
കവിതകൾ ഇഷ്ടമുള്ള വായനക്കാരെ ഒട്ടും നിരാശപ്പെടുത്താത്ത ലളിത മലയാളത്തിൽ എഴുതിയ 33 കവിതകളാണ് “മഞ്ഞ സൂര്യൻ” എന്ന ഈ കവിതാപുസ്തകത്തിൽ എഴുത്തുകാരൻ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ പ്രധാനപ്പെട്ട ചില കവിതകൾ ചുവടെ ചേർക്കുന്നു.
“കുട്ടികളുടെ ഗോളം” – കുട്ടികളുടെ സങ്കൽപ്പത്തിലെ ലോകവും അവിടെയുള്ള മൃഗങ്ങളും പക്ഷികളും എല്ലാം വിവരിച്ചിരിക്കുന്ന കവിതയാണ്. യഥാർത്ഥത്തിൽ നിന്നും അതിവിദൂരതയിൽ നിൽക്കുന്ന ഒരു ലോകം. മഞ്ഞ നിറവും മയിൽപ്പീലി തൂവലുകളുമുള്ള കാക്കകളും, കറുത്ത തത്തകളും, പൂച്ചകളുടെ വലുപ്പം മാത്രമുള്ള വ്യാഘ്രങ്ങളും, തൊപ്പി വച്ചു ചിരിച്ചു നിൽക്കുന്ന സിംഹവും എല്ലാം ഒരു കുട്ടിയുടെ ഭാവനാലോകത്തു മാത്രമേ ഉണ്ടാകുകയുള്ളല്ലോ. നീലനിറമുള്ള ആകാശമുള്ള രാത്രികളും, ചോക്കലേറ്റ് പാകിയ പാതകളും വേറെ എവിടെ കാണും. കുട്ടികളുടെ ഭാവനയോളം സുന്ദരമായതെന്തുണ്ട്! അതി മനോഹരമായ കവിത.
“സ്വപ്നസഞ്ചാരനാൾവഴിപ്പുസ്തകം ” – കാവ്യാത്മകമായ പേരിനൊത്ത കവിതയ്ക്ക് നല്ല താളം. ദേശീയപാതകളിലൂടെയുള്ള സഞ്ചാര വിവരണമായിത്തുടങ്ങുന്ന കവിത വിവിധ കാഴ്ചകൾ വായനക്കാരന്റെ മനസ്സിൽ വിതറുന്നു. കവിതയിലെ അവസാന വരികളിൽ എഴുത്തുകാരൻ സ്വന്തം ജീവിതവും കവിതയുടെ ഭാഗമാക്കുന്നുണ്ട്. “കുട്ടി കാട് വരയ്ക്കുന്നു” – എന്ന കവിത “കുട്ടികളുടെ ഗോളം” എന്ന കവിതയുടെ തുടർച്ച എന്ന രീതിയിൽ വായിക്കാവുന്ന കവിതയാണ്. കുട്ടികളുടെ നിഷ്കളങ്കമായ കാഴ്ചപ്പാട് തന്നെയാണ് ഈ കവിതയിലെയും പ്രതിപാദ്യ വിഷയം.
“ഉറുമ്പുകളുടെ വഴി” – ഉള്ളുലയ്ക്കുന്ന കവിത. സകല സൗകര്യങ്ങളിലും ജീവിക്കുന്ന മനുഷ്യർ യാതൊരു ജീവിതസൗകര്യവുമില്ലാത്ത അന്നന്നത്തെ അന്നത്തിന് വേണ്ടി ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന മനുഷ്യരെ ഓർക്കേണ്ടതാണ് എന്ന് ഓർമ്മിപ്പിക്കുന്ന കവിത. “പത്രക്കപ്പൽ’ – ഈ കവിതയും കുട്ടികളുടെ ആകാംക്ഷയും ക്ഷമയും മനസ്സിലാക്കാനുള്ള എഴുത്തുകാരന്റെ പരിശ്രമമാണ്. “നമ്മുടേതായിരുന്നെങ്കിൽ” – കുഴപ്പം പിടിച്ചൊരു ചോദ്യം പോലെയൊരു കവിത. നാം നമ്മുടെ നാടിനെയാണ് സ്നേഹിക്കുന്നതെന്നും ആ നാട്ടിലെ നാട്ടുകാരെയല്ല സ്നേഹിക്കുന്നതെന്നും എഴുത്തുകാരൻ ഈ കവിതയിൽ പറയുന്നു. നാടിനെ സ്നേഹിക്കേണ്ടതാണ്; സ്നേഹിക്കാതിരുന്നാൽ ശരിയാകുമോ? നാടിനെയാണോ അതോ നാട്ടിൽ ജീവിക്കുന്ന നാട്ടുകാരെയാണോ കൂടുതൽ സ്നേഹിക്കേണ്ടത്? അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്.
“തിരിച്ചു തരുമോ?”, “പ്രശ്നം”, “വരാന്തയിലെ കുട്ടി”, “നിർമ്മല ഹൈസ്കൂൾ ഒൻപത് ബി” എന്നിവ ഒരു പുറം കവിയാത്ത ചെറു കവിതകളെങ്കിലും അർത്ഥവത്തായ കുറിക്ക് കൊള്ളുന്ന കവിതകളാണ്.
ഒട്ടും നിരാശപ്പെടുത്താത്ത ഒരു നല്ല കവിതാ പുസ്തകം. എഴുത്തുകാരന് ഭാവുകങ്ങൾ.
മഞ്ഞ സൂര്യൻ
അരുൺ ഗാന്ധിഗ്രാം
പബ്ലിഷർ :- സംഗമ സാഹിതി ഇരിങ്ങാലക്കുട








