അപദം

ആ അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് അവൾ ആ പേരിനെക്കുറിച്ച് കേൾക്കുന്നത്. ആറുമാസമായി അവൾ അവിടുത്തെ താമസക്കാരിയാണ്. ആ പേരിൽ ആരുമില്ലെന്നുറപ്പ് അവൾക്കുണ്ട്. ഒരു നിമിഷം കൊണ്ട് അപ്പാർട്ട്മെന്റിലെ എല്ലാ മുഖങ്ങളും പേരുകളും മനസ്സിലൂടെ കടന്നുപോയി. എത്ര ഓർത്തെടുത്താലും അങ്ങനെയൊരു പേർ അവിടെ ഇല്ലെന്നതാണ് നിഗമനം. സ്വന്തം പേരിനെക്കുറിച്ച് ചിന്തിക്കാനോ ഓർത്തെടുക്കാനോ പോലും സമയം കിട്ടാതെ പോയ ആറുമാസങ്ങൾ. സ്വന്തം അസ്തിത്വം തന്നെ എവിടെയോ മറഞ്ഞുപോയിരുന്നു.

“ഗോവിന്ദൻകുട്ടി…”

ഗൃഹനായികയുടെ ചുണ്ടുകളിൽ നിന്നും ആ പേര് മന്ദശബ്ദത്തിൽ പുറപ്പെട്ടു. പേര് കേട്ട നിമിഷം തന്നെ അവൾ വിചാരിച്ചു — പ്രായമായ ആളായിരിക്കണം, അങ്ങനെ വരും. ദോശക്കല്ലിൽ വെച്ച മാവിന്റെ ഗന്ധത്തോട് ചേർന്ന് ചിന്തകൾ കുഴഞ്ഞു. കരിഞ്ഞ ദോശയുടെ മണം പുകപോലെ മുറിയിലാകെ പരന്നു.

“രക്ഷയില്ല മോളെ… ഇനി ICU വിലും വെന്റിലേറ്ററിലും കിടത്തിയാലും കാര്യമില്ല!”. അവൾ ഗ്യാസ് ഓഫ് ചെയ്തു. ദോശ കല്ല് അവളോട് ക്ഷമ ചോദിക്കുന്നതുപോലെ തോന്നി.

“ഹേയ്… ഗോവിന്ദൻകുട്ടിക്ക് ഇന്നും ഭക്ഷണം കിട്ടിയില്ലെന്നു തോന്നുന്നു!” ജനാലയിലൂടെ കേട്ട ആ ശബ്ദം വീണ്ടും അവളെ ആ പേരിലേക്കു കൊണ്ടുപോയി.

ഹോ, ഈ കരിഞ്ഞ ദോശ തന്നെയായിരുന്നെങ്കിൽ ഗോവിന്ദൻകുട്ടിയുടെ വിശപ്പിന് ഒരു ആശ്വാസം കിട്ടുമായിരുന്നുവല്ലോ.

“ഇങ്ങനെ പോയാൽ ശരിയാകില്ല,” അവൾ സ്വയം ശാസിച്ചു.

അടുക്കള സിങ്കിൽ കിടക്കുന്ന കരിഞ്ഞ ബീറ്റ്റൂട്ട് ഉപ്പേരിയും അവളെ നോക്കി നിശ്ശബ്ദമായി കുറ്റപ്പെടുത്തുന്നുവെന്നു തോന്നി. അവൾ വീണ്ടും ഗോവിന്ദൻകുട്ടിയെ ചിന്തിച്ചു. പുതിയ താമസക്കാരനായിരിക്കണം — രണ്ടുമൂന്നു വീട് ഒഴിഞ്ഞതല്ലേ? ജനാലയിലൂടെ നോക്കി, എങ്കിലും ഗോവിന്ദൻകുട്ടി എവിടെയുമില്ല.

അപ്പാർട്ട്മെന്റിലെ ഓരോ മുഖവും അവൾക്കു പരിചിതം, പക്ഷേ ആരും അവളെ പേരെടുത്ത് വിളിക്കുന്നില്ല.

“മോൾ, കുട്ടി, മാഡം, അത്യേയ്…” ഇത്രയേ ഉള്ളൂ. സ്വന്തം പേര് പോലും അവൾ മറന്നുപോയിരിക്കുന്നു.

കസേരയിലിരുന്നു ഗോവിന്ദൻകുട്ടിയെ മനസ്സിൽ സങ്കൽപ്പിച്ചു. തെങ്ങിന്റെ നിഴലിൽ അവളെ നോക്കി നിൽക്കുന്ന ആ വൃക്ഷം പോലും പരിഹസിക്കുന്നത് പോലെ —
‘നിന്നെ കണ്ട് മടുത്തു…

കണ്ണാടിയിൽ പ്രതിഫലിച്ച മുഖം നോക്കി അവൾ വിറച്ചു. ജീവിതത്തിന്റെ കഠിനതകൾ കറുത്ത പാടുകളായി മുഖത്താകെ തെളിഞ്ഞിരിക്കുന്നു.

കിഴക്കുഭാഗത്തെ വീട്ടിൽ നിന്ന് പുക പൊങ്ങുന്നു. ഓല കത്തിച്ച മണം പടർന്നു. അവിടെ ഒരു വൃദ്ധൻ, അവൾ അയാളെ “നാരായണ അപ്പൂപ്പൻ” എന്നു വിളിക്കാറുണ്ട്. പഞ്ഞിക്കെട്ടുപോലെ വെള്ളതാടി, ശാന്തമായ മുഖം. അവരിടയ്ക്ക് ജനാലയിലൂടെ പുഞ്ചിരി കൈമാറും, മൗനസംഭാഷണം പോലെ.

മറ്റൊരു വീട്ടിൽ കാലൻ അപ്പൂപ്പൻ; കുടയുമായി എല്ലായ്പ്പോഴും ഇറങ്ങിപ്പോകുന്നയാൾ. അവിടെ ഒരു ചെറുപെൺകുട്ടിയുണ്ട്, അച്ഛനെ പോലെ ചിരിയുള്ളത്. അവളെ കാണുമ്പോൾ ഗൃഹനായികയ്ക്കു സ്വന്തം ബാല്യം ഓർമ്മ വരും.

ആ വീട്ടിലെ ആൾ ഗോവിന്ദൻകുട്ടിയല്ലെന്ന് അവൾ ഉറപ്പിച്ചു; കാരണം അവർ എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കും. ഗോവിന്ദൻകുട്ടി, അവളുടെ ചിന്തയിൽ, എപ്പോഴും വിശന്നൊരാളാണ്.

അന്നുച്ചയ്ക്ക് അവൾ വിശ്രമിക്കാൻ കിടന്നപ്പോൾ വീണ്ടും ആ പേര് കാതിൽ വീണു.

“ഗോവിന്ദൻകുട്ടി!”

“അമ്പടാ മിടുക്കാ, ഇന്ന് കോളടിച്ചിട്ടുണ്ടല്ലോ!” — ആരോ പറഞ്ഞത് കേട്ടു.

അവൾക്കും മൂക്കുമുട്ടെ കഴിച്ചതിനാൽ എഴുന്നേൽക്കാൻ മനസ്സുണ്ടായിരുന്നില്ല.

പിറ്റേന്ന്, കുളിമുറിയിലെ പാട്ടിനിടയിൽ കേട്ടു —
“ഗോവിന്ദൻകുട്ടിക്ക് വലിയ ബോധമില്ല, ശ്രദ്ധിക്കണം.” അപ്പോൾ അവൾ ഉറപ്പിച്ചു — ഗോവിന്ദൻകുട്ടി പാവമല്ല, മുഴുകുടിയനാണ്!

അവനെയൊരിക്കലും കണ്ടിട്ടില്ലെങ്കിലും, അവൻ അവളുടെ ജീവിതത്തിൽ സ്ഥിര സാന്നിധ്യമായി. പാത്രം കഴുകുമ്പോഴും പച്ചക്കറി അരിയുമ്പോഴും മനസിൽ ഗോവിന്ദൻകുട്ടി.

ഒരു ദിവസം, “ഗോവിന്ദൻകുട്ടി തെങ്ങിൽ നിന്ന് വീണു; ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല” എന്ന വാർത്ത. ഗോവിന്ദൻകുട്ടി അവളുടെ കണ്ണിൽ ഹീറോയായി മാറി.

വൈകുന്നേരം കാലൻ അപ്പൂപ്പന്റെ ശബ്ദം കേട്ടു,

“ഗോവിന്ദൻകുട്ടി, വീട്ടിലേക്കു പോകൂ, നേരം ആയീല്ലോ!”

അവൾ ജനാലയിലൂടെ നോക്കി; ആരും കാണാനില്ല.

“ഒരു പഴയപേർ തന്നെയല്ലേ, രക്ഷിതാക്കളുടെ കുസൃതി ആകണം,” അവൾ ചിരിച്ചു.

പിറ്റേ ദിവസം ഫുഡ് വേസ്റ്റ് കളയാനിറങ്ങിയപ്പോൾ സരസ്വതിചേച്ചിയെ കണ്ടു.

“ഗോവിന്ദൻകുട്ടിയെ കണ്ടില്ലല്ലോ?” അവൾ ചോദിച്ചു.

“അവനിന്ന് ഇവിടെയൊന്നും വന്നുകണ്ടില്ല,” ചേച്ചിയുടെ മറുപടി.

വൈകുന്നേരം വാഹനങ്ങൾ നിരയായി കുടുങ്ങിയപ്പോൾ വീണ്ടും കേട്ടു, “അങ്ങ് ഗോവിന്ദൻകുട്ടിയുടെ നടുറോഡിലെ കുസൃതി!”

അവൾ ചിന്തിച്ചു, ആ പെൺകുട്ടിയുടെ മുടിയിഴകളിൽ വിരലോടിക്കുന്ന ആ അമ്മയ്ക്കെങ്കിലും ഗോവിന്ദൻകുട്ടിയെ അറിയാമോ?

ഗോവിന്ദൻകുട്ടി പിന്നെയും അവളുടെ മനസ്സിൽ ഒരു നിഗൂഢതയായി വളർന്നു. ആറടി നീളം, ഗോതമ്പുനിറം, നിഷ്കളങ്കമായ മുഖം. ചിന്തയുടെ പൊട്ടത്തരം തിരിച്ചറിഞ്ഞപ്പോൾ അവൾ ചിരിച്ചു.

അന്നുച്ചയ്ക്ക് സരസ്വതി ചേച്ചിയും നാരായണ അപ്പൂപ്പനും പറഞ്ഞു,

“ഇന്ന് ഗോവിന്ദൻകുട്ടിക്ക് കോളടിച്ചൂ; മൃഷ്ടാന്നം കഴിച്ചു കാർ പോർച്ചിൽ ഉറക്കത്തിലാണ്.”

അവൾ തിടുക്കത്തിൽ വാതിൽ പൂട്ടി താഴേക്കിറങ്ങി. പോർച്ചിൽ കാറുമില്ല, ഗോവിന്ദൻകുട്ടിയുമില്ല.

“എന്താ മോളെ, എന്തെങ്കിലും കളഞ്ഞുപോയോ?” ചേച്ചിയുടെ ചോദ്യം.

“ഞാൻ… ഗോവിന്ദൻകുട്ടിയെ കാണാൻ വന്നതാണ്…” അവൾ വിറച്ച് പറഞ്ഞു.

“അവനിവിടെയുണ്ട്… വാ.” ചേച്ചി മുന്നിൽ നടന്നു. അവളുടെ കണ്ണുകൾ അത്ഭുതത്തോടെ വിറച്ചു.

എട്ടടി നീളം, മിനുക്കിയ ശരീരം, പതിയെ ഇരുവരുടെയും മുമ്പിലൂടെ ഗേറ്റ് കടന്ന് ഇഴഞ്ഞിഴഞ്ഞു പോയി.
“ദൂരേയ്ക്കൊന്നും പോകരുത്, ഗോവിന്ദൻകുട്ടിയേ…” ചേച്ചിയുടെ ശബ്ദം പിന്നിൽ.

ഗൃഹനായിക അപ്പോഴും മനസ്സിൽ ഇഴഞ്ഞുനടക്കുന്നതുപോലെ, മറന്നുപോയ തന്റെ അസ്തിത്വം അവളുടെ ഉള്ളിൽ വീണ്ടും തെളിഞ്ഞു.
പതിയെ അവൾ മാളത്തിലേക്ക് കയറി.

പാലക്കാട്‌ സ്വദേശി. പൊന്നമ്മ എന്ന കൊലപാതകി, ജ്വാലാമുഖി എന്നീ കഥാസമാഹാരങ്ങളും സുഅദ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആനുകാലികങ്ങളിലും മാസികകളിലും കഥ, കവിത, നോവൽ എന്നിവ എഴുതുന്നു.