
ഒരു മഞ്ഞുകാലത്താണ് ആ മനുഷ്യനെ അവിടുത്തുകാര്‍ ശ്രദ്ധിക്കുന്നത്. അടഞ്ഞുകിടന്ന പഴയ എസ്.ടി.ഡി ബൂത്തിന്റെ രൂപക്കൂട്ടിന് താഴെ അഴുക്കും കറയും നിറഞ്ഞ മുണ്ടു പുതച്ചു കിടന്നു. ആറ് മണിയുടെ മയില്‍വാഹനത്തിന് കയറാന്‍ നിന്ന സ്കൂള്‍ കുട്ടികളാണ് അയാളെ ആദ്യം കണ്ടതെന്നും അല്ല സൊസൈറ്റിയില്‍ പാല് കൊടുക്കാന്‍ വന്ന ബിജുവും വിനുവുമാണ് കണ്ടതെന്നും തര്‍ക്കങ്ങള്‍ ഉയര്‍ന്നു. ട്യൂഷന് ക്ലാസില്‍ പരീക്ഷയുള്ള ദിവസമായതിനാലും കുട്ടികള്‍ പെറ്റശംമഠത്തിലെ കുട്ടികളായത്കൊണ്ടും കുട്ടികളുടെ ശ്രദ്ധ വരാന്‍ പോകുന്ന പരീക്ഷാ ചോദ്യങ്ങളില്‍ മാത്രമാകുമെന്നും അവര്‍ അയാളെ ശ്രദ്ധിച്ചുകാണില്ലെന്നും അതിനാല്‍ തന്നെ കണ്ടു എന്ന് പറയാന്‍ സാധിക്കില്ലെന്നും തോറ്റ മെമ്പര്‍ അനി ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ആരാദ്യം കണ്ടുവെന്ന് ശാസ്ത്രീയമായി ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നാണ് പൂര്‍വ്വകാല ശാസ്ത്രീയ കവിയും കവലയിലെ ഏക ചായക്കടയുടെ ഉടമയുമായ ബ്ലാക്ക് ഹോള്‍ രാഘവന്റെ അഭിപ്രായം.
പിന്നീടുള്ള ദിവസങ്ങളില്‍ ആ നാടിന്റെ കോണുകളിലെല്ലാം അയാള്‍ പ്രത്യക്ഷപ്പെട്ടു. തിറയുടെ ദിവസം പത്തിലധികം തവണ സൗജന്യ മോരും നാലിലധികം തവണ അന്നദാന ചോറും അയാള്‍ കഴിച്ചതായി സി.ഡി.എസ് സുമിത്ര മഹിളാ അസോസിയേഷന്റെ കണ്വെന്ഷന് കഴിഞ്ഞുള്ള ചായ സമയത്ത് സാക്ഷ്യപ്പെടുത്തി. വല്ലപ്പോഴും മാത്രമയാള്‍ തോട്ടിലിറങ്ങി വെള്ളം കലക്കി നീരാടി. വഴിയില്‍ നിന്ന് പെറുക്കിയ അടക്കയും തേങ്ങയും വിറ്റ് അയാള്‍ രണ്ടുനേരം ഭക്ഷണം കഴിച്ചു. ദാഹിക്കുമ്പോള്‍ പഞ്ചായത്ത് വക പൈപ്പില്‍ നിന്ന് വേണ്ടുവോളം വെള്ളം മോന്തി. ഉറക്കം വരുമ്പോള്‍ പീടിക തിണ്ണയിലും ബസ്സ്റ്റോപ്പിലും തൊഴിലുറപ്പുകാര്‍ മാടിവെച്ച വരമ്പുകളിലും കിടന്നുറങ്ങി. അയാള്‍ ആരോടും മിണ്ടിയില്ല, അയാളോട് ചോദ്യങ്ങള്‍ ചോദിച്ചവരെ തിരിഞ്ഞുപോലും നോക്കാതെ അയാള്‍ നടന്നു നീങ്ങി. കവലയിലെ കടകളില്‍ ഇട്ടിരുന്ന പത്രങ്ങള്‍ ഒന്നു വിടാതെ അയാള്‍ അരിച്ചുപെറുക്കി വായിക്കും. ചില വാര്‍ത്തകള്‍ കാണുമ്പോള്‍ ശൂന്യതയിലേക്ക് നോക്കി പിറുപിറുത്തു. വൈകുന്നേരങ്ങളില്‍ ക്ഷേത്രത്തോട് ചേര്‍ന്ന് കിടന്ന ഗ്രൗണ്ടില്‍ അയാളെ കാണാം. ദുര്‍ബലമായ ടീം മുന്നേറ്റങ്ങള്‍ നടത്തുമ്പോഴും ഗോളടിക്കുമ്പോഴും അയാള്‍ ആവേശഭരിതനായി. അവര്‍ അവസരങ്ങള്‍ പാഴാക്കുമ്പോള്‍ അയാളുടെ മുഖം ഇരുണ്ടു. ഓരോ ദിവസവും അന്ത്യവിധിക്ക് കാത്തു നില്‍ക്കാതെ പാതിരാപുല്ലുകള്ക്കിടയിലൂടെ പറങ്കിമാവിന്‍ തോട്ടങ്ങളിലേക്ക് അയാള്‍ നടന്നു മറഞ്ഞു. കല്ല്യാണ വീടുകളില്‍ ആരുടേയും ക്ഷണമില്ലാതെ അയാള്‍ ചെന്ന് കയറും. കല്ല്യാണത്തിന്റെ രണ്ടുദിവസം രണ്ടു വീതം നേരം അവിടുന്ന് ഭക്ഷണം കഴിക്കും. അത്തരം ദിനങ്ങളില്‍ അയാള്‍ അടക്കയോ തേങ്ങയോ പെറുക്കിയില്ല.
ഒരു ദിവസം ബ്ലാക്ക് ഹോള്‍ രാഘവന്റെ പീടികക്കുപുറകില് നിന്നും ഒരു പൊട്ടിയ പ്ലാസ്റ്റിക്ക് പാത്രത്തില്‍ അയാള്‍ കരിക്കട്ടകള്‍ ശേഖരിച്ചു. രണ്ടു ദിവസമായി അയാള്‍ ഒരു നേരമാണ് ഭക്ഷണം കഴിച്ചുതെന്ന് രാഘവനോര്ത്തു. അരയിലെ കിഴി വലുതായി കാണപ്പെട്ടു. പെറുക്കിയ അടക്കകള്‍ വില്‍ക്കാതെ അയാള്‍ കരുതി വെച്ചിരിക്കയാണ്. മൂന്നു ദിവസം കരുതിവെച്ച അടക്കകള്‍ കൊണ്ട് അയാള്‍ കവലയുടെ അറ്റത്തെ ഒറ്റമുറി പീടികയായ ചെട്ടിയാര്‍ ടെക്സ്റ്റയില്‍സില്‍ ചെന്ന് കയറി. അടക്ക വിറ്റ് കിട്ടിയ പണം അയാള്‍ മേശപ്പുറത്ത് വെച്ച് വെള്ള കോറ തുണിയിലേക്ക് വിരല്‍ചൂണ്ടി. അഞ്ചോ എട്ടോ മീറ്റര്‍ തുണി അയാള്‍ ആംഗ്യം കാണിച്ചു വാങ്ങി. മിച്ചം കിട്ടിയ പണം കൊണ്ട് ആണി, കയര്‍, ഒരു പൊതിച്ചോറ് എന്നിവ വാങ്ങി.
വയറുനിറച്ച് ചോറ് തിന്ന അയാള്‍ ബാക്കി വന്ന ഒറ്റ പിടി ചോറ് റോഡിനപ്പുറത്തേക്ക് നടന്ന് ചെന്ന് ഇലയില്‍ വിരിച്ചു വെച്ചു. ഒരു പ്രത്യേക ശബ്ദം ചുണ്ട് കൊണ്ട് പുറപ്പെടുവിച്ച് തിരിഞ്ഞു നടന്നു. എവിടെ നിന്നോ രണ്ട് പൂച്ചകള്‍ ഓടിയെത്തി. കൂട്ടാളിയെ എതിരാളിയായി കണ്ട രണ്ട് പൂച്ചകളും പരസ്പരം ചീറുന്നതുകണ്ട അയാള്‍ ശക്തിയായി കാല് മണ്ണില്‍ ഇടിച്ചു. ഇരുമാര്ജാരരും കലഹം നിര്‍ത്തി ഭക്ഷണം പങ്കിട്ടു. ഈ കവലയുടെ സമാന്തര പ്രപഞ്ചത്തിന്റെ അധിപനായി അയാള്‍ മാറുകായാണെന്ന് കടലില്‍ നിന്ന് ഓടി വന്ന് മലയിടുക്കിലേക്ക് മറയുന്ന കാറ്റിന് തോന്നി.
അയാള്‍ നേരെ നടന്നത് വായനശാലയുടെ പിന്വശത്തേക്കായിരുന്നു. വായനശാലയുടെ വിശാലമായ പിന്ചുമരില് അയാള്‍ കോറ തുണി ആണിയില്‍ ഉറപ്പിച്ചു. വായനശാലയുടെ പിന്നാമ്പുറത്തെ പറമ്പില്‍ കവുങ്ങില്‍ കയറി അടക്ക പറിക്കുകയായിരുന്നു സഖാവ് രവിയുടെ നോട്ടത്തില്‍ അതൊരു വെള്ളിത്തിരയായി തോന്നിച്ചു. പണ്ട് നിര്‍മ്മാല്യം വായനശാലയില്‍ പ്രദര്ശിച്ചപ്പോള് ഇതേ ഇടത്താണ് വെള്ളിത്തിര കെട്ടിയതെന്നയാള് ഓര്‍ത്തു. കൂലിക്ക് വേണ്ടി പെറ്റശ്ശം മഠത്തിലെ വിഷ്ണുദാസനോട് തര്ക്കിക്കണമല്ലോ എന്ന ചിന്ത രവിയെ പൊതിഞ്ഞതിനാല്‍ രവി അയാളുടെ കാര്യം മറന്നു.
കരിക്കട്ടകള്കൊണ്ടയാള് ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി. ചിത്രങ്ങള്‍ക്ക് നടുവില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. നാഴികാന്തരത്തില് അതൊരു ചിത്രമായി പരിണമിച്ചു. എങ്ങും ഇരുട്ട് വീണു. ഇലഞ്ഞിയുടെ ഏതോ കൊമ്പില്‍ നിന്നൊരു കൂമന് തന്റെ മൂളല്‍ തൊടുത്തുവിട്ടു. വൃശ്ചിക മാസത്തിന്റെ തണുപ്പില്‍ നാടും മനുഷ്യനും നിദ്രയിലാണ്ടു. അയാള്‍ കവലയുടെ ഒത്ത നടുവിലായി നിന്ന ഗുല്‍മോഹറിന്റെ ചുവട്ടില്‍ വിരിച്ചു കിടന്നു. വായനശാലയുടെ അരണ്ട വെളിച്ചത്തില്‍ എവിടെ നിന്നോ പെറുക്കിക്കൂട്ടിയ പലകകള്‍ ചേര്‍ത്തുവെച്ച് കെട്ടിയ ബോര്‍ഡില്‍ അയാള്‍ കോറ തുണി ആണിയടിച്ച് തൂക്കി.
നേരം പുലര്‍ന്നു. മയില്‍വാഹനത്തിന് കാത്തുനിന്നവര്‍ ആദ്യം കണ്ടത് പട്ടാളത്തിന്റെ പച്ചയില്‍ കുളിച്ചു നിന്ന വാഹനങ്ങളെയാണ്. അയാള്‍ തൂക്കിയ ബോര്‍ഡില്‍ വലിയ കറുത്ത തുണി മൂടിയതായി കാണപ്പെട്ടു. മയില്‍വാഹനത്തിന് കാത്തുനിന്നവരും പാലിനായി കാത്തുനിന്നവരേയും പട്ടാളം തിരിച്ചയച്ചു. ബ്ലാക്ക്ഹോള് രാഘവന്റെ കടയും തുറക്കാന്‍ വന്ന മറ്റു കടകളും പട്ടാളം അടപ്പിച്ചു. നിമിഷങ്ങള്‍ക്കകം കവല പട്ടാളത്തിന്റെ കൈയ്യിലായി. പട്ടാളം പലവിധ ആയുധങ്ങളേന്തി കവലയുടെ മുക്കിലും മൂലയിലും നിലയുറപ്പിക്കുകയും കവലയുടെ പലദിക്കിലേക്കും തലയുയര്‍ത്തി നടക്കുകയും ചെയ്തു.
ആര്‍ക്കും അയാള്‍ എവിടെ പോയെന്ന് അറിയുമായിരുന്നില്ല. രഹസ്യമായി കൂടിയ മദ്യസഭയില്‍ അയാളെ പട്ടാളം കൊണ്ടുപോയെന്ന് കോണ്ട്രാക്ടര് ശ്രീനിവാസന് നായര്‍ അഭിപ്രായപ്പെട്ടു. അയാളൊരു ധിക്കാരിയും ആരേയും കൂസാത്തവനും ആയതിനാലാണ് പട്ടാളം കൊണ്ടുപോയതെന്ന് ശ്രീനിവാസന് നായരെ പിന്തുണച്ച് കൊണ്ട് ബ്രോക്കര്‍ വേണു പറഞ്ഞു. എന്നാല്‍ അയാള്‍ ചാരു മജൂന്ദാറിന്റെ പുതിയ അനുയായി ആണെന്നും മറച്ചുവെക്കപ്പെട്ട ബോര്‍ഡില്‍ വരാന്‍ പോകുന്ന വസന്തത്തിന്റെ ഇടിമുഴക്കത്തെ സൂചിപ്പിക്കുന്ന മോഡേണ്‍ ആര്ട്ടാണന്നും മദ്യസഭയിലെ ഏക ചെറുപ്പക്കാരനും സകല എസ്റ്റാബ്ലിഷ്മെന്റുകളും എതിരുമായിരുന്ന സുരേഷ്ബാബു എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു.
രണ്ടു ദിവസങ്ങള്‍ കടന്നുപോയി അയാളെ എവിടെയും കണ്ടില്ല. മൂന്നാം ദിവസം കവലയില്‍ പതിവിലും കൂടുതല്‍ സുരക്ഷയും ബന്ധവസുമുണ്ടായി. പട്ടാളമന്ത്രിയുടെ ഉപദേഷ്ടാവ് കൃഷ്ണേന്ദ്ര തിവാരി കവലയില്‍ നേരിട്ടെത്തുന്നു എന്ന വാര്‍ത്തയെത്തി. എല്‍.പി. സ്കൂളിനും ഡിസ്പെന്‍സറിക്കും ഇടയിലുള്ള ഗ്രൗണ്ടില്‍ തിവാരിയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു. നിര്‍ദ്ദേശിത ദൂരത്തിനപ്പുറത്ത് നിന്ന് ചാനലുകളുടെ ക്യാമറകള്‍ ഓരോ നിമിഷവും പകര്‍ത്തി. പട്ടാള അകമ്പടിയോടെ തിവാരി ബോര്‍ഡിനടുത്തേക്ക് ആനയിക്കപ്പെട്ടു. പട്ടാളത്തിന്റെ ക്യാമ്പിന്റെ കമാന്റര്‍ ബോര്‍ഡിനു കീഴെ നിന്ന് തിവാരിക്ക് സല്യൂട്ട് നല്കി. ഗൗരവം വിടാതെ സല്യൂട്ട് സ്വീകരിച്ച് തിവാരി തന്റെ കണ്ണട തൂവാല കൊണ്ട് തുടച്ച് വൃത്തിയാക്കി. കനത്ത നിശബ്ദതയില്‍ വിറങ്ങലിച്ച് നിന്ന കവലയെ തിവാരി തന്റെ മൂളല്‍ കൊണ്ട് കുലുക്കി. മൂളല്‍ കേട്ട രണ്ടു പട്ടാളക്കാര്‍ ബോര്‍ഡിലെ കറുത്ത മറമാറ്റി. വിദൂരത്ത് നിന്ന് ക്യാമറക്കണ്ണുകള്‍ ബോര്‍ഡിലേക്ക് സൂം ചെയ്യപ്പെട്ടു. കരിക്കട്ട കൊണ്ട് വരച്ച ചിത്രങ്ങള്‍ ടി.വികളില്‍ തെളിഞ്ഞു. വടികുത്തിപ്പിടിച്ചൊരു വൃദ്ധന് തിരിഞ്ഞുനടക്കുന്ന ചിത്രം. ആ വൃദ്ധന് അര്‍ദ്ധനഗ്നനും തലയില്‍ മുടിയില്ലാത്തയാളായിരുന്നു. ചിത്രത്തിന്റെ ഒരറ്റത്ത് കട്ടിക്കണ്ണട ധരിച്ച ഒരാള്‍ വൃദ്ധനെ കാത്തുനില്ക്കുന്നതു പോലെതോന്നിച്ചു. ചിത്രത്തിന്റെ മറ്റൊരറ്റത്ത് മറ്റൊരു വൃദ്ധന് അര്‍ദ്ധനഗ്നനായി ചമ്രം പടിഞ്ഞിരുന്നു. ഈ ചിത്രങ്ങള്‍ക്ക് പുറമെ അവിടെയെവിടെയും കണ്ടുശീലിച്ചിട്ടില്ലാത്ത പൂക്കള്‍ നിറഞ്ഞു നിന്നു. അര്‍ദ്ധനഗ്നരായ രണ്ടു വൃദ്ധരും കട്ടിക്കണ്ണട ധരിച്ച ഒരാളും നിറയെ പൂക്കളും.
തിവാരിയുടെ പല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു. രോഷാകുലനായ തിവാരി തിരിഞ്ഞുനടന്നു. കൂടെ ക്യാമറകളും. ഹെലികോപ്റ്റര്‍ തിരിച്ചു പോന്നു. കവല ഇരുട്ടിലാണ്ടതിനു ശേഷം തുരുതുരാ വെടിയുണ്ടകള്‍ അങ്ങിങ്ങായി പാഞ്ഞു.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ കവലയില്‍ പട്ടാളമില്ല. പതിവുപോലെ മയില്‍വാഹനവും പാല്‍വണ്ടിയും വന്നു. കടകള്‍ തുറന്നു. ബോര്‍ഡില്‍ വൃദ്ധരുടേയും കട്ടിക്കണ്ണടക്കാരന്റേയും പൂക്കളുടേയും ദേഹത്ത് വെടിയണ്ടകള് തുളഞ്ഞുകടന്നുപോയ പാടുകള്‍. ദൂരെ മറ്റേതോ കവലയില്‍ അഴുക്ക് പുരണ്ട മുണ്ടും പുതച്ച അയാള്‍ ഉറക്കമുണര്‍ന്നു.














