വേരുകൾ

ഇലകൾ കൊഴിഞ്ഞുവീഴുന്നതും നോക്കിയിരുന്ന് മുഷിഞ്ഞപ്പോൾ റബേക്കയ്ക്ക് വീട്ടിലേക്കു തിരിച്ചു നടന്നാൽ മതിയെന്ന് തോന്നി. എത്രനേരമാണ് സൂസനെ കാത്തുനിൽക്കുക. മണി ഒൻപത് ആയി. തണുപ്പ് ഇന്നലെത്തേക്കാൾ അധികമായിട്ടുണ്ട്. ഫിലിപ്പിന്റെ കടയിൽ വന്ന ജോൺസൺ മുത്തപ്പന് തണുത്ത നാടിനെപ്പറ്റി കുറെ ചൂടറിവുണ്ട്. ചായക്കടയിൽ നേരത്തെ എത്തിയാൽ ലോകവിവരം കേട്ടിരിക്കാം. റബേക്കയുടെ വീട് അവിടെ അടുത്താണ്.

റബേക്ക കയ്യിലുള്ള ആപ്പിളിൽ കടിച്ചു. വായ മധുരിച്ചപ്പോൾ അവൾക്ക് കുട്ടിക്കാലം ഓർമ്മവന്നു. വീടിൻ്റെ ഉള്ളിലെ ഗോവണി കയറിയാൽ അമ്മച്ചി സൂക്ഷിച്ച ആപ്പിളുണ്ടാകും. ‘വിൽക്കാൻ വെച്ചതാണ്, തൊട്ടു പോകരുതെന്ന്’ കവലയിലേക്ക് പോകുമ്പോൾ അമ്മച്ചി ഉപദേശിക്കും. എന്നിട്ടും സൂസൻ്റെ കൊതി കാരണം കട്ടുകഴിക്കും. ഒരു ദിവസം സൂസൻ ഒരാപ്പിളെടുത്ത് കഴിച്ചു. അന്ന് വൈകുന്നേരമായപ്പോഴേക്ക് പെണ്ണിന് വയറുവേദനയും ഛർദിയും. രണ്ടുദിവസം ഉദംപൂരിലെ ആശുപത്രിയിൽ കിടന്നു. പിന്നെ അമ്മ അവളെയും റബേക്കയെയും വീട്ടിൽ ഒറ്റക്ക് നിർത്തിയിട്ടില്ല.

ദൂരെ നിന്ന് സൂസൻ്റെ കാലടികൾ കേട്ട് റബേക്ക തിരിഞ്ഞുനോക്കി. ഹിമകണങ്ങളിൽ അവളുടെ ദിദ്ദയുടെ പാട്ടുകൾ പോലെ കാറ്റ് രാഗം മീട്ടുന്നു. കൈയ്യിലെന്താണ് പിടിച്ചിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. തിളങ്ങുന്ന കണ്ണുകൾ. അരൂപിയായ രോമങ്ങൾ, കഴുത്തിലെന്തോ തൂങ്ങി കിടപ്പുണ്ട്.

‘കാത്തിരുന്ന് മടുത്തോ?’

റബേക്കക്ക് എന്തോ പറയണമെന്നുണ്ട്. ഉണ്ടെന്നോ ഇല്ലെന്നോ! സൂസൻ അവളെ നോക്കി ചിരിച്ചു.

‘ഇതിനെ എവിടുന്ന് കിട്ടി?’

സൂസൻറെ കൈയ്യിലെ പൂച്ചക്കുഞ്ഞിനെ റബേക്ക വാരിയെടുത്തു. അതിൻ്റെ പുറത്തെ കറുത്ത പുള്ളികളിലായിരുന്നു അവളുടെ കണ്ണ്.

‘ഇന്നലെ അപ്പച്ചൻ കൊണ്ടു വന്നതാ. അപ്പച്ചൻ കൽഗാമിൽ നിന്ന് വരുമ്പോൾ ചരക്കിനിടയിൽ നിന്നും കിട്ടിയതാണെന്നാ സമറ് പറഞ്ഞത്. ചോദിച്ചപ്പോൾ എനിക്ക് തന്നു. ഞാനതിനെ ഇങ്ങോട്ട് കൂട്ടിയതാ.’

പൂച്ച നിലത്തിറങ്ങി. ഒരു മഞ്ഞുതുള്ളിയിൽ നഖമാഴ്ത്തി നോക്കി. പിന്നെ മഞ്ഞുകട്ട തല്ലിത്തെറിപ്പിക്കാൻ തുടങ്ങി.

‘നിൻ്റെ മകൻ എവിടെ?’

“അവൻ റാഹേലിനൊപ്പം ഇന്നലെ തന്നെ പോയി’.

റബേക്ക അവളുടെ കൈകളിൽ പിടിച്ചു.

“അയാൾ പിന്നെ നിന്നെ കാണാൻ വന്നിരുന്നോ?’

സൂസന്റെ തലമുടിയിൽ നിന്ന് മഞ്ഞടരുകൾ നിലത്ത് വീണു. സൂസൻ കുറച്ച് കൂടി മുന്നോട്ട് ഇരുന്നു. അവർ രണ്ടു പേരും ഇപ്പോൾ മെല്ലിച്ച പൈൻമരത്തിന്റെ നടുക്കായി.

‘അയാളെ ഇനി കാണുമെന്നു തോന്നുന്നില്ല. എൻ്റെ കൂടെ കഴിഞ്ഞാൽ അയാൾക്ക് തിരിച്ചു പോകാൻ കഴിയില്ലെന്ന് പറയുന്നു.’

റബേക്ക സൂസൻ്റെ തോളിൽ പിടിച്ചു. രണ്ടു പേരും പൂച്ചയുടെ വികൃതി നോക്കിനിന്നു. കുട്ടിക്കാലത്ത് സൂസന് ഒരു കപ്പലോട്ടക്കാരനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇടക്കിടയ്ക്ക് കൽഗാമിൽ നിന്ന് വരുന്ന അപ്പച്ചന് പറയാനുണ്ടായിരുന്ന കഥകളിൽ കപ്പലോട്ടക്കാർ കാറ്റിനെയും കടലിനെയും വെട്ടിച്ചതിന്റെ വീരേതിഹാസങ്ങളായിരുന്നു. ഒരിക്കൽ അപ്പച്ചൻ അവൾക്ക് സമ്മാനിച്ച കപ്പലിന്റെ കുഞ്ഞുരൂപം പിടിച്ച് അവൾ റബേക്കയോട് പറഞ്ഞിട്ടുണ്ട് അപ്പച്ചൻ ഇനി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പിത്താനെ കൊണ്ടുവരുമെന്ന്. പക്ഷെ, അവൾക്ക് വയസ്സ്കൂടിത്തുടങ്ങിയപ്പോൾ അപ്പച്ചൻ്റെ മനസ്സിലെ കടൽ പ്രക്ഷുബ്ധമായി. ദോഡക്കാരുടെ അഭിമാനബോധം അയാളിൽ ഇടയ്ക്കിടെ ചുഴലിക്കാറ്റുകൾ സൃഷ്ടിച്ചു. സൂസനപ്പോഴേക്കും വഴിവാണിഭക്കാരനായ റാഹേലുമായി ഹൃദയം കൈമാറിയിരുന്നു. ദോഡയിലെ മഞ്ഞുവീഴ്‌ചയുടെ നടുക്ക് അവൾ തലകറങ്ങി വീണപ്പോഴാണ് അപ്പച്ചൻ മരവിച്ചുപോയത്. ദോഡക്കാർ ഒരു കുഞ്ഞിനെയും കൊല്ലില്ലെന്ന് ദിദ്ദിയുടെ മുന്നിൽ സത്യംചെയ്തത് കൊണ്ട് അപ്പച്ചൻ അവളെയും കുഞ്ഞിനെയും വെറുതെവിട്ടു.

പൂച്ച ക്ഷീണിച്ചെന്ന് തോന്നുന്നു. അത് സൂസൻ്റെ അടുത്തേക്ക് തിരിച്ചുവന്നു. അവർ രണ്ടു പേരും റബേക്കയുടെ വീടിനടുത്തേക്ക് നടന്നു.

ഇരട്ടമുറിവീടിന്റെ ഉമ്മറപ്പടിയിലേക്ക് കയറാൻ ആറ് പടികളുള്ള ഗോവണിയുണ്ട്. പൂച്ച കൈയ്യിൽ നിന്നും കുതറിയിറങ്ങി ഗോവണി കയറി. റബേക്കക്ക് ചിരിവന്നു. അവളുടെ വീട്ടിലെ പുതിയ അതിഥി ഉലാത്തിക്കൊണ്ടിരുന്നു.

“നീയൊന്ന് ഇവിടെ നിൽക്ക്, ഞാൻ ഒന്ന് മൂത്രമൊഴിച്ച് വരാം.’

‘ശരി.. ശരി… പോ’

സൂസൻ ആദ്യത്തെ റൂമിൽ കണ്ണോടിച്ചു. വെള്ള ചുമരിൽ ചുവന്ന വേരുകൾ വരച്ചു വെച്ചിട്ടുണ്ട്. പലതും ചുമരിന് താഴെ ഭൂമി തൊടുന്നു. ചുമരിൽ വെറുതെ കൈയ്യോടിക്കുന്നതിനിടക്ക് പെയിൻ്റ് അടർന്നു വീണു.

‘ഹോ…’

സൂസൻ ഒന്ന് നെടുവീർപ്പിട്ടു. അവൾ റബേക്കയുടെ മുറിയിലേക്ക് കയറി. നിലത്ത് പൈജാമകൾക്ക് അളവുനോക്കി മുറിച്ചുവെച്ച ശീലകൾ. നൂലുണ്ടപ്പാക്കറ്റ് വെച്ച ഷെൽഫിനരികെയുള്ള കട്ടിലിൽ അവൾ ഇരുന്നു. മുറിയുടെ പ്രത്യേകമായൊരു ഗന്ധത്തിൽ അവൾക്ക് തലപെരുത്തു. അവൾ റബേക്കയുടെ കൂട്ടിയിട്ടിരുന്ന ഡ്രസ്സ് സ്വന്തമാണെന്ന പോലെ ഓരോന്നായി തുറന്നുനോക്കി. കട്ടകുത്തിയ ചോരപ്പാടുകൾ അവൾക്ക് സാധാരണ ചിത്രമായിരുന്നു. റബേക്കയുടെ പാഡുകളിൽ നിന്നുള്ളതാണ്.
അവൾ പുറത്തിറങ്ങി ചുമരിലെ ചുമന്നവേരുകളിലേക്ക് നോക്കി.

‘റബേക്കാ…’

അവൾ ഉറക്കെ വിളിച്ചു. ശുചിമുറിയിൽ നിന്ന് തളർന്ന രൂപം പുറത്ത് വന്നു. മഞ്ഞുവർഷത്തിൻ്റെ സൂചിമുനയേറ്റ പോലെ അവളുടെ നാവ് വിറച്ചുകൊണ്ടിരുന്നു. സൂസൻ റബേക്കയുടെ ചോരച്ച ഉടുപ്പുകൾ പിടിച്ചുനിൽപ്പുണ്ടായിരുന്നു.

‘എന്നോട് ഒന്നും തോന്നരുത്, വയസ്സറിയിച്ച മുതൽ ഇതൊക്കെ ചെയ്യാൻ എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്. ഡോളി അമ്മായി ഇടയ്ക്ക് പറഞ്ഞു തരും, അലക്കിത്തരും. അതല്ലാതെ ഞാൻ ഒന്നും ചെയ്യാറില്ല’

സൂസൻ അവളുടെ സംസാരം കേട്ട് മന്ദഹസിച്ചു. ദയനീയരായ മനുഷ്യർ എത്ര പെട്ടന്നാണ് ചിരിക്കുള്ള വകയാവുന്നത്. സൂസൻ്റെ ചിരി റൂമിൽ അലയടിച്ചു. പൂച്ച അവളെ നോക്കി കണ്ണുകൾ മയപ്പെടുത്തുന്നുണ്ട്. റബേക്ക അലമാരയിൽ നിന്ന് ഒരു ദുപ്പട്ട സൂസന് എടുത്തുകൊടുത്തു.

‘ഇത് നിൻ്റെ അപ്പച്ചൻ തന്നതാ. ഓർമ്മയില്ലേ.’

സൂസൻ എപ്പോളെന്ന മുഖഭാവത്തിൽ ഇരുന്നപ്പോൾ റബേക്ക വിശദീകരിച്ചു.

‘എനിക്ക് വയസ്സറിയിച്ചതിന്റെ പിറ്റേദിവസം അമ്മായിയുടെ അടുത്ത് കൊടുത്തയച്ചതാ’

സൂസൻ ഓർക്കുന്നു എന്ന് തലകൊണ്ട് സമ്മതിച്ച് പൂച്ചയുടെ കാൽ ഉഴിഞ്ഞു.

‘സാധാരണ ഇത് നീ ഇടാറില്ലല്ലോ, പിന്നെന്തിനാ ഇന്ന് എനിക്ക് എടുത്ത് കാണിച്ചു തന്നത്’

റബേക്കയുടെ മുഖത്തെ ചുവപ്പ് കണ്ടാണ് സൂസൻ ചോദിച്ചത്. അവൾ അലമാരയിൽ നിന്ന് കുപ്പിവളയും എടുത്ത് ഉടുപ്പണിയാൻ തുടങ്ങി. പിരികത്തിലെ അവസാന മിനുക്കുപണിയും കഴിഞ്ഞപ്പോൾ അവൾ സൂസനോട് ബാക്കി പറയാനായി വന്നു.

‘ഇന്ന് ഒരു പ്രത്യേകത ഒക്കെ ഉണ്ട്. നീ പണ്ട് ഒരു കപ്പലോട്ടക്കാരനെ കൊതിച്ചില്ലെ, ഞാൻ കുറച്ച് നാളായി സമറിൻ്റെ ഒരു ബന്ധുവുമായി അടുപ്പത്തിലാണ്. അവന് ഇന്ന് ദോഡയിൽ വരാമെന്ന് പറഞ്ഞിട്ടുണ്ട്. ദുപ്പട്ട ഇല്ലാതെ ആരെങ്കിലും കണ്ടാൽ എന്നെ വെച്ചേക്കില്ല’

സൂസൻ പൂച്ചയെ എടുത്ത് നേരെ അവളുടെ അടുത്ത് വന്നു.

‘ഞാൻ ഇപ്പോൾ ഇറങ്ങുകയാണ്. എൻ്റെ അപ്പച്ചനോ നിൻ്റെ അപ്പച്ചനോ ഇത് അറിയേണ്ട’

സൂസൻ ഒന്നും മിണ്ടാതെ പുറത്തേക്ക് വന്നു. ചെരുപ്പിന് മുകളിലെ മഞ്ഞുകണങ്ങൾ തട്ടികളഞ്ഞ് അവൾ നടന്നു.

‘സൂസൻ… സൂസൻ…’

റബേക്ക അവളെ തിരികെ വിളിച്ചു. മഞ്ഞിൽ സൂസൻ്റെ കാൽപാടുകളുണ്ട്.

“ദിദ്ധിയുടെ മുന്നിൽ സത്യംവെച്ചവർ അത് പൊളിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. നീ സൂക്ഷിച്ചോ’

സൂസൻ നടത്തം നിർത്തി, റബേക്ക കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു.

മഞ്ഞുവീഴ്‌ച തുടർന്നു. സൂസൻ പോയതിനു ശേഷവും റബേക്ക ദുപ്പട്ടയും പിടിച്ച് അവിടെ നിന്നു.

മലപ്പുറം, പെരിന്തൽമണ്ണയ്ക്കടുത്ത് പാറൽ സ്വദേശിയാണ്. സ്വകാര്യസ്ഥാപനത്തിൽ അധ്യാപകനാണ്. എഡിറ്റിങ്, പ്രൂഫ് റീഡിങ് മേഖലയിലും പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.