എ ഫ്രണ്ട് ടു ടോക്

ഉപരിപഠനത്തിനായി വിദേശത്തു പോകുന്ന മകൾക്കു വസ്ത്രമെടുക്കണമെന്നു ഭാര്യ പറഞ്ഞപ്പോൾ, ഫെമിൻ മാജിക്കാണു മനസ്സിൽ തെളിഞ്ഞത് ! “ഫെമിനിസ്റ്റജി”എന്നു ഞങ്ങൾ സൗഹൃദങ്ങൾ ആരാധനയോടെ വിളിക്കുന്ന അജിത്തിന്റെ സ്വപ്നസമാന വസ്ത്രശാലയാണ് നഗരഹൃദയത്തിലെ റിവോളി ടവറിൽ പ്രവർത്തിക്കുന്ന “ഫെമിൻ മാജിക്“. അവന്റച്ഛൻ കേശവേട്ടൻ മുമ്പവിടെയൊരു ജൗളിക്കട നടത്തിയിരുന്നു. പുതുക്കിപ്പണിയാൻ വേണ്ടി പഴയ കെട്ടിടം പൊളിച്ചപ്പോൾ നിലച്ചുപോയതിനു പകരമാണ് ഈ സ്ഥാപനം.

ഉദ്ഘാടനം കഴിഞ്ഞ് ഇടക്കൊക്കെ അവിടെ പോയിട്ടുണ്ടെങ്കിലും, സകുടുംബം അങ്ങോട്ടേക്കു പോകുന്നത് ഇതാദ്യമാണ് . ഭാര്യയും മകളും വസ്ത്രമെടുക്കുമ്പോൾ ചുമ്മാ എന്തേലുമൊക്കെ മിണ്ടിപ്പറഞ്ഞിരിക്കാമെന്നു പറഞ്ഞ് അജിത്ത് എന്നെയവന്റെ കാബിനിലേക്ക് ക്ഷണിച്ചു.

ബിസിനസിനെക്കുറിച്ചും കുടുംബത്തേക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കെ യാദൃശ്ചികമായി, എന്തിനൊക്കെയോ വേണ്ടി അനാവശ്യതിടുക്കം കൂട്ടുന്ന മനുഷ്യർക്കിടയിൽ, നഷ്ടപ്പെടുന്ന ഊഷ്മളതയും, ജൈവീകബന്ധങ്ങളും, ജീവിതമൂല്യങ്ങളും, കടമകളുമെല്ലാം ചർച്ചയായി. അന്നേരം മനഃപൂർവ്വമെന്നോണം, “മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാൾ നമുക്കൊപ്പമില്ലെങ്കിൽ എന്തു സംഭവിക്കും ?” എന്നൊരു ചോദ്യം അവനെന്റെ മുമ്പിലേക്കിട്ടു.

ഉത്തരംതേടി കൗശലക്കാരന്റെ കാന്തമിഴികൾ എന്നെ ഇടംവലം കുരുക്കിട്ടു. “ശരിക്കുമൊരു കണ്ടംഡ്സെൽ ജീവിതം.” മനസ്സിലങ്ങനെ ചിന്തിച്ചപ്പോൾ, ” സങ്കല്പത്തിനും മേലെ “എന്നവൻ കൂട്ടിച്ചേർത്തു. ആലോചിച്ചപ്പോൾ അതു ശരിയാകാമെന്നെനിക്കും തോന്നി. ഏറെ ക്ലേശകരമായിരിക്കും ആ ജീവിതം! വേണ്ടപ്പെട്ടവർക്കൊപ്പം കഴിയുമ്പോഴും മനസ്സുതുറന്നു മിണ്ടാൻ ആരുമില്ലാത്തൊരു മനുഷ്യാവസ്ഥയെക്കുറിച്ച് ചിന്തിച്ചാലോ ? പരസ്പരം മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നവർ ഒരുമിച്ചൊരു മുറിയിൽ കഴിയേണ്ടി വരുന്നതിനേക്കാൾ ദുസ്സഹമായിരിക്കുമത് !

എല്ലാവരുമുണ്ടായിട്ടും ഉള്ളുതുറന്നു മിണ്ടാനും ചിരിക്കാനും തനിക്കുപറ്റിയൊരാൾ ഇല്ലാത്തതിനാൽ തന്നിലേക്കുൾവലിഞ്ഞു മൗനവല്മീകത്തിൽ കഴിയുന്ന ചില മനുഷ്യരുണ്ട്. യാദൃശ്ചികമായി നമ്മളാരെങ്കിലും അവരുടെ മുൻപിൽ പെട്ടുപോയാൽ, പട്ടിണികിടന്നു വലഞ്ഞ വന്യമൃഗത്തെപ്പോലെ അവർ നമ്മളെ ആക്രമിച്ചു കീഴ്പ്പെടുത്തും. സംസാരത്തിന്റെ നഖങ്ങളാഴ്ത്തി പിച്ചിക്കീറും. ദയവില്ലാതെ തൊടുക്കുന്ന വാക്കമ്പേറ്റു മുറിഞ്ഞു രക്‌തമിറ്റുന്ന മനസ്സുമായല്ലാതെ നമുക്കവിടെനിന്നും മടങ്ങാനാവില്ല!

അവനെക്കേൾക്കുന്ന ഓരോ നിമിഷവും ആത്മവിമർശപരം ആയിരുന്നു. ചിരിച്ചും ചിന്തിച്ചും ചിന്തിപ്പിച്ചും മുന്നേറുമ്പോളാണ് അവൻ “എ ഫ്രണ്ട് ടു ടോക് ” എന്നാദ്യം പറഞ്ഞത് !

വീട് ജോലി കുടുംബം എന്നുമാത്രം ചിന്തയിൽ കൊണ്ടു നടക്കുന്ന എനിക്കതൊന്നും വർക്കൗട്ട് ആയില്ലെങ്കിലും എല്ലാം മനസ്സിലായെന്ന മട്ടിൽ തലയാട്ടി ഏ സി യുടെ കുളിർമ്മയിൽ അവനെയും നോക്കി പതുപതുത്ത സീറ്റിൽ ഞെളിഞ്ഞിരുന്നു.

പൊതുവേ ചടുലഭാഷിയായ അവൻ സംസാരിക്കുമ്പോൾ അഞ്ചാറു നീണ്ട കൈയ്യും കാലുമൊക്കെ വച്ചതായി എനിക്കു തോന്നാറുണ്ട്. എന്നാൽ വളരേ ശാന്തമായിരുന്നു ആ മുഖവും ശരീരഭാഷയുമപ്പോൾ!

“എന്നുവെച്ചാൽ നിനക്കെന്തു മനസ്സിലായി? ” ഒട്ടും പ്രതീക്ഷിക്കാത്തൊരു മുട്ടൻ ചോദ്യം വെച്ചെന്റെ മണ്ടയ്ക്കൊന്നു തന്നിട്ട് അവനെന്നെ നോക്കിയൊരു ചിരി. സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല. ഞാനൊരു പൊട്ടനെപ്പോലെ ഇളിഭ്യനായി അവനെ നോക്കിയിരുന്നു. കസേരയുടെ ഹെഡ്റെസ്റ്റിലേക്ക് തലചായ്ച്ചുവെച്ച് അൽപനേരംകൂടി അവനാ ഇരിപ്പു തുടർന്നു.

ഫോൺ ശബ്ദിച്ചപ്പോൾ വലംകൈയിലെടുത്തു തള്ളവിരൽകൊണ്ട് കോൾബട്ടൻ തോണ്ടി വലത്തേ ചെവിയിൽ ചേർത്തുവെച്ചു. അങ്ങേതലയ്ക്കലുള്ള ആളോട് കോൺടാക്ട് നമ്പർ ചോദിച്ചു, നോട്ട്പാഡിൽ കുറിച്ചിട്ടു കോൾ കട്ടാക്കി, ഫോൺ തിരികെ മേശപ്പുറത്തു വെച്ചു.

“സജീ, വീട്ടിൽ നിനക്കാരൊക്കെയുണ്ട്?” അവന്റെ കസേരയ്ക്കു പുറകിലെ ചുമരിൽ അക്രിലിക്കിൽ ചിരിക്കുന്ന നിഷ്കളങ്ക ബാല്യത്തെ നോക്കിയിരിക്കുകയായിരുന്ന ഞാൻ, സത്യംപറഞ്ഞാൽ ആ ചോദ്യത്തിലൊന്നമ്പരന്നു! അതുകണ്ടാവണം അവന്റെ ചുണ്ടിലൊരു കള്ളച്ചിരി വിടർന്നു.

“നീയെന്താടാ ഒന്നും മിണ്ടാതെ..?”

രണ്ടു കുടുംബങ്ങൾക്കിടയിൽ വളരെ ആഴത്തിൽ വേരോടിയതാണ് ദീർഘകാലത്തെ ഞങ്ങളുടെ സൗഹൃദമെന്നിരിക്കെ, എന്തായിരിക്കും ആ ചോദ്യത്തിന്റെ ലക്ഷ്യം? എന്റെ മുഖഭാവം കണ്ടപ്പോൾ അവന്റെ കട്ടിമീശയ്ക്കു കീഴിൽ പുഞ്ചിരി വിടർന്നു. അതിലെന്തോ കൊനഷ്ട്ടുണ്ടെന്നു തിരിച്ചറിഞ്ഞു ഞാനും, മുഖത്തൊരു വളിച്ച ചിരിയൊട്ടിച്ചുവെച്ചു.

എനിക്കൊന്നും മനസ്സിലായിട്ടില്ലെന്നു തിരിച്ചറിഞ്ഞതു കൊണ്ടാവണം ചിരിമറഞ്ഞ മുഖത്തൊരു ഉച്ചസൂര്യൻ തെളിഞ്ഞു.

“എടാ, നിന്റെ വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി, പിന്നെ നിന്റെ ശ്രീമതിയും പിള്ളേരും. ഇതെനിക്ക് അറിയാഞ്ഞിട്ടല്ല ഞാൻ ചോദിച്ചത്. പക്ഷേ പ്രായമായ നിന്റെ അച്ഛനോടും അമ്മയോടും ഒരു ദിവസം നിങ്ങൾ എത്രനേരം സംസാരിക്കുന്നുണ്ട്? ഒരു ദിവസത്തെ 24 മണിക്കൂറിൽ ഒരു മണിക്കൂറെങ്കിലും….?

ആ ചോദ്യമെന്റെ ഹൃദയത്തിൽ തറച്ചുനിന്നു. എന്നെ മൊത്തത്തിൽ അളന്നുനിന്ന, അവന്റെ തീക്ഷ്‌ണ മിഴികളെ നേരിടാൻ സങ്കോചപ്പെട്ടു ഞാൻ മുഖംകുനിച്ചിരുന്നു.

“അതെ! അതിനുപോലും മറുപടി പറയാൻ നിനക്ക് ഏറെനേരം ആലോചിക്കേണ്ടി വരുന്നു.”

ആകെ ചമ്മി അടപ്പുതെറിച്ച് ഞാൻ വിഷണ്ണനായി ഇരുന്നു.

രാവിലെ ജോലിക്ക് പോകാനുള്ള തിരക്കിൽ അച്ഛനോടോ അമ്മയോടോ ഒന്നും എപ്പോഴും സംസാരിക്കാൻ കഴിയാറില്ല. വൈകിട്ട് വന്നുകഴിഞ്ഞാലും അങ്ങനൊക്കെത്തന്നെ. പൂമുഖത്തെ സ്ഥിരം കസേരയിൽ അച്ഛനും അതിനടുത്തുള്ള സോഫയിൽ അമ്മയും ഇരിക്കുന്നുണ്ടാവും. ചില വൈകുന്നേരങ്ങളിൽ അച്ഛന്റെ ദുർബ്ബലനോട്ടങ്ങൾ എന്റെ നേരെ പാറി വീഴാറുണ്ട്. ഒഴിവാക്കാനാവാത്ത അത്തരം നിമിഷങ്ങളിൽ, നേരമോ കാലമോ ഓർക്കാതെ അച്ഛൻ അത്താഴം കഴിച്ചോ? ഉറങ്ങാറായില്ലേ? എന്നോ മറ്റോ ചില വിഡ്ഢിച്ചോദ്യങ്ങൾ ചോദിച്ചു ഞാൻ കടമ നിർവഹിക്കാറുണ്ട്. ഓർത്തു നോക്കിയാൽ അങ്ങനെയല്ലാതെ എപ്പോഴെങ്കിലും അവരിരുവരോടും മനസ്സ് തുറന്ന് ഏറെനേരം സംസാരിച്ചിട്ടു കാലമെത്രയായി?

കഴിഞ്ഞൊരു ദിവസം വയറിളക്കവും ഛർദ്ദിയും പിടിപെട്ട അച്ഛനെ, ആശുപത്രിയിൽ കൊണ്ടു പോകാതെ വൈദ്യശാലയിൽ പോയി വൈദ്യരെ കണ്ടു പറഞ്ഞ് മരുന്നു മേടിച്ചുകൊടുത്ത സംഭവം ഓർമ്മയിൽ ഒരമ്പായി തറഞ്ഞു. യാതൊരു നിയന്ത്രണവും ഇല്ലാതെ വയറിളകുന്ന അച്ഛനെ കാറിൽ കയറ്റിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഓർത്തിട്ടാണ് സത്യത്തിൽ അങ്ങനെ ചെയ്തത്. അച്ഛനു കാറിൽ കയറാനും ഇറങ്ങാനും ഒക്കെ ബുദ്ധിമുട്ടല്ലേ? എന്നായിരുന്നു താൻ അതിനു മറു ന്യായം വച്ചത്.

എന്റെ ചിന്തകളെ വായിച്ചെടുക്കുന്ന,ടെലിപ്പതി വശമാക്കിയ മാന്ത്രികന്റെ ഭാവമായിരുന്നു പിന്നീടവന് ! ഇരിപ്പിടം വിട്ട് എന്നടുത്തേക്ക് വന്ന്, “അതിജീവനത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ആർക്കുമാരെയും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ബോധപൂർവ്വം അവഗണിക്കുന്നവരെ വിട്ടേക്കുക.” എന്നെന്റെ തോളിൽത്തട്ടി പറഞ്ഞു.

തിളവെയിലിന്റെ തീക്ഷ്‌ണതയിലേക്ക് പെയ്തിറങ്ങിയ മഴക്കുളിർ പോലെ അതെനിക്കാശ്വാസവും സാന്ത്വനവുമായി. തിരികെ സ്വസ്ഥാനത്തിരുന്ന് അവനൊരു കഥ പറഞ്ഞു .

നാഷണൽ സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ സേവനങ്ങളുടെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മേഖലയിൽ ആദരിക്കപ്പെടാൻ അർഹതയുള്ള ഏറ്റവും പ്രായമായ ഒരു വ്യക്തിയെ കണ്ടെത്താനുള്ള പ്രയത്നത്തിലായിരുന്നു അവർ. അതിനുള്ള അന്വേഷണത്തിലാണ് മൂന്നു ദശാബ്ദത്തിലേറെ സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത ദിവാകരൻ മാസ്റ്ററെകണ്ടെത്തുന്നത് പ്രായം തൊണ്ണൂറ്റിരണ്ട്.

ഞങ്ങളുടെ സംസാരത്തിനിടയിൽ, ഏതോ പർച്ചേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനായ അവിടേക്ക് ഒരു ജീവനക്കാരൻ കടന്നുവന്നു. ഫയൽ എം ഡിക്കു കൈമാറി, എനിക്കൊരു തുണ്ട് ചിരിയും സമ്മാനിച്ചയാൾ കടന്നുപോയതും കറന്റുപോയപ്പോൾ നിലച്ച ടേപ്പ്റെക്കോർഡർ പോലെ നിർത്തിയിടത്തുനിന്നും അവൻ സംസാരം തുടർന്നു.

കാഴ്ചക്കുറവും അല്പം കേൾവി പരിമിതിയും ഉണ്ടായിരുന്നെങ്കിലും ദിവാകരൻ മാസ്റ്റർ നല്ല ചുറുചുറുക്കുള്ള വ്യക്തിയായിരുന്നു. നടക്കാൻ വാക്കറിന്റെ ഊന്നു വേണമായിരുന്നെങ്കിലും, സംസാരിക്കാൻ മറന്നു കനം വെച്ച നാക്കിൽനിതിർന്ന വാക്കുകന്നുൾക്കു തീയുണ്ടകളുടെ ചൂടായിരുന്നു. ആദരിക്കൽ ചടങ്ങുകൾക്കു ശേഷം, മാഷോട് രണ്ടുവാക്കു പറയാൻ ആവശ്യപ്പെട്ടു.

“രണ്ടുവാക്കെന്നു നിങ്ങൾ ഉദ്ദേശിക്കുന്നത് നന്ദി വാക്ക് രേഖപ്പെടുത്തുക എന്നതാണോ?” എന്നായിരുന്നു മാഷാദ്യം ചോദിച്ചത്. അല്ലെന്നറിഞ്ഞപ്പോൾ, നിന്നനിൽപ്പിൽ തൻ്റെ സങ്കടങ്ങളുടെ കല്ലും മണ്ണും നിറഞ്ഞ അവൽപ്പൊതി അഴിച്ചു. അതിനുള്ളിലെവിടെയോ ഒരു മിട്ടായി കണ്ട കുട്ടിയെപ്പോലെ മാഷൊരു കുതറലായിരുന്നു പിന്നെ. തടയണ തകർന്ന ജലാശയം പോലെ കുത്തും കോമയുമില്ലാതെ സംസാരം താഴോട്ടും ചിലപ്പോൾ മേലോട്ടും കുതിച്ചൊഴുകി. പ്രായം ദുർബ്ബലമാക്കിയ നാവിനും ആ സംസാരത്തെ തടയാനായില്ല. സ്പഷ്ടവും അസ്പഷ്ടവുമായ വാക്കുകൾ മാഷിൽനിന്നും അവിരാമം വന്നുകൊണ്ടേയിരുന്നു. ഒരർദ്ധവിരാമം പോലും തന്നിൽ നിന്നു മൈക്കുമാറ്റാൻ കാരണമാകുമെന്നു ശങ്കയുള്ളതുപോലെ, തളർച്ച മറച്ചുവെച്ചദ്ദേഹം സംസാരം തുടർന്നു.

സത്യത്തിൽ ഭീകരമായ ഒരു അതിവൈകാരികതയുടെ ആഴത്തിലേക്ക് കഴുത്തറ്റം ആഴ്ന്നു പോകാൻ സാധ്യതയുള്ള ഒരു നിമിഷമായിരുന്നത്. വാക്കറിൽ താങ്ങിനിന്നു സംസാരിച്ച മാഷിനെ ഗാഢമായി പുണർന്നു കൊണ്ട് സന്ദർഭോചിതമായ ഇടപെടലിലൂടെ മാഷിന്റെ മകൻ ആ ഒഴുക്കിനെ തടഞ്ഞുനിർത്തി. പൊടുന്നനെ വികാരഭരിതനായി, സംസാരം നീണ്ടുപോയതിൽ മാഷ് ക്ഷമയാചിച്ചു കൈകൂപ്പി.

ഇരുളാണ്ടയിടത്തേക്ക് വെളിച്ചമടിക്കുമ്പോൾ സ്വയം വെളിച്ചമായി മാറുന്ന ചില വസ്തുക്കളില്ലേ, അതു പോലെയായിരുന്നു പിന്നീടുണ്ടായ വെളിപ്പെടുത്തലുകളെല്ലാം. കേൾക്കാൻ ആരുമില്ലാതെ സംസാരിക്കാനുള്ളതെല്ലാം ഉള്ളിലൊതുക്കി കഴിയുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആസിഡ് മഴ പോലെ കേൾവിക്കാരെ പൊള്ളിച്ചു! അച്ഛന്റെയടുത്തു കുറച്ചുനേരം സംസാരിച്ചിരിക്കാൻ നല്ലകാലത്തെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളോടു യാചിച്ചു മടുത്തതിന്റെ വിഴുപ്പുകൾ മകൻ ഞങ്ങൾക്കു മുമ്പിൽ തുറന്നുവെക്കുമ്പോഴും, മാഷിന്റെ ചുണ്ടുകൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

കേൾക്കാൻ ആഗ്രഹിച്ചെങ്കിലും സമയപരിമിതി വില്ലനായി. നിരാശയുടെ കൊടും കയത്തിലേക്കു വഴുതി വീണേക്കാവുന്ന ആ മനുഷ്യനു പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പ് എറിഞ്ഞിട്ടു കൊടുത്താണ് അന്നുമടങ്ങിയത്.

സംസാരിച്ചിരിക്കാൻ ആരുമില്ലാത്ത, ഏതു പ്രായക്കാർക്കും മതിയാവോളം സംസാരിക്കാൻ ഒരു സുഹൃത്ത്.. അതാണ്‌ എന്റെ മനസ്സിലുള്ള “എ ഫ്രണ്ട് ടു ടോക് “

ആത്മഹർഷം തുളുമ്പിയ മിഴികളൊപ്പി, ഞാൻ കസേരവിട്ടെണീറ്റു. അവനടുത്തുചെന്ന് ആ കരങ്ങൾ ഗ്രഹിച്ച് ആശ്ലേഷിച്ചു പിന്തിരിയുമ്പോൾ, പുറകിൽ പർച്ചേസ് ബാഗുകളുമായി മകളും ഭാര്യയും വാതിൽതുറന്ന് അകത്തേക്കു പ്രവേശിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഓട്ടോത്തൊഴിലാളിയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ, സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്. 'അന്തർദ്ദാഹം' എന്ന കവിത സമാഹാരവും 'വണ്ണക്കരയിലെ വിശുദ്ധർ' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.