
അധ്യാപക ദിനം പ്രമാണിച്ച് അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയാണ് ജില്ലാതലത്തിൽ. കഥാരചന മത്സരം ആരംഭിക്കാറായി. പത്തിരുപത്തഞ്ചു പേരുണ്ട് പല സ്കൂളുകളിൽ നിന്നായി. ഏറ്റവും പിന്നിലെ ബെഞ്ചിലായി ഒരു യുവതി ഇരിപ്പുണ്ട്. മെലിഞ്ഞു കൊലുന്നനെ, നീളൻ മുടിയുള്ള ഒരു 32 കാരി. ഇത് ശാലിനി. തെന്നാലിമൂട് ഗവൺമെന്റ് യു. പി സ്കൂളിലെ അധ്യാപികയാണ്. മത്സരം തുടങ്ങാനുള്ള മണി അടിച്ചു. വിഷയം അനൗൺസ് ചെയ്തു.
-തോൽക്കാൻ തയ്യാർ ഇല്ലാത്തവൾ – അതാണ് വിഷയം. രണ്ടു മണിക്കൂർ സമയമുണ്ട്.
ശാലിനി പേന അടച്ചുവെച്ചു പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത് മഴ ചാറുന്നുണ്ട്. കുട്ടികൾ അവിടെയായി ഓടിച്ചാടി കളിക്കുന്നു. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു.
എന്തെഴുതും? ശാലിനിക്ക് ഒരു രൂപവും കിട്ടിയില്ല. പല പല കാര്യങ്ങൾ അവൾ ആലോചിച്ചു. കഷ്ടപ്പെട്ട് പണിയെടുക്കുന്ന സ്ത്രീകളെ കുറിച്ച്, അമ്മയെക്കുറിച്ച്, തൊഴിലുറപ്പിന് പോകുന്നവരെ കുറിച്ച്, അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച്, നാടോടികളെ കുറിച്ച്, സ്കൂളിലെ കഞ്ഞി വെക്കുന്ന ചേച്ചിയെ കുറിച്ച്, ആകാശത്തേക്കുറിച്ച്… അങ്ങനെ അങ്ങനെ ചിന്തകൾ കാട് കയറി.
ഒന്നും കിട്ടുന്നില്ല. ചുറ്റുമിരിക്കുന്നവരൊക്കെ എന്തൊക്കെയോ എഴുതുന്നു. ശാലിനി പുറത്തേക്ക് നോക്കി. മഴ പെയ്തു തോർന്നിട്ടുണ്ട്. സ്കൂൾ മുറ്റത്തെ മാവിൽ നിന്ന് ഇപ്പോഴും മഴ പെയ്യുന്നുണ്ട്. അവളിരുന്ന ക്ലാസ് മുറിയുടെ ജനലിനോട് ചേർന്ന് നിന്ന കൊമ്പിലെ മാവിലകളിൽ ഒരെണ്ണം… അതവൾ ശ്രദ്ധിച്ചു. ആ ഇലത്തുമ്പിൽ നിന്ന് ഒരു മഴത്തുള്ളി ഇറ്റു വീണു.
ശാലിനി പതിയെ കണ്ണടച്ചു. ആ തുള്ളി അവളുടെ ഹൃദയത്തിലേക്ക് പതിഞ്ഞത് പോലെ തോന്നി. ഒരു തണുപ്പ് അനുഭവപ്പെട്ടു. ആ തണുപ്പിൽ അവൾ ഭൂതകാലത്തിലേക്ക് പോയി. ആ മഴത്തുള്ളിക്കൊപ്പം തുഴഞ്ഞ് തുഴഞ്ഞ്.
ഇതുപോലൊരു മഴക്കാലത്ത് ആയിരുന്നു അവൾ അയാളെ കണ്ടുമുട്ടിയത്. വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തു നിൽക്കുമ്പോൾ നല്ല മഴയായിരുന്നു. അപ്പോഴാണ് ആ ചെറുപ്പക്കാരൻ അവളെ സമീപിച്ചത്. അവളുടെ കയ്യിൽ നനഞ്ഞ കുടയുണ്ടായിരുന്നു.
“കുട്ടി, ഒരു മിനിറ്റ് കുട ഒന്ന് തരുമോ? അപ്പുറത്തെ കടയിൽ നിന്നൊരു സാധനം വാങ്ങിക്കാൻ ഉണ്ട് “
അവളൊന്നു സംശയിച്ചു ” എന്റെ ബസ് വന്നാലോ”?
“ഞാൻ പെട്ടെന്ന് വരാം ഒരു മിനിറ്റ് മതി”
ആ പെരുമഴ കണ്ട് പിന്നൊന്നും ആലോചിച്ചില്ല കുട കൊടുത്തു. പറഞ്ഞതുപോലെതന്നെ അയാൾ കൂടെയുമായി പെട്ടെന്ന് തിരിച്ചുവന്നു.
“താങ്ക്സ് ഉണ്ട് ” “കുട്ടി ഏതു കോളേജിലാ പഠിക്കുന്നത്? എന്താ പേര്?”
അതായിരുന്നു തുടക്കം പതിയെ പതിയെ ആ പരിചയം വളർന്നു. അയാൾ ഒരു മെഡിക്കൽ റപ്രസെന്ററ്റീവ് ആയിരുന്നു. രാംദാസ്. പരിചയം പ്രണയത്തിൽ എത്തി. ടി.ടി.സിക്ക് പഠിക്കുമ്പോഴായിരുന്നു ഇത്. വീട്ടുകാർ അറിഞ്ഞു ആകെ പ്രശ്നമായി. രാംദാസിന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചതായിരുന്നു. ഒരു സഹോദരി മാത്രം ഉണ്ട്. അങ്ങനെയൊരു വീട്ടിലേക്ക് ശാലിനിയെ കല്യാണം കഴിച്ച് അയക്കാൻ അവളുടെ മാതാപിതാക്കൾക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ എതിർപ്പുകളെ എല്ലാം വകവച്ച് ശാലിനി രാംദാസിന് ഒപ്പം ഇറങ്ങിപ്പോയി. ശാലിനി പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ മരിച്ചു. പിന്നാലെ അമ്മയും.
അതിനിടയിൽ ശാലിനി ടിടിസി പൂർത്തിയാക്കി ടെസ്റ്റുകൾ എഴുതാൻ തുടങ്ങി. കുഞ്ഞ് ജനിച്ചു. സന്തോഷമായി അവർ മുന്നോട്ടുപോയി. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി ശാലിനിക്ക് പിഎസ്സി കിട്ടി. അവരുടെ നാട്ടിലെ തന്നെ ഗവൺമെന്റ് യുപി സ്കൂളിൽ ശാലിനി അധ്യാപികയായി. കുഞ്ഞിനെ അടുത്തുള്ള ഡേ കെയറിലാക്കി അവൾ സ്കൂളിൽ പോയി തുടങ്ങി.
പതിയെ പതിയെ രാംദാസിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി. എന്താണെന്ന് ചോദിച്ചിട്ട് ശാലിനിയോട് ഒന്നും പറഞ്ഞില്ല. സ്കൂളിലെ അധ്യാപകർ ശാലിനിയോട് ഓരോന്ന് പറയാൻ തുടങ്ങി രാംദാസിനെ പറ്റി. ഏതോ ഒരു സ്ത്രീയുടെ ഒപ്പം നടക്കുന്നതും പാർക്കിൽ കണ്ടതായും സിനിമ തിയേറ്ററിൽ കണ്ടതായും ഒക്കെ അവളുടെ കാതിൽ എത്തി. ശാലിനി കണ്ണുമടച്ച് രാംദാസ് നെ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അവൾ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. കൂടെ ജോലി ചെയ്യുന്നവരായിരിക്കും എന്ന് കരുതി.
രാംദാസ് കുഞ്ഞിനെ പോലും ശ്രദ്ധിക്കാതെ ആയപ്പോൾ ശാലിനിക്ക് സംശയമായി. അവൾ അയാളോട് ചോദിച്ചു. പകരം ദേഷ്യം മാത്രമായിരുന്നു അവൾക്ക് കിട്ടിയ മറുപടി. അയാൾ ഇപ്പോൾ അവളോട് ഒന്നും മിണ്ടുക പോലും ഇല്ല. എന്തെങ്കിലും ചോദിച്ചാൽ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകും. ഒരു ദിവസം സ്കൂൾ വിട്ട് കുഞ്ഞിനെയുമായി ശാലിനി വീട്ടിലെത്തി. വീട് അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുന്നു. ആരോ ഉണ്ട് അകത്ത്. വീടിനു ചുറ്റും നടന്നു. അടച്ചിട്ടിരുന്ന വീടിന്റെ പിന്നിലെ ജനാലയിലൂടെ അവളത് കണ്ടു. രാംദാസിനെ മറ്റൊരു സ്ത്രീയുടെ കൂടെ. സ്വന്തം കണ്ണുകൊണ്ട് കണ്ട ആ കാഴ്ച അവളെ തളർത്തിക്കളഞ്ഞു. അല്പസമയം കഴിഞ്ഞ് പുറത്തുവന്ന അയാളും ആ സ്ത്രീയും ശാലിനിയെ കണ്ടു. ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കരഞ്ഞുകൊണ്ട് ചോദിച്ചു എങ്ങനെ സാധിച്ചു നിങ്ങൾക്ക്? അയാളൊന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
പിന്നീട് പലതവണ ഇത് ആവർത്തിച്ചു. അയൽക്കാരൊക്കെ പറയാൻ തുടങ്ങി. ശാലിനി എതിർത്തു “ഇതിവിടെ പറ്റില്ല , ഞാൻ സമ്മതിക്കില്ല”
“ഇല്ലെങ്കിൽ ഇറങ്ങിപ്പോടീ, മര്യാദയ്ക്ക് ആണെങ്കിൽ ഇവിടെ കഴിയാം. എന്റെ വീടാണ് എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ ചെയ്യും. എന്റെ കൂടെ പലരും വരും. അല്ലെങ്കിൽ തന്നെ എനിക്ക് നിന്നെ മടുത്തു. എന്നെ എതിർക്കാൻ വന്നാൽ ഉണ്ടല്ലോ കൊന്നുകളയും നിന്നെ ഞാൻ ” അയാൾ അലറി.
ശാലിനി പിന്നെ ഒന്നും നോക്കിയില്ല. ആവശ്യമുള്ള സാധനങ്ങൾ മാത്രം ബാഗിലാക്കി കുഞ്ഞിനെയും എടുത്തു പുറത്തേക്ക് പോയി. എന്ത് ചെയ്യണം എന്നറിയാതെ അവൾ ആകെ മരവിച്ചിരുന്നു. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോന്നതല്ലേ, ബന്ധുക്കളും സഹായത്തിന് ഇല്ല. ഈ പിഞ്ചുകുഞ്ഞിനെയും കൊണ്ട് എങ്ങോട്ട് പോകും. സ്കൂളിലെ ഒരു ടീച്ചറുടെ വീട്ടിൽ പോയി. അവരുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. അവർ സമാധാനിപ്പിച്ചു
“നീ സമാധാനപ്പെട്, എല്ലാത്തിനും ഒരു പരിഹാരമുണ്ട്”
“കുഞ്ഞിന് ഭക്ഷണം കൊടുക്കു”
ആ ടീച്ചറുടെ വീടിന്റെ ഔട്ട് ഹൗസിൽ പിറ്റേദിവസം മുതൽ ശാലിനി താമസമായി. ആദ്യത്തെ കുറച്ച് ദിവസങ്ങൾ വിഷമിച്ച് കരഞ്ഞു. പിന്നെ തീരുമാനിച്ചു തന്നെ വേണ്ടാത്ത ഒരാളെ എന്തിന്? തന്റെ കുഞ്ഞിനെ പോലെ മറന്നില്ലേ?
ശാലിനി ധൈര്യം വീണ്ടെടുത്തു. ഒരു ചങ്കൂറ്റം അവൾക്ക് തോന്നി . കുട്ടിയെ എൽകെജി യിൽ ചേർത്തു . എൻജിഒ കോട്ടേഴ്സിലെ കുറച്ചുകൂടി സൗകര്യമുള്ള ഒരു വീട്ടിലേക്ക് അവൾ മാറി. പതിയെ ഒരു ടൂവീലർ വാങ്ങി. മോനേ കൊണ്ട് രാവിലെ ടൂവീലറിൽ ആണ് സ്കൂളിൽ പോകുന്നത്. ശാലിനി തന്റേടത്തോടെ മുന്നോട്ടു പോകുന്നത് രാംദാസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം അയാൾ സ്കൂളിൽ ചെന്നു. ശമ്പളത്തിന്റെ പകുതി അയാൾക്ക് തരണമെന്ന് പറഞ്ഞു. അവൾ കൂട്ടാക്കിയില്ല. വഴക്കായി. ബഹളമായി മറ്റ് അധ്യാപകർ ഇടപെട്ടു.
“നിന്നെ ഞാൻ ജീവിക്കാൻ സമ്മതിക്കില്ല കാണിച്ചുതരാം” എന്നു പറഞ്ഞ് ഇറങ്ങിപ്പോയി.
ഇതിൽ കൂടുതൽ ഒന്നും എനിക്ക് ഇനി കാണാനില്ല എന്ന് ശാലിനിയും.
പിറ്റേദിവസം രാവിലെ സ്കൂളിന്റെ മതിലിലൊക്കെ ഓരോ പോസ്റ്ററുകൾ. ശാലിനിയെ പറ്റി അസംബന്ധങ്ങൾ എഴുതി വെച്ചിരിക്കുന്നു. അധ്യാപകർക്ക് എല്ലാവർക്കും പിറ്റേ ദിവസത്തെ തപാലിൽ അവളെപ്പറ്റിയുള്ള അവിഹിത കഥകൾ നിറഞ്ഞ കത്തുകൾ വന്നു തുടങ്ങി. ക്വാർട്ടേഴ്സിലേക്ക് വന്ന് അയാൾ ബഹളം വെച്ചു.
“രേഖാമൂലം നീ ഇപ്പോഴും എന്റെ ഭാര്യയാണ്. നിന്റെ ശമ്പളത്തിന്റെ പകുതി എനിക്കാണ് അവകാശം”
ശാലിനി കുലുങ്ങിയില്ല. എത്രത്തോളം പോകും എന്ന് നോക്കാം എന്ന് കരുതി മിണ്ടാതിരുന്നു. സ്കൂളിൽ പോകുന്ന വഴിക്ക് സ്കൂട്ടർ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു. കുഞ്ഞിനെ കൊല്ലും എന്നു പറഞ്ഞു. പേടിച്ചരണ്ട കുഞ്ഞിനോട് മോനെ ആരും ഒന്നും ചെയ്യില്ല അമ്മയുണ്ടെന്നു പറഞ്ഞു ചേർത്ത് പിടിച്ചു. ശാലിനി ഒരു അഗ്നിപർവ്വതം പോലെ പുകഞ്ഞു. തന്റെ ജീവിതം നശിപ്പിച്ചു എന്നിട്ടും തന്നെ ഇനിയും ജീവിക്കാൻ സമ്മതിക്കില്ലാത്തവനെ ഇനിയും പേടിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു.
“പേടിച്ചാൽ എനിക്കിവിടെ നിലനിൽപ്പില്ല. തോൽക്കില്ല, ഞാൻ ജോലി ചെയ്ത് അന്തസ്സായിട്ട് എന്റെ കുഞ്ഞിനെ വളർത്തും. ഒരു തെറ്റും ചെയ്യാത്ത എന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല”
ഓരോ ദിവസവും അവളെപ്പറ്റിയുള്ള മോശം കഥകൾ സ്കൂൾ ഭിത്തികളിൽ പതിച്ചു.
“എന്റെ ടീച്ചറെ, ടീച്ചർ ഒരു ട്രാൻസ്ഫർ വാങ്ങിക്ക് ” സഹ അധ്യാപകർ പറഞ്ഞു.
“അവിടെയും ഇയാൾ വരില്ലേ “
“പിന്നെന്താ ഒരു വഴി? കുട്ടികളൊക്കെ ഇത് വായിച്ച് പരസ്പരം ഓരോന്ന് പറഞ്ഞു തുടങ്ങി. രക്ഷകർത്താക്കളും ചോദിക്കാൻ തുടങ്ങി”
“ശാലിനി ടീച്ചറെ അറിയാവുന്നവർ ആരും ഇത് വിശ്വസിക്കില്ല പക്ഷേ കുട്ടികൾ? “
“ഇനി ഇതിനകത്ത് വല്ല സത്യവും ഉണ്ടോ ടീച്ചറെ?” ചിലരുടെ മുഖത്തൊരു പരിഹാസം. ശാലിനി ഒന്നും മിണ്ടിയില്ല.
സ്റ്റാഫ് റൂമിലെ ചർച്ച എങ്ങും എത്താതെ പിരിഞ്ഞു.
ശാലിനിക്ക് തല പെരുക്കുന്നത് പോലെ തോന്നി. ഇവിടെയായിട്ട് ബിപി കൂടുതലാണ് . ഇടയ്ക്ക് തലവേദന വരും. രണ്ട് കൈകൊണ്ടും തലയിൽ അമർത്തിപ്പിടിച്ചു. അവളെ അറിയുന്ന അധ്യാപകർ അവളോട് ഇഷ്ടമുള്ളവർ അവളുടെ കൂട്ടുകാരായവർ മാത്രം അടുത്തിരുന്നു. ആശ്വസിപ്പിച്ചു. ബീന ടീച്ചറുടെ തോളിലേക്ക് ചാഞ്ഞു ശാലിനി പൊട്ടി കരഞ്ഞു.
“എത്രയെന്നുവച്ചാണ് സഹിക്കുന്നത്,?” എല്ലാവർക്കും വിഷമമായി.
അന്ന് രാത്രിയിൽ ശാലിനിയുടെ വീടിനു മുൻപിൽ ആരൊക്കെയോ പതിഞ്ഞു നടക്കുന്ന ഒച്ച കേട്ടു. വാതിലിൽ മുട്ടുന്നു. കല്ലുകൾ പെറുക്കി എറിയുന്നു തെറിവിളിക്കുന്നു. ഇതിന്റെയൊക്കെ പിന്നിൽ രാംദാസ് ആണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. തന്നേ പേടിപ്പിക്കാൻ. മോനെ ചേർത്തുപിടിച്ച് ശാലിനി കണ്ണടച്ചിരുന്നു.
പിറ്റേന്ന് രാവിലെ പതിവുപോലെ ശാലിനി സ്കൂളിലേക്ക് പോകാൻ സ്കൂട്ടർ എടുത്ത് ഇറങ്ങി. കവലയിൽ ചെന്നപ്പോൾ രാംദാസ് അവിടെ നിൽപ്പുണ്ട്. ചുറ്റും കുറെ ആളുകളോട് വർത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ചു നിൽക്കുകയാണ്. ശാലിനിക്ക് തന്റെ സമനില തെറ്റുന്നത് പോലെ തോന്നി . സ്കൂട്ടർ ഒതുക്കി വെച്ചു. കുട്ടിയെടുത്ത് താഴെ നിർത്തിയിട്ട് പറഞ്ഞു “അമ്മ ഇപ്പൊ വരാട്ടോ “.
ബാഗ് തോളിലിട്ട് ശാലിനി ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ടു നടന്ന് രാംദാസിന്റെ അടുത്തെത്തി. പെട്ടന്നാണ് അതുണ്ടായത്. എല്ലാവരും നോക്കി നിൽക്കെ അവന്റെ ചെവിയടച്ച് അവൾ ഒരെണ്ണം കൊടുത്തു. രാംദാസ് പകച്ചു പോയി. പെട്ടെന്ന് ശാലിനി ബാഗിന്റെ സൈഡ് പോക്കറ്റിൽ നിന്ന് ഒരു കത്തി എടുത്തു. അവന്റെ കോളറിന് കുത്തിപ്പിടിച്ച് ആ കഴുത്തിലേക്ക് കത്തിച്ചേർത്തു വച്ചു.
“നിന്നെ വിശ്വസിച്ച് എന്റെ വീട്ടുകാരെ പിണക്കി നിന്റെ കൂടെ ഇറങ്ങി വന്നവളാ ഞാൻ. എന്നിട്ട് നീ എന്താ എന്നോട് ചെയ്തത്, മറ്റൊരുത്തിയെ കൂടെ എന്റെ കൂടെ താമസിപ്പിക്കാം എന്ന് കരുതിയോ? എന്നെപ്പറ്റി എന്റെ സ്കൂളിലും ഞാൻ താമസിക്കുന്ന വീട്ടിലും വൃത്തികേടുകൾ എഴുതി വയ്ക്കുകയും എന്നെപ്പറ്റി ആഭാസം പറഞ്ഞു നടക്കുകയും ചെയ്തു എന്നെ തോൽപ്പിക്കാം എന്നാണോ നീ കരുതിയത്? ഈ പിഞ്ചുകുഞ്ഞിനെയും പിടിച്ചു പെരുവഴിയിലേക്ക് നീ എന്നെ ഇറക്കി വിട്ടപ്പോൾ ഒരിക്കൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നതാണ് എന്ന് ഒരിക്കൽപോലും ഓർത്തില്ലല്ലോ? “
“നീ എന്താ കരുതിയത്? ഞാൻ പേടിച്ചു പിന്മാറുമെന്നോ? നിന്നെപ്പോലെ ഒരു വൃത്തികെട്ടവനെ സ്നേഹിച്ചു പോയതാണ് ഞാൻ ചെയ്ത കുറ്റം. നിന്റെ കുഞ്ഞിനെപ്പോലും നീ തള്ളിക്കളഞ്ഞു. നിന്റെ മുമ്പിൽ ഞാൻ തോൽക്കില്ല. നിന്നെപ്പോലെ ഒരുത്തനെ പേടിച്ച് തീർക്കാനുള്ളതല്ല എന്റെ ജീവിതം. “
“എനിക്കും എന്റെ കുട്ടിക്കും ഈ നാട്ടിൽ ജീവിക്കണം. അതിനു തടസ്സം നിന്നാൽ എനിക്കിനി മുന്നും പിന്നും നോക്കാനില്ല. കുത്തി മലർത്തും ഞാൻ. ഈ നിൽക്കുന്നവരെല്ലാം ഇതിന് സാക്ഷിയാ. എന്നോട് ചെയ്തതിനൊക്കെ ഇവർ സാക്ഷിയാ. “
“ഇനി മേലാൽ എന്റെ വഴിയിൽ നീ എതിരെ വന്നാൽ…….. കേട്ടോടാ നായെ….” അവൾ അതിശക്തിയോടെ അയാളെ പിന്നിലേക്ക് തള്ളി”
ശാലിനിയുടെ കണ്ണുകൾ ജ്വലിക്കുകയായിരുന്നു. ആ കണ്ണുകളെ നേരിടാൻ രാംദാസിന് ആയില്ല . ഇത് കണ്ടും കേട്ടുനിന്ന നാട്ടുകാർ കാര്യം മനസ്സിലായതോടെ രാംദാസിനേ എടുത്തിട്ട് പെരുമാറി.
“ആ പാവം പെണ്ണിനെ ചതിച്ചിട്ട് ചെറ്റത്തരം കാണിക്കുന്നോടാ.. “
ശാലിനി സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. വർദ്ധിച്ച ഉന്മേഷത്തോടുകൂടി സ്കൂളിലേക്ക് പോയി.
“ഇനി ഒരു മണിക്കൂർ കൂടിയുണ്ട്.” കഥാരചന മത്സരത്തിന്റെ ഹാളിൽ നിന്ന അധ്യാപികയുടെ ശബ്ദം.
ശാലിനി ഞെട്ടി ഉണർന്നു. അവളുടെ ഹൃദയത്തിൽ പതിച്ച ആ മഴത്തുള്ളിയുടെ തണുപ്പ് അപ്പോഴും ബാക്കിയുണ്ടായിരുന്നു. എന്തിനാണ് മറ്റു കഥകൾ അന്വേഷിക്കുന്നത്. അവൾ ആലോചിച്ചു. സ്വന്തം കഥ മുൻപിൽ ഇങ്ങനെ ഇരിക്കുമ്പോൾ വേറെന്തിനാ. ശാലിനി അറിയാതെ പുഞ്ചിരിച്ചു പോയി.
പേനയുടെ അടപ്പു തുറന്നു. പേപ്പറിൽ വലിയ അക്ഷരത്തിൽ എഴുതി
“ഞാൻ അപരാജിത”.














