ഉള്ളുരുക്കം

കോരന്റെ കടത്ത് തോണി അക്കരെയാണ്. ഈ പെരുമഴയത്തിനി ഓൻ വരുവോ.. നാവിനടിയിലെ കുഴിയിൽ ഇറങ്ങിയ ഉമിനീര് കുടിച്ച് കേശവൻ ഒന്നുകൂടെ ഉച്ചത്തിൽ കൂവി. കല്ലുപോലെ കനത്തു പെയ്യുന്ന മഴയിൽ കൂവലിന് ഒരു പരിഹാസ ചിരിയെന്ന പോലെ ഇടിവെട്ടി. കേശവൻ നിർത്തുന്ന മട്ടില്ല, ഒരു നേർത്ത ശബ്ദമെങ്കിലും കേൾക്കുമെന്ന പ്രതീക്ഷയിൽ അയാൾ വീണ്ടും വീണ്ടും കൂവി.

എന്റെ കേശവോ ആ പെണ്ണ് ഈ നേരം പൊലർത്തൂല പേറ്റു നോവ് പെണ്ണിന്റെ ചങ്കില് എത്തിനിൽക്കാ…  ആസ്പത്രി കൊണ്ടോണം. അയൽപക്കത്തെ ലീല മാറിലൊരു തോർത്തും ഇട്ട് ഇരുട്ടിലൂടെ ഓടിവന്ന് ശ്വാസം വിടാതെ പറഞ്ഞു.

 കേശവൻ എന്തുചെയ്യണമെന്നറിയാതെ ഭ്രാന്തനെ പോലെ വീണ്ടും വീണ്ടും ഉച്ചത്തിൽ കൂവി തന്നെ കൊണ്ടാവും വിധം ലീലയും ഒപ്പം കൂടി.

മരിച്ചു പെയ്യുന്ന മഴയെക്കാളും കേശവന്റെ കൂവലിനും മീതെ ഒരു ചെറ്റപ്പുരയിലെ മൂലയിൽ നിന്ന് നാരായണിയുടെ പേറ്റുനോവ് മുഴങ്ങി കേട്ടു.

ലീലേ…ഞാൻ അക്കരെ നീന്തട്ടെ കോരനെ വിളിച്ചു വരാം.

കാലക്കേട് പറയല്ലേ നീ. മഴ പുഴയില് ഇറങ്ങി നിക്കണ സമയാന്ന് നീ കൂട്ടിയ കൂടൂല. എന്റെ തൊണ്ടച്ച കാക്കണേ.. തീയനില്ലാത്ത പെണ്ണിന് തുണയാകണേ എന്ന് പറഞ്ഞു ലീല മുറവിളിയിട്ട് കരഞ്ഞു.

പുഴക്കരയിലെ പാതറിൽ മുട്ടുകുത്തിയിരുന്ന് കേശവൻ നിലവിളിച്ചു. ആർത്തുപെയ്യുന്ന മഴയിൽ ഇരുളുമൂടിയ ആകാശത്തിന് നേരെ കണ്ണടച്ച് എന്റെ കുഞ്ഞോളെ കാക്കണേ എന്നും പറഞ്ഞു കേശവൻ ഒരു ഭ്രാന്തനെപ്പോലെ അലറി. പേറെടുക്കുന്ന ആയ പകുതി നടന്നുവന്ന് ലീലയോട് വിളിച്ചുപറഞ്ഞു.

ഓള് പെറ്റു…

കണ്ണിലെ മഴനീര് തുടച്ചു കളഞ്ഞു കേശവൻ ഓലപ്പുരയിലേക്ക് ഓടി.

പേറ്റുനോവ് മാറാതെ നാരായണി നിലവിളിക്കുകയാണ്. പേറിന്റെ കറ കളയണം അല്ലാതെ നോവ് മാറില്ല. ചെറ്റപ്പുര ചാരി നിന്ന കേശവനെ നോക്കി ആയ പറഞ്ഞു. ഒരു മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെട്ടത്തിൽ കേശവൻ പെങ്ങളെയും കുഞ്ഞിനെയും നോക്കി.

ചോരകുഞ്ഞല്ല ചോര കൊണ്ടുള്ള കുഞ്ഞ്.

കല്യാണം കഴിഞ്ഞ് മാസം 6 തികയുന്നതിന് മുന്നേ പരലോകം കണ്ട ചന്തക്കാരൻ രാമന്റെ തീയത്തി പെണ്ണാണ് നാരായണി. പ്രാകിപെയ്യുന്ന ഒരു മഴക്കാലത്ത് മകൻ വാസുവിന് ജന്മം നൽകി. പേറെടുത്ത ആയ ഗർഭ കുഴിയിൽ കയ്യിട്ടു കറ കളയാൻ പാടെ ശ്രമിച്ചു.

പേറ് കുളി കഴിഞ്ഞ് ഏഴാം ദിവസം നാരായണി ദീനം കാരണം കിടപ്പിലായി. എല്ലു പൊന്തി അവശയായ നാരായണിയുടെ മുല ഞെട്ടിലേക്ക് നോക്കി കുഞ്ഞു വാസു ദയനീയമായി കരഞ്ഞു. കൈക്കുഞ്ഞിനെ പാലു ചുരത്താൻ ആവാതെ വീർത്ത മാറിടങ്ങളുടെ കനത്തിൽ അവൾക്ക് കൂനു കയറി. ലാളനകളേൽക്കാതെ ചിതൽപുറ്റു പോലെ വളർന്ന് അവസാനിക്കാറായ വാസുവിന്റെ ബാല്യം കണ്ണീര് വറ്റിപ്പോയ ഒരു മനുഷ്യനെ ഭൂമിക്ക് സമ്മാനിച്ചു.

ഞാനും വാസുവും പരോക്ഷത്തിൽ കളിക്കൂട്ടുകാരായിരുന്നു. എന്റെ വീടിനടുത്തുള്ള പറമ്പിലാണ് അന്നൊക്കെ വാസുവും കൂട്ടുകാരും കളിച്ചിരുന്നത്. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ അവരെ നന്നായി കാണാം. സൂചിവാലൻ തുമ്പിയെ പിടിച്ചു കുപ്പിക്കുള്ളിൽ ആക്കും എന്നിട്ട് ഏറ്റവും കൂടുതലുള്ളവൻ കൂട്ടത്തിലെ രാജാവാകും.

ഇയ്യാംപാറ്റയും മിന്നാമിനുങ്ങും മഴക്കാലങ്ങളിൽ വരാറുള്ള ഒട്ടുമിക്ക പ്രാണികളും വാസുവിന്റെ കുപ്പിക്കുള്ളിൽ ഉണ്ടാകും. തേനീച്ചകളൊഴിച്..

സ്കൂൾ കാലഘട്ടത്തിലാണ് വാസുവുമായി സൗഹൃദത്തിൽ ആകുന്നത്. എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് മാത്രമേ പ്രായം കൂടുതലുള്ളൂ എങ്കിലും തരുണി കുഞ്ഞേ എന്ന് വിളിച്ച് ബഹുമാനത്തോടെയാണ് വാസു അന്നൊക്കെ എന്നോട് സംസാരിച്ചിരുന്നത്.

വാസുവിന്റെ അമ്മ നാരായണി അക്കാലങ്ങളിൽ വീട്ടിലെ പണിക്കാരിയായിരുന്നു. വാസുവിന്റെ അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ നാരായണിയുടെ കണ്ണുകൾ നിറയുമായിരുന്നു.

‘കണ്ണിൽ കനല് ഒളിപ്പിച്ച് നടന്ന മനുഷ്യനാ ഓറ്. ‘ എന്ന് വികാരനിർഭരമായി വാസുവിന്റെ അമ്മ എന്റെ അമ്മയോട് പറയും.” “എന്നെ കെട്ടിക്കൊണ്ടുവരുമ്പോൾ ഓറെ അമ്മ തലയിൽ കൈവെച്ച് പ്രാകീന്. കെട്ട് താലി മുറുക്കി ഞാൻ ഓറെ കൊല്ലുംന്ന് പറഞ്ഞിറ്റ്..”

കല്യാണം കഴിഞ്ഞ അന്ന് രാത്രി ഓറ് ഉമ്മറത്തും ഞാൻ അകത്തും കിടന്നുറങ്ങി. ഞാൻ എണീക്കും മുന്നേ എനിക്ക് ചായ കൊണ്ട് തന്നു. ഓർക്ക് എന്നോട് വലിയ പ്രേമം ആയിരുന്നു. അത് പറയുമ്പോൾ നാരായണയുടെ മുഖം നാണം കൊണ്ട് ചുവക്കും. ഓറ് എന്നോട് എപ്പോഴും പറയും എന്നെ പൊന്നുപോലെ നോക്കാന്ന്, എന്റെ ആങ്ങളക്ക് വാക്ക് കൊടുത്തിന് ന്ന്. അതൊക്കെ ഓർക്കുമ്പോൾ നെഞ്ചില് ഒരു കല്ല് വീഴണ കനം തോന്നും. ” നാരായണി നെടുവീർപ്പ് കൊണ്ട് തുടർന്നു.

മാസകുളി കുളിച്ച് കറകളഞ്ഞ മാറ്റ് തുണി ആരും കാണാതെ വിരിച്ചിടുന്ന സമയത്താന്ന് ഓറെ അമ്മ എന്നോട് അത് പറയുന്നത്, അമ്മേന്റെ കാലം കഴിയുന്നവരെയെ ങ്കിലും ഞാൻ ഓറെ കൂടെ കെടന്നൂടാന്ന്. ആദ്യം ഞാനൊന്ന് ഞെട്ടി. പക്ഷെ അമ്മ പിന്നേം പിന്നേം അതന്നെ പറഞ്ഞോണ്ട് നിന്നു.. ഇങ്ങനൊക്കെ ആവുംന്ന് അന്ന് ഓർത്തില്ല.

വാസുവിന്റെ അച്ഛന് അതൊക്കെ വെറും തമാശയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുമാസക്കാലം മാത്രമാണ് നാരായണി ഭർത്താവിനോടൊപ്പം ജീവിച്ചത്. വാസുവിന്റെ അച്ഛന്റെ പതിനാറാം ചാവടിയന്ത്രത്തിന്റെ അന്ന് നാരായണയുടെ ഉദരത്തിൽ അവന് രണ്ട് ദിവസം പ്രായം.

അന്ന് ഗർഭം അലസി കളഞ്ഞാൽ നാരായണീയ സ്വീകരിക്കാൻ തയ്യാറായി ആളുകൾ വന്നിരുന്നു. വാസുവിനെ പ്രസവിച്ച് വളർത്തുമെന്ന തീരുമാനവുമായി നാരായണി ഉറച്ചുനിന്നു. ഒരു പെണ്ണിനെ തൊട്ടാൽ മുടിഞ്ഞുപോകുന്ന കുലമാ ഓന്റത് ആ കുഞ്ഞിനെയും വയറ്റിൽ ഇട്ടോണ്ട് എന്തിനാ എന്ന് പറഞ്ഞു പലരും നാരായണിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അടിവയർ തഴുകി ശ്വാസം പകർന്നു കൊടുത്തു അവൾ കുഞ്ഞിനുവേണ്ടി കാത്തിരുന്നു. ജനിക്കുന്ന കുഞ്ഞ് തനിക്ക് തുണയാകുമെന്ന് അവൾ വിശ്വസിച്ചു.

പക്ഷേ വാസുവിന്റെ ജനനശേഷം അവർ വീണ്ടും തനിച്ചായി. വാസു ഒന്ന് ഉറക്കെ ചിരിക്കുന്നതോ സംസാരിക്കുന്നതും ഞാൻ കണ്ടിട്ടില്ല. സദാ ഗൗരവം പൂണ്ട മുഖഭാവം. എന്നോട് സംസാരിക്കുമ്പോൾ മാത്രമാണ് അയാളിൽ ചെറുതായെങ്കിലും ഒരു ചിരി കാണുക. എന്നെ വാസുവിന് ഇഷ്ടമായിരുന്നു എന്നൊന്നും അക്കാലങ്ങളിൽ എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം കുറച്ച് തലതെറിച്ച പിള്ളേർ തേനീച്ച കൂട്ടത്തിന് കല്ലെറിഞ്ഞപ്പോൾ ഒരുകൂട്ടം തേനീച്ചകൾ എന്റെ മുറിക്കുള്ളിലേക്ക് കയറി ഞാൻ നിലവിളിച്ച സമയത്താണ് വാസു മുറിയിലേക്ക് ഓടിയെത്തുന്നത്.

ഞാനും വാസവും പ്രായപൂർത്തി ആയതിനുശേഷം അന്നാണ് അടുത്ത് കാണുന്നത്. മൂളി മുരണ്ടു വരുന്ന കടന്നൽ കൂട്ടങ്ങൾക്ക് മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ രണ്ടുപേരും വെപ്രാളപ്പെട്ടു. എന്നെ സംരക്ഷിക്കുന്നതിനിടയിൽ വാസുവിന് കടന്നൽ കൂട്ടങ്ങളുടെ കുത്തേറ്റു. പക്ഷേ അമ്മ തീച്ചൂട്ട് എടുത്ത് കയ്യിൽ കൊടുത്തിട്ടും അയാൾ അവയെ ഒന്നും ചെയ്തില്ല എന്നത് എന്നെ അമ്പരപ്പിച്ചു. ഒരു ദിവസം അതേക്കുറിച്ച് ഞാൻ വാസുവിനോട് ചോദിച്ചു.

“നിങ്ങളെന്താ അന്ന് തേനീച്ചകളെ വെറുതെ വിട്ടു കളഞ്ഞത്”. അല്പം നർമ്മം കലർത്തിയാണ് ഞാൻ അത് ചോദിച്ചത്.

പക്ഷേ വാസുവിന്റെ മുഖം ഗൗരവമുള്ളതായിരുന്നു.

“എനിക്ക് അതിങ്ങളോട് സഹതാപമാണ് തരുണീ… ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സ് മാത്രമല്ലേ അതിനുള്ളൂ.. “

ഞാൻ ആകെ മിഴിച്ച് നിന്നു.. എന്റെ മുഖത്തെ സംശയം മനസ്സിലാക്കിയിട്ടെന്നോണം വാസു ചോദിച്ചു.

തരുണിക്ക് ആൺ തേനീച്ചകളുടെ ജീവിതം അറിയാമോ?

ഞാൻ ഇല്ലെന്ന് തലയാട്ടി.

‘അവറ്റകൾക്ക് ഒറ്റത്തവണ മാത്രമേ ഇണ ചേരാൻ കഴിയു..’ വാസു എന്റെ മുഖം നോക്കാതെ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു.

അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. അതെന്താ അങ്ങനെയെന്ന് ഞാൻ വാസുവിനോട് ചോദിച്ചു. ഇണചേർന്നു കഴിഞ്ഞാൽ ആൺ തേനീച്ചകൾ മരണപ്പെടും എന്റെ കുലം പോലെ. വാസു ദീർഘനിശ്വാസം എടുത്ത് പറഞ്ഞവസാനിപ്പിച്ചു.

പക്ഷേ ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ. നിങ്ങൾക്ക് ഇതൊക്കെ വിശ്വാസം ഉണ്ടോ? ഞാൻ ചോദിച്ചു.

അയാൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു.

“വിശ്വാസം ഉണ്ടോ എന്ന് എനിക്കറിയില്ല പക്ഷേ പേടിയാണ് അമ്മയെപ്പോലെ മറ്റൊരു പെണ്ണു കൂടെ ഈ ഭൂമിയിൽ തനിച്ചായി പോയാലോ എന്നുള്ള പേടി. “

അയാളുടെ കണ്ണുകളിൽ വല്ലാത്ത ഒരു നിസ്സഹായത നിറഞ്ഞിരുന്നു. സമാധാനിപ്പിക്കാൻ എന്ന മട്ടിൽ ഞാൻ പറഞ്ഞു. ഒരു പെണ്ണിനോട് ഇഷ്ടം തോന്നിക്കഴിയുമ്പോൾ ആ പേടിയൊക്കെ മാറും. വാസു എന്റെ കണ്ണിൽ നോക്കി ദീനമായി ഒന്ന് പുഞ്ചിരിച്ചു. അയാളുടെ ആ കണ്ണുകളിൽ പറയാതെ പോയ ഒരു പ്രേമഗാനം എനിക്ക് കേൾക്കാമായിരുന്നു. ആകെ ചുളിയ മട്ടിൽ ഞാൻ അവിടെ നിന്നും തിരിഞ്ഞു നടന്നു. അന്ന് രാത്രി ഞാൻ അയാളെ കുറിച്ച് ഓർത്തു. ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന പേടി അയാളുടെ പ്രേമത്തെ ഉൾവലിച്ചു. കുടുംബങ്ങൾ തമ്മിലുള്ള അന്തരം പ്രേമം ഒളിച്ചു വെക്കാനുള്ള മറ്റൊരു കാരണവുമായി. പക്ഷേ വാസുവിനെ എനിക്കിഷ്ടമായിരുന്നു. പ്രേമിക്കുന്ന പെണ്ണ് കൈപിടിച്ച് തനിക്കും ഇഷ്ടമാണെന്ന് പറയുമ്പോൾ എന്തായിരിക്കും ഒരു ആണിന്റെ കണ്ണുകളിൽ എന്ന് ഞാൻ വെറുതെ ഓർത്തു..

പ്രേമത്തിന്റെ ചൂട്.. അയാളുടെ രക്തയോട്ടം കൂട്ടും.. രോമം എഴുന്നേറ്റു നിൽക്കും മുഖം തുടുക്കും, മെല്ലെ ഇടകണ്ണിട്ട് കാമുകിയെ നോക്കി ഏറ്റവും മനോഹരമായ ഒരു സുഖമുള്ള വെപ്രാളത്തോടെ ചിരിക്കും. എന്നാൽ വാസുവിൽ ഞാൻ കണ്ടത് നിർവികാരത ആയിരുന്നു. പക്ഷേ അയാൾക്ക് എന്നോടുള്ള നിസ്വാർത്ഥമായ സ്നേഹവും എനിക്ക് അറിയാമായിരുന്നു. ഒരു പെണ്ണുമൊത്ത് ജീവിച്ചാൽ അയാൾ മരണപ്പെട്ടു പോകുമെന്ന പേടിയാണ് വാസുവിനെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിച്ചത് എന്ന് അക്കാലങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു. എനിക്ക് വന്നൊരു കല്യാണ ആലോചന ഏതാണ്ട് ഉറപ്പിച്ച ശേഷം ഞാൻ വീണ്ടും വാസുവിനെ കണ്ടു. അവസാന നിമിഷമെങ്കിലും ഒരുമിച്ച് ജീവിക്കാം എന്നൊരു തീരുമാനമെടുത്താൽ ഞാൻ തയ്യാറാണെന്ന് അറിയിക്കാൻ വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. അയാളോടുള്ള പ്രണയം കൊടുമ്പിരി കൊണ്ട സമയമാണത്.

ഞാൻ വാസുവിനോട് പറഞ്ഞു

‘ഒരു രാത്രിയെങ്കിൽ അതുമതി നമ്മൾ ഒന്നിച്ചു ജീവിച്ചതിൽ ഞാനെന്നും ധന്യയായിരിക്കും’
എന്റെ കണ്ണുകളിൽ മുഴുവൻ അയാളോടുള്ള പൈങ്കിളി പ്രണയം നിറഞ്ഞു നിന്നു.

‘പിന്നെ ഈ കുലം മുടിഞ്ഞുപോകുമെന്ന് പറയുന്നതൊക്കെ അന്ധവിശ്വാസമല്ലേ നമ്മൾ ഒന്നിച്ച് ജീവിച്ച് തിരുത്തേണ്ടതല്ലേ അതൊക്കെ..?”

ഞാൻ ഇങ്ങനെ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. അയാൾ ഒരു ചെറു ചിരിയോടെ എന്നെ കേട്ടിരുന്നു. ആ ചിരിയിൽ വല്ലാത്തൊരു വേദന ഉണ്ടായിരുന്നു…

‘നിങ്ങളിങ്ങനെ ചിരിക്കാതെ എന്തെങ്കിലുമൊക്കെ പറയ്… എനിക്ക് സങ്കടപെടുത്താതെ എന്തെങ്കിലും.’

“തരുണി നീയെന്റെ അമ്മയെ കണ്ടിട്ടില്ലേ.. അവര് എനിക്ക് വല്ലാത്ത ഒരു വേദനയാണ്. ആ കണ്ണ് നോക്കുമ്പോൾ കണ്ണീര് കൊണ്ട് പൊന്തിവന്ന ഒരു കടല് ഞാൻ കാണാറുണ്ട്. അവരിപ്പോഴും ജീവിച്ചിരിക്കുന്നതിൽ എനിക്ക് അത്ഭുതമുണ്ട്. നീ ഈ പറഞ്ഞതുപോലെ ഇതൊക്കെ ചിലപ്പോൾ അന്ധവിശ്വാസമാവാം. പക്ഷേ എന്നെക്കൊണ്ട് വയ്യ തരുണീ.. നമ്മൾ ഒന്നിച്ച് ജീവിച്ചാൽ ഞാൻ മരിച്ചു പോകുമോ എന്നുള്ളതുകൊണ്ടല്ല മറിച്ച് ഞാൻ ഉണ്ടാക്കുന്ന ശൂന്യത നീ എങ്ങനെ അതിജീവിക്കും എന്നുള്ള പേടി കൊണ്ടാണ്. നിനക്കതിന് കഴിയില്ല. എനിക്കും!
“നിന്നെ എനിക്ക് എന്ത് ഇഷ്ടമാണെന്നോ…..  വെറുതെയെങ്കിലും നിന്നെ എനിക്കിപ്പോൾ മനസ്സറിഞ്ഞ് പ്രേമിക്കാം. ഈ ഇഷ്ടം നീ അറിഞ്ഞതിൽ ഞാൻ ഖേദിക്കുന്നു..”

തൊണ്ടകുഴിയിലെ രക്തപ്രവാഹം എന്റെ വാക്കുകളിൽ കൊളുത്തിട്ടു. കണ്ണ് നിറഞ്ഞ് കാഴ്ച മൂടി. വാസുവിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് എനിക്കറിയില്ലായിരുന്നു. വിവാഹത്തിന് ആശംസകളേകി അയാൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. ഇനിയൊരിക്കലും ഇതുവഴി വരില്ലായിരിക്കണം. വാസുവിനോട് എനിക്ക് അടങ്ങാത്ത പ്രണയം ആയിരുന്നു. പ്രണയം തോന്നുന്ന ഏതൊരു മനുഷ്യന്റെയും രണ്ടാമത്തെ ഘട്ടം പ്രണയിക്കുന്ന ആളുമത്തുള്ള ഒരുമിച്ചുള്ള ജീവിതമായിരിക്കില്ലേ!

സ്വന്തമാവില്ലെന്ന് അറിഞ്ഞിട്ടും പ്രണയിക്കുന്നവന്റെ ഉള്ളിൽ പോലും ഒരു പാഴ് മോഹം ബാക്കിയുണ്ടാകും. പക്ഷേ മനസ്സ് മുഴുവൻ പ്രണയം ഒളിപ്പിച്ച് കൊണ്ടുനടക്കുന്ന അയാളുടെ തീരുമാനത്തിലെ നിസ്വാർത്ഥത എനിക്ക് അളക്കാൻ കഴിഞ്ഞിരുന്നില്ല. വിവാഹശേഷം ഞാൻ വാസുവിനെ കണ്ടത് രണ്ട് തവണയാണ്. ആദ്യത്തേത് വാസുവിന്റെ അമ്മ നാരായണിയുടെ മരിപ്പ് ദിവസം. കണ്ണീര് വറ്റിപ്പോയ മനുഷ്യൻ എന്ന് ഞാൻ പറഞ്ഞത് വെറുതെയല്ല അമ്മ മരിച്ചന്നും അയാൾ കരഞ്ഞില്ല. എന്നെ കണ്ടപ്പോൾ വളരെ ലളിതമായി വന്നു വിശേഷങ്ങൾ തിരക്കി. സ്വന്തം എന്ന് പറയാൻ അയാൾക്ക് ഈ ഭൂമിയിൽ ആരാണുള്ളത്. ആ അസ്തിത്വ ബോധം എന്നെ വല്ലാതെ ഉലച്ചിരുന്നു. ഒരുപക്ഷേ അയാൾ അത് ഓർക്കുന്നു കൂടി ഉണ്ടാവില്ല എന്ന് എനിക്ക് തോന്നി. വാസുവിനോടുള്ള പ്രണയം എന്നിൽ ഇനിയും ശേഷിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നാളുകളിൽ ആയിരുന്നു ഞങ്ങളുടെ രണ്ടാമത്തെ കൂടി കാഴ്ച. അന്ന് ഞാൻ ഭർത്താവുമായി പിരിഞ്ഞു വീട്ടിലേക്ക് മടങ്ങിയെത്തിയ ദിവസം, എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് കാണാൻ വന്നതാണ് വാസു. അന്ന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. ഭർത്താവുമായുള്ള പ്രശ്നങ്ങളും പിരിയാനുള്ള തീരുമാനവും അങ്ങനെ എന്തൊക്കെയോ ഞാൻ സംസാരിച്ചു.

“മനസ്സിൽ ഒരു ഇഷ്ടം ഒളിപ്പിച്ച് മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല” വാസുവിന്റെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു.

അയാൾ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ എന്നെ കേട്ടിരുന്നു

 ഞാൻ വീണ്ടും പറഞ്ഞു.

“ചില ബന്ധങ്ങളിൽ നമ്മൾ വേണ്ടെന്ന് വെച്ചാലും ദൈവം സമ്മതിക്കില്ലായിരിക്കും അല്ലേ… മനസ്സുകൊണ്ട് എത്രയോ തവണ നമ്മൾ ഒരുമിച്ച് കഴിഞ്ഞു. എന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോ..”

ഒരു മറുപടി പ്രതീക്ഷിച്ചു ഞാൻ വാസുവിനെ നോക്കി.

ഏത് നിമിഷവും അണപൊട്ടി ഒഴുകിയെക്കാവുന്ന ഒരു വികാര കടലും പേറിയാണ് അയാൾ എന്റെ മുന്നിൽ ഇരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ മറുപടിയായി ഇപ്പോൾ സുഖമായി ഉറങ്ങ് ഞാൻ പിന്നെ വരാം എന്ന് പറഞ്ഞു വാസു എഴുന്നേറ്റു. പോകാൻ ഒരുങ്ങിയ അയാളോട് അല്പം നേരം കൂടി അരികിൽ ഇരിക്കാൻ ഞാൻ ആവശ്യപ്പെട്ടു.

“എനിക്ക് കുറെക്കൂടെ സംസാരിക്കണമെന്നുണ്ട് “

“പറഞ്ഞോളൂ ഞാൻ കേൾക്കാം”

‘ങ്ങൾക്ക് മരിക്കാൻ പേടിയുണ്ടോ ഞാൻ ചോദിച്ചു’

ഇല്ല എന്ന് അയാൾ മറുപടി പറഞ്ഞു.

ഞാൻ തനിച്ചായി പോകുമെന്ന് പേടി കൊണ്ടാണെങ്കിൽ ഇത്രയും നാൾ ഞാൻ തനിച്ചായിരുന്നില്ലേ.. എനിക്ക് ഉറപ്പുണ്ട് നമ്മൾ ഒരുപാട് കാലം ജീവിക്കും..

അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു.

എനിക്ക് കരച്ചിലും ദേഷ്യവും ഒരുപോലെ വന്നു. അമർഷം കാരണം അയാൾ ഒരു ഭീരുവാണെന്ന് ഞാൻ ക്ഷോഭിച്ചു. അയാൾ വളരെ സൗമ്യമായി എന്റെ അരികിലിരുന്ന് പറഞ്ഞു

“തരുണീ… ഞാൻ ഭീരുവാണ് നിന്നോട് എന്ത് പറയണമെന്ന് എനിക്കറിയില്ല. നിന്റെ ഹൃദയം നുറുങ്ങുന്നത് എനിക്ക് കാണാം. പക്ഷേ നിന്നോടുള്ള എന്റെ സ്നേഹം നമ്മളെ ഒരുമിച്ച് ജീവിക്കാൻ എന്നെ അനുവദിക്കില്ല. അതെന്നെ ഓരോ ശ്വാസത്തിലും വേട്ടയാടുന്നുണ്ട്.” ജീവിതത്തിൽ ആദ്യമായി അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ഞാൻ പോട്ടെ ഇനിയൊരിക്കൽ വരാം അയാൾ യാത്ര പറഞ്ഞു ഇറങ്ങാനൊരുങ്ങി. ഇനി വാസു വരില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പ്രതീക്ഷയുടെ ഒരു കണിക പോലും അയാൾ എന്നിൽ അവശേഷിപ്പിച്ചിരുന്നില്ല. പോകാൻ നേരം ഞാൻ പറഞ്ഞു.. ‘വരുമെന്നുള്ളത് വെറുതെ ആണെന്ന് എനിക്കറിയാം. ഇനിയും എന്നെ കണ്ടാൽ നിങ്ങൾക്ക് എന്നെ പിരിയാൻ കഴിയില്ല. എവിടെയെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ മതി എനിക്ക്.

അയാൾ എന്നെ തിരിഞ്ഞുനോക്കി ഒരു ചെറു ചിരിയോടെ പറഞ്ഞു.

“ഉണ്ടാകും നീ മരിച്ചിട്ട് മരിച്ചാൽ മതിയെനിക്ക്..”

ഞാൻ കണ്ണുകൾ അമർത്തിയടച്ചു പോകുന്നത് കാണാനുള്ള ശക്തി എനിക്കില്ല. അവസാനമായി കണ്ട ആ ചിരിയിൽ എന്റെ കാഴ്ച മങ്ങിയിരുന്നു.

കാസർഗോഡ് വലിയപറമ്പ സ്വദേശി. യുവ എഴുത്തുക്കാരി, നിരൂപക. കോമ്മേഴ്‌സിൽ ബിരുദാനന്ദര ബിരുദം. മേൽവിലാസം എന്ന പേരിൽ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കഥകൾ എഴുതാറുണ്ട്.