്തെ വന്നില്ല.

ഉത്‌ഘാടനം കഴിഞ്ഞ് വർഷങ്ങൾ ഏറെ ആയെങ്കിലും കടത്ത്പുരവീടിൻെറ ഉമ്മറത്ത് വിളക്ക് കെട്ടാലും ചാരുകസേരയിൽ ആളൊഴിയില്ല എന്ന പതിവ് തെറ്റിയില്ല. വേനലിൻെറ ഉഷ്‌ണമൊന്നും ഏശാതെ അഷ്ടമുടിക്കായലിൽ നിന്നും തണുത്ത കാറ്റ് കടത്ത്പുരവീടിൻെറ ഉമ്മറത്തേക്ക് മെല്ലെ വീശിക്കൊണ്ടിരുന്നു. വിളക്ക് തെളിയ്ക്കാതെ അപൂർവ്വം വള്ളങ്ങൾ കായലിലൂടെ നീന്തിനീന്തി പോയി. കഴ കുത്തി നീങ്ങുന്ന കേവ് വള്ളങ്ങളുടെയും പാതിരാവായാൽ ദൂരെ നിന്ന് അരിച്ചരിച്ച് എത്തുന്ന തോണിപ്പാട്ടിൻറെയും കാലം എന്നേ കഴിഞ്ഞിരിക്കുന്നു. വള്ളങ്ങളിൽ തുരുത്തുകളിൽ നിന്ന് ചാരായം കടത്തുന്നവരോ മണലൂറ്റുകാരോ മീൻ പിടുത്തക്കാരോ ആകാം.

ഇപ്പോൾ കായലിൻെറ രാത്രി സംഗീതം ബോട്ടുകളുടെ കടകട ശബ്ദമാണ്. കാലുകൾ ചാരുകസേരയുടെ കൈകളിൽ കയറ്റി വച്ച് തല പിന്നോക്കം ചായ്ച്ച് കണ്ണടച്ചിരുന്ന തോമാച്ചായൻ അപ്പൻെറ കൈയ്യിൽ നിന്ന് വള്ളവും തുഴയും ഏറ്റ അന്ന് പോയതാണ് സമാധാനത്തോടെയുള്ള ഉറക്കം എന്ന് പലപാട് നിരൂപിച്ചിട്ടുണ്ട്. എല്ലാ ഉറക്കങ്ങളും മഴയെന്നോ മഞ്ഞെന്നോ ഇല്ലാതെ കൂക്കിന് കാതോർത്തുള്ള പാതി മയക്കങ്ങളായിരുന്നു.

വെളുപ്പിനെ നാല് മണിക്ക് തോമാച്ചായൻ തലേക്കെട്ടും കെട്ടി തുഴയുമെടുത്ത് വള്ളത്തിനടുത്ത് എത്തുമ്പോഴേക്കും പതിവുകാര് പലരും എത്തിയിട്ടുണ്ടാകും. പതിവുകാര് ആരെങ്കിലും എത്താൻ താമസിച്ചാൽ കുറച്ച് കാക്കും. അതിനിടയിൽ തോമാച്ചായനോ മറ്റാരെങ്കിലുമോ കരയിലേക്ക് നോക്കി ഉറക്കെ മൂന്നാല് കൂക്ക് കൂകും. മറുകൂക്ക് കേട്ടാൽ ആളെത്തുന്നത് വരെ കാക്കും. ഇല്ലെങ്കിൽ മെല്ലെ വള്ളം കായലിലേക്ക് ഇറക്കും. ചിലപ്പോ തുഴഞ്ഞ് കുറച്ച് നീങ്ങിയതിന് ശേഷം ആരെങ്കിലും ഓടിക്കിതച്ച് വരും. കടവിലേക്കുള്ള പടവ് ഇറങ്ങുന്നതിന് മുൻപ് തന്നെ അവർ കൂക്ക് തുടങ്ങിയിരിക്കും. അപ്പോ വള്ളം തിരികെ അടുപ്പിച്ച് അവരെ കയറ്റും.

കഴിയുമെങ്കിൽ ആരെയും കയറ്റാതിരിക്കില്ല. അക്കരെപ്പറ്റി രണ്ട് കിലോമീറ്ററോളം നടന്ന് നാഷണൽ ഹൈവേയിൽ എത്തുമ്പോഴേക്കും ട്രിപ്പ് തുടങ്ങിയ ലൈൻ ബസ്സുകളിൽ കയറി പല പാട് പോകേണ്ടവരാണ്. സെക്രട്ടറിയേറ്റിലും യൂണിവേഴ്സിറ്റിയിലും ജോലി ചെയ്യുന്ന ആണുങ്ങളും പെണ്ണുങ്ങളും മുതൽ ചന്തയിൽ മുട്ടക്കച്ചവടത്തിന് പോകുന്ന പുല്ലൂരാൻ വരെയുണ്ടാകും വള്ളത്തിൽ. വടക്ക് നിന്നുള്ള ട്രെയിനിൽ വെളുപ്പിനെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരും മറ്റും അപ്പോൾ അക്കരെക്കടവിൽ കാത്തു നിൽക്കുന്നുണ്ടാവും .

അങ്ങനെ പകൽ മുഴുവൻ അക്കരെയിക്കരെ നീന്തുന്ന വള്ളമൊതുക്കാൻ രാത്രിയിൽ ടൗണിലെ തിയേറ്ററിലെ സെക്കൻഡ്ഷോ കഴിഞ്ഞ് ആളുകൾ കടവെത്താനുള്ള നേരവും കഴിയണം. നേരം പുലരും വരെ സ്റ്റേജ് പരിപാടികൾ ഉള്ള ഉത്സവകാലമാണെങ്കിൽ തന്നിഷ്ടം നോക്കി അക്കരെയിക്കരെ പോകുന്നവർ നേരമേതെന്ന് നോക്കാതെ അക്കരക്കടവത്തും ഇക്കരെക്കടവത്തും വന്ന് കൂവും. പാതിയുറക്കത്തിൽ നിന്ന് തോമാച്ചായൻ തപ്പിപ്പിടഞ്ഞ് എഴുന്നേൽക്കുമ്പോൾ അലോസരപ്പെടുന്ന ഭാര്യ ആദ്യകാലത്ത് ചിലപ്പോൾ “ഏതവനാ ഈ നേരത്ത് അറുകൊല കൂകുന്നത്” എന്ന് പ്രാകും.

പക്ഷേ ഒരിക്കൽ ഒരുത്സവകാലത്തെ പാതിരായ്ക്ക് വടക്കെങ്ങോ ഉള്ള ജോലിസ്ഥലത്ത് തൂങ്ങി മരിച്ച ചെറുപ്പക്കാരൻെറ വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം വള്ളത്തിൽ തിങ്ങി നിറഞ്ഞ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം തോമാച്ചായൻ ഇക്കരെ അടുപ്പിച്ചതിൽ പിന്നീട് ഭാര്യ അറുകൊലകൂക്ക് എന്ന വാക്കേ പറഞ്ഞിട്ടില്ല.

ചാരുകസേരയിൽ നിന്നെഴുന്നേറ്റ തോമാച്ചായൻ ഉമ്മറത്തൂടെ അല്പം മുന്നോട്ട് നടന്ന് കായലിലേക്ക് നോക്കി നിന്നു. ഇക്കരെയും അക്കരെയും നിരനിരയായി നിൽക്കുന്ന ചീന വലകളിലെ വിളക്കുകൾ. കായലോളങ്ങളിൽ തിളങ്ങുന്ന നിലാവ്. നഗരം അതിരിടുന്ന അക്കരെ മങ്ങിക്കത്തുന്ന തെരുവ് വിളക്കുകൾ. തോമാച്ചായൻ പണ്ടെങ്ങോ കേട്ട തോണിപ്പാട്ടിൻെറ ഈണം ഓർത്ത് നിൽക്കെ കടകട ശബ്ദവുമായി ഒരു ബോട്ട് വന്ന് അലങ്കോലപ്പെടുത്തി.

കാല് കഴച്ചെങ്കിലും ഉറക്കം വന്നെങ്കിലും അകത്ത് പോയിക്കിടക്കാതെ തോമാച്ചായൻ പിന്നെയും ചാരുകസേരയിൽ വന്ന് ഇരുന്നു. ആരെങ്കിലും അക്കരെ വന്ന് നിന്ന് കൂകിയാലോ? വരാനിടയില്ലാത്ത കൂക്കിന് കാതോർക്കാൻ ഒരു സുഖം.

കൂക്കിന് കാതോർത്തിരുന്ന് പാതിമയക്കത്തിലേക്ക് ചാഞ്ഞ മനസ്സിലിരുന്ന് കായലോളങ്ങൾ കല്ലടുക്കിൽ വന്ന് അലയ്ക്കുന്ന ശബ്ദത്തിനിടയിലൂടെ ആരോ മൃദുവായി പറഞ്ഞുകൊണ്ടിരുന്നു:

“പാതിരായ്ക്ക് കേൾക്കുന്ന കൂക്കിലൊരു നെരിപ്പോട് പുകയുന്നുണ്ടാവും” തോമാച്ചായൻ ഒന്ന് ഞെട്ടിയുണർന്നു.

കൂക്ക് കേട്ടോ കേട്ടില്ലേ എന്ന സംശയം വെള്ളത്തുണിയുടെ മുഖപടവുമായി വീണ്ടും വന്നു. ഉത്തരവാദിത്വങ്ങൾ എല്ലാം ഒഴിഞ്ഞ ഈ രാത്രിയിൽ ആ വരവ് ഉഗ്രപ്രഭാവത്തോടെ ആയിരുന്നു. തോമാച്ചായൻ ചാരുകസേരയുടെ കൈകളിൽ കൈമുട്ടുകൾ ഊന്നി കോർത്ത് പിടിച്ച കൈവിരലുകളിൽ താടി താങ്ങി കായലിലേക്ക് നോക്കിയിരുന്നു.

എങ്ങാനും ഒരു നെരിപ്പോടിൻെറ കനൽ കാണുന്നുണ്ടോ? മുപ്പത്തിരണ്ട് വയസ്സായിരുന്നു പ്രായം. നാട്ടിലെങ്ങും കിട്ടാത്ത വേദനസംഹാരിയായ ക്യാൻസർ മരുന്ന് അപ്പന് വേണ്ടി എറണാകുളത്ത് പോയി വാങ്ങിക്കൊണ്ടുള്ള വരവായിരുന്നു. പാതിരാ കഴിഞ്ഞ് കാണും.

കൂകിയിട്ട് വള്ളം അമാന്തിച്ചിട്ടോ വേദനയിൽ പുളയുന്ന അപ്പനെ ഓർത്ത് കായലിൻെറ പാതിവഴിയെത്തുമ്പോഴേക്കും തുഴഞ്ഞ് ചെല്ലുന്ന വള്ളത്തിൽ കയറാമെന്ന് നിനച്ചിട്ടോ എടുക്കാനാകാത്ത ചുമടുകളുമായി അഷ്ടമുടിയിക്കായലിൽ മുങ്ങി നിവരാമെന്ന് നിനച്ചോ ആകണം കായൽ നീന്തിക്കടക്കാൻ തുനിഞ്ഞത്.

പിന്നെ രണ്ട് ദിവസം തോമാച്ചായൻ വള്ളം തുഴഞ്ഞില്ല. ആംബുലൻസ് ഒക്കെ ഏതൊക്കെയോ വഴിയിലൂടെ അനേകം കിലോമീറ്ററുകൾ ചുറ്റിയാണ് ഇക്കരെ എത്തിയത്. അന്ന് ആൾക്കാരെ അക്കരെയിക്കരെ കടത്തിയത് തോമാച്ചായൻെറ വല്യപ്പൻെറ മകനാണ്. അന്ന് ഈ പണി നിർത്താൻ തുനിഞ്ഞെങ്കിലും പഞ്ചായത്ത്കാരും നാട്ടുകാരും സമ്മതിച്ചില്ല. കടത്ത് ഏറ്റെടുക്കാൻ മറ്റാരും തയ്യാറുമല്ലായിരുന്നു. നാട്ടുകാർ വല്ലാതെ നിർബന്ധിച്ചപ്പോൾ തോമാച്ചായന് വഴങ്ങാതെ വഴിയില്ലാതായി. അന്ന് വീണ ശോകഛായ ഗൗരവത്തിൻെറ കരുവാളിപ്പായി തോമാച്ചായൻെറ മുഖത്ത് വിട്ടുമായാതെ തുടർന്നു. കാലം പോകും തോറും കൃത്യമായി ക്ഷൗരം ചെയ്തിരുന്ന മുഖത്ത് വീണ ചുളിവുകൾ ആ കരുവാളിപ്പിനെ കൂടുതൽ ഇരുണ്ടതാക്കി.

തോമാച്ചായൻ തുഴപിടിച്ച് തഴമ്പിച്ച കൈത്തലത്താൽ മുഖമൊന്ന് അമർത്തിത്തുടച്ചു. ഉത്തരവാദിത്വങ്ങൾ എല്ലാം ഒഴിഞ്ഞെന്നും നാളെ രാവിലെ വെയില് മൂത്തിട്ടേ ഉണർന്നെണീക്കൂ എന്ന് തീരുമാനിച്ചാണ് തോമാച്ചായൻ പാലം ഉത്‌ഘാടനത്തിൻെറ അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നതെങ്കിലും പിറ്റേന്ന് വെയിൽ അത്രയ്ക്കങ്ങ് മൂക്കുന്നതിന് മുൻപ് തന്നെ എഴുന്നേൽക്കേണ്ടി വന്നു.

കടവത്തെ ചന്തയിൽ ചുണ്ണാമ്പ് വിൽക്കുന്ന വല്യമ്മച്ചിയാണ് മുറ്റത്ത്.

“മോനെ, തോമാച്ചാ, നീ ഇന്നും കൂടെ എന്നെ ഒന്ന് അക്കരെ വിടണം. പാലത്തേക്കൂടെ വലിയ വണ്ടിയൊക്കെ വരുമ്പം ഒരു വിറയല് പോലെ …”

“ചുണ്ണാമ്പ് കച്ചോടം ഞാൻ നിർത്തുകാ ….. ചന്തേലിച്ചിരി കടം തീർക്കാനുണ്ട് … അതും കൊടുത്തേച്ച് ഞാനങ്ങ് മോൻൻെറ വീട്ടിലോട്ട് പോകും …. പുറമ്പോക്കിലെ കൂരയിൽ അഞ്ചാറ് പാത്രങ്ങളൊക്കെയുണ്ട്… അത് പിന്നെങ്ങാനും അവൻ മോട്ടോർസൈക്കിളെ വന്ന് എന്താന്ന് വച്ചാ ചെയ്യട്ടെ…..”

അവസാന തോണിയാത്ര എന്നോർത്തിട്ട് എന്ന പോലെ വല്യമ്മച്ചി അഷ്ടമുടിക്കായലിലേക്ക് നോക്കിയിരുന്നു. അവസാന കടത്ത് എന്നോർത്തിട്ടെന്ന പോലെ തോമാച്ചായനും അത് വരെ കണ്ടിട്ടില്ലാത്ത വിധം അഷ്ടമുടിക്കായലിനെ കണ്ടു.

തോമാച്ചായൻെറ അമ്മച്ചിയുടെ കൈയിൽ നിന്ന് ഒരുപാട് കഞ്ഞിവെള്ളം പരവേശപ്പെട്ട് വരുമ്പോൾ വാങ്ങിക്കുടിച്ചത് വല്യമ്മച്ചി ഓർത്തു .

“തോമാച്ചാ… ” വല്യമ്മച്ചി കായലിലോട്ട് നോക്കി തുഴയുന്ന തോമാച്ചായനെ നോക്കാതെ തുടർന്നു “ ഇനി ഈ കടത്ത് ഇല്ലല്ലോ…. എൻ്റെ ചുണ്ണാമ്പ് കച്ചോടം ഇനി മോൻ നടത്തിക്കോ ….. ഒരു വരുമാനമാകട്ടെ ”

തോമാച്ചായൻെറ അമ്മച്ചി വിളമ്പിക്കൊടുത്ത കാന്താരിയും ഉപ്പുമാങ്ങാപ്പൂളുമിട്ട പഴങ്കഞ്ഞിയോർത്ത് അക്കരെക്കടവിലെ വെള്ളത്തിലൂടെ നടന്ന് കയറുമ്പോൾ വല്യമ്മച്ചിയുടെ ഉള്ളൊന്ന് വിതുമ്പിയിരുന്നു.

കുറച്ച് നേരം കടവത്ത് ചുമ്മാ വള്ളത്തിൽ ഇരുന്ന തോമാച്ചായനോട് സുപരിചിതനോ അപരിചിതനോ അല്ലാത്ത ഒരാൾ സൈക്കിൾ നിർത്തി അതിൽ നിന്നിറങ്ങാതെ തന്നെ കാല് കുത്തി നിന്ന്കൊണ്ട് ചോദിച്ചു, “കടവത്ത് ആളെക്കാത്ത് നിക്കുവാണോ…. തലയ്ക്ക് മീതെ നീണ്ട് നിവർന്ന് പോകുന്ന ഈ പാലം ഇതുവരെ കണ്ണിൽപ്പെട്ടില്ലേ ?”

സഹതാപവും ആക്ഷേപവും കുശലവും കെട്ടുപിണഞ്ഞ് കിടന്ന ആ ചോദ്യത്തോട് ചുമ്മാതെ വന്നതാണെന്ന് മാത്രം ഉത്തരം പറഞ്ഞ് കുറച്ച് നേരം കൂടെ അവിടെ നിന്നിട്ട് യാത്രക്കാരില്ലാത്ത വള്ളവുമായി തോമാച്ചായൻ ഇക്കരയ്ക് തുഴഞ്ഞു.

അപ്പനുള്ളപ്പോഴേ തുടങ്ങിയ തുഴച്ചിലാണ്. അപ്പൻ തുഴച്ചിൽ നിർത്തി കയറിയിട്ട് നാല്പപത് വര്ഷത്തോളം ആകുന്നു. ഇക്കാലത്തിനിടെ ആദ്യമായാണ് ഈ നേരത്ത് ആളൊഴിഞ്ഞ വള്ളവുമായി ഇക്കരെ തുഴയുന്നത്. അന്നാണ് തോമാച്ചായൻ അഷ്ടമുടിക്കായലിനെ കൺനിറയെക്കണ്ടത്. പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും ഇത്രകാലവും ഇതിനക്കരെയിക്കരെയാണോ തുഴഞ്ഞതെന്ന് അതിശയപ്പെട്ടു.

പാലത്തിൻെറ തൂണിൽ നിന്നും ഉദ്ദേശം പത്തടി ദൂരത്തൂടെ തുഴഞ്ഞ് പോവുകയായിരുന്ന തോമാച്ചായൻ സുപരിചിതമായ ഒരു കൂക്കൽ കേട്ട് ചുറ്റുപാടും നോക്കി. പിന്നെയും കൂക്കലും തോമാച്ചയാ എന്ന വിളിയും കേട്ട് പാലത്തിന് പാലത്തിന് മുകളിലേക്ക് നോക്കിയപ്പോൾ പ്രഭാത സവാരിക്കിറങ്ങിയ രണ്ട് മൂന്ന് പരിചയക്കാർ പാലത്തിന് മുകളിൽ നിന്ന് കൈവീശിക്കാണിക്കുന്നു. തോമാച്ചായൻ മുഖം വീർപ്പിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്തില്ല.

ചിരിച്ചു കൊണ്ട് പ്രത്യഭിവാദ്യത്തിനായി തോമാച്ചായൻ ഉയർത്തിക്കാണിച്ച തുഴയിലെ വെള്ളപ്പാളിയിൽ സൂര്യൻ ഉജ്ജ്വലമായി പ്രതിഫലിച്ചു. ആളൊഴിഞ്ഞ വള്ളവുമായി തോമാച്ചായൻ തുഴഞ്ഞ് പോകുന്നത് അൽപ്പനേരം കൂടെ നോക്കി നിന്ന ശേഷം അവർ നിഴൽ മിന്നിമാഞ്ഞ മുഖവുമായി പിന്തിരിഞ്ഞു.

പ്രാതലിന് സ്പെഷ്യലായി ഉണ്ടാക്കിയ പാലപ്പവും കരിമീൻ കറിയും കൂട്ടി തോമാച്ചായൻ പ്രാതൽ കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് മുറ്റത്ത് നിന്ന് കൂക്ക് കേട്ടത്.

“പാലം നിക്കുന്നത് കാണാത്ത ഏത് കുരുടനാടാ അത് “ എന്ന് ആക്രോശിക്കാനായി ഉമ്മറത്തേക്ക് ഇരച്ച് എത്തിയ ഭാര്യ ചൂളിപ്പോയി. ചിരിച്ച് കൊണ്ട് നിൽക്കുന്ന സുന്ദരൻ മാഷും രണ്ടു മൂന്ന് പതിവ് യാത്രക്കാരും.

“രാവിലെ ഈ അഷ്ടമുടിക്കായലിലെ കാറ്റും കൊണ്ടുള്ള യാത്രയെന്ന സൗഭാഗ്യം ബസ്സിലെ തിക്കിലും തിരക്കിലും കിട്ടുമോ തോമാ….”

സുന്ദരൻെറ വാക്കുകളിലെ നിഴൽനനവ് തിരിച്ചറിഞ്ഞ തോമാ വള്ളം അക്കരെ അടുപ്പിച്ചിട്ട് പറഞ്ഞു:

“ഇനിയുള്ള യാത്രകൾ സൗജന്യം”

ഒരു പക്ഷെ ആ പ്രഖ്യാപനമാകാം തുടർന്നുള്ള യാത്രകൾ ഇല്ലാതാക്കിയത്. ചുണ്ണാമ്പ് കച്ചോടവും ചീനവലയും ഒക്കെയായി തോമാച്ചായൻ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ പഴയ സ്ഥിരം തോണിയാത്രക്കാർ ചന്തയിലും നാട്ടുമുക്കിലും ഒക്കെ വച്ച് ഹൃസ്വമായ ചങ്ങാത്തവും കുശലപ്രശ്നങ്ങളും തുടർന്നു.

എങ്കിലും ചിലപ്പോഴൊക്കെ അവർ സുന്ദരൻ സാറിൻെറ നേതൃത്വത്തിൽ വീണ്ടും കായലരികത്തേക്ക് വന്നു. രാത്രികാലങ്ങളിൽ കൂട്ട് കൂടി കായലിൽ തുഴഞ്ഞ് നടന്നു. കായലിൻെറ നടുക്ക് തണുത്ത കാറ്റേറ്റ് മദ്യപിച്ചു. കായലിനും അവർക്കും മാത്രം കേൾക്കാനായി പാട്ടുകൾ പാടി.

വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഒരുപാടൊരുപാടുണ്ടായി. പെയ്തൊഴിഞ്ഞ കാർമേഘങ്ങൾക്കും പാറിപ്പോയ പഞ്ഞിമേഘങ്ങൾക്കും കണക്കില്ല. ഓളപ്പരപ്പിൽ തെളിഞ്ഞും മാഞ്ഞും പോയ അമ്പിളിപ്പൊന്നും എത്ര മഞ്ചാടിക്കുരുത്തൂക്കമെന്ന് തിട്ടപ്പെടുത്താവുന്നതായിരുന്നില്ല.

പഞ്ചായത്ത് ഓഫീസിൽ പാർട്ട്ടൈം സ്വീപ്പർ ജോലിക്ക് പുറമെ തോമാച്ചായൻ അന്തിച്ചന്തയിൽ ചുണ്ണാമ്പ് കച്ചോടവും ചക്കക്കച്ചവടവും ചട്ടിക്കച്ചവടവും ഒക്കെ മാറിമാറി ചെയ്തു. എങ്കിലും ക്രമേണ വീട്ടിലിരുപ്പിൻെറ നേരം കൂടിക്കൂടി വന്നു. തലമുറമാറ്റം അങ്ങിനെയാണ്. വിശേഷിച്ച് ആരും പറയുകയോ അറിയുകയോ ചെയ്യാതെ തന്നെ അത് സംഭവിക്കും.

ചീനവലയിൽ കുടുങ്ങുന്ന മീൻ തുരുത്തുകളിൽ കൊണ്ട് പോകാനും ആരും കടന്ന് ചെല്ലാത്ത തുരുത്തുകളിൽ വാറ്റുന്ന ചാരായം പാതിരാത്രിയിൽ രഹസ്യതാവളങ്ങളിൽ എത്തിക്കാനും മറ്റുമായി വള്ളം പരിപാലിക്കപ്പെട്ട് പോന്നു. വള്ളം കൊണ്ട് പോകുന്നവർ വാടക ഒരിക്കലും മുടക്കിയില്ല. അത്യുഷ്ണമുള്ള രാത്രികളിൽ പലപ്പോഴും തോമാച്ചായൻെറ ഉറക്കം വെള്ളത്തിലേക്ക് ഇറക്കിക്കെട്ടിയ വള്ളത്തിലായിരുന്നു.

ചിലപ്പോഴൊക്കെ മഞ്ഞുകാലങ്ങളിലും അഷ്ടമുടിക്കായലിലെ തണുത്തകാറ്റും കല്ലടുക്കുകളിൽ തല്ലി ചിതറിവീഴുന്ന ഓളങ്ങളുടെ ശബ്ദവിന്യാസങ്ങളും കേട്ട് വള്ളത്തിൽ നിരത്തിയ പലകകളിൽ കിടന്നുറങ്ങി. ആദ്യമൊക്കെ പുതപ്പ് മതിയായിരുന്നു. പിന്നെപ്പിന്നെ കമ്പിളിപ്പുതപ്പ് വേണമെന്നായി. തലയിൽ മങ്കിക്യാപ്പ് നിർബന്ധമായി. കുളി ചൂട് വെള്ളത്തിലായി.

കിതപ്പുകൾ ആദ്യം തന്നെ തോമാച്ചായൻ അറിഞ്ഞിരുന്നെങ്കിലും പുറത്ത് മിണ്ടിയില്ല. കായലിലേക്ക് കണ്ണും നാട്ടുള്ള ഇരുപ്പിൽ ആദ്യകാലം മുതൽ കൂട്ടുണ്ടായിരുന്ന അഞ്ച് ബാറ്ററി ടോർച്ചിനും പുളിവടിയ്ക്കുമൊപ്പം കഴുത്തിലും തലയിലുമായി വാരിചുറ്റിയ ഒരു മഫ്ളറും ചേർന്നു. കായലിലേക്ക് നോക്കിയിരിക്കുമ്പോൾ അപൂർവ്വമായെങ്കിലും നഗരത്തിലെ അടഞ്ഞ ഷട്ടറിന് മുന്നിൽ ഉറക്കം തൂങ്ങിയിരിക്കുന്ന വൃദ്ധനായ കാവൽക്കാരനെ ഓർത്ത് തുടങ്ങി.

വൃശ്ചികരാത്രികളിലെ കിടുകിടാ വിറപ്പിക്കു തണുത്ത കായൽക്കാറ്റിൽ കൂട്ടായിരുന്ന കട്ടൻ ബീഡിക്ക് വിലക്ക് വന്നു. എങ്കിലും ചുമ കൂടിയതല്ലാതെ കുറഞ്ഞില്ല. സർവീസിൽ നിന്ന് പിരിഞ്ഞ സുന്ദരൻ മാഷിൻെറ നേതൃത്വത്തിൽ തുടങ്ങിയ എൽ പി സ്കൂൾ കൂട്ടുകാരുടെ ഗ്രൂപ്പിൽ വാട്സ്ആപ്പ് ഉള്ള ഫോണില്ലെങ്കിലും എന്നും രാവിലെ സുനാമി ഫണ്ട് ഉപയോഗിച്ച് പണിത സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയവരുടെ കൂട്ടത്തിൽ തോമാച്ചായനും സ്ഥിരം ക്ഷണിതാവായി. കൂട്ടുകാർ സർവ്വീസിലെ കഥകളും യാത്രാനുഭവങ്ങളും മക്കളുടെ കാര്യങ്ങളും ഒക്കെ പറഞ്ഞ് കൈയുംവീശി നടന്നപ്പോൾ കായൽക്കഥകളൊക്കെ ഉള്ളിലൊതുക്കി തോമാച്ചായനും നടന്നു.

നാട്ടുകാർക്ക് അറിയാത്ത ചില കഥകൾ തോമാച്ചായന് പറയാനുണ്ടായിരുന്നു. എങ്കിലും അതൊക്കെ ഉള്ളിലെ രഹസ്യഅറകളിൽ സൂക്ഷിക്കുമ്പോഴുണ്ടാകുന്ന സുഖം നഷ്ടപ്പെടാതിരിക്കാൻ അതൊക്കെ അവിടെത്തന്നെ സൂക്ഷിച്ചു. വള്ളപ്പടിയിൽ ഇരിക്കുമ്പോഴെന്നപോലെ നാട്ടിലും അധികമാരുടെയും മുഖത്ത് നോക്കാത്തതിനാൽ കഥകളിലെ മനുഷ്യർക്കും സുരക്ഷിതത്വബോധമുണ്ടായി.

കാലം പോകും തോറും വീര്യം കൂടിക്കൂടി വന്ന തോമാച്ചായൻെറ കഥകൾ പക്ഷെ പറയപ്പെടാതെ മാറാലയായി പരിണമിച്ച് കൊണ്ടേയിരുന്നു. രണ്ട് മക്കളും പോലീസ് ഓഫീസർമാരായത് കൊണ്ട് മാത്രമാകണം പുതുപുത്തൻ തലമുറക്കാർ തോമാച്ചായനെ അല്പം കൂടുതൽ ബഹുമാനിച്ചത്. അല്ലെങ്കിൽ വിശേഷിച്ച് ഒരു കാര്യവും ഇല്ലാതെ വന്ന് പോയ ഒരു കടത്തുകാരൻ. എങ്കിലും എന്തെല്ലാമോ ഓർമ്മപ്പെടുത്തി കടവത്തെ വള്ളം കായലോളത്തിൽ മെല്ലെ ഉലഞ്ഞുലഞ്ഞു കിടന്നു.

കാലോചിതങ്ങളായ പുതുക്കലുകൾ വരുത്തിയും ഇരുപുറങ്ങളിലും കാറ്റ് നിറച്ച ഓറഞ്ച് നിറത്തിലെ രക്ഷാവളയങ്ങൾ തൂക്കിയും മകൻെറ കൂട്ടുകാരൻെറ ടൂർ കമ്പനിയുടെ പേരും ലൈസൻസ് നമ്പരും കൊത്തിയ സ്വർണ്ണനിറത്തിലെ തകിട് വശത്ത് തിളക്കിയും. പുതിയ ആശയമായിരുന്നു. വിദേശികൾക്ക് കടവും കടത്ത് വള്ളവും വൃദ്ധനായ പഴയ കടത്തുകാരനെയും കായലോരത്തെ ജീവിതവും നേരിൽ കാണാം. കായലിൽ തൊണ്ട് ചീയാൻ മാലിയിടുന്നതും സ്ത്രീകൾ ചീഞ്ഞ തൊണ്ട് രണ്ടടിയോളം നീളമുള്ള വടി കൊണ്ട് തല്ലിച്ചതയ്ക്കുന്നതും വണ്ടി കറക്കി പിന്നോട്ട് നടന്നും മുന്നോട്ട് ഓടിയും സ്ത്രീകൾ കയർ പിരിക്കുന്നതിൻറെയും കാഴ്ചകൾ കണ്ട് കാർപെറ്റുകളുടെ ജന്മരഹസ്യങ്ങൾ അറിഞ്ഞ് ആഗോള പൗരന്മാർ കൗതുകപ്പെട്ടു.

വിദേശികൾ ഏതോ അത്ഭുത വസ്തുവിനെ കാണുന്നത് പോലെ മിഴിച്ച് നോക്കുകയും ചേർന്ന് നിന്ന് സെൽഫി എടുക്കുകയും ചെയ്തപ്പോൾ തോമാച്ചന് ആദ്യം അരിശം വന്നതാണ്. പിന്നെ ചിലർ ചേർത്ത് നിർത്തി ലൈവിൽ പോകാനും തോമാച്ചായൻ വള്ളം തുഴയുന്ന വീഡിയോ എടുക്കാനും ഒക്കെ തുടങ്ങിയപ്പോൾ കാര്യങ്ങളിൽ രസം പിടിച്ചു.

“എത്രയെത്ര കാറ്റും കോളും ഇടിമിന്നലുകളും ! ഏത് പേമാരിയിലും ഈ മനുഷ്യൻ അമരത്തുണ്ടെങ്കിൽ തോണിയാത്രക്കാർക്ക് മനോബലത്തിന് ഒരു കുറവുമുണ്ടാകില്ല. അപകടത്തിൽ പെട്ടവർക്കും ഗർഭിണികൾക്കും പാമ്പ്കടി ഏറ്റവർക്കും പട്ടണത്തിലെ ആശുപത്രിയിലെത്താൻ ഒരുകാലത്ത് ഇദ്ദേഹവും അതിന് മുൻപ് ഇദ്ദേഹത്തിൻെറ പിതാവുമായിരുന്നു ആശ്രയം. വള്ളത്തിൻെറ തുഴ കൈമാറുമ്പോൾ പിതാവ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഇദ്ദേഹം നമുക്ക് വേണ്ടി ഒന്ന് കൂടെ ആവർത്തിക്കുകയാണ് :
“ഏത് കാറ്റിലും കോളിലും പേമാരിയിലും കൊള്ളിയാനിലും കടവിലെത്തുന്നവരെ ഉൾക്കിടിലങ്ങളില്ലാതെയും ജീവഭയമില്ലാതെയും ഞാൻ സുരക്ഷിതമായി അക്കരെ എത്തിച്ചിരിക്കും” പ്രതിജ്ഞയുടെ ആദ്യ വാക്കുകൾ തോമാച്ചായൻെറ ശബ്ദത്തിൽ തുടങ്ങി ശേഷം അതിൻെറ ഒച്ച താഴ്ത്തി സായിപ്പിൻെറ ഇംഗ്ളീഷിൽ ചേർത്ത വീഡിയോ ചെറുമകൻ കാണിച്ചപ്പോൾ അകമേ തോന്നിയ സ്വാഭിമാനമൊന്നും തോമാച്ചായൻ പുറമെ കാട്ടിയില്ല.

സത്യത്തിൽ അങ്ങനെ പ്രതിജ്ഞയൊന്നും ചൊല്ലിയില്ലെന്നും അപ്പന് മേലാതായപ്പോൾ “നാളെ മുതൽ വള്ളവും പങ്കായവും നീ ഏറ്റോണം” എന്ന അപ്പൻെറ ആജ്‌ഞ്ഞ അത്താഴക്കഞ്ഞി കുടിക്കുമ്പോൾ അമ്മച്ചി പറയുക മാത്രമേ ഉണ്ടായുള്ളൂ എന്ന് തോമാച്ചായൻ പറഞ്ഞെങ്കിലും സായിപ്പിനെ കൊണ്ട് വന്ന പയ്യൻ “ഒരു ഗുമ്മിന് ഇരിക്കട്ടെ” എന്ന് പറഞ്ഞ് ഒപ്പിച്ച പണിയാണെന്ന് നാട്ടിലെല്ലാർക്കും അറിയാമായിരുന്നെങ്കിലും ആരും അക്കാര്യം കമൻറ് ബോക്സിൽ ഇട്ടില്ല.

പക്ഷേ ചിലരൊക്കെ നോട്ടുകൾ ടിപ്പായി വച്ച് നീട്ടിയപ്പോൾ അഭിമാനം വ്രണപ്പെട്ട തോമാച്ചായൻ സഞ്ചാരികളെ അഷ്ടമുടിക്കായൽ കുറഞ്ഞ ചിലവിൽ കാണിക്കാൻ കമ്പനി ഏർപ്പാടാക്കിയ തുഴച്ചിൽക്കാരൻ പയ്യനോടും മുങ്ങാങ്കുഴി വിദഗ്ദ്ധനോടും കണ്ണുരുട്ടി. എങ്കിലും പിന്നീടതും അവരുടെ നിർബന്ധത്തിന് വഴങ്ങി ശീലമായി.

ഓരോന്ന് ഓർത്തോർത്ത് കായലിലേക്ക് നോക്കിയിരിക്കെ ഡിസംബറിലെ ശീതക്കാറ്റ് കുളിരിൽ മുങ്ങി കായൽ കടന്ന് വന്ന് തഴുകിക്കൊണ്ടേയിരുന്നു.

ഉത്സവകാലമാണ്. സന്ധ്യ കഴിഞ്ഞ് പുലർച്ചെ വരെ എപ്പോൾ വേണമെങ്കിലും ഉത്സവം കണ്ട് മടങ്ങുന്നവർ അക്കരെ കടവിൽ വന്ന് കൂവി വിളിച്ചേക്കാവുന്ന കാലം. ഇക്കരെ നിന്ന് അക്കരെ പോകുന്നവർ ഏത് നേരം വേണമെങ്കിലും ഉമ്മറത്ത് വന്ന് വിളിച്ചേക്കാം. ഉത്സവവും പെരുന്നാളും ഉപേക്ഷിച്ച് തോമാച്ചായൻ കാത്തിരുന്നു. ആര് എന്താവശ്യത്തിനാണ് പോകുന്നതെന്ന് അറിയില്ലല്ലോ.

തണുപ്പേറുമ്പോഴുള്ള ബീഡി വലി ഒഴിവാക്കാൻ മകൻെറ ഡോക്ടർഭാര്യയുടെ നിർദേശപ്രകാരം ഫ്ലാസ്കിൽ അടച്ച് വച്ച ചുക്കുകാപ്പി കുടിച്ചും സമയബോധം ഉണ്ടാക്കാനായി ചുവരിൽ തൂക്കിയ ക്ലോക്കിലേക്ക് ഇടയ്ക്കിടെ കണ്ണ് പായിച്ചും പണ്ടേതോ ഗാനമേളയ്ക്ക് അക്കരെനിന്ന് അരിച്ചെത്തിയ പാട്ടിൻെറ ശീലോർത്തും കുറച്ച് നേരം മയങ്ങിയ തോമാച്ചായൻ ഞെട്ടിയുണർന്ന് കായലിന് മേൽ പടർന്ന് കിടന്ന ഇരുട്ടിലേക്ക് നോക്കിയത് തെല്ല് ഭയപ്പാടോടെ ആയിരുന്നു.

തോമാച്ചായനെ ഞെട്ടിച്ചു കൊണ്ട് ശബ്ദാടോപത്തോടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി വന്ന ഭാര്യയും അമ്പരപ്പോടെ കായൽപ്പരപ്പിലേക്ക് നോക്കി.

“നീയൊരു കൂക്ക് കേട്ടാരുന്നോ?” തലയിലെ മങ്കിക്യാപ്പ് വലിച്ചൂരി ചെവി വട്ടം പിടിക്കുന്നതിനിടയ്ക്ക് തോമാച്ചായൻ തല തിരിച്ച് ഭാര്യയെ നോക്കി.

“ഏത് അറുകൊലയാ ഈ പാതിരാത്രിക്ക്” എന്ന ചോദ്യം ഉള്ളിലൊളിപ്പിച്ച് ഒന്നും മിണ്ടാതെ കായൽപ്പരപ്പിന് മുകളിലൂടെയുള്ള നോട്ടം ഒന്ന്കൂടെ ജാഗ്രതപ്പെടുത്തി ഭാര്യ ഉമ്മറത്തിൻെറ അരികിലേക്ക് ഒന്ന് രണ്ട് അടി വെച്ചു.

കസേരയിൽ നിന്നെഴുന്നേറ്റ് മുണ്ട് കുടഞ്ഞുടുത്ത തോമാച്ചായൻ അരികിലിരുന്ന അഞ്ച് ബാറ്ററിയുടെ നീളൻ ടോർച്ച് എടുത്ത് അക്കരക്കടവിലേക്ക് നീട്ടിയടിച്ചു. അക്കരക്കടവ് പുതച്ച് കിടന്ന ഇരുട്ടിനെ തുളയ്ക്കാനയില്ലെങ്കിലും മറുപടിയെന്നോണം അവിടെ നിന്നും ആരോ മൊബൈൽ ഫോൺ തെളിച്ച് വീശിക്കാണിച്ചോ എന്നൊരു സംശയം.

ഒന്നല്ല രണ്ട് മൊബൈൽ ഫോണുകൾ !

തോമാച്ചായൻ മുണ്ട് മാടിക്കുത്തി മുറ്റത്തേക്കിറങ്ങി കായലിൻെറ വക്കോളം ചെന്ന് നിന്ന് പിന്നെയും ചെവി വട്ടം പിടിച്ചു. വീണ്ടും രണ്ട് മൂന്ന് കൂക്കുകൾ…

പാതിരായ്ക്ക് അക്കരെ നിന്നും കൂക്ക് കേട്ടാൽ തോമാച്ചായന് ഇരിക്കപ്പൊറുതി ഇല്ലാതാവും എന്ന നാട്ടുവർത്തമാനം അറിയാവുന്നവരാരോ ആണ് അക്കരെ നിൽക്കുന്നത് എന്ന് മനസ്സിലുറപ്പിച്ച് തിരിഞ്ഞ് ഉമ്മറത്തേക്ക് നോക്കുമ്പോൾ ഭാര്യ തിരക്കിട്ട് അകത്തേക്ക് നടക്കുന്നതാണ് കണ്ടത്. ഉമ്മറത്തേക്ക് കയറി സ്വെറ്റർ ഒന്ന് കൂടി വലിച്ചിട്ട് തലയിൽ മങ്കിക്യാപ് തിരികെ വച്ച് മുണ്ട് ഒന്ന്കൂടെ അഴിച്ചുടുത്ത് മാടിക്കെട്ടി ടൂർ ഓപ്പറേറ്റർ ഏൽപ്പിച്ച ചെമ്പ് വളയങ്ങൾ കെട്ടിയ തുഴ കൈയിലെടുക്കുമ്പോഴേക്കും നീട്ടിപ്പിടിച്ച ഫോണുമായി ഭാര്യ തിരികെയെത്തി.

“ഈ പാതിരാത്രിയിൽ എന്നതാ അപ്പച്ചാ ഭാവം?” മറുതലയ്ക്കൽ ഡി വൈ എസ് പി യായ മകൻ.

“എടാ , ആരോ അക്കരെ വന്ന് കൂകുന്നു. എന്തെങ്കിലും അത്യാവശ്യക്കാരാണെങ്കിലോ എന്നോർത്താ …”

“നെടുങ്കൻ പാലം തലയ്ക്ക് മീതെ നിൽക്കുമ്പോഴോ ……. അപ്പൻ ഏതായാലും അവിടിരി … അത്യാവശ്യം ഒക്കെ ഞാൻ ശരിയാക്കിക്കൊള്ളാം…”

തോമാച്ചായൻ മനസ്സില്ലാ മനസ്സോടെ കൈയ്യിലെ തുഴ ഉമ്മറത്തിൻെറ അരഭിത്തിയിൽ വച്ച് അക്കരക്കടവിലേക്ക് നിസ്സഹായത തുളുമ്പുന്ന മനസ്സോടെ നോക്കി കസേരയിലിരുന്നു. വീണ്ടും ഒന്ന് രണ്ട് കൂക്കുകൾ.

വളരെ മുൻപത്തെ ശീലത്തിൽ അതൊരു ആണിൻെറ കൂക്കും പെണ്ണിൻെറ കൂക്കും എന്ന് തിരിച്ചറിഞ്ഞത് തോമാച്ചായൻെറ അസ്വസ്ഥതയെ ഇരട്ടിപ്പിച്ചു. അക്കരക്കടവിലേക്ക് പടപട ശബ്ദത്തിലൊരു ബൈക്കും പിന്നാലെ ഒരു ജീപ്പും വന്ന് നിന്ന ശബ്ദം കേട്ട് ഭാര്യയും ഉമ്മറത്തേക്ക് വന്ന് അക്കരയിലേക്ക് നോക്കി.

“എടീ , ഒരു ആണിൻെറയും പെണ്ണിൻെറയും കൂക്കാ കേട്ടത്….”

തോമാച്ചായൻെറ മുഖത്ത് നോക്കാതെ ഭാര്യ മറുപടി പറഞ്ഞു,

“ആന്നെങ്കിലെന്താ ? പോലീസ് വന്നില്ലേ ? ഇനി അവര് നോക്കിക്കോളും”

“എടീ അത് പോലീസല്ലെങ്കിലോ ….”

തോമാച്ചായൻ പറഞ്ഞ് തീരുന്നതിന് മുൻപേ അക്കരെ നിന്ന് ഒരു പെണ്ണിൻെറ നിലവിളിയും ആരുടെയോ ആജ്ഞയും ഒച്ചപ്പാടുകളും മഞ്ഞിൻെറ പാളികളിൽ തട്ടി പ്രതിധ്വനിച്ചു. ജീപ്പിൻെറ അതുവരെ തെളിഞ്ഞ് നിന്ന ഹെഡ്‍ലൈറ്റും കെട്ടു.

ഉൾത്തരിപ്പോടെ ഭാര്യ മകനെ ഫോണിൽ വിളിക്കാൻ തുനിയുമ്പോഴേക്കും മകൻെറ വിളിയെത്തി.

“അമ്മച്ചി അപ്പന് ഫോൺ കൊടുത്തേ …”

ഫോണിൻെറ മറുതലയ്ക്കൽ അപ്പൻെറ നിശ്വാസം തിരിച്ചറിഞ്ഞ ഡി വൈ എസ് പി പറഞ്ഞു,

“അതേ പേടിക്കാനൊന്നുമില്ല…. നമ്മുടെ സുന്ദരൻ സാറിൻെറ കൊച്ചു മോനും മരുമോളും ബാംഗ്ലൂരിൽ നിന്ന് വന്നതാ… അവർക്ക് രാത്രിയിൽ അഷ്ടമുടിക്കായലിലൂടെ വള്ളത്തിൽ അക്കരെ കടക്കാനൊരു മോഹം …”

“എടാ … അവിടുന്ന് ഒരു നിലവിളി കേട്ടല്ലോ….”

“അത് കാര്യമാക്കണ്ട… ജീപ്പിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞിട്ടും തോണീലേ പോകൂ എന്ന് വാശി പിടിച്ചപ്പം പോലീസുകാരൻ അവൻെറ ചെള്ളയ്‌ക്കൊന്ന് പൊട്ടിച്ചതാ…. ഞാൻ ആ കമ്പനീലെ തൊഴച്ചിൽക്കാരനെ കിട്ടുമോന്ന് നോക്കട്ടെ ….”

തെല്ലിടയ്ക്ക് ശേഷം മകൻെറ ഫോൺ വീണ്ടും വന്നു,

“തൊഴച്ചിൽക്കാരനെ കിട്ടീല്ല… അച്ചായൻ കെടന്നുറങ്ങ്…. അവര് എന്താന്ന് വച്ചാൽ ചെയ്തോളും ….”

“തത്ക്കാലം നീ പോയിക്കിടന്ന് ഉറങ്ങ്” എന്ന തോമാച്ചായൻെറ അലോസരം കേൾക്കാൻ നിക്കാതെ മകൻ ഫോൺ കട്ട് ചെയ്തു.

“പോലീസുകാര് ഇനിയും കൊച്ചിനെ തല്ലുമോ…” ഉമ്മറഭിത്തിയിൽ ചാരി നിന്നുകൊണ്ട് ഭാര്യ ചോദിച്ചു.

സുന്ദരൻ സാറിൻെറ കൊച്ചുമോൻ പത്താം ക്ലാസിൽ റാങ്ക് മേടിച്ച് നാടിൻെറ യശസ്സുയർത്തിയ കുട്ടിയായിരുന്നു. നാട്ടുകാരുടെ സ്നേഹത്തിനപ്പുറം തോമാച്ചായനും ഭാര്യക്കും അവനോട് പ്രത്യേക വാത്സല്യവുമുണ്ട്. മറുപടി പറയാതെ കായൽപ്പരപ്പിലേക്ക് നോക്കി നിന്ന തോമാച്ചായൻ മെല്ലെ തിരിഞ്ഞ് തോർത്ത് എടുത്ത് തലയിൽ കെട്ടുന്നതിനിടെ ഉറച്ച ശബ്ദത്തിൽ ഭാര്യയോട് പറഞ്ഞു,

“നീ രൂപത്തിന് മുന്നിൽ ഒരു തിരി കത്തിച്ച് വച്ചോണ്ട് അകത്തിരുന്ന് പ്രാർത്ഥിക്ക് … ഞാനൊന്ന് പോയി നോക്കിയിട്ട് വരാം”

തിളങ്ങുന്ന ചെമ്പ് വലയങ്ങളുള്ള പങ്കായവുമെടുത്ത് തോമാച്ചായൻ ഓളങ്ങളും വെള്ളമിളകുന്ന ശബ്ദവും ഉണ്ടാക്കി വള്ളത്തിനടുത്തേക്ക് നീങ്ങുന്നത് നോക്കി നിന്ന ഭാര്യ അകത്തേക്ക് കയറി കതകടച്ച് രൂപത്തിന് മുന്നിൽ തിരികത്തിച്ച് കണ്ണടച്ച് പ്രാർത്ഥിച്ച് നിന്നപ്പോൾ മകനെ വിളിക്കാനുള്ള തോന്നലുണ്ടായി. കൈകാലുകളുടെ ബലക്ഷയവും കിതപ്പും വകവയ്ക്കാതെ, ഇടയ്ക്ക് കടന്ന് പോയ ബോട്ട് ഇളക്കിവിട്ട ഓളക്കരുത്തുകളെ അതിജീവിച്ച് തോമാച്ചായൻ മറുകര എത്തുന്നതിന് മുൻപേ അക്കരക്കടവിൽ രണ്ട്‌ മൂന്ന് വാഹനങ്ങൾ വന്ന് നിന്നു.

കടവിലേക്ക് വേച്ച് വേച്ച് അടുത്തുകൊണ്ടിരുന്ന വള്ളത്തിന്മേലും തോമാച്ചായൻെറ മുഖത്തും വന്ന് വീണ ടോർച്ച് ലൈറ്റുകളുടെ വെട്ടങ്ങൾ കെട്ടു.

വള്ളം അക്കരെക്കടവിൽ അടുത്തപ്പോഴേക്കും ആയാസവും തണുത്തകാറ്റും ഏറ്റ് തോമാച്ചായൻ വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു.

“ആദ്യം ഫയർഫോഴ്‌സിലെ ഡൈവർമാർ രണ്ട് പേരും കയറട്ടെ …. എന്നിട്ട് പിള്ളേർ കയറട്ടെ …”

അവസാനം കയറിയ തലയും മുഖവും ഏറെക്കുറെ മറച്ച് മഫ്ളർ കെട്ടിയ ആൾ പടിയിലിരുന്നിട്ട് തിരിഞ്ഞ് തോമാച്ചായനോട് ചോദിച്ചു,

“അപ്പാ ഞാൻ തുഴയാണോ?”

മകൻ അവിടെയുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്ന തോമാച്ചൻ അത്ഭുതം പ്രകടിപ്പിക്കാതെ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു,“വേണ്ടാ”

തോമാച്ചായൻ വള്ളം കടവിൽ നിന്നകറ്റി അക്കരയ്ക്ക് തിരിച്ചപ്പോഴേക്കും ഫയർഫോഴ്‌സിലെ ഡൈവർമാർ വള്ളത്തിൻെറ ഇരുവശത്തേയും തണ്ടുകൾ വലിക്കാൻ തുടങ്ങി.

“നിങ്ങളെന്താ പാതിരാത്രിയില് ബാംഗ്ലൂരിൽ നിന്ന് പെട്ടിയും കിടക്കയും എടുത്ത് പോന്നത് ? ”

മറുപടി വരാൻ അമാന്തിച്ചപ്പോൾ ചോദ്യത്തിൻെറ മുന കൂർത്തു.

“രാത്രിയിൽ ഇവിടെ വന്ന് കായൽക്കാറ്റ് കൊള്ളാനല്ലെന്ന് ഏത് പോലീസുകാരനും മനസ്സിലാകും. അത് കൊണ്ട് അത് പറയണ്ട …”

കായൽയാത്രയുടെ സ്വച്ഛതയാണ് കൊതിച്ചത്. ഈ ഫയർഫോഴ്‌സും പോലീസും ഒന്നും ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷച്ചില്ല.

“ഒന്ന് മൊഴിയടോ” അലോസരങ്ങൾ ഉയർത്തിയ അമർഷം ഡിവൈഎസ്‌പി യുടെ ശബ്ദത്തിൽ കനത്തു.

“ഏതായാലും അക്കരെ ചെല്ലട്ടെ… രണ്ട് പേരുടെയും ബാഗുകൾ പരിശോധിക്കുന്നുണ്ട് …”

ഇടപെടണമെന്ന് ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യത്തിൻെറ അമർത്തലുകളിൽ പെട്ടത് തിരിച്ചറിയാമായിരുന്ന തോമാച്ചായൻ ഒന്നും പറഞ്ഞില്ല.

പെൺകുട്ടി ഒന്നും ശ്രദ്ധിക്കാതെ കായലിൻെറ ജലവിസ്‌തൃതിയിലേക്ക് കാറ്റും കുളിരുമേറ്റ് കണ്ണും നട്ടിരിക്കുന്ന ആദിത്യനെ നോക്കി. അഷ്ടമുടിക്കായലിന് മീതെ പമ്മിപ്പതുങ്ങുന്ന കാറ്റിലെ പരിചിതത്വങ്ങളെ ഒന്ന് കൂടി അറിയാനെന്നോണം ആദിത്യൻ കണ്ണുകളടച്ച് അല്പനേരമിരുന്നു. ആ പരിചിതത്വങ്ങൾ കടത്തുവള്ളം കായലിൻെറ നടുക്ക് എത്തിയെന്ന് ആദിത്യൻെറ മനസ്സിലോതി.

കായലിൻെറ ആഴത്തിലെ ജലവിതാനങ്ങളിൽ തിമിർത്ത് നീന്തിത്തുടിക്കുന്ന മീനണികളുടെ ഉത്സാഹഭേരികൾ ജലപ്രവാഹങ്ങളിലെ വഴക്കങ്ങളുടെ ഏറ്റിറക്കങ്ങളോടെ കാതിൽ തരിപ്പാകുന്നതറിഞ്ഞു . കായലരികിലെ കല്ലൊതുക്കുകളിലെ ഞണ്ടുകളുടെ കാഴ്ചമുനകൾ ശരീരത്തിൽ ത്രസിപ്പായി അരിച്ചിറങ്ങുന്നത് പോലെ.

പടിഞ്ഞാറ് അകലെയല്ലാതെ അലയടിക്കുന്ന മഹാസമുദ്രത്തിൻെറ ആഴങ്ങളിലെ സ്വതന്ത്രവിസ്മയങ്ങളിലേക്ക് വെല്ലാനാകാത്ത പ്രലോഭനം. ആദിത്യൻ കായലിന് മുകളിലെ കുളിർകാറ്റ് ഒരിക്കൽ കൂടി മനസ്സിലെയും ശരീരത്തിലെയും ഓരോ അണുവും അറിയുമാറ് ഒരുമാത്ര നുകർന്നു. പിന്നെ ആർക്കെങ്കിലും തടയാനാകുന്നതിന് മുൻപേ നൊടിയിടയിൽ കായലിൻെറ ആഴത്തിലേക്ക് കൂപ്പ്കുത്തി.
അലറിക്കരഞ്ഞ് കൂടെ ചാടാൻ തുനിഞ്ഞ പെൺകുട്ടിയെ ഡിവൈഎസ്‌പി ബദ്ധപ്പെട്ട് തടഞ്ഞ് പിടിച്ചു. വള്ളത്തിലുണ്ടായിരുന്ന ഫയർമാന്മാർ ഊളിയിട്ട് ചെല്ലുന്നതിന് മുൻപേ നിസ്തുലവർണ്ണരാജികളാർന്ന വമ്പൻ മീൻകൂട്ടങ്ങൾ വന്ന് ആദിത്യനെ മറച്ചിരുന്നു.

മുങ്ങാങ്കുഴിയിട്ട ഫയർമാന്മാർ ദേഹമറ്റ് ഉതിർന്ന പ്രാണൻെറ ശക്തിപ്രവാഹങ്ങളിൽ നിന്ന് ഉരുവം കൊണ്ട ബഹുശതം വർണ്ണമീനുകൾ തീർത്ത പടയണിക്കിടയിൽ നിൽക്കക്കള്ളിയില്ലാതെ തിരികെ പൊന്തി വന്നപ്പോഴും വള്ളം തോമാച്ചായൻെറ അനുഭവബലത്തിൽ കായൽപ്പരപ്പിൽ ആലോലമാടി നിൽപ്പുണ്ടായിരുന്നു.

വളരെ ആയാസപ്പെട്ട് വള്ളം കരയ്ക്കടുത്തപ്പോൾ മകൻ തോമാച്ചായൻെറ കൈയ്യിൽ നിന്നും തുഴ വാങ്ങി അവിടെ കാത്ത് നിൽപ്പുണ്ടായിരുന്ന പോലീസുകാരിൽ ഒരാളെ ഏൽപ്പിച്ചു.

“ഇത് ജീപ്പിൽ കൊണ്ട് വയ്ക്ക് … ഇനിയത് എൻ്റെ വീട്ടിൽ ഇരുന്നാൽ മതി”

വനിതാ പോലീസ് പെൺകുട്ടിയെ താങ്ങിപ്പിടിച്ച് കല്പടവിലൂടെ മുകളിലേക്ക് കൊണ്ട് പോയി. തിക്കും തിരക്കുമെല്ലാം കഴിഞ്ഞ് ബാക്കി നാളെ നോക്കാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയി. ഉമ്മറവാതിലടഞ്ഞ വീട്ടിനുള്ളിൽ നിന്നും ജനൽപ്പാളി തുറന്ന നേരിയ വിടവിലൂടെ തോമാച്ചായൻ കായലിലേക്ക് നോക്കി.

ഒരു പൊട്ടു പോലെ അഭൂതപൂർവമായ വെളിച്ചം. പ്രകാശഭരിതമൊരു ഘോഷയാത്ര. വാദ്യമേളഭേരികൾ. വീശി വന്ന തണുത്ത കാറ്റിൽ ധൂപസുഗന്ധം.

തോമാച്ചായൻ വിടർന്ന കണ്ണുകളോടെ കായൽപ്പരപ്പിലേക്ക് നോക്കി നിന്നു . കൺനിറയെ കണ്ടു നിൽക്കെ എല്ലാത്തിനും മീതെ കരിന്തിരി മണം വമിച്ചു.

കാർട്ടൂണിസ്റ്റ്, കഥയെയുത്തുകാരൻ, യൂട്യൂബർ, ചെറുസിനിമാ സംവിധായകൻ. അഞ്ച് ചെറുകഥാ സമാഹാരങ്ങൾ ഉണ്ട്. ഭാഷാപോഷിണിയിൽ " അതീന്ദ്രിയം" എന്ന കാർട്ടൂൺ സ്ട്രിപ്പ് വരച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ, പാട്രിയോട്ട് എന്നിവയിൽ ഒരു കാലത്ത് വരച്ചിരുന്നു.