
ആ മയക്കത്തിൽ അവൾ ചെന്ന് പതിച്ചത് മഞ്ഞിൽ മറവ് ചെയ്ത ഒരു സ്വപ്നഭൂമിയിലാണ്. മരണത്തിന് മഞ്ഞിനോളം തണുപ്പുണ്ടാകുമോ? അടക്കിയ ഭൂമിയുടെ ഗന്ധം മരിച്ചവരുടെ ആത്മാവിനെ കുളിർപ്പിക്കുന്നുണ്ടാകുമോ? ദിവസങ്ങളായി നിലനിൽക്കുന്ന ശ്വാസതടസ്സം ഇപ്പോൾ അനുഭവപ്പെടുന്നില്ല. മറിച്ചായിരുന്നില്ലേ സംഭവിക്കേണ്ടത്? പരസ്പരബന്ധമില്ലാത്ത എന്തെല്ലാം ചോദ്യങ്ങളാണ് മനസ്സിൽ ഓരോ നിമിഷവും വന്നു പോകുന്നത്! വെറുതെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തെ ദീർഘിപ്പിക്കാനായ് മാത്രം. അവൾ ചുറ്റിലും കണ്ണോടിച്ചു. ശുഭ്ര വസ്ത്രമണിഞ്ഞ ഭൂമി. വർണ്ണ വിസ്മയങ്ങൾ കൊണ്ടലങ്കരിച്ച് അനന്തതയിലേക്ക് നീളുന്ന ആകാശം. ഈ രാത്രി ചീവിടുകൾ ചിലയ്ക്കുന്നില്ല. കാറ്റുപോലും എത്ര നിശബ്ദമായാണ് കടന്നു പോകുന്നത്, സമയം പോലെ! എല്ലാം ശാന്തം. ഇതല്ലേ സ്വർഗം? ഈ രാത്രിയ്ക്ക് വേണ്ടിയായിരുന്നില്ലേ എന്നും കൊതിച്ചിരുന്നത്? ഏറ്റവും വലിയൊരാഗ്രഹം സഫലമാകുമ്പോൾ മനസ്സ് ശാന്തമാവുന്നു, ശൂന്യവും! ഇതിനപ്പുറത്തേക്ക് എന്ത്? അവൾ അനന്തമായ നിദ്രയിലേക്ക് കാൽവെച്ചു.
അവളുറങ്ങിയെന്ന് ഉറപ്പായപ്പോൾ അയാൾ അവളുടെ തലയ്ക്കരികിലിരുന്ന ഡയറി തുറന്നു.
‘പതിനഞ്ച് വർഷം മുൻപ് അവന്റെയൊപ്പം ടെറസ്സിൽ ഉൽക്കമഴ കാണാൻ ഉറക്കമിളച്ച് കിടന്ന രാത്രിയുടെ ഓർമ്മകൾ എനിക്ക് ചുറ്റുമുള്ള വെളുത്ത ക്യാൻവാസിൽ തെളിഞ്ഞു. ഏകനായ ഒരു ഉൽക്ക ഒരസുലഭ പ്രതിഭാസത്തിന്റെ വരവറിയിച്ചു കൊണ്ട് കടന്നു പോയപ്പോൾ അവന്റെ വിരലുകൾ എന്റെ വിരലുകളെ തിരഞ്ഞു. ആ കൈയ്യിലെ ഊഷ്മാവ് ശരീരം മുഴുവൻ വ്യാപിക്കുന്നത് ഉദ്വേഗം പടരുന്ന ഹൃദയസ്പന്ദനത്തോടെ ഇന്നും ഞാൻ അനുഭവിക്കുന്നു. കണ്ണടച്ച് ഒരാഗ്രഹം പറയാൻ പറഞ്ഞത് അവനാണ്. ആഗ്രഹങ്ങൾ ശാസ്ത്രീയത ആവശ്യപ്പെടുന്നില്ല, ചിലപ്പോൾ വിശ്വാസം പോലും! കണ്ണു തുറന്നപ്പോൾ അവൻ തല തിരിച്ച് എന്നെ നോക്കി കിടക്കുകയാണ്. കണ്ണുകളിലെ പ്രണയത്തിന്റെ നക്ഷത്രത്തിളക്കം മറച്ചുപിടിച്ചിരുന്ന കാലം ഞങ്ങൾക്കിടയിലൂടെ ഒളിച്ചു കടന്നിരിക്കുന്നു.
‘ നീ എന്താണ് ആഗ്രഹിച്ചത്?’ അവന്റെ ചോദ്യം കേട്ട് ഞാൻ നെറ്റി ചുളിച്ചു. ‘ ആഗ്രഹങ്ങൾ പുറത്ത് പറഞ്ഞാൽ നടക്കില്ലെന്നാണ്.’ ഞാൻ പിന്തുണയ്ക്ക് വേണ്ടി മുകളിലുള്ള നക്ഷത്രങ്ങളെ നോക്കി. ‘ഉറക്കെ ചിന്തിച്ചാലാണ് ആഗ്രഹങ്ങൾ സാധിക്കാൻ സാധ്യത കൂടുതലെന്നും വാദങ്ങളുണ്ട്.’ നക്ഷത്രങ്ങൾ കണ്ണു ചിമ്മി. ഞാൻ കീഴടങ്ങി.
‘ ഇതുപോലെ നിന്റെ കൈപിടിച്ച് നോർത്തേൺ ലൈറ്റ്സ് കാണണമെന്ന്.’ എന്റെ ആഗ്രഹം അവന്റെ മുഖത്ത് പ്രകാശം പരത്തി. ‘നീയോ?’ ഒരുമിച്ച് സഞ്ചരിക്കുന്ന വിദൂരമായ ഒരു ഭാവി ഞങ്ങൾക്കുണ്ടെന്ന് അവനെക്കാളേറെ ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ട് അവനെന്താണ് ആഗ്രഹിച്ചതെന്ന് അറിയാൻ എനിക്ക് തിടുക്കമില്ലെങ്കിലും വെറുതെ ചോദിച്ചു.
‘ നിന്നെ…’ ഒന്ന് നിർത്തിയ ശേഷം അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി.
‘ എന്റെ നോർത്തേൺ ലൈറ്റ്സ് ഇവിടെ തന്നെയുണ്ടല്ലോ. നിന്റെ കണ്ണുകളിൽ.’ എനിക്ക് ചിരിയടക്കാനായില്ല.
‘ എന്നെയാണ് വേണ്ടതെങ്കിൽ അത് നേരിട്ട് ചോദിക്കാമായിരുന്നില്ലേ? വെറുതെ ഒരാഗ്രഹം പാഴാക്കി. മണ്ടൻ!’ അവൻ മറിച്ചെന്തോ പറയാൻ വായ തുറന്നതും എന്റെ ചുണ്ടുകൾ കൊണ്ട് ഞാൻ അത് തടഞ്ഞു. ആ നിമിഷം ഞങ്ങളിൽ ഒരുമിച്ച് ഉടലെടുത്ത ഒരാഗ്രഹം ഉൽക്കമഴയ്ക്ക് കീഴിൽ പെയ്തിറങ്ങി. അഭൗമമായ നിറങ്ങളുള്ള പ്രകാശത്തിന്റെ പ്രാപഞ്ചിക നടനം ഞങ്ങൾക്ക് ചുറ്റും രാത്രി മുഴുവൻ തുടർന്നു. ‘
ഒരു ദീർഘനിശ്വാസത്തോടെ സഞ്ജയ് ഡയറിയടച്ചു. അവൾ ഗാഢമായ നിദ്രയിലാണ്. രോഗത്തിൻ്റെ പ്രഹരശേഷി മരുന്നുകളെക്കൂടി തളർത്തിയിരിക്കുന്നു. അവളുടെ ശ്വസനം ദുർബലമായിക്കൊണ്ടിയ്ക്കുന്നു. അവൾ ഒന്നുമറിയുന്നില്ല! അയാൾ അവളുടെ ചെവിയ്ക്ക് പിറകിലായി പച്ചകുത്തിയ നക്ഷത്രക്കൂട്ടങ്ങളിലൂടെ വിരലോടിച്ചു. ഒരു നറുപുഞ്ചിരി അയാളുടെ ചുണ്ടുകളെ തൊട്ടു.
സുന്ദരമായ ഒരു നിമിഷം പോലും തനിക്കവകാശപ്പെട്ടതല്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചു. ദീപക്കാണ്. എടുക്കാതിരിക്കാൻ കഴിയില്ല. ‘ സഞ്ജു, ഹൗ ഈസ് ദിയ?’ ഭൂമിയുടെ മറുകോണിലിരുന്ന് അയാൾ അന്വേഷിച്ചു. ‘ ഇന്ന് കുറച്ച് റെസ്റ്റ്ലെസ് ആയിരുന്നു. വൈറ്റൽസ് അതുപോലെ തന്നെ. മെച്ചപ്പെട്ടിട്ടില്ല, മോശമായിട്ടുമില്ല. ദിയയുടെ പിടിവാശിയ്ക്ക് മാത്രം ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. ഡിസ്ചാർജ് ചെയ്യണമെന്ന് പറഞ്ഞ് വഴക്കായിരുന്നു. അടക്കിക്കിടത്താനായി സെഡേഷൻ കൊടുത്തിരുന്നു രാവിലെ. വൈകിട്ടായപ്പോഴേക്കും കുറച്ചു ശാന്തമായിരുന്നു. ഞങ്ങൾ ഏറെ നേരം സംസാരിച്ചു ഇന്ന്. ഇപ്പോഴവൾ സുഖമായി ഉറങ്ങുന്നു. ഞാൻ അടുത്ത് തന്നെയുണ്ട്.’ അയാൾ അവളുടെ മുടിയിഴകളെ വിരലുകൾക്കിടയിൽ കോർത്തു. ‘ ഉം… നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യ്. ഞാൻ ഇന്ന് രാത്രിയിലെ ഫ്ലൈറ്റിന് കയറും. മറ്റന്നാൾ രാത്രി ബാംഗ്ലൂർ.’ ദീപക് അറിയിച്ചു. ‘ഞാൻ വരാം’. രണ്ടു ദിവസം കൂടി. അവൻ വന്നാൽ ഏറ്റെടുക്കാനാഗ്രഹിക്കാത്ത, ബാക്കിയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങളെല്ലാം അവനെയേൽപ്പിക്കാം.
രണ്ടു ദിവസം മുൻപ് പുലർച്ചെ രണ്ടു മണിക്ക് ഒരു എമർജൻസി കേസ് കഴിഞ്ഞ് വന്ന് കഴിഞ്ഞു കിടന്നപ്പോഴാണ് ദീപക്കിന്റെ കോൾ വരുന്നത്. ട്രോമ സർജൻമാർക്ക് അത്രയേ ഉറക്കവും ജീവിതവും പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് തന്നെയാണ് അത് തിരഞ്ഞെടുത്തതും. സ്വകാര്യ ജീവിതത്തിന്റെ സമയദൈർഘ്യം കുറയ്ക്കാനൊരു മെഡിക്കൽ വൈദഗ്ദ്ധ്യം! പക്ഷെ, ഉറങ്ങാൻ അല്പം കൂടി സമയമാകാം.
‘എന്താ ദീപൂ ഈ നേരത്ത് ? അവിടെ നട്ടുച്ചയല്ലേ സമയം? നിനക്ക് ഡ്യൂട്ടി ഇല്ലേ ഇന്ന്?’ അമേരിക്കൻ സമയമോ ഇന്ത്യൻ സമയമോ എന്നുള്ളതിന് തന്റെ ജീവിതത്തിൽ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും അവൻ ഈ സമയത്ത് വിളിക്കുന്നത് പതിവുള്ളതല്ല.
‘നിന്റെ നേരം വെളുക്കും വരെ കാത്തിരിക്കാൻ പറ്റാത്ത കാര്യമാണ് സഞ്ജു.’ ദീപക്കിന്റെ ശബ്ദമിടറിയിരുന്നു. ‘ എന്താ ദീപൂ കാര്യം.’ സഞ്ജയ് ആശങ്കയോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ‘ എടാ… ദിയ.. അവൾ ബാംഗ്ലൂരുണ്ട്. ലൈഫ് ലൈൻ ഹോസ്പിറ്റലിൽ. ഷീ ഈസ് സിക്ക്. ഇൻഫാക്ട് വെരി സിക്ക്.’ ദീപക്ക് മുഴുമിപ്പിക്കാൻ ബുദ്ധിമുട്ടി. കാത്തുനിൽക്കാൻ സഞ്ജയ്ക്കും കഴിഞ്ഞില്ല.
‘ ദിയ? ബാംഗ്ലൂരോ? അവൾ ജെർമനിയിലാണെന്നല്ലേ രണ്ടാഴ്ച മുൻപ് വിളിച്ചപ്പോൾ നീ പറഞ്ഞത്? അവളിങ്ങോട്ട് വരുന്നത് നീ എന്നോടെന്താ പറയാഞ്ഞത്? ആൻഡ് വാട്ട് ഹാപ്പെൻഡ് ടു ഹെർ?’ ദീപക്കിന് നേരെ അയാൾ ചോദ്യശരങ്ങൾ വർഷിച്ചു. ഉച്ചത്തിലുള്ള സംസാരം കേട്ട് അടുത്ത് കിടന്ന പ്രതിഭ എഴുന്നേറ്റിരുന്ന് അയാളുടെ ചുമലിൽ കൈവെച്ചു. അയാൾ തിരിഞ്ഞു നോക്കിയില്ല. അവന് പറയാനുള്ളത് അശുഭ വാർത്തയാണ്. എത്രത്തോളം അശുഭകരം?
‘ അവൾ അങ്ങോട്ട് വന്ന കാര്യം ഞാനും ഇന്ന് രാവിലെയാണ് അറിഞ്ഞത്. അവളുടെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതാണ്. രണ്ടു ദിവസം മുൻപ് തലചുറ്റി വീണപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതാണ്. ഞാൻ ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ അവർ ഒരു ഡോ. സദാനന്ദ് നായിഡുവുമായി കണക്ട് ചെയ്തു.’ .’പക്ഷേ,ഡോ. സദാനന്ദ് നായിഡു ലൈഫ് ലൈനിലെ ഓൺകോളജി മേധാവിയല്ലേ? നീ എന്താണ് പറഞ്ഞു വരുന്നത്?’ സഞ്ജയ് ദീപക്കിന്റെ സംസാരം തടസ്സപ്പെടുത്തിക്കൊണ്ട് ചോദിച്ചു. ‘ അക്യൂട്ട് മൈലോയ്ഡ് ലുക്കിമിയ… ടെർമിനൽ സ്റ്റേജ്.’ ദീപക്കിന്റെ വാക്കുകൾ ഇടറി. തോളത്തിരിക്കുന്ന പ്രതിഭയുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് സഞ്ജയ് ചാടി എഴുന്നേറ്റു.
‘ ടെർമിനൽ സ്റ്റേജ്? നിനക്ക് അറിയില്ലായിരുന്നെന്ന് പറയരുത്. നീ ഒരു ഓൺകോളജിസ്റ്റാണ്. അവൾ നിന്റെ സഹോദരിയും. ‘ സഞ്ജുവിന്റെ മനസ്സിലേക്കൊഴുകിയെത്തിയ നൂറുവികാരങ്ങൾ ക്രോധമായി പുറത്തേക്ക് ചാടി. എന്തിനാണ് ഹൃദയം ഇത്ര നിയന്ത്രണമില്ലാതെ പെരുമാറുന്നത് ? അവൾ തന്റെ ആരാണ്? ആരുമല്ല! ‘ ഞാൻ എങ്ങനെ അറിയും സഞ്ജു? അവളെ കണ്ടിട്ട് നാല് വർഷമായി. ഓരോ കാരണങ്ങൾ പറഞ്ഞ് അവൾ വരാതിരുന്നത് ഇതുകൊണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ല. പക്ഷേ… അതൊരു എസ്ക്യൂസ് അല്ല, എന്റെ തെറ്റാണ്. അവൾ എന്റെ സഹോദരിയല്ലേ. ഞാൻ അറിയേണ്ടിയിരുന്നതല്ലേ? ഇനിയിപ്പോൾ എത്ര ദിവസങ്ങൾ പോലും ബാക്കിയുണ്ടെന്ന് പറയാനാവില്ലെന്നാണ് ആ ഡോക്ടർ പറഞ്ഞത്. ‘ അയാൾ ഏങ്ങലടിച്ചു. സഞ്ജയ് തലയിൽ കൈവെച്ചു കൊണ്ട് കട്ടിലിലിരുന്നു. അയാളുടെ ദേഷ്യം ആവിയായി ഒരിക്കലും പെയ്തു തോരാനാവാത്ത ഘനീഭവിച്ച കണ്ണുനീർതുള്ളികൾക്ക് രൂപം കൊടുത്തു.
‘ ദീപൂ ഞാൻ എന്താണ് ചെയ്യേണ്ടത്?’ നിമിഷങ്ങളുടെ മൗനത്തിനു ശേഷം അയാൾ ചോദിച്ചു. ‘ അവളെ നീ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യണം. എനിക്ക് ഇവിടത്തെ ഫോർമാലിറ്റികൾ കഴിഞ്ഞ് അങ്ങോട്ടെത്തണമെങ്കിൽ മൂന്ന് നാലു ദിവസം പിടിക്കും. അതുവരെ നീ ദിയയെ നോക്കണം. എടാ… എനിക്കറിയാം ഞാൻ എന്താനാവശ്യപ്പെടുന്നതെന്ന്. പക്ഷേ എനിക്കിത് മറ്റാരോടും പറയാൻ കഴിയില്ല.’ അയാൾ മറുപുറത്ത് നിന്ന് ഒരുത്തരത്തിനായി കാത്തു. ‘ ഡോൺട് വറി എബൌട്ട് മി. ഞാൻ ആവശ്യമുള്ളത് ചെയ്തോളാം.’ ആ ആവശ്യം നിരാകരിക്കാനാവില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണല്ലോ അവൻ ചോദിച്ചതും.
‘ ഒരു കണക്കിന് അന്ന് നിങ്ങൾ പിരിഞ്ഞത് നന്നായി. അല്ലേ?’ ആ ദുഃഖത്തിൽ തനിക്കൊരാശ്വാസം പകരാനാണോ അത് പറഞ്ഞത്.
‘ബൈ, ഐ വിൽ ടേക്ക് കെയർ ഓഫ് ഹെർ.’ അത്രയും പറഞ്ഞ് സഞ്ജയ് ഫോൺ വെച്ചു.
അവളെ കണ്ടിട്ട് വർഷങ്ങളെത്രയായി? പതിനഞ്ചോ പതിനാറോ? ഇത്രയും വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു കൂടിക്കാഴ്ച! എത്ര തീവ്രമായി പ്രണയിച്ചോ, അത്ര തന്നെ തീവ്രമായി മനസ്സിൽ കൊണ്ടുനടന്ന അവളോടുള്ള വിദ്വേഷം മുഴുവൻ ഭയമായി പരിണമിച്ചു തുടങ്ങിയിരിക്കുന്നു. ഉപേക്ഷിച്ചു പോകാനായി മാത്രം അവൾ തിരിച്ചു വന്നിരിക്കുന്നുവെന്ന യാഥാർഥ്യം തന്നെ ഇത്രയേറെ ഭയപ്പെടുത്തുന്നതെന്തു കൊണ്ടാണ്?
‘ എന്താ പ്രശ്നം സഞ്ജു?’ പ്രതിഭ മിതമായ അകലം അവർക്കിടയിൽ പാലിച്ചു കൊണ്ട് ചോദിച്ചു. അയാൾ ഇടറിയ ശബ്ദത്തിൽ കാര്യങ്ങൾ വിവരിച്ചു. എല്ലാം കേട്ട് നിശ്ശബ്ദയായിരുന്ന അവൾ ചേർന്നിരുന്ന് അയാളുടെ കയ്യിൽ വിരൽകോർത്തു. ‘ സഞ്ജുവിന് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യൂ’. അയാൾ മറുകൈ കൊണ്ട് അവളുടെ കൈപ്പത്തിയെ പൊതിഞ്ഞു. പ്രതിഭയെ പരിചയപ്പെടുന്നത് ഒന്നര വർഷം മുൻപാണ്. ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തിൽ അവൾ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ആറു മാസമായിരുന്നു അപ്പോഴേക്കും. ഒരു ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് സൈക്യാട്രി കൺസൽറ്റേഷൻ ആവശ്യമായി വന്നപ്പോൾ അന്ന് അവളായിരുന്നു ഡ്യൂട്ടിയിൽ. ആ കൂടിക്കാഴ്ച്ച ഹോസ്പിറ്റലിന്റെ പുറത്തേക്ക് നീണ്ടത് ആദ്യത്തെ കൂടിക്കാഴ്ചയിൽ പരസ്പരം തോന്നിയ ഒരാകർഷണത്തിന്റെ പുറത്തായിരുന്നു. അത് പിന്നീടാണ് സൗഹൃദമായി വളർന്നത്. വളരെ പക്വതയോടെ പെരുമാറുന്ന അവളുടെ മുൻപിൽ തനിക്ക് പറയാൻ തോന്നുന്നത് പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മുൻപിലിരിക്കുന്ന രോഗികളോട് പ്രതിവിധി നിർദേശിക്കുന്നയത്ര എളുപ്പമല്ല സ്വന്തം ജീവിതത്തിലെ സമാന സാഹചര്യങ്ങൾ നേരിടുന്നത്. പക്ഷെ, തന്റെ എല്ലാ ന്യൂനതകളെയും അംഗീകരിച്ച്, വിവാഹത്തോടുള്ള താല്പര്യക്കുറവ് പോലും ഉൾക്കൊണ്ടുകൊണ്ട് കൂടെ ജീവിക്കാൻ അവൾ തയ്യാറായിട്ട് വർഷം ഒന്ന് കഴിയുന്നു. എത്ര ദുഷ്കരമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ അവൾക്ക് സാധിക്കും. ജീവിതം എവിടെയും തടയാതെ, തങ്ങാതെ ഒഴുകുകയായിരുന്നു പ്രതിഭ വന്നതിനു ശേഷം. വീണ്ടും അത് ദിയയിൽ ചെന്ന് തട്ടി തടഞ്ഞു നിൽക്കുന്നു.
ഇന്റേൺഷിപ് കാലഘട്ടത്തിലെ ഒരവധി ദിവസം റൂംമേറ്റും ഉറ്റസുഹൃത്തുമായ ദീപക്കിന്റെ വീട്ടിൽ പോയ ദിവസമാണ് അവളെ ആദ്യമായി കാണുന്നത്. അവന്റെ മൂത്ത സഹോദരിയാണ് ദിയ. അവളുടെ ഭാഷയിൽ തന്നേക്കാളും ദീപക്കിനെക്കാളും നാല് ക്രിസ്തുമസും ന്യൂയിറും കണ്ടവൾ! കോളിങ് ബെൽ അടിച്ചപ്പോൾ കറുത്ത ഓവർ സൈസ്ഡ് ടീഷർട്ടും ഷോർട്സുമിട്ട് അഴിച്ചിട്ട തലമുടിയുമായി അവൾ വാതിൽ തുറന്നു. പ്രപഞ്ചരഹസ്യങ്ങളൊളിപ്പിച്ച അവളുടെ വിടർന്ന പച്ചക്കണ്ണുകളിലേക്ക് അന്ധാളിപ്പോടെ കണ്ണെടുക്കാതെ നോക്കിനിന്ന തന്നെ അവൾ രൂക്ഷമായി അടിമുടി നോക്കി.
‘ ഉം? ഹൂ ആർ യു? വാട്ട് ടൂ യു വാണ്ട്? ‘ തന്റെ വരവ് നേരത്തെ അറിഞ്ഞിട്ടും അജ്ഞത ഭാവിച്ച് തികഞ്ഞ പുച്ഛഭാവത്തോടെ അവൾ ചോദിച്ചു.
‘ചേച്ചീ, ഞാൻ ദീപുവിന്റെ ഫ്രണ്ടാണ്. സഞ്ജയ്.’ കണ്ട മാത്രയിൽ തോന്നിയ കൗതുകമോ ഇഷ്ടമോ കൊണ്ടോ അങ്ങനെ വിളിക്കാനനുവദിക്കാത്ത മനസ്സിനെ മറികടന്നാണ് മസ്തിഷ്കം മറുപടി പറഞ്ഞത്. അപ്പോൾ തന്നെ ഖേദിക്കേണ്ടി വന്നു.
‘അതിന്? ഞാനെങ്ങനെയാ ചെറുക്കാ നിന്റെ ചേച്ചിയാവുന്നത്?’ അവൾ കണ്ണുകളുരുട്ടിക്കൊണ്ട് വഴി തടഞ്ഞു നിൽപ്പായി. ഇരുട്ടത്താണെങ്കിൽ ആദ്യമായി കാണുന്നവർ പേടിക്കുക തന്നെ ചെയ്യും. ലങ്കാലക്ഷ്മി! ‘ദിയാ… അവനെ അകത്തേക്ക് കടത്തി വിട്.’ ദീപു ചിരിച്ചു കൊണ്ട് പിറകിൽ പ്രത്യക്ഷപ്പെട്ടു. അസ്വാരസ്യത്തോടെ നിൽക്കുന്ന എന്റെ കണ്ണുകളിലേക്ക് അവൾ നോക്കി. ആത്മാവിനെ ചൂഴ്ന്നെടുക്കുന്ന നോട്ടം, സകല നാഡികളെയും തളർത്തുന്ന നോട്ടം. ‘ ദിയ… കാൾ മി ദിയ…അങ്ങനെ വിളിക്കാമെങ്കിൽ മാത്രം അകത്തേക്ക് പ്രവേശനം’ അവൾ അധികാരസ്വരത്തിൽ പറഞ്ഞു. ‘ ഫീൽസ് ഫെയർ ടു മി.’ ഞാൻ അവൾക്ക് തുല്യൻ. സന്തോഷം! ഇത്തവണ അവളുടെ കണ്ണുകളെ ഒരു നോട്ടം കൊണ്ട് തളയ്ക്കാൻ ശ്രമിച്ചു. ആ തണുത്തുറച്ച കണ്ണുകളിൽ നിന്ന് ഭാവഭേദങ്ങൾ വായിച്ചെടുക്കുന്നത് പ്രയാസം. അവൾ പരിഹാസം നിറഞ്ഞ ചെറുപുഞ്ചിരിയോടെ എന്റെ ഹൃദയത്തിന്റെ വാതിൽ തള്ളിത്തുറന്നു കൊണ്ട് വഴിമാറി. ‘ഹീ ഈസ് ഹാൻഡ്സം’ പോകുന്ന വഴിക്ക് അവൾ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു. ഒരാൾ മനസ്സിൽ സ്ഥാനം പിടിക്കാൻ എത്ര സമയം വേണം? നിമിഷങ്ങൾ? ഒരു നിമിഷത്തിന്റെ പകുതി?
‘ദിയാ…. ദിയാ…’ സഞ്ജുവിന്റെ ശബ്ദം കേട്ട് അവൾ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു. കാണാൻ കൊതിച്ചിരുന്ന പച്ചക്കണ്ണുകളിൽ പ്രകാശം മങ്ങിയിരിക്കുന്നു. അയാളുടെ ഹൃദയത്തിൽ ഒരു കുപ്പിച്ചില്ല് കയറിയത് പോലെ തോന്നി. ‘ സഞ്ജു…. ഹൈ…’ അവൾ ചിതറിയ ശബ്ദത്തോടെ പറഞ്ഞു. ‘ഹൗ ടു യു ഫീൽ നൗ?’ അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ‘ സ്റ്റിൽ എലൈവ്’ അവൾ മുഖം തിരിച്ചു. ഒരു നിമിഷം കൊണ്ട് ധൈര്യത്തെ ചോർത്തിക്കളയാൻ അവൾക്ക് ഇന്നും സാധിക്കുന്നു! ‘ ദീപക് വിളിച്ചിരുന്നു. ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് മാറ്റിയത് അവൻ പറഞ്ഞിട്ടാണ്. ഇന്നലെ ഇങ്ങോട്ട് വരുമ്പോൾ ദിയ നല്ല മയക്കത്തിലായിരുന്നു.’ അയാൾ അറിയിച്ചു. ‘ നിന്നെ ഞാൻ നേരത്തെ ഉപേക്ഷിച്ചത് നന്നായെന്ന് അവൻ പറഞ്ഞില്ലേ?’ ‘ അവൾ മുഖം തിരിച്ച് മന്ദഹസിച്ചു. അവിടെ നിന്ന് എത്രെയും പെട്ടന്ന് രക്ഷപ്പെട്ടേ മതിയാകൂ. ‘ ഡ്യൂട്ടിയുണ്ട്. അതു കഴിഞ്ഞു വരാം.’
‘സഞ്ജു, അവൾ നിന്നെക്കാൾ പ്രായത്തിൽ മുതിർന്നതാണെന്നുള്ളതൊന്നുമല്ല എന്റെ ആശങ്ക. എന്റെ സഹോദരിയായത് കൊണ്ടു തന്നെ അവളുടെ സ്വഭാവം എനിക്ക് നല്ലത് പോലെ അറിയാം. അവളുടെ ലോജിക്കൊന്നും നമുക്ക് മനസ്സിലാവില്ല. മെഡിസിന് ചേർന്ന് രണ്ടാം വർഷം പഠിപ്പ് നിർത്തിയിട്ടാണ് സോഷ്യൽ വർക്കിൽ ഡിഗ്രി എടുക്കാൻ പോയത്. അപ്പയും അമ്മയും എത്ര വിഷമിച്ചെന്നറിയുമോ. ചില സമയത്ത് ഷീ ഈസ് എ ടോട്ടൽ സൈക്കോ. അവൾ കാരണം നീ വേദനിക്കാനിടയാവരുത്.’ ദിയയുമായുള്ള അടുപ്പത്തിന്റെ ദിശ മാറുന്നത് വ്യക്തമായപ്പോൾ ദീപു തന്ന താക്കീതാണ്. അവൾ ജീവിതത്തിലേക്ക് കടന്നു വന്ന നിമിഷങ്ങൾ മുതൽ അനുഭവിച്ച വികാരങ്ങളുടെ തീവ്രത ഒരു നെരിപ്പോട് പോലെ എന്നും ഉള്ളിൽ എരിയുന്നുണ്ട്. ഒന്നും എളുപ്പമായിരുന്നില്ല അവൾക്കൊപ്പം. പ്രണയിക്കുന്നതും പ്രണയിക്കാതിരിക്കുന്നതും ഒന്നും. പക്ഷെ, അവൾ നിലനിൽക്കുന്ന ഏടുകൾ പറിച്ചു കളഞ്ഞാൽ ഈ ജീവിതത്തിൽ ഹൃദ്യമായ എന്തോർമ്മകളാണ് ബാക്കിയുള്ളത്?
വൈകിട്ട് പ്രതിഭയെയും കൂട്ടിയാണ് സഞ്ജയ് ദിയയെ കാണാൻ ചെന്നത്. ഹ്രസ്വമായ പരിചയപ്പെടലിനു ശേഷം പ്രതിഭ പോകാനൊരുങ്ങി. ‘ ഇവനെ എന്റെയടുത്ത് വിട്ടിട്ട് പോകാനുള്ള ധൈര്യം ഞാൻ മരിക്കുമെന്ന ഉറപ്പാണോ?’ ദിയ പരിഹാസത്തോടെ ചോദിച്ചു.
‘ മരിക്കുമെന്നുള്ള ഉറപ്പ് തന്നെയല്ലേ ജീവിതത്തിന് മൂല്യം കൊടുക്കുന്നത്? കിട്ടുന്ന സമയം നന്നായി ചിലവഴിക്കൂ.’ പ്രതിഭ പ്രസന്നമായ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ‘ ഐ ലൈക് ഹെർ. ബട്ട്, നീ അവളോട് നീതി പുലർത്തുന്നുണ്ടോ?’ ദിയ സഞ്ജുവിനെ നോക്കി. ‘ ഇറ്റ്സ് നൺ ഓഫ് യുവർ ബിസിനെസ്സ് ദിയാ ‘ അയാൾ സംയമനം പാലിക്കാൻ ബുദ്ധിമുട്ടി.
പ്രതിഭ മുറിക്ക് പുറത്തിറങ്ങിയപ്പോൾ സഞ്ജയ് പിറകെ ചെന്നു. ‘ അവൾ നിനക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു?’ അയാൾ പറഞ്ഞു. ‘അസ്വസ്ഥനായത് സഞ്ജുവല്ലേ? യു നോ വൈ? നിങ്ങൾക്കിടയിൽ പ്രണയം ഇന്നും തീവ്രമായി തന്നെ നിലനിൽക്കുന്നു. അത് സഞ്ജു മറച്ചു പിടിക്കേണ്ട ആവശ്യമില്ല, എനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ചെയ്തത് എത്ര വലിയ തെറ്റാണെങ്കിലും ഈ അവസ്ഥയിൽ അവൾ ദയ അർഹിക്കുന്നുണ്ട്. ജീവിക്കാൻ സമയമില്ലെന്ന് അറിയുന്നത് തന്നെ ഏറ്റവും വലിയ ശിക്ഷയാണ്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയതും അതാണ്, എന്തുകൊണ്ടോ അവൾ മരണത്തെ ഭയക്കുന്നില്ല. ഭയക്കുന്നത് സഞ്ജുവാണ്.’ സഞ്ജയ് നിസ്സംഗതയോടെ പ്രതിഭയുടെ കണ്ണുകളിലേക്ക് നോക്കി. ‘ നീ അവളോട് കാണിക്കുന്ന ദയ എന്നോട് കാണിക്കാത്തതെന്താണ്? അസൂയാലുവായ ഒരു ഗേൾഫ്രണ്ടായി അവളോട് സംസാരിക്കാനനുവദിക്കാതെ ഈ ദുരവസ്ഥയിൽ നിന്ന് എന്നെ രക്ഷിച്ചൂടെ?’ അയാൾ അടുത്തുള്ള ചുമരിലേക്ക് തലചായ്ച്ച് കണ്ണുകളടച്ചു. ‘ ഇല്ല, ഞാനത് ഒരിക്കലും ചെയ്യില്ല. കാരണം സഞ്ജു നീതി അർഹിക്കുന്നുണ്ട്. ചോദിക്കേണ്ടത് ചോദിക്കാതെയും പറയാനുള്ളത് പറയാതെയും അവൾ കടന്നു പോയാൽ സഞ്ജുവിന് ജീവിതത്തിലോ ദിയയ്ക്ക് മരണത്തിലോ ശാന്തിയുണ്ടാവില്ല. ഇത് ഒളിച്ചോടാനുള്ള സമയമല്ല.’ വികാരങ്ങളെ സാഹചര്യങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള പ്രതിഭയുടെ സാമർത്ഥ്യത്തോട് എന്നും ബഹുമാനം തോന്നാറുണ്ട്. പക്ഷെ ഇന്നത്തെ രാത്രി എങ്ങനെ ചുരുളഴിയുമെന്നോർക്കുമ്പോൾ ധൈര്യം ചോർന്നു പോകുന്നത് പോലെ.
‘ ഞാൻ ഇന്ന് മരിക്കുമോ?’ തിരിച്ചു ചെന്നപ്പോൾ ദിയ നിർവികാരതയോടെ ചോദിച്ചു. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി. ‘ ഞാൻ നിന്നോട് എന്ത് തെറ്റാണ് ദിയാ ചെയ്തത്?’ അയാൾ അസ്വാരസ്യത്തോടെ ചോദിച്ചു.
‘ നീയൊരു തെറ്റും ചെയ്തിട്ടില്ല സഞ്ജു.. നിന്റെ മനസ്സിൽ ഞാനുണ്ടാക്കി വെച്ച മുറിവിന്റെ ആഴം എനിക്കറിയാം. അത് തുറന്ന് കിടക്കുമ്പോൾ നിനക്കൊരിക്കലും മുൻപോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കാതെ പോയത് എന്റെ തെറ്റാണ്. അത് കൊണ്ടാണ് ഇത്ര കാലത്തിനു ശേഷവും ഈ അവസ്ഥയിൽ നിന്നെ കാണാനായി ബാംഗ്ലൂർക്ക് വന്നത്. നിനക്ക് എന്നോട് ദേഷ്യം കാണിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഒരു പരിധി വരെ ഞാനതർഹിക്കുന്നുമുണ്ട്. ‘ അവളുടെ സ്വരത്തിൽ ഒരിക്കലുമില്ലാത്ത ശാന്തത.
‘ ഞാൻ മെഡിസിന് സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് കോളേജിൽ ബ്ലഡ് ഡൊണേഷൻ ക്യാംപ് വന്നത്. അന്നാണ് ഞാനറിയുന്നത് എന്റെ ബ്ലഡ് ഗ്രൂപ്പ് വീട്ടിലെ മാറ്റാരുടെ ബ്ലഡ് ഗ്രൂപ്പുമായി സാമ്യതയില്ലെന്ന്. ‘ ആർക്കു മുൻപിലും തുറക്കാത്ത തന്റെ ഭൂതകാലത്തിന്റെ വാതിൽ ആദ്യമായി അയാൾക്ക് മുൻപിൽ തുറക്കാൻ അവൾ സന്നദ്ധയായി. ‘വാട്ട് ടു യു മീൻ?’ സഞ്ജയ് അമ്പരപ്പോടെ അവളെ നോക്കി. ‘അപ്പ പണ്ട് സ്കോട്ട്ലാൻഡിലെ എംബസിയിൽ ജോലി ചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ഒരു അവിവാഹിതയായ ഇന്ത്യൻ സുഹൃത്തിന് അവിടെയുള്ള ഒരാളിൽ ജനിച്ചതാണ് ഞാൻ. അപ്പയും അമ്മയും അന്ന് കുട്ടികളുണ്ടാവാതെ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നതു കൊണ്ട് അവരെന്നെ ഏറ്റെടുത്തു. അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഷോക്കായി. ഞാനത് എങ്ങനെയെങ്കിലും അറിയുമെന്ന് അപ്പയും അമ്മയും ആലോചിക്കണമായിരുന്നു. കോളേജിലുള്ള ചിലരൊക്കെ അറിഞ്ഞു. പിന്നീട് ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ മെഡിസിൻ പഠനം ഉപേക്ഷിച്ചത്. ദീപുവിന് ഒന്നും അറിയില്ലായിരുന്നു. അവനന്ന് പ്ലസ്ടുവും എൻട്രൻസ് പഠനവുമൊക്കെയായി ഹോസ്റ്റലിലായിരുന്നു. പപ്പയുടെ ലീനിയേജിലുള്ള ഒരു വിദേശ കണക്ഷനാണ് എന്റെ പച്ചക്കണ്ണുകൾക്ക് പിറകിലെന്നാണ് അവനിപ്പോഴും വിശ്വസിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും അവനെനിക്കെന്റെ അനിയനാണ്. അതിലൊരു മാറ്റം സംഭവിക്കുന്നത് കൂടി സഹിക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല അതുകൊണ്ട് ഒന്നും പറയരുതെന്ന് അപ്പയെയും അമ്മയെയും കൊണ്ട് സത്യം ചെയ്യിച്ചു. ‘ അവൾ ദീർഘമായി ശ്വസിച്ചു.
ആശയക്കുഴപ്പത്തോടെ കുറച്ചു നേരം നിശ്ശബ്ദനായിരുന്ന ശേഷം സഞ്ജയ് അവളെ നോക്കി. ‘ ഇതൊക്കെ നമ്മൾ കാണുന്നതിന് മുൻപ് നടന്ന സംഭവങ്ങളല്ലേ? ഇതൊന്നും നീ എന്നെ ഉപേക്ഷിച്ചു പോയതിനുള്ള കാരണമല്ലല്ലോ! ‘ ഇന്ന് ഉത്തരങ്ങൾക്കുള്ള ദിവസമാണെന്ന് ആ മുറിയിലേക്ക് കയറും മുൻപ് തീരുമാനിച്ചതാണ്. ‘ ജെർമനിയിൽ ഞാനൊരു പ്രൊജക്റ്റിന് പോയത് ഓർമ്മയില്ലേ?’ ദിയ ചോദിച്ചു. ‘ ഉം… മെഡിക്കൽ അഡ്വാൻസ്മെൻറ്സ് ഇൻ സോഷ്യൽ വെൽഫയർ! എങ്ങനെ മറക്കാൻ? അതിനു പോയി വന്നപ്പോഴാണല്ലോ എന്നെ ഉപേക്ഷിച്ചാലേ നിനക്ക് സാമൂഹ്യ സേവനം ചെയ്ത് ജീവിക്കാൻ പറ്റൂ എന്ന വെളിപാടുണ്ടായത്? ടെൽ മീ ദിയാ, അന്നും ചോദിച്ചതാണ് ശരിക്കും അന്നവിടെ നിനക്ക് വേറെയാരോടെങ്കിലും…? സഞ്ജയ് ഗൗരവത്തോടെ ചോദ്യം പകുതിയിൽ നിർത്തി. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. ‘ ജർമനിയ്ക്ക് പോകുന്നതിന് തലേന്ന് അവർ മരിച്ചു. എനിക്ക് ജന്മം തന്ന അമ്മ. ലുക്കിമിയ. എന്നെങ്കിലും അവരെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ അവിടെ അസ്തമിച്ചു. പക്ഷെ ജർമനിയിലെ കോൺഫറൻസിനിടയിൽ പ്രതീക്ഷിക്കാനാവാത്ത മറ്റൊന്ന് സംഭവിച്ചു. ജനിതകമായി കൈമാറാൻ സാധ്യതയുള്ള ചില അസുഖങ്ങൾ കണ്ടെത്താനായുള്ള ഒരു പ്രൊജക്റ്റിന് ബ്ലഡ് സാമ്പിൾസ് എടുക്കുന്നുണ്ടായിരുന്നു. അതിലൊന്ന് ലുക്കിമിയ ആയിരുന്നു. ഞാൻ എന്റെത് കൊടുത്തു.’ അവൾ ബാക്കി പറയും മുൻപ് സഞ്ജയ് കൈ കൊണ്ട് തടഞ്ഞു. ‘ ആൻഡ് ഇറ്റ് കെയ്മ് പോസിറ്റീവ്. അതു കൊണ്ട് എന്നെ രക്ഷിക്കാനായി നീ സ്വയം അങ്ങനെയൊരു തീരുമാനമെടുത്തു… എന്നെക്കുറിച്ച് എല്ലാമറിഞ്ഞിരുന്നിട്ടും! ഗ്രേറ്റ്… ദിയാ… ഗ്രേറ്റ്!!!’ അയാൾ അവൾ പറഞ്ഞതിന്റെ ബാക്കി പൂരിപ്പിച്ചതിനു ശേഷം രോഷത്തോടെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.
ദിയയന്ന് ജീവിതത്തിൽ നിന്നിറങ്ങിപ്പോയപ്പോൾ ആത്മബന്ധങ്ങളിലുള്ള വിശ്വാസം കൂടിയാണ് തനിക്ക് നഷ്ടപ്പെട്ടത്. ആകെ ബാക്കിയായത് ദീപുവുമായുള്ള സൗഹൃദമാണ്. ഹോസ്പിറ്റൽ കാന്റീനിലെ ഡോക്ടർമാർക്കുള്ള ഏരിയയിലെ ഒഴിഞ്ഞ കോണിലിരിക്കുമ്പോൾ സഞ്ജയ്ക്ക് തന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങൾക്കും വ്യക്തത വന്നിരുന്നു. ഇന്ന് എല്ലാവരോടും ക്ഷമിക്കേണ്ട ദിവസം കൂടിയായിരിക്കണം. എന്നും കലഹിക്കുന്ന അച്ഛനമ്മമാർക്കിടയിൽ സ്നേഹത്തിന്റെ ഒരു കണിക പോലും നിലനിന്നിരുന്നതായി ഓർത്തെടുക്കാൻ പോലുമില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ അച്ഛനെയുപേക്ഷിച്ചു പോകുമ്പോൾ തന്നേക്കൂടി കൊണ്ടു പോയിരുന്നെങ്കിൽ മനസ്സിൽ ഇത്ര വലിയ മുറിവുകളുണ്ടാക്കാൻ ദിയയ്ക്ക് കഴിയുമായിരുന്നില്ല . ദിയയെപ്പോലെ അവർക്കും കാരണങ്ങളുണ്ടായിരുന്നു. അച്ഛന് നൽകാൻ പറ്റുന്ന സാമ്പത്തികമായ സംരക്ഷണമോർത്താണ് അന്നവരങ്ങനെ ചെയ്തത്. പക്ഷെ, രണ്ടു പേരും ചിന്തിക്കാതെ പോയത് തനിക്ക് വേണ്ടത് എന്തായിരുന്നുവെന്നുള്ളതാണ്. എന്തു വേണമെന്ന് തിരഞ്ഞെടുക്കാനുള്ള ഒരവസരം ഒരാളുടെ ബാക്കി ജീവിതത്തിന്റെ ഗതിയെ എത്രത്തോളം സ്വാധീനിക്കുമെന്ന് എന്തു കൊണ്ട് അവർ ചിന്തിച്ചില്ല? എല്ലാവരും അവനവന്റെ ഭാഗം ശരിയായിരിക്കാൻ വേണ്ടി സ്വയം വേദനിക്കുന്നു, ആ ശരിക്ക് വേണ്ടി തന്നെ മറ്റൊരാളെയും വേദനിപ്പിക്കുന്നു. സത്യത്തിൽ ശരികൾ ആരോടെങ്കിലും നീതി പുലർത്തുന്നുണ്ടോ? അറിയില്ല. ജീവിതം വീണ്ടും വീണ്ടും ഒരാളെ ഒരേ അവസ്ഥയുടെ പാഠാന്തരങ്ങളിൽ കൊണ്ടുച്ചെന്ന് നിർത്തുന്നു. എന്തിനു വേണ്ടി? വിധിയെ വെല്ലുവിളിക്കാൻ പ്രേരിപ്പിക്കാനോ? അതോ സ്വന്തം ജീവിതത്തിന് മുകളിൽ തനിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് മനസ്സിലാക്കിത്തരാനോ? ചില നേരത്ത് ജീവിതത്തിന് തന്നെ ഒരർത്ഥവും ഇല്ലെന്ന് തോന്നും.
ഹോസ്പിറ്റലിൽ ചുറ്റി നടന്ന് രാത്രി അവളുടെ മുറിയിലേക്ക് ചെന്നപ്പോഴേക്കും അയാളുടെ മനസ്സ് തണുത്തിരുന്നു. സഞ്ജയ് അവൾക്കരികിലുള്ള കസേരയിൽ ചെന്നിരുന്നു. ‘ എന്നാണ് നിന്റെ അസുഖം സ്ഥിതീകരിച്ചത്? ‘ പ്രസക്തിയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടിക്കഴിഞ്ഞു. എന്നാലും അവളെക്കുറിച്ച് അറിയാൻ ഇനി കുറച്ചു സമയമേ തനിക്ക് അനിവദിച്ചിട്ടുള്ളുവെന്നതിനെക്കുറിച്ച് അയാൾ ബോധവാനായി.
‘ ആറു വർഷം മുൻപ്. അത്തവണത്തെ ചികിത്സയിൽ മുഴുവൻ ഭേദമായെന്ന് കരുതിയതാണ്. ആറു മാസം മുൻപാണ് വീണ്ടും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ടെസ്റ്റ് ചെയ്തപ്പോഴേക്കും വാല്യൂസ് ഒക്കെ പരിധി വിട്ട് എത്രയോ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.’ അവൾ വാക്കുകൾ നിയന്ത്രിച്ചാണ് ഉപയോഗിക്കുന്നത്. അവൾക്ക് സംസാരിക്കാനുള്ള ശക്തി പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വേദനയോടെ അയാൾ മനസ്സിലാക്കി.
‘ ദീപുവിനോട് നീയെന്താ ഒന്നും പറയാഞ്ഞത്? അവന് നിന്നെ സഹായിക്കാൻ കഴിയുമായിരുന്നെന്ന് നിനക്കറിയില്ലേ?’ വീണ്ടും അർത്ഥമില്ലാത്ത ചോദ്യങ്ങൾ. ‘ അവനോട് പറയാൻ പോയാൽ അവനറിയുന്ന അവന്റെ ജീവിതത്തിൽ തന്നെ ഒരുപാട് തിരുത്തലുകൾ വരുത്തേണ്ടി വരും. അത് വേണ്ടെന്ന് തോന്നി.’
എന്തിനും അവളുടേതായ ഉത്തരങ്ങൾ! ‘മണ്ടത്തരങ്ങളല്ലാതെ എന്തെങ്കിലും നീ ചെയ്തിട്ടുണ്ടോ ദിയാ? ‘ അയാളുടെ മുഖത്ത് വേദനനയ്ക്കിടയിൽ ഗൗരവം നിറഞ്ഞു നിന്നു. ‘ ഞാൻ നിന്നെ സ്നേഹിച്ചില്ലേ?’ അവൾ മന്ദഹസിച്ചു. ‘ അത് ഞാൻ ചെയ്ത മണ്ടത്തരം.’ അയാൾക്ക് തടുക്കാനാകും മുൻപ് ഉത്തരം പുറത്തു ചാടി. അവൾ ആദ്യമായി ഉറക്കെ ചിരിച്ചു. കുറച്ചു നേരം ഒന്നും മിണ്ടാതെ അയാൾ അവളെത്തന്നെ നോക്കിയിരുന്നു.
നേഴ്സ് വന്ന് രാത്രി കൊടുക്കേണ്ട മരുന്നുകളെല്ലാം കൊടുത്തു പോയപ്പോൾ അയാൾ വാതിലടച്ചു. ‘ ഉറങ്ങണ്ടേ? സമയം പത്തുമണിയായി’ അവൾ വേണ്ടെന്ന് തലയാട്ടിയ ശേഷം കട്ടിലിനൊരുവശത്തേക്ക് നീങ്ങിക്കിടന്നു. തനിക്കാണെന്ന് ഉറപ്പുള്ള ആ ഒഴിച്ചിട്ട സ്ഥലത്ത് അയാൾ കയറിക്കിടന്നു. പരസ്പരം അഭിമുഖമായി കണ്ണുകളിൽ നോക്കികിടക്കുമ്പോൾ അവർക്കിടയിലെ വർഷങ്ങളുടെ വിടവുകൾ അപ്രത്യക്ഷമായി.
‘ഒരു തിരിച്ചു വരവില്ലെന്ന് മനസിലായപ്പോൾ മുതൽ നിന്നെ കാണണമെന്ന് ആഗ്രഹിക്കുകയായിരുന്നു. ‘ അവൾ അയാളുടെ കവിളിൽ കൈ വെച്ചു.. ‘ നീ പ്രതിഭയ്ക്കൊപ്പം താമസിക്കാൻ തുടങ്ങിയ വിവരം ദീപു പറഞ്ഞപ്പോൾ നീ കഴിഞ്ഞതെല്ലാം മറന്ന് മുൻപോട്ട് പോവാൻ തീരുമാനിച്ചെന്ന് കരുതി ഞാൻ സന്തോഷിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ തയ്യാറായിട്ടില്ലെന്ന് കേട്ടപ്പോൾ മനസ്സിലായി നീ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണെന്ന്. ഞാൻ നിന്നെ ഉപേക്ഷിച്ചിടത്ത്, ഒരുപക്ഷെ അതിനേക്കാൾ പിറകിൽ ‘. അയാൾ അവളുടെ കൈമേൽ കൈ വെച്ചു. ‘ അതെ, നീ ഉപേക്ഷിച്ചു പോയിടത്ത്. അവിടെ വെച്ച് എന്റെ ജീവിതം നിലച്ചു. യാന്ത്രികമായി ജീവിച്ചു കുറേക്കാലം. പലതും പരീക്ഷിച്ചു. പലരും വന്നുപോയി. ആർക്കും നീയാവാൻ കഴിഞ്ഞില്ല. ഒന്നിനും നിനക്ക് പകരമാവാൻ കഴിഞ്ഞില്ല. നീ ജീവിതത്തിൽ കൊണ്ടുവന്ന പ്രതീക്ഷകൾ നീ തന്നെ തകർത്തിട്ട് പോയി. ആ അലച്ചിലിനിടയിൽ എവിടെ വെച്ചോ പ്രതിഭയെ കണ്ടുമുട്ടി. എന്തോ ഒരാശ്വാസം എനിക്ക് തരാൻ അവൾക്ക് കഴിഞ്ഞു. അവളെ ഞാൻ സ്നേഹിക്കുന്നുണ്ട്, പക്ഷെ നിന്നെ പ്രണയിച്ചത് പോലെ പ്രണയിക്കാൻ കഴിഞ്ഞിട്ടില്ല. വേദനകളെ താത്കാലികമായി ദീർഘനേരത്തേക്ക് മരവിപ്പിക്കാൻ പറ്റിയ ഒരു മരുന്ന് മാത്രമാണവളെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട്. ദീപുവിന്റെ കോൾ വന്നത് മുതൽ നിന്നോടുള്ള ദേഷ്യമായിരുന്നു മനസ്സ് നിറയെ, ഭയവും. ‘ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. ‘ നോ സഞ്ജു, ഐ ആം പീസ്ഫുൾ. ഞാനിന്ന് ഏറ്റവും സമാധാനത്തോടെയാണ് ഇവിടെ കിടക്കുന്നത്. നിന്റെ ഭയവും ദുഃഖവുമൊന്നും താങ്ങാനുള്ള കരുത്തെനിക്കില്ല ‘ അവളുടെ ശ്വാസത്തിന്റെ ഗതി ആയാസകരമാവുന്നത് അയാൾ ശ്രദ്ധിച്ചു. തന്റെ വികാരങ്ങൾ കൊണ്ട് ശേഷിക്കുന്ന നേരം അവളെ മുറിപ്പെടുത്താതിരിക്കാനായി സ്വയം നിയന്ത്രിക്കാൻ അയാൾ ദീർഘമായി ശ്വസിച്ചു.
‘ നമുക്കൊന്നിച്ച് നോർത്തേൺ ലൈറ്റ്സ് കാണാൻ പറ്റിയില്ല…’ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അവളുടെ വരണ്ട ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. ‘ ഞാൻ ഇപ്പോൾ അത് കണ്ടുകൊണ്ടിരിക്കുകയാണ്. ‘ ആ നിമിഷങ്ങളെ അവർ കണ്ണുകൾ കൊണ്ട് ബന്ധിച്ചു. അയാളുടെ ഹൃദയത്തിൽ ഹരിതവർണത്തിലുള്ള പ്രകാശം നിറഞ്ഞു. ഒരുപക്ഷെ അവളെപ്പോലും ഇത്ര ഭ്രാന്തമായി പ്രണയിച്ചത് തന്റെയുള്ളിലെ വിടവുകൾ നികത്താനായിരുന്നിരിക്കണം. ഇന്ന് തോന്നുന്ന തീവ്രമായ ദുഖത്തിനിടയിലും സത്യങ്ങൾ നൽകുന്ന സ്വാതന്ത്ര്യം! അയാൾ നോക്കിയിരിക്കെ അവൾ പതുക്കെ മയക്കത്തിലേക്ക് വഴുതി വീണു. അപ്പോഴാണ് അവളുടെ തലയ്ക്കലുള്ള ഡയറിയിൽ ശ്രദ്ധ പതിഞ്ഞതും, അനുവാദമില്ലാതെ അത് തുറന്ന് നോക്കാൻ മനസ്സ് പ്രേരിപ്പിച്ചതും.
ദിയയുടെ ഡയറി അടച്ച് വെച്ച ശേഷം അവളെത്തന്നെ നോക്കിക്കിടന്ന സഞ്ജയ് എപ്പോഴോ ഉറങ്ങിപ്പോയി. എത്ര നേരം ആ സമാധാനപരമായ ഉറക്കം നീണ്ടുവെന്നറിയില്ല. കയ്യിൽ ശക്തമായി പിടി മുറുകിയപ്പോൾ, ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അയാൾ ചാടിയെഴുന്നേറ്റു. അവൾ ശ്വാസം കിട്ടാതെ പിടയുന്നു. സഞ്ജയ് മോണിറ്ററിൽ നോക്കി. ജീവന്റെ ഗതി നിയന്ത്രിക്കുന്ന ശരീരപ്രവർത്തനങ്ങളെല്ലാം ഒരുമിച്ച് പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നു. അവൾ പോകാനൊരുങ്ങുകയാണ്, പക്ഷെ വിട പറയാൻ മനസ്സ് തയ്യാറായിട്ടില്ല. അല്പസമയം കൂടി തനിക്ക് കിട്ടിയേ മതിയാകൂ! എമർജൻസി ബട്ടൺ അമർത്തി ഓക്സിജനും മരുന്നുകളും കൊടുത്ത് അവളെ തിരിച്ചു കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു. കുറച്ചു നേരത്തെ ചെറുത്തുനിൽപ്പിന് ശേഷം അവൾ കീഴടങ്ങി. പക്ഷെ അയാൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആ ശരീരത്തിൽ ജീവന്റെ ഒരു തരിയെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് മതി. അയാൾ ഇരുകയ്യുമുപയോഗിച്ച് ശക്തിയായി അവളുടെ നെഞ്ചിൽ അമർത്തി കൊണ്ടിരുന്നു. ഇരുപത് മിനിറ്റ് കഴിഞ്ഞും അയാൾ അവളെ തിരിച്ചു വിളിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് കണ്ട് മുറിയിലേക്ക് വന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സീനിയർ ഡോക്ടർ അയാളെ ബലമായി പിടിച്ചു മാറ്റി. സ്ക്രീനിൽ തെളിഞ്ഞ നേർരേഖയ്ക്കൊപ്പം അവൾ യാത്രയായെന്ന് അന്ത്യനിർണയം ചെയ്യാൻ അദ്ദേഹം അയാളെ നിർബന്ധിച്ചു. ‘ടൈം ഓഫ് ഡെത്ത് 3:35 എ എം.’ സഞ്ജയ് ചിതറിയ ശബ്ദത്തിൽ അവളുടെ മരണം രേഖപ്പെടുത്തി. കണ്ടുകൊതിതീരാത്ത അവളുടെ പച്ചകണ്ണുകൾ അടയ്ക്കുമ്പോൾ അയാളുടെ കണ്ണിൽ നിന്നും തടഞ്ഞു വെച്ചിരുന്ന ദുഖമത്രയും പുറത്തേയ്ക്കൊഴുകി. അവളെ മഞ്ഞിന്റെ തണുപ്പ് പൊതിഞ്ഞു തുടങ്ങിയിരുന്നു.
ഉണങ്ങാത്ത മുറിവുകളിൽ മരുന്ന് വെച്ച് കെട്ടി, ഒന്നും ആവശ്യപ്പെടാതെ അവൾ കടന്നു പോയപ്പോൾ ബാക്കി വെച്ച ഒരാഗ്രഹം നടത്തിക്കൊടുക്കണമെന്ന് അയാൾക്ക് തോന്നി. ദിയയുടെ പപ്പയുടെ അനുവാദത്തോടെ ചിതാഭസ്മവുമായി അവളുടെ വേരുകളുറങ്ങുന്ന മണ്ണിലേക്ക് യാത്ര തിരിച്ചു. അവളുടെ അവശേഷിപ്പുകൾക്കൊപ്പം നോർത്തേൺ ലൈറ്റ്സ് കണ്ടിരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. ഏറെ നേരം അവളുടെ അവസാന സാമീപ്യത്തെ മാറോടണച്ച് അയാളാ നൃത്തം ചെയ്യുന്ന വെളിച്ചത്തിനു കീഴെയിരുന്നു. മനസ്സ് പൂർണമായും ശൂന്യമായെന്ന് ഉറപ്പായപ്പോൾ ചാരമടങ്ങിയ കുംഭത്തിന്റെ കെട്ടുകളഴിച്ച് മഞ്ഞു പുതച്ച മണ്ണിൽ വിതറി. അയാളുടെ മനസ്സിൽ മുറുക്കി കെട്ടിയ ഒരു കെട്ടഴിഞ്ഞ ആശ്വാസം. സഞ്ജയ് മഞ്ഞിലേക്ക് ചായ്ഞ്ഞു. മുകളിൽ ആകാശത്ത് സ്വപ്നസാഫല്യത്തിന്റെ നിറവിൽ അവളുടെ പച്ചക്കണ്ണുകൾ നിറഞ്ഞു തുളുമ്പി.














