
1
‘എൽ’ എന്നക്ഷരത്തോടെ ഒരു വെളുത്ത കാർ, റോഡിലൂടെ നല്ല ചന്തത്തിൽ ഇഴഞ്ഞു പോകുന്നു. പെൺകുട്ടികളെ മാത്രമിരുത്തുന്ന അതിന്റെ ഓണർ ഒരു സ്ത്രീ തന്നെയാണ്. എന്നാലെനിക്ക് ഹരമെന്നും പുരുഷന്റെയെന്ന് ലോകം അവകാശപ്പെടുന്ന ബൈക്കിനോടാണ്. അതിനോടുള്ള കൊതിയിപ്പോഴും കലശലായുണ്ട്. ഒരു ബൈക്ക് നാട്ടിലൂടെയോടിച്ച്, രാമൻ പിള്ളയുടെ ചായകടയിലെത്തുമ്പോൾ അയാളെ ഇടം കണ്ണിട്ട് നോക്കി സ്പീഡിൽ പായുന്നതോർത്തപ്പോൾ ദേഹമാകെയൊരു കുളിര്. ‘എൽ’ അക്ഷരം തലയിൽ താങ്ങിയ കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഏട്ടന്റെ ബൈക്ക് വീടിന്റെയടുത്തേയ്ക്ക് വരുന്നത് കണ്ട്, ഞാൻ വേഗത്തിൽ അകത്തേയ്ക്ക് കയറി.
“അടുക്കളയിലെന്തെങ്കിലും സഹായിക്കാൻ പറഞ്ഞിട്ട് അനക്കമുണ്ടോ അവൾക്ക്? അതെങ്ങനെയാ, ബൈക്കോടിച്ച് നാട് ചുറ്റാനുള്ള മോഹവുമായ് നടക്കുവല്ലെ.” അമ്മയുടെ വർത്തമാനത്തിലെനിക്ക് കുറച്ച് ദേഷ്യം തോന്നി.
“ഏട്ടൻ മനസ്സ് വച്ചാലെന്നെ ബൈക്കോടിക്കാൻ പഠിപ്പിക്കാല്ലോ.?” ദേഷ്യം മറച്ചു വച്ച്, എന്റെ സ്വരത്തിൽ അൽപ്പം കൊഞ്ചൽ ചേർക്കാൻ ഞാൻ ശ്രമിച്ചു.
“നിനക്കറിയാല്ലോ…. അവന്റെ സ്വഭാവം.. രാമൻ പിള്ളയോട്… നല്ല ചെക്കനുണ്ടേൽ പറയാൻ ഏല്പിച്ചിട്ടുണ്ട്. നിന്നെ ഇനി നിർത്തിക്കൊണ്ടിരിക്കാൻ അവന് താല്പര്യമില്ല. അതെങ്ങനെയാ….”
അമ്മയുടെ സംസാരം മുഴുവിപ്പിക്കും മുൻപ് ഏട്ടൻ അകത്തേയ്ക്ക് വന്നത്കൊണ്ട് ഞാൻ വേഗമെന്റെ മുറിയിൽ കയറി.
ഏട്ടന് പതിനഞ്ച് വയസ്സുള്ളപ്പോളാണ് ഞാൻ ജനിക്കുന്നത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഏട്ടനെന്നെ ജീവനായിരുന്നു. പക്ഷേ എന്തിനാണെന്നോ….എപ്പോഴാണെന്നോ… അറിയില്ല ഏട്ടനിങ്ങനെ ഒരു മുരടനായ് മാറിയത്. പഴയ കഥകളോർത്തിരുന്നപ്പോൾ പുറത്ത് ഒരു സംസാരം നടക്കുന്നതെന്റെ ശ്രദ്ധയിൽപ്പെട്ടു.
“പൊന്നും പണവുമൊന്നും വേണ്ടാന്നാ പറയണെ. ഇത് നടന്നാൽ പെണ്ണിന്റെ ഭാഗ്യാ.”
രാമൻ പിള്ളയുടെ ശബ്ദം തന്നെയാണത്. കക്ഷത്തിലെ, മുഷിഞ്ഞ കറുത്ത പേഴ്സ് അയാൾ പതുക്കെ പുറത്തെടുത്തു. തന്റെ കച്ചവടം ഉറപ്പിക്കാൻ തന്നെയുള്ള വരവാണിത്. നാട്ടിലുള്ള കല്യാണ പ്രായമെത്തിയ പെൺകുട്ടികളെ നോട്ടമിട്ടാൽ പിന്നെ കയ്യിൽ പത്തു കാശ് കിട്ടാതെ അയാൾക്ക് ഉറക്കമില്ല. ഞാൻ പോയാൽ പിന്നെ വയസ്സായ അമ്മയ്ക്ക് ആരാ തുണ!. ഏട്ടനാണെങ്കിൽ,കല്യാണം വേണ്ടെന്ന വാശിയും. ഞാൻ പതുക്കെ മുറിയിൽ നിന്നും പുറത്തിറങ്ങി.
“ങ്ഹാ, കുട്ടി….. ഇവിടുണ്ടായിരുന്നോ? ബൈക്കുള്ള പയ്യനാ, അതിന്റെ പിറകിലിരുന്ന് ഊര് ചുറ്റാട്ടോ.!”….
ബൈക്കിന്റെ പിറകിലല്ല, മുന്നിലിരുന്ന് ബൈക്കോടിക്കാനാണെനിക്കിഷ്ടമെന്ന് രാമൻ പിള്ളയോട് അലറണമെന്ന് തോന്നി. പക്ഷേ തൽക്കാലം മുഖത്തൊരു ചിരി വരുത്തി
ഞാൻ പുറത്തേയ്ക്ക് നടന്നു. കല്യാണം കഴിഞ്ഞാൽ ഈ മണ്ണും കാറ്റുമെനിക്ക് അന്യയാകുമല്ലോയെന്ന് ചിന്തിച്ചു നടന്നപ്പോൾ പെട്ടെന്ന് ഒരു ഹോണടി കേട്ടു.
“റോഡിന്റെ അരികിലൂടെ നടന്നൂടെ കുട്ടി നിനക്ക് “.
അരികിലേയ്ക്ക് മാറിയ എന്നെയവർ സൂക്ഷിച്ചു നോക്കി. അനീറ്റ മാഡത്തിന്റെ ഡ്രൈവിംഗ് സ്കൂളിലെ വണ്ടിയാണ്. അവർ തന്നെയാണ് പഠിപ്പിക്കുന്നതും. വളരെ സ്ട്രിക്റ്റായ ഡ്രൈവിംഗ് ഇൻസ്ട്രക്റിന്റെ കഥ നാട്ടിലെല്ലാവർക്കും അറിവുള്ളതാണ്.
2
നാട്ടിലെ പേര് കേട്ട നസ്രാണി കുടുംബത്തിലെ ആറ് ആങ്ങളമാരുടെ ഒറ്റ പെങ്ങൾ. അവളുടെ കല്യാണതലേന്ന് മിന്ന് കെട്ടാൻ പോകുന്ന ചെക്കന് വിഷം തീണ്ടിപോലും. അത് മുടങ്ങിയെങ്കിലും വീട്ടുകാർ അനീറ്റയെ മറ്റൊരു തറവാടിയെ കൊണ്ട് മിന്ന് കെട്ടിച്ചു. പക്ഷേ, മയക്കുമരുന്നിനടിമയും മാനസികരോഗിയുമായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ അവരാബന്ധം വേർപ്പെടുത്തി. വീണ്ടും അനീറ്റയെ മറ്റൊരാൾ വിവാഹം ചെയ്തെങ്കിലും അയാളൊരു മാസത്തിനകം അറ്റാക്ക് വന്ന് മരിച്ചു. അനീറ്റയുടെ ദോഷം കൊണ്ടാണിത്രയും ചെറുപ്പത്തിൽ അറ്റാക്ക് വന്നതെന്ന് പറഞ്ഞ് നാട്ടുകാരവരെ കുറ്റപ്പെടുത്തി. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് അത്തരത്തിലുള്ള യാതൊരു വിശ്വാസവുമില്ലെന്ന് പറഞ്ഞ് അനീറ്റയെ രക്ഷിച്ച വീട്ടുകാർ പോലും പതുക്കെയവളെ കുറ്റപ്പെടുത്താൻ തുടങ്ങി.
പക്ഷേ ,തോൽക്കാൻ അനീറ്റ മനസ്സ് കാണിച്ചില്ല. അനീറ്റയുടെ അപ്പൻ മരിച്ചതിനു ശേഷം അവൾ അമ്മയ്ക്കൊപ്പം മറ്റൊരു വീട്ടിലേയ്ക്ക് മാറി. നാത്തൂന്മാർ ഇറക്കി വിട്ടതാണെന്നും നാട്ടിൽ സംസാരമുണ്ട്. നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ അന്തസ്സോടെ ജീവിക്കുന്നുവെങ്കിലും അനീറ്റയുടെ ഭാഗ്യ ദോഷം പറഞ്ഞ് നടക്കുന്ന നാട്ടുകാരാണ് ഇന്നും ഇവിടുള്ളത്.
അന്ന് വീട്ടിലെത്തിയപ്പോൾ ഏട്ടനും അമ്മയും കേൾക്കെ ഞാൻ പറഞ്ഞു.
“ശരി…. ബൈക്ക് വേണ്ടാ… അനീറ്റ ഡ്രൈവിംഗ് സ്കൂളിൽ കാർ ഓടിക്കാൻ പഠിച്ചാലോ….”
മുഴുവിക്കും മുൻപ് ഏട്ടൻ എഴുന്നേറ്റ് പോയി. അമ്മയും വല്ലാണ്ടായി. എന്തായെന്ന് ആവർത്തിച്ചു ചോദിച്ചിട്ടും അമ്മയൊന്നും പറഞ്ഞില്ല. അച്ഛൻ മരിച്ചതിൽപ്പിന്നെ ചിലപ്പോൾ അമ്മ ഇങ്ങനെയാണ്. പാലിന് വരുന്ന സാവത്രി പണ്ട് അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
“ചെക്കന് കല്യാണമൊന്നുമായില്ലേ? നാട്ടുകാര് പറയണത്, നീ മകനെയാർക്കും വിട്ട് കൊടുക്കാതെ, നിർത്തിയേക്കുവാന്ന്. അങ്ങനെയല്ലെന്ന് എനിക്കറിയാമെങ്കിലും, പറയുന്നവരെയൊക്കെ…. തിരുത്താൻ എനിക്ക് പറ്റില്ലല്ലോ.?”
അത് കേട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മയെ ഞാനെത്ര വഴക്ക് പറഞ്ഞിരിക്കുന്നു. എന്നാലെന്റെ കല്യാണത്തിന് അമ്മയ്ക്ക് നൂറ് നാവാണ്.
അന്ന് ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്ന് മടിയിൽ തല വച്ചു. അമ്മ പതുക്കെ എന്റെ മുടിയിലൂടെ വിരലോടിച്ചു.
“അമ്മേ, അമ്മ ശരിക്കും സാവത്രി പറഞ്ഞ പോലെ ഏട്ടനെ പൊതിഞ്ഞു പിടിച്ചേക്കുവാണോ, കെട്ടിക്കാതെ….?.”
മൃദുവായ് തലോടിയ വിരലുകൾ കൊണ്ട് എന്റെ തലയ്ക്കൊരു കൊട്ട് തന്ന് അമ്മ അന്ന് അസ്വസ്ഥയായത് ഞാനിന്നും ഓർക്കുന്നു.
3
ചട്ടയും മുണ്ടുമണിഞ്ഞ്, കൈയിൽ കറ പിടിച്ച പ്ലാസ്റ്റിക് കവറുമായ് വീട് തെണ്ടുന്ന ഒരു കുള്ളത്തി മുറ്റത്ത് നിൽക്കുന്നു. അവരെ കുഞ്ഞി തള്ളയെന്നാണ് നാട്ടുകാർ വിളിക്കുന്നത്. ചെവി കേൾക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ നേരിയ മാനസികരോഗവും. അമ്മയും സാവത്രിയും സംസാരിച്ചതിൽ നിന്നറിഞ്ഞത്, കുഞ്ഞി തള്ള നല്ല പണമുള്ള വീട്ടിലെയാണെന്നാണ്. അന്യമതക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയെങ്കിലും അവനിടയ്ക്ക് വച്ച് ഇവരെ ഉപേക്ഷിച്ചുപോലും. വീട്ടുകാരും നാട്ടുകാരും കുറ്റപ്പെടുത്തുന്നതിനാൽ അവൾ സ്വന്തം നാട് ഉപേക്ഷിച്ചു. ഇപ്പോൾ ഇതാണ് കുഞ്ഞി തള്ളയുടെ നാട്. വായനാശാലയുടെ മുന്നിലുള്ള ബസ്സ് സ്റ്റോപ്പിലാണ് അവൾ ഉറങ്ങുന്നത്. സ്കൂൾ കുട്ടികളവളെ കല്ലെടുത്തെറിയുമ്പോൾ അവളും എന്തൊക്കെയോ പുലമ്പിക്കൊണ്ട് കുട്ടികളുടെ പിന്നാലെ കുറേ ഓടും. പിന്നെ കിതച്ചുകൊണ്ട് തിരികെ നടക്കും. വിണ്ട് കീറിയ ഉപ്പൂറ്റിയിൽ നിന്ന് രക്തം പൊടിയുമ്പോൾ, നീറ്റൽ സഹിക്കാനാകാതെ അവളുറക്കെ കരയും. ഏന്തിയേന്തി വീടുകളിൽ നിന്ന് കിട്ടുന്നതൊക്കെ വാങ്ങും. അവളെന്തിനാണ് ചെരുപ്പ് ഉപയോഗിക്കാതെ, ഇങ്ങനെ വേദന സഹിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
തിണ്ണയിലിരുത്തി അവൾക്ക് അമ്മ ചോറ് കൊടുത്തു. ആരും അവൾക്ക് കാശ് കൊടുക്കില്ല. കാശ് കിട്ടിയാൽ കള്ള് ഷാപ്പിൽ പോയി കള്ള് മോന്തി, അവളുണ്ടാക്കുന്ന പൊല്ലാപ്പൊന്നും നാട്ടുകാർക്ക് സഹിക്കാനാവില്ല. കുഞ്ഞി തള്ളയ്ക്കിപ്പോൾ പ്രായം കൂടി വരുന്നുണ്ട്. മുടിയിൽ കറുപ്പ് നിറം കാണാനില്ല. വെളുത്ത വസ്ത്രത്തിൽ വെളുപ്പിന്റെ അംശവും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ശ്വാസം നിലനിർത്താൻ വഴികൾ തിരയുമ്പോൾ വൃത്തിയുടെ കാര്യം തലച്ചോറുണ്ടോ ഓർക്കുന്നു. അമ്മ കൊടുത്ത എന്തോ കവറിൽ ഇട്ട് കുഞ്ഞി തള്ള, നഗ്നപാദയായ് പോകുന്നത് നോക്കി ഞാൻ നിന്നു. ഇത്തവണ ഏന്തില്ലാതെ നടക്കുന്നുണ്ടെങ്കിലും അവളുടെ കാൽപാട് പതിഞ്ഞ മണ്ണിന് രക്തത്തിന്റെ ഗന്ധവും നനവുമായിരുന്നു.
4
വലിയൊരു അത്ഭുതമായാണ് പിറ്റേന്ന് അമ്മയെത്തിയത്. മറ്റൊന്നുമല്ല എനിക്ക് അനീറ്റ ഡ്രൈവിംഗ് സ്കൂളിൽ ചേരാനേട്ടന്റെ അനുമതി കിട്ടിയെന്നുള്ളതാണ്. സന്തോഷം കൊണ്ട് ഞാനന്ന് തന്നെ ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. അനീറ്റ മാഡത്തിനെ കണ്ടപ്പോൾ തന്നെ അവരുടെ പഴയ കഥകളെന്റെ മനസ്സിലൂടെ വേഗത്തിൽ കടന്ന് പോയി. എപ്പോഴുമിത്ര സുന്ദരിയായിരിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു.! കുറച്ച് പരിഷ്കാരങ്ങൾ മുടിയിൽ നടത്തിയിട്ടുണ്ട്. ഇടതൂർന്ന ചുരുണ്ട മുടി, വടിപോലെ അടങ്ങി കിടക്കുന്നു. മുല്ലപ്പൂവിന്റെ നിറവും മണവുമാണിവർക്കെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ഓരോ ദിവസവും ഡ്രൈവിംഗ് പഠനത്തോടൊപ്പം ഞാൻ അവരെയും പഠിക്കുകയായിരുന്നു. പെണ്ണിന്റെ നേർത്ത ത്വക്കിന്റെയുള്ളിലെ ബലവത്തായ മനം ഞാനോരോ ദിവസവും അറിഞ്ഞുകൊണ്ടിരുന്നു.
അന്ന് നല്ല വെയിലുള്ള ദിവസമായിരുന്നു. ഞാൻ ഏറെക്കുറെ ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞു. ഞങ്ങൾ ഇളനീർ കുടിക്കാൻ വണ്ടി ആറിന്റെയടുത്തുള്ള കടയിൽ നിർത്തി. ഇളനീർ കുടിച്ചുകൊണ്ട് നിന്നപ്പോൾ പെട്ടെന്ന് രണ്ട് യുവാക്കൾ ഞങ്ങളുടെ അടുത്തെത്തി. ഒരാൾ മാഡത്തിന്റെ അടുത്ത് നിന്ന് മുഖത്തോട്ട് പുക വലിച്ചു വിട്ടു. ഞങ്ങൾ കുറച്ചു മാറിനിന്നെങ്കിലും അവർ വീണ്ടും, ഞങ്ങളുടെ അരികിലെത്തി. മുടിയിൽ ചായം കലക്കി, കമ്മലും, വളയുമൊക്കെയിട്ട ഒരുത്തൻ മാഡത്തിനെ വല്ലാതെ നോക്കുന്നത് കണ്ട എനിക്ക് അരിശം വന്നെങ്കിലും ഇളനീർ പെട്ടെന്ന് തീർത്ത്, ഞങ്ങൾ കാറിനടുത്തേയ്ക്ക് നീങ്ങി.
“ഞങ്ങൾക്ക് ദോഷമൊന്നും…. പ്രശ്നമല്ലാട്ടോ…. അല്ലെങ്കിലും കെട്ടാനൊന്നുമല്ല… … …. “
വഷളൻ ഭാവത്തിൽ അതിലൊരുത്തൻ ഉറക്കെ പറഞ്ഞുകൊണ്ട് പിന്നാലെ വന്നു. ചീറ്റപ്പുലിപ്പോലെ തിരിഞ്ഞ് നിന്ന അനീറ്റ മാഡത്തിന്റെ കൈപ്പത്തിയവന്റെ മുഖത്തു പതിച്ചപ്പോൾ ഞാൻ പേടിച്ചു പോയെങ്കിലും അത് അവർക്ക് വേണ്ടത് തന്നെയായിരുന്നു. പല്ല് ഇറുക്കുന്നതിന്റെ ശബ്ദം പുറത്ത് കേൾപ്പിച്ചുകൊണ്ട് രണ്ട് പേരും മുന്നോട്ടാഞ്ഞപ്പോൾ നാട്ടുകാർ ഇടപെട്ട് അവരെ തടഞ്ഞു. ആരോ അനീറ്റ മാഡത്തിനോട് സൂക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും അവരുടെ മുഖത്ത് യാതൊരു ഭയവും ഞാൻ കണ്ടില്ല. പകരം കലി മാറാതെ കരയിൽ ഇരച്ചു കയറുന്ന കടലമ്മയെ അവർ കണ്ണുകളിൽ കുടിയിരുത്തിയതായി തോന്നി. മുഖത്തെ ഞരമ്പുകൾ തിരകൾക്കുള്ളിൽ ഉയർന്നു താണു കൊണ്ടിരുന്നു. ഓരോ കലിതുള്ളലിലും അവശേഷിപ്പിച്ച ഉപ്പ് കണികകൾ നെറ്റിയിൽ തങ്ങി നിന്നു. കോളിളക്കത്തിൽ നീണ്ട മൂക്കും ചുമന്ന ചുണ്ടും വിറച്ചു. പക്ഷേ വളരെപെട്ടെന്ന് കാറ്റ് ശമിച്ച്, കടൽ ശാന്തമായി. വളരെ സൗമ്യമായ് കടൽ തിരകളെ അയച്ച് തുടങ്ങി.
സ്വന്തമായ് വണ്ടി ഓടിക്കാൻ പ്രാപ്തയായപ്പോഴേയ്ക്കും അനീറ്റ മാഡവുമായ് ഞാൻ വളരെ അടുത്തിരുന്നു. ഞാൻ കണ്ടതിലേറ്റവും ശക്തയായ സ്ത്രീ. അവർ വളയം പിടിക്കാൻ മാത്രമല്ല, തന്റെ ജീവിതം കൂടെയാണ് പഠിപ്പിക്കുന്നതെന്നെനിക്ക് തോന്നി.
5
അനീറ്റ മാഡം, ഇന്ന് പതിവിൽ കൂടുതൽ ഹാപ്പിയായിരുന്നു. അതിന്റെ കാരണമറിയില്ലെങ്കിലും, തികഞ്ഞ ഒരു ഡ്രൈവറായതിന്റെ സന്തോഷത്തിൽ ഞാനവരെ എന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
“ഇന്ന് ഞാൻ വണ്ടിയിലിരിക്കാം, പിന്നെ കുട്ടി ഒറ്റയ്ക്കാണ് കേട്ടോ “.
അനീറ്റ മാഡം ചിരിച്ചു കൊണ്ടെന്റെ തോളിൽ തട്ടി പറഞ്ഞു. ജീവിതത്തിൽ തന്നെ ഒറ്റയ്ക്കായ അവരെ ഒന്ന് പുണരാൻ ഞാൻ ആഗ്രഹിച്ചു. കാറിൽ കയറാൻ തുടങ്ങുമ്പോൾ വേച്ച്, വേച്ച് കുഞ്ഞി തള്ളയെവിടെന്നോ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. കള്ളിന്റെ മണമവരുടെ ശരീരത്തിന്റെ ദുർഗന്ധത്തെ മറച്ചു. അവർ അനീറ്റ മാഡത്തെ നോക്കി പറഞ്ഞു.
“നീ ഭാഗ്യമുള്ള പെണ്ണാ…. അല്ലെങ്കിൽ എന്നെ പോലെ തെരുവിലിറങ്ങേണ്ടവളല്ലെ”
അനീറ്റ മാഡമവരെ കൂസാതെ കാറിനടുത്തേയ്ക്ക് വീണ്ടും നീങ്ങി. കുഞ്ഞിതള്ള വിട്ടില്ല.
“അടുത്ത ദുരന്തം ഉണ്ടാക്കാനുള്ള പോക്കാ…… എന്തിനാടി…. ഇനിയും വേറൊരുത്തന്റെ ജീവനൂടെ എടുക്കുന്നെ….”
ഞാൻ വളരെ അരോചകത്തോടെ അവരോട് ചോദിച്ചു.
“എന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്. നിങ്ങൾക്കാരാ കള്ള് മേടിച്ചു തന്നത്?”
“ആണൊരുത്തനാടി…. എനിക്ക് കള്ള് മേടിച്ച് തന്നിട്ട് അവൻ പറഞ്ഞതെന്താന്ന് അറിയോ.!?…. കുഞ്ഞി തള്ളേ,…. ഞാൻ വർഷങ്ങൾക്ക് മുൻപ് ഇഷ്ടപ്പെട്ട ഒരു അന്യജാതിക്കാരിയെ കെട്ടാൻ പോകുവാണെന്ന് …. പക്ഷേ അത് ഇവളാണെന്ന് കേട്ടപ്പോൾ അവിടെ നിർത്തിയെന്റെ കള്ള് മോന്തൽ….. ഒരുത്തനെയും കൊലയ്ക്ക് കൊടുത്തിട്ട് എനിക്ക് സന്തോഷിക്കണ്ട…….. അവൻ എന്നെ തടഞ്ഞ് വീണ്ടും പറഞ്ഞു…. നിന്നെ പോലെ നീ മാത്രം മതി….. വേറൊരു കുഞ്ഞി തള്ള ഇനി ഈ നാട്ടിൽ വേണ്ടാന്ന് “.
അവർ ആടിക്കുഴഞ്ഞ് നടന്നു നീങ്ങി. അനീറ്റ മാഡത്തിനെ ഒന്ന് നോക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അതിന് എനിക്ക് സാധിച്ചില്ല. ഒരിക്കലും തന്റെ സ്റ്റുഡന്റിന്റെ മുമ്പിൽ സ്വകാര്യ ജീവിതം ഇങ്ങനെ വലിച്ചിഴയ്ക്കപ്പെടുമെന്ന് അവർ വിചാരിച്ചിട്ടുണ്ടാകില്ല.
ഞാൻ വണ്ടിയിൽ കയറി, ആരുടെയും സഹായം കൂടാതെ കാർ സ്റ്റാർട്ട് ചെയ്തു.
“മനസ്സ് ശരിയല്ലാത്തയാളല്ലേ?. പോരാത്തതിന് കള്ളും . മാഡം അത് കാര്യാക്കണ്ട “. എന്റെ സമാധാനപ്പെടുത്തലിൽ അനീറ്റ മാഡം പുഞ്ചിരിച്ചു.
“അവരുടെ ജീവിതമവരെ പഠിപ്പിച്ചത് അതാണ്, എന്നെ പറ്റി നാട്ടുകാർ പറയുന്നതുമതല്ലെ..?. മിന്ന് കെട്ടാനിരുന്നവനും, കെട്ടിയവരും കൊഴിഞ്ഞു പോയത്, ഒന്നിക്കാൻ പാടില്ലാത്തവർ ഒന്നിച്ചത് കൊണ്ടായിരിക്കും. അവൾ പറഞ്ഞതുപോലെ ഒരു അന്യജാതിക്കാരനുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. വെറും നേരം പോക്കല്ല, നേരുള്ള,ആത്മാവിൽ വേര് പതിഞ്ഞ ഒരു ഇഷ്ടം. പക്ഷേ മതം രണ്ട് വീട്ടുകാരുടെയും പ്രശ്നമായിരുന്നു. ഞങ്ങൾ,വീട്ടുകാർക്ക് വേണ്ടി പരസ്പരം മനസ്സിലാക്കി അന്ന് പിരിഞ്ഞു.”
കുഞ്ഞി തള്ള പറഞ്ഞത് സത്യമാണോയെന്ന എന്റെ ചോദ്യത്തിന് അനീറ്റ മാഡമൊന്നു ചിരിച്ചുവെങ്കിലും, കണ്ണിൽ ഒരു നനവ് പടരുന്നത് ഞാൻ ശ്രദ്ധിച്ചു. അത് സത്യമായിരുന്നെങ്കിലെന്ന് ഞാൻ തീവ്രമായ് ആഗ്രഹിച്ചു. കുഞ്ഞി തള്ളയോട് മാഡത്തിന് ദേഷ്യമൊന്നും തോന്നിയിട്ടില്ല എന്നത് എന്നെ വല്ലാതെ ആശ്വസിപ്പിച്ചു.
6
ഞാൻ വണ്ടിയെടുത്ത് വീട്ടിലെത്തിയപ്പോൾ വീടിന്റെ മുറ്റത്ത് പെണ്ണുങ്ങൾ കൂടിയിരിക്കുന്നു. അനീറ്റ മാഡം വണ്ടിയിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച് തിരിച്ചു പോയി. ആളുകളെ നേരിടാൻ മടിയായിട്ടല്ല, കുഞ്ഞി തള്ളയുടെ ഇടിമിന്നലിന്റെ വേഗത്തിലുള്ള വാക്കുകൾക്ക് മനസ്സിനെ ഷോക്കേൽപ്പിക്കാനും കരുത്തുണ്ടായിരുന്നു. ശാന്തമായ,താളത്തിലുള്ള നെഞ്ചിടിപ്പിൽ ആഴമേറിയ ചുഴികൾ ഒളിപ്പിക്കുന്ന വക്രബുദ്ധിക്കാരിയായ പുഴയെയാണ് ഞാൻ പെട്ടെന്ന് ഓർത്തത്.
“വീട്ടിലാരോ വിവരമറിയിച്ചൂന്നാ കേട്ടത്, പക്ഷേ ശവം കൊണ്ട് പോകാൻ ആരുമിതുവരെ വന്നില്ലാന്ന്.” സാവത്രിയാണത് പറഞ്ഞത്.
“അന്യമതത്തിൽ പെട്ട ഒരുത്തന്റെ കൂടെ പോയതാണോ പാവം ചെയ്ത തെറ്റ്!. മാനസിക രോഗിയായത് കൊണ്ട് അയാളുപേക്ഷിച്ചതാന്നും സംസാരമുണ്ട്. വേറെ ചിലര് പറയണെ, പെണ്ണിന്റെ വീട്ടുകാര് തന്നെ ചെക്കനെ ഇല്ലാതാക്കീതാന്ന്. ആർക്കറിയാം നേര് എന്താന്ന്.!”
യാതൊരു സങ്കടവും ഇല്ലാതെയാണ്, കൂട്ടത്തിൽ മറ്റൊരാളത് പറഞ്ഞത്. അമ്മയെന്നെ മാറ്റി നിർത്തി കാര്യം പറഞ്ഞു.
“കുഞ്ഞി തള്ളയെ വണ്ടിയിടിച്ചു. മരിച്ചൂന്നാ കേൾക്കണത്. ശവം ഏറ്റെടുക്കാനാരുമില്ലാത്തത് കാരണം പൊതു ശ്മശാനത്തിൽ അടക്കുമെന്നായിവർ പറയണത്…. നല്ല കള്ള് മണക്കുന്നുണ്ടായിരുന്നു പോലും. പോരാത്തതിന് ചെവി പുറകോട്ട്. പാവം വണ്ടി വന്നത് അറിഞ്ഞു കാണില്ല. പിന്നെ വേറെ കുറേ രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയണത്.”
കുഞ്ഞി തള്ള ഒരു നോവായെന്റെ മനസ്സിൽ നീറ്റലുണ്ടാക്കി. ചെളിയിൽ ചെരുപ്പില്ലാതെ ചവിട്ടി അവരുടെ കാലുകൾ തഴമ്പിച്ചത് പോലെ, മനസ്സും കുത്ത് വാക്കുകൾക്കൊണ്ട് മുറിപ്പെടാതെ കട്ടിയുള്ളതായിരുന്നിരിക്കാം. വിണ്ട് കീറലുകളിൽ പറ്റി പിടിച്ച പൊടി പടലങ്ങൾ, ബസ്സ്റ്റോപ്പിന്റെ ഭിത്തിയിൽ ഉരസികളയാൻ ശ്രമിച്ചു കൊണ്ട് അവൾ കിടന്നുറങ്ങുമ്പോൾ മനസ്സ് പോലെ തലച്ചോറും വേദനയുടെ ഞരമ്പുകളെ മരവിപ്പിച്ചിരുന്നിരിക്കാം. അമ്മയെന്നെ അന്ന് രാത്രി രഹസ്യത്തിൽ വിളിച്ച് ഒരു കാര്യം പറഞ്ഞു.
“കുഞ്ഞി തള്ളയുടെ മരണമറിഞ്ഞതിൽ പിന്നെ, നിന്റെയേട്ടന് മിണ്ടാട്ടമില്ല. ഇനിയവന്റെ വണ്ടി വല്ലതുമായിരിക്കുമോ തള്ളയെ ഇടിച്ചത്.? ഓർത്തിട്ടെനിക്ക് മേലാകെ വിറയ്ക്കുന്നു. “
ഞാനേട്ടന്റെ മുറിയുടെ വാതിലിൽ അന്ന് കുറേ നാളുകൾക്ക് ശേഷം മുട്ടി. ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് തന്നെ നാളുകൾ കഴിഞ്ഞു. അമ്മയോട് മാത്രം യാന്ത്രികമായ് ഏട്ടൻ വല്ലപ്പോഴും മിണ്ടാറുണ്ട്. ഏട്ടനാണ് കുഞ്ഞി തള്ളയെ റോഡിൽ ഇടിച്ചിട്ടതെന്ന് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. അല്ലെങ്കിലും അത് അമ്മയുടെ സംശയം മാത്രമല്ലെയെന്ന് ആശ്വസിച്ചു നിൽക്കുമ്പോൾ ഏട്ടൻ പുറത്തേയ്ക്ക് വന്നു. പ്രതീക്ഷിക്കാതെയാ കൈകളെന്നെ നെഞ്ചോട് ചേർത്തപ്പോൾ, ഒരു സുനാമി രൂപം കൊള്ളുന്നത് ഞാനെന്റെ ചെവിയിൽ തിരിച്ചറിഞ്ഞു. പെട്ടെന്ന് ആ രാക്ഷസ തിരകൾ പത്തു തലയോടെ കരയിലേയ്ക്ക് ആർത്തിരമ്പി. കുറ്റബോധം മുറിവിൽ വീഴുന്ന ഉപ്പുപോലെ നീറ്റൽ ഇരട്ടിപ്പിക്കുമെങ്കിലും, അനുതപിക്കുന്നവൻ ക്ഷമ തീർച്ചയായും അർഹിക്കുന്നുണ്ട്.
ഏട്ടന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയെന്റെ ചെവിക്കുള്ളിലെത്തിയപ്പോൾ കുറ്റബോധത്തിന്റെ നേർത്ത ചൂടിൽ ഞാൻ ഒരു നിമിഷം ഞെട്ടി.
കുഞ്ഞിതള്ളയ്ക്ക് കള്ള് മേടിച്ചു കൊടുത്തത് താനാണെന്ന് ഏട്ടൻ പറഞ്ഞപ്പോൾ, ലഹരിയിൽ വണ്ടി ഓടിച്ച്, കുഞ്ഞി തള്ളയെയിടിച്ച ബൈക്ക് പിടിച്ചെടുത്തുവെന്ന് അമ്മയോട് സാവത്രിയും വിളിച്ചു പറഞ്ഞു. അതോടിച്ച കമ്മലും വളയുമിട്ട ഒരു ചുമന്ന മുടിയനും കൂട്ടുകാരനും പോലീസിന്റെ പിടിയിലുമായെന്നു കേട്ടതുമെന്റെ ഹൃദയത്തിന്റെ ഇടത്തെ അറകളിൽ ആരോ ഈണത്തിൽ കുരവയിട്ടു. കുഞ്ഞി തള്ളമാർ ഇവരോടെ അവസാനിക്കട്ടെയെന്ന് എന്റെ ചുണ്ടുകൾ മന്ത്രിച്ചപ്പോൾ അനീറ്റ മാഡത്തിന്റെ കണ്ണുകളിലെ അതെ നനവ് ഞാൻ ഏട്ടന്റെ കണ്ണുകളിലും കണ്ടു.














